ഭാഷണത്തിന് അനിവാര്യമായ അഭിമുഖം

ഭാഷണത്തിന് അനിവാര്യമായ അഭിമുഖം

പോള്‍ തേലക്കാട്ട്

ആരാധനക്രമ കാര്യത്തില്‍ ഒരു ഘര്‍-വാപസിയുടെ വഴിയിലാണ് സീറോ-മലബാര്‍ സഭാ നേതൃത്വം എന്നു തോന്നിപ്പോകുന്നു. ഐക്യമല്ല ഐകരൂപ്യം തന്നെ അടിച്ചേല്പിക്കണ നിലപാടിലാണ്. എന്റെ കുട്ടിക്കാലത്തു കുര്‍ബാന വൈദികന്റെ സ്വകാര്യ പരിപാടിയായിരുന്നു. വിശ്വാസികള്‍ക്ക് ആ സമയം കൊന്തചൊല്ലി അവര്‍ പ്രാര്‍ത്ഥിച്ചു. അള്‍ത്താരയില്‍ നടക്കുന്നത് അറിയാതെ.

രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ ഏറ്റവും വലിയ നടപടി കുര്‍ബാനയുടെ ഭാഷ മാതൃഭാഷയിലാക്കിയതാണ്. അതു വിശ്വാസികളുടെ പങ്കാളിത്ത ഭാഷണശൈലിയിലാണ്. കുര്‍ബാനക്രമത്തില്‍ പ്രാര്‍ത്ഥനകളുണ്ട്, വായനകള്‍, പ്രഘോഷണങ്ങള്‍ എന്നിവയും. പ്രാര്‍ത്ഥന ദൈവത്തോടു മാത്രമല്ല, ആരോടും ഒരു കാര്യം അഭ്യര്‍ത്ഥിക്കുന്നതു പ്രാര്‍ത്ഥനയാണ്. ഇവിടെയൊക്കെ നിര്‍ണ്ണായകമാകുന്നതു ഭാഷയാണ്. ഭാഷ അതു പ്രാര്‍ത്ഥനയായും ഒരുവനെ അഭിസംബോധന െചയ്താണ്. ഭാഷണം മനുഷ്യരിലേക്ക് തിരിഞ്ഞായിരിക്കണം. ഭാഷ മുഖത്തിന്റെ മൊഴിയാണ്, അത് മറ്റൊരു മുഖത്തോടുമാണ്. മുഖമില്ലാതെ ഭാഷണങ്ങളില്ല. ആരും പൃഷ്ടത്തോട് സംസാരിക്കുന്നില്ല

ദൈവത്തോടുള്ള ഭാഷണത്തിനു പുറംതിരിയുന്നത് എന്തിന്? മനുഷ്യന്റെ മുഖത്താണ് ദൈവികതയുടെ പ്രത്യക്ഷം കാണേണ്ടത് എന്നതാണ് ക്രൈസ്തവ സുവിശേഷം. യേശുക്രിസ്തുവായിരുന്നു ക്രൈസ്തവനു ദൈവത്തിന്റെ മുഖം. അവന്റെ ക്രൂശിതരൂപത്തിനു മുന്നിലാണ് കുര്‍ബാനയര്‍പ്പിക്കുക. അവന് ശരീരം കൊടുക്കുന്നവരും അവന്റെ ശരീരം ഭക്ഷിക്കുന്നവരുമാണ് വിശ്വാസികള്‍. അതുകൊണ്ട് ക്രിസ്ത്യാനി ക്രിസ്ത്യാനിയുടെ മുഖത്തേക്കു തിരിഞ്ഞാണ് കുര്‍ബാനയര്‍പ്പിക്കേണ്ടത്. അതു ഭിത്തിയോട് തിരിഞ്ഞാവരുത്. "മുഖം മറയ്ക്കുക" എന്നതു ദൈവനിരാസമാണ്, ദൈവകോപമാണ്. "എന്നില്‍നിന്ന് നീ മുഖം മറയ്ക്കല്ലേ" എന്നാണ് പ്രാര്‍ത്ഥന (സങ്കീര്‍ത്തനം 102:2) "എത്രനാള്‍ അങ്ങയുടെ മുഖം എന്നില്‍ നിന്നു മറച്ചുവയ്ക്കും" എന്ന് പ്രാര്‍ത്ഥിക്കുന്നവന്‍ കേഴുന്നു (സങ്കീര്‍ത്തനം 13:1). ലെവിനാസ് എഴുതി "ജീവിക്കുന്ന സാന്നിധ്യമാണ് മുഖം… മുഖം മൊഴിയുന്നു."

ഭാഷ ഉണ്ടാകുന്ന മുഖത്തിന്റെ മൊഴിയില്‍ നിന്നാണ്; ഭാഷയുടെ അനിവാര്യതയാണ് മുഖാമുഖം. മുഖമാണ് എല്ലാ അര്‍ത്ഥങ്ങളുടേയും അടിസ്ഥാനം. മുഖത്തിന്റെ മുമ്പിലാണ് ധര്‍മ്മം. മുഖമാണ് എന്നില്‍നിന്ന് അധികം ആവശ്യപ്പെടുന്നത്. എന്റെ ധര്‍മ്മം ചോദ്യം ചെയ്യുന്നത് അപരന്റെ മുഖമാണ്. മുഖമാണ് ധര്‍മ്മം. ഏതു കലയും മുഖമാണ് അവതരിപ്പിക്കുക. മുഖമില്ലാതെ ഒരു ഭാഷയില്ല, മുഖമില്ലാതെ പറയല്‍ ഇല്ലാതാകുന്നു.

ആരാധനക്രമം ദൈവത്തിലേക്ക് മുഖം തിരിക്കുന്ന കര്‍മ്മാനുഷ്ഠാനമാണ്. അതു പാരസ്പര്യത്തിന്റെ ധര്‍മ്മത്തിലേക്ക് ഉത്തരവാദിത്വത്തിലേ ക്കും ആത്മീയതയിലേക്കും തിരിയലാണ്. അത് ഏതെങ്കിലും മാന്ത്രികാഭ്യാസമല്ല. ആരാധനയില്‍ കലയുടെ സാഹസികതയുമുണ്ട്. ഏത് അനുഷ്ഠാനവും ഒരു കലാരൂപവുമാണ്. ഈ കലയുടെ സാഹസികത ദൈവത്തിലേക്കു മുഖംതിരിയലും ദൈവാഭിമുഖ്യവുമാണ്. "നിത്യത ഒരു വിഷയമല്ല, അതു അളക്കാനാവാത്ത ഒരു മുഖമാണ്" ലെവീനാസ് എഴുതി. സംഭാഷണം എന്റെ മുമ്പില്‍ അപരന്റെ മുഖത്തില്‍ പ്രത്യക്ഷമാകുന്ന നിത്യനായവന്റെ മുഖത്തേയ്ക്കുള്ള തിരിയലും അതിന്റെ മറുപടിയുമാകണം. നിത്യനായവന്റെ മുഖാമുഖം ഒന്നും പറയുന്നതാകണമെന്നില്ല. ഭാഷണം എപ്പോഴും സംബന്ധമാണ്, ഉത്തരവാദിത്വമേല്ക്കലാണ്. അതു ഭാഷണമാകാം, ഒന്നും പറയാതെയും പറയാം. അതാണ് മുഖാമുഖം. അതു കടാക്ഷമാണ്, ആരാധനയാണ്, സ്തുതിയാണ്, വെളിപാടാണ്, ദൗത്യമേല്ക്കലാണ്. ഈ ദൗത്യം എപ്പോഴും ചുറ്റുമുള്ള മുഖങ്ങളുമായി നിരന്തരം ബന്ധപ്പെട്ടതാണ്. "ഇതാ ഞാന്‍" എന്നതാണ് മുഖാമുഖം. ആ മുഖാമുഖം ആവശ്യപ്പെടുന്നത് സാമൂഹികമായിരിക്കും, ചരിത്രപരമാണ്, ഇറങ്ങിപ്പോകാനാണ് – സമൂഹത്തിലേക്കും ചരിത്രത്തിലേക്കും. ഈ ലോകവും ചരിത്ര വും മനുഷ്യരുമായി ബന്ധമില്ലാത്ത ഒന്നും ദൈവത്തില്‍നിന്നു വരുന്നില്ല. മനുഷ്യജീവിതത്തിന്റെ മുഖാമുഖത്തിലൂടെയാണ് ദൈവം കടന്നുപോകുന്നത്. അങ്ങനെ കടന്നുപോകുന്നതു കൊണ്ടാണ് ഭാഷയും മുഖാമുഖവും ഉണ്ടാകുന്നത്. ഏതു മുഖാമുഖവും ധര്‍മ്മത്തിന്റെ നടപടിയാണ്. അക്രമത്തില്‍ നിന്നു മാറി നടക്കലാണ്. വൈവിധ്യത്തിനു സാധ്യത നല്കലാണ്. എന്റെ ചിന്തയുടെ അടിച്ചേല്പിക്കലല്ല, ഒന്നിന്റെ ആവര്‍ത്തനം നടത്തുന്ന ഐകരൂപ്യവുമല്ല. അതു വ്യത്യസ്തതകളുടെ ഐക്യമാണ്. ഭാഷയാണ് നീതി.

കുര്‍ബാനയുടെ ഭാഷ അപ്പം പങ്കുവയ്ക്കുന്ന അത്താഴത്തിന്റെ അനുഷ്ഠാനമാണ്. ഒപ്പം ക്രിസ്തുവിന്റെ ശരീരരക്തങ്ങളുടെ പങ്കാളിത്തത്തിന്റെ ബലിയുമാണ്. കുര്‍ബാനയര്‍പ്പണം ക്രൂശിതനെ നോക്കിയാകണം – ആ നോട്ടം ലോകത്തിലെ ക്രൂശിതരൂപങ്ങളുടെ മുന്നിലുമാണ് – മനുഷ്യ നിലവിളികളുടെയും നീതി നിഷേധങ്ങളുടെയും അക്രമ ആധിപത്യങ്ങളുടെയും രോദനങ്ങളുടെയും മുമ്പില്‍. ആ ദുഃഖങ്ങളുടെ മുഖങ്ങളില്‍നിന്ന് മുഖംതിരിക്കുന്നതാണ് ക്രിസ്തു നിഷേധം. ഈ മനുഷ്യദുഃഖങ്ങളുടെയും ദുരന്തങ്ങളുടെയും കുരിശു വഹിക്കുന്നവരെ അവഗണിച്ചും അവരെ പിന്നിലാക്കിയും നടത്തുന്നത് ദൈവപൂജയാകില്ല.

തോമാശ്ലീഹാ തൊടാന്‍ വാശിപിടിച്ചു തൊട്ടത് അവന്റെ പിളര്‍ന്ന പാര്‍ശ്വത്തിലാണ്. അതൊരിക്കലും ഉണങ്ങാത്ത മുറിവായി മനുഷ്യചരിത്രത്തില്‍ തുടരുന്നു, സമൂഹത്തില്‍ ആ മുറിവുകള്‍ കാണാന്‍ കഴിയാത്ത ക്രൈസ്തവികത കാലഹരണപ്പെടും. അവന്റെ വിലാവിലെ മുറിവ് മനുഷ്യനുവേണ്ടി ദൈവികതയില്‍ ഉണ്ടായ വൃണമാണ്. ഈ വൃണത്തോടുള്ള പ്രതികരണമാണ് ക്രൈസ്തവജീവിതം. ആ മുറിവിന്റെ മുഖം വിളിക്കുന്നു. മുഖം ക്രിസ്തുവാണ്, ക്രിസ്തുവിലേക്കു തിരിയുക. കണ്ണീരണിയുക. "ഇതാ ഞാന്‍" പറയുന്ന ക്രിസ്ത്യാനി ഒരു പുതിയ ഉത്തരവാദിത്വവുമായി പള്ളി വിട്ടിറങ്ങുന്നു. എന്റെ വായിലേക്കു പോകേണ്ടതു ഞാന്‍ മുറിച്ച് അപരന് കൊടുക്കാനുള്ള വിളിയാണ്. അവന്‍ അഥവാ അവള്‍ നിലവിളിക്കുന്നത് എന്തിനാണ്? ആഹാരത്തിനും, ആദരവിനും, അംഗീകാരത്തിനും, നീതിക്കും, ദൈവത്തിനും, സ്‌നേഹത്തിനുമെല്ലാം വേണ്ടിയാകും. നിലവിളിക്കുന്ന മുഖം അംഗീകരിക്കുന്നത് – ആ മുഖത്തിനു കൊടുക്കാനാണ്. അല്ല കര്‍ത്താവിനു കൊടുക്കാനാണ്. മനുഷ്യന് കൊടുത്തു കൊണ്ടേ കര്‍ത്താവിനു കൊടുക്കാനാവൂ. എന്റെ ചോരയും നീരുമാണ് ഞാന്‍ കൊടുക്കുന്നത്. എന്തു കൊടുക്കുമ്പോഴും അത് എന്നെ മുറിക്കുന്നു, എന്നെ വിളമ്പുന്നു. അത് എന്റെ ത്യാഗമാണ്. ത്യാഗം സ്വന്തം മരണം ഉണ്ടാക്കലാണ്. എന്റെ മരണമാണ് കൊടുക്കുന്നത്. ഏശയ്യ പഠിപ്പിച്ച തപസ്സ് അതാണ്. ദൈവത്തിന്റെ മുഖം കണ്ട ഏശയ്യായുടെ ധര്‍മ്മം (ഏശയ്യ 58:7).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org