ഡിജിറ്റല്‍കാലത്തെ അസമത്വങ്ങള്‍

ഡിജിറ്റല്‍കാലത്തെ അസമത്വങ്ങള്‍

ബോബി ജോര്‍ജ്ജ്

ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു കാലമാണിത്. പകര്‍ച്ചവ്യാധി ലോകം മുഴുവനും സാധാരണ ജീവിതം തകര്‍ത്തപ്പോള്‍ അതിനെതിരെ ഉയര്‍ത്തപ്പെട്ട വലിയ ഒരു പ്രതിരോധം ഡിജിറ്റല്‍ ടെക്‌നോളജികളുടെ ഭാഗത്തുനിന്നായിരുന്നു. ഒട്ടനവധി കമ്പനികള്‍, ഇന്റര്‍നെറ്റിന്റെ സാദ്ധ്യതകള്‍ ഉപയോഗിച്ച് അനുദിനജോലികള്‍ക്കു ഭംഗം വരാതെ മുന്നോട്ടു പോയി. ഓണ്‍ലൈന്‍ വ്യാപാരരംഗത്താണെങ്കില്‍ വന്‍ കുതിച്ചുചാട്ടം തന്നെയാണ് ഉണ്ടായത്. അതോടൊപ്പം തന്നെ വിദ്യാഭ്യാസമേഖലയിലും സാങ്കേതികവിദ്യ വിപുലമായി ഉപയോഗിച്ച് ക്ലാസുകള്‍ നടത്താന്‍ ആരംഭിച്ചു. കോവിഡ് ആറുമാസം പിന്നിടുമ്പോള്‍, അധ്യയനം, പരീക്ഷ തുടങ്ങി എല്ലാം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വഴി നടത്തപ്പെടുന്ന ഒരു അവസ്ഥയാണുള്ളത്. ചുരുക്കത്തില്‍ പറഞ്ഞാല്‍, ഓണ്‍ലൈന് എളുപ്പത്തില്‍ വഴങ്ങുന്ന മേഖലകള്‍, കുറെയൊക്കെ കോവിഡില്‍ തളരാതെ മുന്നോട്ടു പോകുന്നതായി കാണാം. ഇവിടെ നമ്മള്‍ ശ്രദ്ധിക്കേണ്ട വലിയൊരു കാര്യം, പഠന, തൊഴില്‍ മേഖലകളില്‍ ഡിജിറ്റല്‍ ഉപയോഗം കൂടുമ്പോള്‍ അതുണ്ടാക്കുന്ന ഒരു അസന്തുലിതാവസ്ഥ കൂടി ഉണ്ട് എന്നതാണ്. ഡിജിറ്റല്‍ സാങ്കേതിക വിദ്യകളുടെ വ്യാപകമായ ഉപയോഗം ശ്രദ്ധിച്ചു നോക്കുമ്പോള്‍, ഈ ഒരു വിടവ് വര്‍ധിച്ചു വരുന്നതായി കാണുവാന്‍ സാധിക്കും. ഡിജിറ്റല്‍ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, അത് സൃഷ്ടിക്കുന്ന അസമത്വങ്ങളും നാം ശ്രദ്ധിക്കേണ്ടതുണ്ട്.
ഓണ്‍ലൈന്‍ ക്ളാസ്സുകളുടെ കാര്യത്തില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ന് പല തട്ടിലാണ്. ചില സ്‌കൂളുകളില്‍ വളരെ മികച്ച രീതിയില്‍ അത്തരം ക്ലാസുകള്‍ നടക്കുന്നുണ്ട്. പരിശീലനം സിദ്ധിച്ച അധ്യാപകര്‍, ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒക്കെ ഉള്ള സ്‌കൂളുകള്‍ ആണ് അവ. പലപ്പോഴും കുട്ടികളുടെ ഉയര്‍ന്ന സാമ്പത്തിക പശ്ചാത്തലവും ഇവിടെ വലിയ പങ്കുവഹിക്കുന്നുണ്ട്. ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയപ്പോള്‍ വന്ന ഒരു പ്രശ്‌നം, പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ട കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ഫോണ്‍, ബ്രോഡ് ബാന്‍ഡ് ഇവയുടെ ഒക്കെ ലഭ്യതയാണ്. വീട്ടിലെ മുതിര്‍ന്നവര്‍ ജോലിക്കു പോകുമ്പോള്‍ കുട്ടികള്‍ക്ക് കമ്പ്യൂട്ടര്‍, ഫോണ്‍ സൗകര്യങ്ങള്‍ ഒക്കെ ലഭ്യമല്ലാത്ത അവസ്ഥ പലയിടത്തും ഉണ്ടാകുന്നു. ഇതൊക്കെ ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ കുറെ എങ്കിലും നടക്കുന്ന സ്‌കൂളുകളുടെ കാര്യം. ഒട്ടും തന്നെ ഓണ്‍ലൈന്‍ ക്ലാസുകള്‍ നടക്കാത്ത ആയിരക്കണക്കിന് സ്‌കൂളുകളും ഉണ്ട്. ഇവിടെയും കാരണങ്ങള്‍ പലതാണ്. നൂതന മാധ്യമങ്ങള്‍ ഉപയോഗിച്ച് പഠിപ്പിക്കാന്‍ കഴിവുള്ള അധ്യാപകരുടെ അഭാവം, അടിസ്ഥാനസൗകര്യങ്ങളുടെ ദൗര്‍ലഭ്യം, മാതാപിതാക്കളുടെ സാമ്പത്തിക പരാധീനതകള്‍, ഇങ്ങനെ അനേകം കാരണങ്ങള്‍. കോവിഡിനൊക്കെ മുമ്പ് തന്നെ, കേരളം ഉള്‍പ്പെടെ കുറച്ചു സംസ്ഥാനങ്ങളില്‍ മാത്രമാണ്, സര്‍ക്കാര്‍ മേഖലയില്‍ അല്‍പ്പമെങ്കിലും ഗുണനിലവാരം ഉള്ള അധ്യയനം നടന്നിരുന്നത്. കോവിഡിന്റെ വരവോടു കൂടി ഈ അവസ്ഥ കുറച്ചു കൂടി മോശമായി എന്ന് പറയാം.
സമൂഹത്തിലെ അസമത്വം നമുക്ക് പുതിയ കാര്യമല്ല. ലിബറല്‍കമ്പോള സാമ്പത്തിക നയങ്ങള്‍ പല രാജ്യങ്ങളിലും വന്‍തോതില്‍ ഉള്ള അസമത്വങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സമ്പത്തു ഒരു ന്യൂനപക്ഷത്തിന്റെ കൈയ്യില്‍ കുമിഞ്ഞു കൂടുന്നത് നമ്മള്‍ എല്ലായിടത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്തയാണ്. കമ്പോള വ്യവസ്ഥിതിയുടെ ഗുണഫലങ്ങള്‍ കൂടുതല്‍ ലഭിക്കുക സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍ക്ക് ആയിരിക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. അസമത്വങ്ങള്‍ ഉണ്ടെങ്കിലും, കമ്പോളവ്യവസ്ഥ തന്നെയായിരിക്കും, മൊത്തത്തിലുള്ള സാമ്പത്തിക പുരോഗതിക്കു നല്ലത് എന്ന ഒരു പൊതുധാരണയാണ് ഉള്ളത്. കമ്പോളവ്യവസ്ഥയുടെ അസന്തുലിതാവസ്ഥകള്‍ പരിഹരിക്കുന്നതില്‍ സര്‍ക്കാരുകളുടെ ഫലപ്രദമായ ഇടപെടലുകള്‍ക്കു വലിയ പ്രസക്തിയുണ്ട്. എല്ലാ അസമത്വങ്ങളുടെ ഇടയിലും, മനുഷ്യന്റെ സമൂലമായ പുരോഗതിക്കു വിദ്യാഭ്യാസം കാരണമാകും എന്നതാണ് സത്യം. കടുത്ത ദാരിദ്ര്യത്തിന്റെയും, ഇല്ലായ്മകളുടെയും ഇടയിലും, കഠിനമായി പഠിച്ചു, സമൂഹത്തില്‍ ഉയര്‍ന്ന നിലയില്‍ എത്തിയതിന്റെ അനേകം ഉദാഹരണങ്ങള്‍ നമുക്ക് ചുറ്റുമുണ്ടല്ലോ. മുന്‍കാലങ്ങളില്‍ അറിവ് ആര്‍ജ്ജിക്കുന്നതിലും, അവസരങ്ങള്‍ കിട്ടുന്നതിലും, സാങ്കേതിക വിദ്യകളുടെ ലഭ്യതയോ, സാമ്പത്തികനിലയോ ഒരു പരിധി വരെ വലിയ തടസ്സമായിരുന്നില്ല എന്ന് കാണുവാന്‍ സാധിക്കും. ഇന്റര്‍നെറ്റിന്റെ ആവിര്‍ഭാവം ഇതിനു ഒരു വലിയ മാറ്റം വരുത്തിയിട്ടുണ്ട്. അറിവ് നേടുന്നതിലും, അവസരങ്ങള്‍ ഉപയോഗിക്കുന്നതിലും, അതുവഴി ജീവിതത്തില്‍ ഉയര്‍ച്ച നേടുന്നതിലും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കു ഇന്ന് വലിയ പങ്കുണ്ട്. ഓണ്‍ലൈന്‍ ക്ളാസ്സുകള്‍ ഒക്കെ കുട്ടികള്‍ക്ക് ലഭ്യമാക്കുന്നതില്‍ വന്ന വ്യത്യാസങ്ങള്‍ നാം കണ്ടുകഴിഞ്ഞു. കോവിഡു കഴിഞ്ഞാല്‍ തന്നെ, ഭാവിയില്‍ ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ ഉള്ളവരും ഇല്ലാത്തവരും എന്ന ഒരു വ്യത്യാസം വിദ്യാഭ്യാസരംഗത്തു കൂടിവരികയെ ഉള്ളൂ. വളരെ ചെറിയ ക്‌ളാസ്സുകള്‍ മുതല്‍, ഇന്റര്‍നെറ്റ് ലഭ്യത ഉള്ള കുട്ടികള്‍ക്ക് ഒരു മുന്‍തൂക്കം കിട്ടുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ, പഠനത്തിന്റെ വിവിധ മേഖലകളില്‍, അങ്ങനെയുള്ള കുട്ടികള്‍ക്ക് കൂടുതല്‍ തിളങ്ങാന്‍ സാധിക്കും. പല കോഴ്‌സുകള്‍ക്കും, ജോലികള്‍ക്കും അപേക്ഷിക്കാന്‍ വരെ ഇപ്പോള്‍ ഇന്റര്‍നെറ്റ് ഇല്ലാതെ സാധിക്കാത്ത അവസ്ഥ ആണുള്ളത്.
സര്‍ക്കാരുകളുടെയും, വിദ്യാഭ്യാസമേഖലയിലെ വിദഗ്ദ്ധരുടെയും സത്വര ശ്രദ്ധ പതിയേണ്ട ഒരു മേഖലയാണ്, അതിവേഗം വന്നുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ അസമത്വം. രാജ്യവ്യാപകമായി, ഇത് വളരെ ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത രീതിയില്‍, ഒരു വലിയ ജനവിഭാഗം, ഇതുമൂലം പിന്നോട്ട് പോകാന്‍ സാധ്യത ഉണ്ട്. ജോലിയാ, പഠനമോ എന്തുമാകട്ടെ, അവയെല്ലാം, ഡിജിറ്റല്‍ സൗകര്യങ്ങള്‍ വേണ്ടുവോളം ഉള്ള ഒരു വിഭാഗം കൈയ്യടക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. സര്‍ക്കാരിന് മുന്നില്‍ പല വഴികളും ഉണ്ട്. വന്‍തോതിലുള്ള ഒരു ഡിജിറ്റല്‍ സാക്ഷരത മുന്നേറ്റം, ഗവണ്‍മെന്റ് സ്‌കൂളുകളില്‍ സാങ്കേതികമേഖലയില്‍ കൂടുതല്‍ മുതല്‍മുടക്കുന്ന, അധ്യാപകര്‍ക്ക് കൂടുതല്‍ പരിശീലന പരിപാടികള്‍, രാജ്യവ്യാപകമായി ലാപ് ടോപ്പ്/സ്മാര്‍ട് ഫോണ്‍ തുടങ്ങിയവയുടെ ലഭ്യത കൂട്ടല്‍, കൂടുതല്‍ വിശ്വസനീയമായ വൈദ്യുതി ലഭ്യത (പലയിടത്തും ഇതൊരു പ്രശ്‌നമാണ്) തുടങ്ങി പലതും.
നമ്മള്‍ ജീവിക്കുന്ന കാലഘട്ടത്തിലെ ഏറ്റവും വിപ്ലവകരമായ ഒരു കണ്ടുപിടുത്തം ആണ് ഇന്റര്‍നെറ്റ്. അറിവിന്റെയും, അവസരങ്ങളുടെയും വിശാലമായ ആ ലോകം, എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. ഇന്ന് ഇന്റര്‍നെറ്റ് പൗരന്റെ ഒരു മൗലിക അവകാശം തന്നെയായി കാണേണ്ടതുണ്ട്. വിദ്യാഭ്യാസത്തെ കൂടുതല്‍ ചിലവ് കുറഞ്ഞതും, ഗുണപരവും, ജനാധിപത്യപരവും ആക്കാന്‍ സാധിക്കുന്നതും ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ക്കാണ്. ഇന്ത്യ പോലൊരു രാജ്യത്ത് അതിന്റെ സാദ്ധ്യതകള്‍ അതുകൊണ്ടു തന്നെ അനന്തമാണ്. ഈ കോവിഡ് കാലം അങ്ങനെയൊരു മുന്നേറ്റത്തിന് തുടക്കം കുറിക്കാന്‍ പറ്റിയ സമയമാണ് .

ലേഖകന്റെ ബ്ലോഗ്: www.bobygeorge.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org