Latest News
|^| Home -> Pangthi -> ചിന്താജാലകം -> ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഷായം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കഷായം

Sathyadeepam

പോള്‍ തേലക്കാട്ട്‌

ഫ്രാന്‍സിസ് മാര്‍പാപ്പ സെപ്തംബര്‍ 24-ാം തീയതി വത്തിക്കാനില്‍ തനിക്കു താഴെ രണ്ടാമനായി വത്തിക്കാന്‍ ഭരിച്ചുകൊണ്ടിരുന്ന ഇറ്റലിക്കാരനായ കാര്‍ഡിനല്‍ ആഞ്ചലോ ബെച്യുവിനെ വത്തിക്കാനില്‍നിന്നും കര്‍ദ്ദിനാള്‍ സ്ഥാനത്തു നിന്നും പുറത്താക്കി. ഉത്തരവാദിത്വത്തിന്റെ കണക്കു പറയേണ്ട പുതിയൊരു സംസ്‌കാരം ടൈബര്‍ കടന്നിരിക്കുന്നു എന്നാണ് ലോകമാധ്യമങ്ങള്‍ ഇതിനെ കണ്ടത്. കാര്‍ഡിനല്‍ മക്കാറിക്കിനും ഇതുതന്നെ ചെയ്യേണ്ടി വന്നു. കാര്‍ഡിനല്‍ ബെച്യുവിനെതിരെ ഉന്നയിക്കപ്പട്ടതു സാമ്പത്തിക ക്രമക്കേടുകളും സ്വജനപക്ഷവാദിത്വവുമായിരുന്നു. സ്വന്തം കുടുംബത്തിനു വേണ്ടി നടത്തിയ സാമ്പത്തിക ഇടപാടുകള്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ക്കു വിരുദ്ധമായിരുന്നു. വിശുദ്ധരെ കണ്ടെത്തി അതു പ്രഖ്യാപിക്കുന്ന കാര്യാലയത്തിന്റെ അധ്യക്ഷനുമായിരുന്നു ഇദ്ദേഹമെന്നതു വളരെ വിചിത്രമായി തോന്നാം.
ഏറ്റവും വിശുദ്ധമായവയുടെ കാര്യസ്ഥത ഏല്പിക്കപ്പെടുന്ന ഏറ്റവും ശ്രേഷ്ഠമായ ഒരു പദവിയാണ് കര്‍ദ്ദിനാള്‍ സ്ഥാനം. അഴിച്ചിലും അഴിമതിയും ഏറ്റം വിശുദ്ധമായ പദവികളിലും കടന്നു കയറി എല്ലാം മലിനമാക്കുന്ന ദുഃഖസമസ്യയാണ് നാം നേരിടുന്ന പ്രതിസന്ധി. തീക്കട്ടയ്ക്കു ഉറുമ്പരിക്കുന്ന വൈരുദ്ധ്യം.
ഡോസ്റ്റോവിസ്‌കിയുടെ ”വിഡ്ഢി” എന്ന നോവല്‍ ക്രിസ്തു പ്രായോഗികനല്ല എന്ന നിലപാടിനോടുള്ള പ്രതികരണമാണ്. യേശുക്രിസ്തുവിന്റെ ”വിഡ്ഢിത്തം” കൊണ്ടു പള്ളിയും രൂപതയും സ്ഥാപനങ്ങളും മുന്നോട്ടു കൊണ്ടുപോകാനാവില്ല എന്നു വിശ്വസിക്കുന്ന മേല്‍പട്ടക്കാരും പട്ടക്കാരും പെരുകുന്നു. കാര്യങ്ങള്‍ വളരെ വിജയപ്രദമായും കാര്യക്ഷമമായും നടത്താന്‍ ധര്‍മ്മത്തിന്റെ നേരായ വഴികൊണ്ടു നടക്കില്ലെന്നും അതിന് വഴിവിട്ട വഴികള്‍ വേണമെന്നും, അതിന് ഉന്നത രാഷ്ട്രീയ സ്വാധീനങ്ങള്‍ ഉണ്ടാക്കിയെടുത്ത് അവ ഉപയോഗിച്ച് അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാം എന്നും വിശ്വസിക്കുന്നവര്‍ രാഷ്ട്രീയാധികാരത്തിന്റെ അടുക്കളയില്‍ കയറിപറ്റുന്ന വിശിഷ്ട ഭാഗ്യം കിട്ടിയവര്‍ നടത്തുന്ന സഭാഭരണമുണ്ട്. എപ്പോഴും അവര്‍ക്കു വിജയമാണ്. ഈ വിജയങ്ങള്‍ക്ക് ഡോ. ഫൗസ്റ്റസിന്റെ നാടകീയതയുടെ മാന്ത്രികതയുണ്ട്. ഏതു വിധവും അധികാരത്തില്‍ കയറിപ്പറ്റി ഇംക്വിസിറ്റര്‍മാരുടെ പാദുകങ്ങള്‍ അണിയുന്ന ഇവര്‍ ഒരിക്കലും, പരസ്യമായി യേശുവിനെ തള്ളിപ്പറയുന്നില്ല. പരിശുദ്ധമായ ഭാഷയില്‍ അവരുടെ വഴിവിട്ട വഴികള്‍ പൊതിഞ്ഞ ഇരട്ടഭാഷണത്തില്‍ മുഴുകുന്നു.
കാര്‍ഡിനല്‍ ബെച്യു പറഞ്ഞതു ഞാന്‍ നിരപരാധിയാണ് എന്നതാണ്. നാം സ്ഥിരം കേള്‍ക്കേണ്ടി വരുന്ന ഒരു പ്രതികരണം. അതു ചിലയിടങ്ങളില്‍ ഒരു വര്‍ഗ്ഗ ധര്‍മ്മത്തിന്റെ സ്വഭാവമെടുക്കുന്നു. വര്‍ഗ്ഗധര്‍മ്മം എന്നതു മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ പദപ്രയോഗമാണ്. അവിടെ പാര്‍ട്ടിയാണ് ശരിയും തെറ്റും ഉണ്ടാക്കുന്നത്. ഇതു സ്വീകരിച്ച് മനിക്കേയന്‍ സഭ പലയിടങ്ങളിലും ഒളിഞ്ഞും തെളിഞ്ഞും ജീവിക്കുന്നു. ഡോണത്തൂസ് എന്ന മെത്രാന്‍ തെറ്റില്ലാത്തവരുടെ സഭയുണ്ടാക്കാന്‍ പരിശ്രമിച്ചതായി കേട്ടിട്ടുണ്ട്. അതിനുവേണ്ടിയുള്ള ഒരു വാദമല്ലിത്. തെറ്റ് സമ്മതിക്കാത്തവരുടെ സഭ ക്രിസ്തുവിന്റെ സഭയല്ല. ഒരു മെത്രാനെതിരെ ബലാല്‍സംഗക്കേസ് പോലീസ് രജിസ്റ്റര്‍ ചെയ്തപ്പോള്‍ മെത്രാന്‍ നിരപരാധിയാണ് എന്ന വെളിപാട് കിട്ടിയ ഒരു ധ്യാനഗുരുവിനെ കാണാനിടയായി. ഒരു മേല്‍പ്പട്ടക്കാരന്‍ തെറ്റു ചെയ്തു എന്ന ആരോപണമുണ്ടായാല്‍ കോടതി വിചാരണയിലൂടെ കുറ്റവിമുക്തനാക്കപ്പെടുന്നതിനു മുമ്പുതന്നെ ബാക്കി മേല്‍പ്പട്ടക്കാര്‍ വര്‍ഗ്ഗബോധത്താല്‍ അദ്ദേഹത്തിന്റെ നടപടികളെ വിശുദ്ധമായി പ്രഖ്യാപിക്കുന്നതു സഭാസ്‌നേഹമാണോ? അടുത്തകാലത്തു പൗരസ്ത്യ സഭകള്‍ക്കായുള്ള കാര്യാലയത്തില്‍ നിന്നു രണ്ടുപേര്‍ പുറത്താക്കപ്പെട്ടു എന്നു കേള്‍ക്കുന്നു. ഏതു കാര്യവും നേടിയെടുക്കാന്‍ പഠിച്ച പഴയ വഴികള്‍ പ്രയോഗിച്ച് നുണയെ നേരാക്കുന്നു. പക്ഷെ, ഫ്രാന്‍സിസ് മാര്‍പാപ്പ അവിടെ ഉണ്ട് എന്ന് ഇക്കൂട്ടര്‍ മറക്കുന്നു.
2+2 = 5 ആക്കുന്ന പാര്‍ട്ടിയുടെ വല്യേട്ടനെക്കുറിച്ച് ഒര്‍വല്‍ പറഞ്ഞു. സഭ മനിക്കേയന്‍ സ്വഭാവമെടുക്കുമ്പോള്‍ ഇത് സംഭവിക്കും. 2+2=4 എന്നു പറഞ്ഞ് നടക്കുന്നവരെ മസ്തിഷ്‌ക പ്രക്ഷാളനം നടത്താനും മടിക്കാത്തവരുണ്ട്. നിരാശാബോധത്തോടെയല്ല ഇതെഴുതുന്നത്. തൊഴുത്തുകള്‍ വൃത്തിയാക്കപ്പെടും, പരിശുദ്ധാത്മാവ് നാടുവിട്ടിട്ടില്ല. കുഴിവെട്ടി പറഞ്ഞാലും കര്‍ദ്ദിനാള്‍ പറഞ്ഞാലും സത്യത്തിന്റെ വിലയില്‍ മാറ്റമില്ല. നാം പാപികളുടെ സഭയാണ്. പാപബോധമാണ് വിശുദ്ധിയുടെ അനിവാര്യ ലക്ഷണം. നാം മുട്ടുമടക്കാന്‍ പഠിക്കണം. മുട്ടുമടക്കല്‍ സംസ്‌കാരം ഭാവിക്ക് അനിവാര്യമാണ്. അഗസ്റ്റിന്‍ പാപിയായിരുന്നു, മെത്രാനായിരുന്നു. അദ്ദേഹം തന്റെ ആത്മകഥയില്‍ എഴുതി, ”ഞാന്‍ എന്റെ വ്രണം തുറന്നിടുന്നു” കര്‍ത്താവാണ് വൈദ്യന്‍. ഈ സഭയുടെ ഭാവി ഈ വിലാപത്തിലാണ്. ഈ സഭ വിശുദ്ധരായ മേല്‍പ്പട്ടക്കാരും പട്ടക്കാരും സന്യാസികളും കന്യാസ്ത്രീകളും ക്രിസ്തുവിനോടു വിശ്വസ്തത പുലര്‍ത്താന്‍ കഠിനമായി പ്രാര്‍ത്ഥിച്ചും തപസ്സു ചെയ്തും പിഴയിടിച്ചും വിശുദ്ധമാക്കിയ മണ്ണിന്റെയാണ്. ടി.എസ്. എലിയട്ട് എഴുതിയതുപോലെ ഇതു പുല്ലുപോലും കിളിര്‍ക്കാത്ത പാഴ്‌നിലമാക്കല്ലേ. അന്തരീക്ഷത്തില്‍ ഇടിവെട്ടുന്നു. സ്വയം തെറ്റില്‍നിന്ന് മാറി ദൈവപ്രസാദത്തിന് വഴിയൊരുക്കാന്‍ കഴിയാതെ വരുമ്പോഴാണ് അധികാരം വേദനയോടെ നടപടിയെടുക്കുന്നത്. വേദനിപ്പിക്കുന്ന സത്യങ്ങള്‍ നല്ല ഭാവിക്ക് ഇടയാക്കട്ടെ.

Leave a Comment

*
*