അസാധുവാകുന്ന പ്രബോധനം

അസാധുവാകുന്ന പ്രബോധനം

എം.പി. തൃപ്പൂണിത്തുറ

ക്രൈസ്തവ ധാര്‍മ്മികത ഒരു കേവലാശയമല്ല. ക്രിസ്തു തന്റെ മനുഷ്യാവതാരത്തില്‍ അന്നുവരെ പ്രവാചക വചസുകളില്‍ ജീവിച്ച ദൈവത്തെ ആളത്വത്തിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെ മനുഷ്യജീവിതത്തില്‍ അനുഭവമായി ദൈവം മാറുന്നത് പ്രവൃത്തികളിലൂടെയാണെന്നും ആ പ്രവൃത്തിയുടെ പരിപൂര്‍ണ്ണത ജീ വാര്‍പ്പണമാണെന്നും അവിടന്ന് നമ്മെ പഠിപ്പിച്ചു. വിശുദ്ധഗ്രന്ഥം, അപ്പോസ്തല പ്രബോധനം, വിശുദ്ധരുടെ സിദ്ധാന്തങ്ങള്‍, ദൈവ ശാസ്ത്രം, വിശുദ്ധജീവിത പാരമ്പര്യങ്ങള്‍ എന്നിവ ചേരുമ്പോഴാണ് വചനമാകുന്ന ക്രിസ്തുവിനെ ജീവിതമാക്കി മാറ്റാന്‍ നമുക്കു കഴിയുക.

അതുകൊണ്ട് ദൈവ വചനമാകുന്ന ക്രിസ്തുവിനെ ആനുകാലിക ചുറ്റുപാടില്‍ പ്രയോഗവല്‍ക്കരിക്കേണ്ടത് എങ്ങനെയെന്ന് പ്രബോധിപ്പിക്കാന്‍ അപ്പോസ്തല പ്രബോധനങ്ങളിലൂടെ സഭ നമ്മെ ഉദ്‌ബോധിപ്പിച്ചു. കാലാകാലങ്ങളില്‍ തിരുസഭയില്‍ ഇത്തരം പ്രബോധനങ്ങള്‍ നല്കപ്പെടുന്നുണ്ട്. അവ കേവലമായ ആശയരൂപത്തില്‍നിന്ന് പ്രയോഗവഴിയിലേക്ക് നമ്മെ പ്രവേശിപ്പിക്കണം.

എന്നാല്‍ ചാക്രികലേഖനങ്ങളും അപ്പോസ്തലപ്രബാധനങ്ങളും മിക്കവാറും ആശയമെന്ന നിലയില്‍ സ്വീകരിക്കുകയും ചിന്തിക്കുകയും ചര്‍ച്ച ചെയ്യപ്പെടുകയുമാണ് പതിവ്. അങ്ങനെ എന്താണോ പ്രബോധനം വഴി സാധ്യമാകേണ്ടത് അത് അപ്രസക്തമാവുകയും ആശയം ആശയമായി ശേഷിക്കുകയും ചെയ്യുന്നു.

മാര്‍പ്പാപ്പ ചെയ്യുന്നതൊക്കെ മഹത്തായ കാര്യങ്ങള്‍ എന്നു വീമ്പിളക്കുന്നതിനേക്കാള്‍ അദ്ദേഹത്തിലൂടെ പരിശുദ്ധാത്മാവ് കാലഘട്ടത്തിനു നല്‍കുന്ന പ്രബോധനങ്ങളെ പ്രയോഗവല്‍ക്കരിക്കലാണ് ആവശ്യമായിട്ടുള്ളത്.

ലോകത്ത് കോവിഡ് എന്ന മഹാമാരി താണ്ഡവമാടിയപ്പോള്‍, ലോകം നേരിടുന്ന പ്രതിസന്ധി ഒരു രോഗപ്പകര്‍ച്ചയല്ലെന്നും മനുഷ്യര്‍ തമ്മിലുള്ള വിടവാണെന്നും തിരിച്ചറിഞ്ഞതില്‍ നിന്നാണ് 'നാം സഹോദരര്‍' എന്ന ചാക്രിക ലേഖനം പിറവിയെടുത്തത്. ഫ്രാന്‍സിസ് പാപ്പയിലൂടെ പരിശുദ്ധാത്മാവ്, സഹോദരങ്ങള്‍ എന്ന ബോധത്തിലേക്ക് നാം ഉയരേണ്ടതുണ്ട് എന്ന് നമ്മെ പ്രബോധിപ്പിച്ചു. മുന്‍കാലങ്ങളില്‍ രോഗങ്ങള്‍ വ്യക്തിപരമായ ഒന്നായാണ് അനുഭവപ്പെട്ടതെങ്കില്‍ രോഗം ഒരു സാമൂഹ്യപ്രശ്‌നമായി ഉയര്‍ന്നുവന്നു. രോഗം മനുഷ്യര്‍ തമ്മിലുള്ള സമ്പര്‍ക്കത്തെ വിലക്കിയപ്പോള്‍ അപരനെ കരുതുക എന്ന നീതി ബോധം കൂടുതല്‍ പ്രസക്തമായി.

ഈ സാഹചര്യത്തിന്റെ നടുവില്‍ നിന്നുകൊണ്ട് രാജ്യ, ഭാഷാ, മത ഭേദങ്ങള്‍ക്കപ്പുറത്ത് മനുഷ്യന്‍ എന്ന യാഥാര്‍ത്ഥ്യത്തിലേക്ക് നാം വളരേണ്ടതിന്റെ പ്രാധാന്യം ഓര്‍മ്മപ്പെടുത്താനും സാഹോദര്യത്തിന്റെ പ്രായോഗിക സാധ്യത ക്രിസ്തുവില്‍ വെളിവാക്കാനുമുള്ള ശ്രമമായിരുന്നു ചാക്രികലേഖനം വഴി അവതരിപ്പിക്കപ്പെട്ടത്. മുന്‍കാലങ്ങളില്‍ പരസ്പരമേറ്റ മുറിവുകള്‍ വച്ചുകെട്ടാനുള്ള അവസരമായും പ്രേരണയായും ക്രിസ്തു കൂടുതല്‍ പ്രകാശിതമായി.

ഈ ചാക്രികലേഖനത്തിന് വി. ഫ്രാന്‍സിസ് അസീസിയുടെ ആദ്ധ്യാത്മികബോധമാണ് അടിപ്പടവായി മാര്‍പാപ്പ സ്വീകരിച്ചത്. എത്രത്തോളം ഈ പ്രബോധനം സ്വീകരിക്കപ്പെട്ടു എന്നും എന്താണ് ഈ പ്രബോധനത്തോട് നാം കൈക്കൊണ്ട നിലപാടെന്നും ചിന്തിക്കേണ്ടത് ആനുകാലിക പരിതസ്ഥിതിയില്‍ പ്രാധാന്യമര്‍ഹിക്കുന്നു.

ചാക്രികലേഖനത്തിലൂടെ മാര്‍പാപ്പ അവതരിപ്പിച്ചത് ഒട്ടുമേ നൂതനമായ ഒരാശയമല്ല. ക്രിസ്തുവില്‍ പ്രഘോഷിക്കപ്പെട്ട ദൈവമനുഷ്യ ബന്ധത്തിന്റെയും മനുഷ്യമനുഷ്യ ബന്ധത്തിന്റെയും അന്തസത്തയെ ആനുകാലികലോകത്ത് പ്രയോഗ വല്‍ക്കരിക്കാനുള്ള ആഹ്വാനമായിരുന്നു അതിന്റെ കാതല്‍. എന്നാല്‍ എന്താണ് സംഭവിച്ചത്?

'നാം സഹോദരര്‍' എന്ന ചാക്രിക ലേഖനം വന്നപ്പോള്‍ തന്നെ, നാമതിനെ വാനോളം പുകഴ്ത്തി. പിന്നെ സെമിനാറുകള്‍ നടത്തി. ചര്‍ച്ച ചെയ്ത് മഹത്തായ ആശയമെന്ന് പ്രഖ്യാപിച്ച് പെട്ടിയില്‍ വച്ചു പൂട്ടി. അങ്ങനെ നമ്മുടെ വി ജ്ഞാനബോധത്തിന്റെ ചില്ലലമാരകളെ അലങ്കരിച്ച് നാം സായൂജ്യമടഞ്ഞു.

ഒരാശയത്തെ ഇല്ലായ്മ ചെയ്യാന്‍ അതിനെതിരെ പ്രവര്‍ത്തിക്കുന്നതിനെക്കാള്‍ നല്ലത് അതിനെ ഒരു സെമിനാര്‍ വിഷയമാക്കുന്നതാണ്. പുസ്തകത്തിലെ പശു പിന്നെയൊരിക്കലും പുല്ലു തിന്നില്ലല്ലോ. സത്യമായ ക്രിസ്തുവിനെയും ആശയലോകത്ത് നിലനിറു ത്താനാണ് നമ്മുടെ ശ്രമം.

'നാം സഹോദരര്‍' എന്ന ചാക്രിക ലേഖനം ഇറക്കിയപ്പോള്‍ അതൊപ്പുവയ്ക്കാന്‍ മാര്‍പാപ്പ തിരഞ്ഞെടുത്തത് വി. ഫ്രാന്‍സീസിന്റെ ശവകുടീരമാണ്. കുരിശുയുദ്ധത്തിന്റെ നാളുകളില്‍ സുല്‍ത്താനുമായി സൗഹൃദം പങ്കിട്ട ക്രിസ്തുവിന്റെ എളിയ സഹോദരന്റെ കല്ലറയെ. ക്രിസ്തുവിന്റെ സാഹോദര്യത്തെ ജീവിതം കൊണ്ട് അനുഭവപ്രദമാക്കിയ വിശുദ്ധന്റെ കല്ലറ തെരഞ്ഞെടുത്തത് സൃഷ്ടികളെല്ലാം സഹോദരര്‍ എന്ന പ്ര യോഗവഴിയെ അനുസ്മരിപ്പിക്കാനായിരുന്നു. അതെന്തിനെന്ന് തിരിച്ചറിയാതെ അതിലെ പുതുമയെ വാഴ്ത്തിപ്പാടാനാണ് നാം ശ്രദ്ധിച്ചത്.

ലേഖനത്തിന്റെ അറബിക് പതിപ്പ് മുസ്‌ലീം മതനേതാവുമൊന്നിച്ച് പുറത്തിറക്കിയും ഇസ്‌ലാം മതനേതാക്കന്മാരുമായി സൗഹൃദം സ്ഥാപിച്ചും അവരെ സന്ദര്‍ശിച്ചും പുസ്തകത്തില്‍ നിന്നു പുറത്തു കടക്കാന്‍ അദ്ദേഹം പറയാതെ പറഞ്ഞു. എന്നിട്ടോ കേട്ടവരും വായിച്ചവരും പഠിച്ചവരും ചര്‍ച്ച ചെയ്തവരുമായ നമ്മള്‍ നമ്മുടെ നാട്ടിലെ ഇതരമത നേതാക്കളെ സന്ദര്‍ശിച്ചോ? അവരുമായി സൗഹൃദം പങ്കിട്ടോ? അങ്ങനെ പ്രധാനശുശ്രൂഷകര്‍ ചെയ്തിരുന്നെങ്കില്‍ അത് അവിടം കൊണ്ട് അവസാനിക്കില്ലായിരുന്നു. അത് വികാരിമാരും സ്ഥലത്തെ മതനേതാക്കളുമായുള്ള സൗഹൃദത്തിലേക്കും അയല്‍പക്കങ്ങള്‍ തമ്മിലുള്ള സൗഹൃദത്തിലേക്കും ഒഴുകിയേനെ. തീവ്രവാദത്തിനെതിരായ സമരമെന്നത് സാഹോദര്യം സ്ഥാപിക്കല്‍ മാത്രമാണ്.

മാര്‍പ്പാപ്പ ചെയ്യുന്നതൊക്കെ മഹത്തായ കാര്യങ്ങള്‍ എന്നു വീമ്പിളക്കുന്നതിനേക്കാള്‍ അദ്ദേഹത്തിലൂടെ പരിശുദ്ധാത്മാവ് കാല ഘട്ടത്തിനു നല്‍കുന്ന പ്രബോധനങ്ങളെ പ്രയോഗവല്‍ക്കരിക്കലാണ് ആവശ്യമായിട്ടുള്ളത്. അതിനു പകരം നമ്മുടെ ചുറ്റുപാടില്‍ അന്യമത വിദ്വേഷത്തിനു കാരണമാകുന്ന ക്രിസ്തുവിരുദ്ധതയാണ് നമ്മുടെ പ്രവൃത്തികള്‍ വഴി ചീറ്റുന്നത്. പ്രധാനശുശ്രൂഷകര്‍ ഒരു നുള്ളുവിഷം രുചിക്കുമ്പോള്‍ വിശ്വാസികളെന്ന് കരുതുന്നവര്‍ കലം കമിഴ്ത്തിക്കുടിക്കുന്ന കാഴ്ചയാണ് ഇന്നാളുകളില്‍ നാം കാണുന്നത്. ചാക്രികലേഖനം സാ ഹോദര്യത്തെക്കുറിച്ച് പറയുമ്പോള്‍ പരദ്രോഹത്തിന്റെ കഥകളും വിലാപങ്ങളുമാണ് നാം ഉയര്‍ത്തിയത്. ഒരുവന്‍ ശത്രുവാണെന്ന് പ്രഖ്യാപിക്കുമ്പോള്‍ പുറത്താകുന്നത് ക്രിസ്തുവാണെന്ന് നാം അറിയാതെ പോകുന്നു.

അറിവുകള്‍ പ്രവര്‍ത്തനക്ഷമമാകുന്നത് നമ്മുടെ പ്രവൃത്തികള്‍ വഴിയായി അനുഭവം പകരുമ്പോഴാണ്. പ്രഘോഷണവഴിയിലും നാം വീണുപോകുന്നത് വാഗ്‌വിലാസത്തിന്റെ പോരായ്മകൊണ്ടല്ല, അറിവിനെ അനുഭവമാക്കുന്ന പ്രവൃത്തിയുടെ അഭാവത്തിലാണ്. മുഴുവന്‍ വായിച്ച് വാക്‌വിചാരണ നടത്താനല്ല, പ്രയോഗവഴിയില്‍ അപരന്‍ സഹോദരന്‍ എന്ന സത്യത്തിലേക്ക് കടന്നു നില്‍ക്കാനാണ് നമുക്കു കഴിയേണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org