തിരുസഭ ഒരു അന്ധവിശ്വാസമോ?

തിരുസഭ ഒരു അന്ധവിശ്വാസമോ?

എം.പി. തൃപ്പൂണിത്തുറ

ക്രിസ്തുവിന്റെ ശരീരവും ആനുകാലിക തുടര്‍ച്ചയുമായ സഭയെക്കുറിച്ച് ഈ ശീര്‍ഷകം തികച്ചും നിഷേ ധാത്മകമാണ്. ആനുകാലികമായി ഉയര്‍ന്നു വരുന്ന ചിന്തകളും ചര്‍ച്ചകളുമാണ് ഇങ്ങനെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത്.

വിശ്വാസം പഠിപ്പിക്കുന്നവരും വിശ്വാസികളെന്ന് സ്വയം കരുതുന്നവരുമായ വലിയ ഒരു വിഭാഗം തിരുസഭ പ്രതിസന്ധിയിലാണെന്ന് ധരിക്കുകയും അതിന് പരിഹാരമന്വേഷിച്ച് പരക്കംപായുകയുമാണ്. ലോകത്ത് വിശ്വാസികള്‍ കൊല്ലപ്പെടുന്നതും ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതും സഭയ്ക്കു സംഭവിക്കുന്ന തകര്‍ച്ചയായി ചിലര്‍ കരുതുന്നു. അതിനെതിരെ പ്രതിഷേധിച്ച് തിരുസഭയെ സംരക്ഷിക്കാമെന്നാണ് ഇക്കൂട്ടര്‍ കരുതുന്നത്. താനാകുന്ന ആലയം തകര്‍ക്കപ്പെട്ടാല്‍ മൂന്നു ദിവസം കൊണ്ട് പുനഃരുദ്ധരിക്കുമെന്ന് പറഞ്ഞ ക്രിസ്തുവിന്റെ ശരീരമാണ് തിരുസഭയെന്ന ബോധവും ചരിത്രപാതയില്‍ രക്തംചിന്തിയ രക്ത സാക്ഷികളാണ് സഭയുടെ ബീജമെന്നുമുള്ള യാഥാര്‍ത്ഥ്യവും വെളിവായി മാറാത്ത കാലത്തോളം ഇത്തരം ചിന്തയില്‍ നിന്ന് മോചനം പ്രാപിക്കാന്‍ സാധ്യമല്ല.

നമ്മുടെ വിശ്വാസത്തെ ചോദ്യം ചെയ്യുന്ന സിനിമകളോ കലാരൂപങ്ങളോ ഉണ്ടായാല്‍ അതിനെതിരെ സംഘടിക്കണമെന്നു പറയുന്നവരും വാളെടുക്കുന്നവരും യഥാര്‍ത്ഥത്തില്‍ സഭയെ മനസ്സിലാക്കിയിട്ടില്ല. വിമര്‍ശനവും ചോദ്യം ചെയ്യലുകളും അപമാനങ്ങളും ആത്മവിമര്‍ശനത്തിനും സൗമ്യമായി നിലപാട് വ്യക്തമാക്കുന്നതിനും ക്ഷമയുടേയും സഹിഷ്ണുതയുടേയും സ്‌നേഹത്തിന്റെയും അര്‍ത്ഥം ലോകത്തെ പഠിപ്പിക്കുന്നതിനുമുള്ള അവസരങ്ങളുമാണ്. അസഹിഷ്ണുതയും എതിര്‍പ്പും തിരു സഭയെ ഒരു മതമായും മതമൗലികതാവാദത്തിന്റെ പ്രയോക്താവുമായിട്ടാണ് ലോകസമക്ഷം അവതരിപ്പിക്കുക.

സഭയിലെ അധികാരികളോ, തെറ്റു ചെയ്യപ്പെട്ട ചില ശുശ്രൂഷകരോ ചോദ്യം ചെയ്യപ്പെടുമ്പോള്‍ തിരുസഭ തകരാന്‍ അത് കാരണമായി മാറുമെന്ന ഭീഷണിയും ഭയവും ഇരുപുറങ്ങളിലായി ഉയരുകയാണ്. അതുകൊണ്ട് തെറ്റില്‍ പെട്ടവരെ ന്യായീകരിക്കുന്നവരും പുരോഹിത ശാപത്തെക്കുറിച്ച് ഭയപ്പെടുത്തുന്നവരും ഉണ്ടാകുന്നു. ഇവിടെയും മതത്തിന്റെ പൗരോഹിത്യ അധികാരമാണ് സഭയിലെന്ന തെറ്റിദ്ധാരണ സമൂഹത്തില്‍ പടരുന്നു.

മതം പൗരോഹിത്യം എല്ലാവരെയും കീഴില്‍ നിറുത്തുമ്പോള്‍, തിരുസഭയില്‍ പുരോഹിതന്‍ ക്രിസ്തുവില്‍ എല്ലാവര്‍ക്കും വേണ്ടി സ്വയം അര്‍പ്പിക്കുന്നവനും ശുശ്രൂഷകനുമായി മാറുന്നു. മതത്തില്‍ പുരോഹിതന്‍ ചോദ്യം ചെയ്യപ്പെടാനാകാത്ത ഒന്നാമനായിരിക്കുമ്പോള്‍ സഭയില്‍ പുരോഹിതന് ക്രിസ്തുവിലുള്ളത് ശുശ്രൂഷകസ്ഥാനം മാത്രവും ദാസ്യവൃത്തിയുമായിത്തീരുന്നു. അതുകൊണ്ടാണ് താന്‍ അടിമകളുടെ അടിമയാണെന്ന് മാര്‍ പാപ്പ പറയുന്നത്. മതാധികാരത്തിന്റെ കേന്ദ്രതത്വമായ പൗരോഹിത്യാധികാരം തിരുസഭയില്‍ ശുശ്രൂഷയുടേതാണെന്ന് വിശാസസമൂഹം മറന്നു പോകുമ്പോള്‍ സഭ മതമാണെന്ന തെറ്റിദ്ധാരണ അന്ധതയായി പിടിമുറുക്കുകയും സഭാവിശ്വാസം അന്ധവിശ്വാസമായി മാറുകയും ചെയ്യും.

ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെടുന്നതിനെക്കുറിച്ച് ആധികൊള്ളുന്നവര്‍ നമ്മുടെ ശരീരമാണ് ദേവാലയമെന്ന സത്യത്തെ മറന്നുപോയി. തിരുസഭയുടെ വിശ്വാസപരവും ചരിത്രപരവുമായ വീക്ഷണങ്ങളെയും, പ്രയോഗപരമായ ഉള്ളടക്കത്തെയും വികലമാക്കുന്ന ചിന്ത അതൊരു സ്ഥാപനരൂപമാണ് എന്നതാണ്. സഭ ശുശ്രൂഷയുടെ ജീവിതത്തില്‍ ആര്‍ജ്ജിച്ചിട്ടുള്ള സമ്പത്തും സ്ഥാപനങ്ങളുമാണ് തിരുസഭയെന്ന ബോധം ഒരളവുവരെയെങ്കിലും വിശ്വാസസമൂഹത്തെയും ശുശ്രൂഷകരെയും ബാധിച്ചിട്ടുണ്ട്. ശുശ്രൂഷയില്‍ ഉപകരണാത്മകമായ തുണയായി സ്വീകരിച്ച സമ്പത്തും സ്ഥാപനരൂപങ്ങളും നിരന്തരപ്രയാണമായ സഭയുടെ ജീവിതത്തെ ലോകവ്യാപാരങ്ങളില്‍ തളച്ചിടാന്‍ കാരണമായിട്ടുണ്ടോയെന്ന് പരിശോധിക്കണം.

യഥാര്‍ത്ഥത്തില്‍ കൗദാശികതയാണ് സഭയുടെ സ്ഥാപനരൂപം. ആ സ്ഥാനത്ത് സമ്പത്തും ശുശ്രൂഷയ്ക്കായി ഉപയോഗിക്കാന്‍ വേണ്ടി സ്വരൂപിച്ച ഭൗമിക സ്ഥാപനങ്ങളും സ്ഥാനംപിടിച്ചു. അവയുടെ വളര്‍ച്ച ശുശ്രൂഷയുടെ വളര്‍ച്ചയായും വിശ്വാസപുരോഗതിയുടെ അടയാളങ്ങളുമായി തെറ്റിദ്ധരിക്കപ്പെട്ടു. അതുകൊണ്ട് ഒരു രൂപത തങ്ങളുടെ അഭിമാനമായി തങ്ങള്‍ മാനവസേവയ്ക്കായി പണിതുയര്‍ത്തിയ വമ്പന്‍ ആശുപത്രി തങ്ങളുടെ അഭിമാനമാണ് എന്ന് പരസ്യമായി പ്രസ്താവിക്കുന്ന നിലയിലേക്ക് അധഃ പതിച്ചു.

റോമ പ്രീഫെക്ടിന്റെ മുന്നില്‍ സഭയുടെ സമ്പത്തുവിറ്റ് ദരിദ്രര്‍ക്ക് പങ്കുവച്ചുകൊടുത്തിട്ട് വിശ്വാസികളെ ചൂണ്ടി ഇവരാണ് സഭയുടെ സമ്പത്ത് എന്നു പറഞ്ഞ വി. ലോറന്‍സിന്റെ പാരമ്പര്യം തള്ളിക്കളഞ്ഞ് തങ്ങള്‍ പണികഴിപ്പിച്ച ആഡംബര ദേവാലയങ്ങളും അരമനകളും വമ്പന്‍ ആശുപതികളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഉയര്‍ത്തിക്കാട്ടി ഇതാണ് സഭയെന്ന് ലോകത്തോടു പറയുന്നതില്‍ അഭിമാനിക്കുന്ന ശുശ്രൂഷകരും വിശ്വാസികളും ഉയര്‍ന്നു വന്നു. വീടില്ലാത്തവന്റെ മുന്നില്‍ ഉയര്‍ന്നു നില്‍ക്കുന്ന ആരാധനാ സൗധങ്ങളും വിശാലമായ പള്ളി മുറ്റങ്ങളും മതരൂപങ്ങളുടെ സമാനതയിലേക്ക് തിരു സഭയെ പരിഭാഷപ്പെടുത്തി.

തിരുസഭ ആള്‍ക്കൂട്ടമാണെന്ന തെറ്റിദ്ധാരണയാണ് മറ്റൊന്ന്. മതങ്ങളുമായി തിരുസഭയെ താരതമ്യം ചെയ്തുകൊണ്ടാണ് ഈ വേവലാതി. നമ്മള്‍ വളരെക്കുറച്ച് ശതമാനമേയുള്ളൂ എന്നാണ് അവര്‍ വിലപിക്കുന്നത്. പിശാചൊഴികെ സകലമനുഷ്യരും കത്തോലിക്കാ സഭയുടെ ഭാഗമാണ്. അവരും കൂടിച്ചേര്‍ന്നാണ് ക്രിസ്തുവിന്റെ ശരീരം. അവരതറിയുന്നില്ല, നാം ആ അറിവില്‍ മുങ്ങി. ആ അറിവിനെ ജീവിതാനുഭവമാക്കി ജീവിതം കൊണ്ട് ക്രിസ്തുവിനെ ലോകത്തില്‍ അനുഭവപ്പെടുത്താനാണ് നമ്മുടെ ദൈവവിളി.

പത്തുകൊല്ലം കഴിഞ്ഞാല്‍ പള്ളിയില്‍ നില്‍ക്കാന്‍ ആളുണ്ടാകില്ലെന്ന് വിലപിക്കുന്നവര്‍ ഓര്‍ക്കണം ആള്‍ക്കൂട്ടമല്ല തിരുസഭ. ഒരു ജീവിതപ്രയോഗമാണ്. മാര്‍ പാപ്പ പറഞ്ഞതു പോലെ മുയലിനു കുഞ്ഞുങ്ങളുണ്ടാകുന്നതു പോലെ കുഞ്ഞുങ്ങളുണ്ടായല്ല സഭ വളരുക. പ്രേഷിത ദൗത്യത്തിലൂടെയാണ്. ക്രിസ്തുവിനെപ്രതി അപരനുവേണ്ടി മരിക്കുന്ന നല്ല ക്രൈസ്തവരായി നാം ജീവിച്ചു കൊണ്ടാണ്. ജനനം വഴിയല്ലല്ലോ ഒരാള്‍ ക്രൈസ്തവനാവുക. അത്തരം ഗോത്രവര്‍ഗ്ഗമല്ലല്ലോ തിരു സഭ. വീണ്ടും ജനനവും അതിന്റെ പ്രയോഗമായ ജീവിതവും വഴിയല്ലേ? അല്ലെങ്കില്‍ മക്കളില്ലാത്ത ദമ്പതികള്‍ക്ക് തിരുസഭയില്‍ എന്തു സ്ഥാനം?

ക്രൈസ്തവ ധാര്‍മ്മികതയെ മറയ്ക്കുന്ന അന്ധത പിടിമുറുക്കിയാല്‍ ലോകസമക്ഷം തിരുസഭ ഒരു അന്ധവിശാസമായി കാണപ്പെടും. ക്രൂശിതനോടു കാട്ടുന്ന നിന്ദയുടെ പാരമ്യമാണത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org