“ഇത്തിരികൂടി നന്നായിക്കൂടെ”

“ഇത്തിരികൂടി നന്നായിക്കൂടെ”

"സ്ത്രീകളില്‍ വാഴ്ത്തപ്പെട്ടവന്‍" ഈ വിളിയില്‍ ഒരു കുത്തും ഒരു തോണ്ടുമുണ്ട്. എന്നെ കാണുമ്പോള്‍ അങ്ങനെ പറയുന്നതു ചിലര്‍ക്ക് ഒരു സുഖമായിരുന്നു. പക്ഷേ, അവരറിയേണ്ട ചില കാര്യങ്ങള്‍ ഇതിലുണ്ട്.
അതിരൂപതയുടെ മെത്രാനെ അനുസരിച്ചാണു ഞാന്‍ സെന്‍റ് തെരേസാസ് കോളജില്‍ പോയത്. ഈ സത്യം മറ്റുള്ളവര്‍ അറിയണമെന്ന് എനിക്കാഗ്രഹമുണ്ട്. അന്നുവരെ ഞാന്‍ സെന്‍റ് തെരേസാസിനെ അറിഞ്ഞിരുന്നില്ല. ഏതോ തലതൊട്ടപ്പന്‍റെ സ്വാധീനമാണെന്നു കരുതുന്നവരുണ്ട്. അതും സത്യമല്ല.
മെറിറ്റുള്ള വ്യക്തികളെ ജാതിയും മതവും നോക്കാതെ സെന്‍റ് തെരേസാസ് വിളിച്ചെടുക്കുമായിരുന്നു. ഞാന്‍ ചേരുന്ന കാലത്ത് അതുപോലെ വന്നവരായിരുന്നു കൂടുതല്‍. എന്‍റെ അക്കാദമിക് റിസല്‍ട്ട് മാനേജുമെന്‍റിനിഷ്ടപ്പെട്ടു. അവര്‍ മെത്രാനോടു ചോദിച്ചു. അദ്ദേഹം അതനുസരിച്ച് എനിക്കു കല്പന തന്നു; അതാണു സത്യം. ഒരു ബന്ധവുമില്ലാത്തിടത്ത് ഇവനെങ്ങനെ വന്നുവെന്നു ചിന്തിക്കുകയും ഉഹാപോഹങ്ങള്‍ വളര്‍ത്തുകയും ചെയ്തിരുന്നവര്‍ക്ക് ഈ വെളിപ്പെടുത്തല്‍ ഉപകരിക്കും.
കഷ്ടിച്ചു പാസ്മാര്‍ക്ക് മേടിച്ചിട്ടു സംതൃപ്തിയോടെ നടക്കുന്നവരാണു വിദ്യാര്‍ത്ഥികളില്‍ കൂടുതല്‍ പേരും. ഉയര്‍ന്ന മാര്‍ക്കിനും റാങ്കിനും ശക്തിയുണ്ടെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. അപേക്ഷകള്‍ പലതയച്ചു; പക്ഷേ, ഫലമുണ്ടായില്ല എന്നു പറഞ്ഞു കരയുന്നവന്‍റെ മാര്‍ക്കുലിസ്റ്റ് ഞാന്‍ പിടിച്ചു പരിശോധിച്ചു. ആള് കഷ്ടി പാസ്സുകാരനാണ്. അല്പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ തനിക്ക് ഉയര്‍ന്നൊരു റാങ്കു മേടിക്കാമായിരുന്നല്ലോ എന്നു പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥി അതു സമ്മതിച്ചു. കാരണം, ഞാന്‍ പറഞ്ഞതിലും കൂടുതല്‍ മേടിക്കാന്‍ കഴിവുള്ളവനാണു വിദ്യാര്‍ത്ഥി. പക്ഷേ, അന്നു തോന്നിയില്ല.
ജോലി കിട്ടിയില്ലെന്നു പറഞ്ഞു കരയുന്ന പലരും പണ്ടേ ജോലിക്കാരാകുമായിരുന്നു, അന്നു തോന്നിയിരുന്നെങ്കില്‍. ഈ പുസ്തകം കൂടി നമുക്കു പരിശോധിക്കാം; ഒരുപക്ഷേ, കൂടുതല്‍ വിവരങ്ങള്‍ കിട്ടിയെന്നു വരാം, എന്നു പറഞ്ഞ് ഇത്തിരികൂടി വായിക്കാന്‍ നിര്‍ബന്ധിക്കുമ്പോള്‍, എന്‍റെ പ്രിയപ്പട്ട വിദ്യാര്‍ത്ഥികള്‍ പറയുമായിരുന്നു; ഞങ്ങളെല്ലാവരും പാസ്സാകുന്നുണ്ടല്ലോ, പിന്നെയും ഞങ്ങളെ നിര്‍ബന്ധിക്കുന്നതെന്തിനാ? ഇത്തിരികൂടി നന്നായാലുള്ളതിന്‍റെ ഗുണം അവര്‍ അന്നു മനസ്സിലാക്കുന്നില്ല!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org