ഇതു ലോകമാണ്, ഇവിടെ ദൈവമില്ല

ഇതു ലോകമാണ്, ഇവിടെ ദൈവമില്ല

മോസസിനു ലഭിച്ച വെളിപാടിന്‍റെ കാതല്‍ ദൈവം ഇവിടെ ഇല്ല എന്നതാണ്. ഇതു ലോകമാണ്, ദൈവമല്ല. ഇതു ദൈവസൃഷ്ടി മാത്രമാണ്. ദൈവത്തിന് ഇവിടെ വിഗ്രഹങ്ങളുണ്ടാക്കരുത്. അതിനര്‍ത്ഥം മനുഷ്യന്‍ ഇവിടെ ദൈവത്തെ ഉണ്ടാക്കരുത്. ഉണ്ടാക്കിയാല്‍ അതു ദൈവമായിരിക്കില്ല, പൊള്ളയായ വിഗ്രഹങ്ങള്‍ മാത്രം. മോസസിന്‍റെ ഈ വെളിപാട് അനന്യമാണ്. ലോകത്തിലെ മതങ്ങളില്‍ നിന്ന് ഇതു ഭിന്നമാണ്. പേഗന്‍ മതങ്ങള്‍ ദൈവത്തെ ലോകത്തില്‍ പ്രതിഷ്ഠിക്കുന്നു. ദൈവത്തിനു ലോകത്തില്‍ വസതികള്‍ ഉണ്ടാക്കുന്നു. ഒരു സ്ഥലവും ഇവിടെ ദൈവത്തിന്‍റെ വിശുദ്ധ സ്ഥലമല്ല. ബഹിരാകാശത്തേയ്ക്കു പോയ ആദ്യമനുഷ്യന്‍ യുറി ഗഗാറിന്‍ പറഞ്ഞത് അവിടെയെങ്ങും ദൈവത്തെ കണ്ടില്ല എന്നാണ്. സോവ്യയറ്റ് യൂണിയന്‍റെ കമ്യൂണിസ്റ്റ് പ്രചരണം മാത്രമായിരുന്നോ ഇത്?

എന്നാല്‍ ഇതിനെ സ്വാഗതം ചെയ്തു ലേഖനമെഴുതിയ ലെവീനാസ് യഹൂദഭക്തനായിരുന്നു. അദ്ദേഹം എഴുതി: "ഏറ്റവും ഗണനീയമായത് അദ്ദേഹം സ്ഥലം കടന്നുപോയി എന്നതാണ്. ചക്രവാളത്തിനപ്പുറം ഒരു മണിക്കൂര്‍ കടന്നുപോയി. അദ്ദേഹത്തിനു ചുറ്റും ആകാശം മാത്രം." പ്രാചീന മതങ്ങള്‍ പ്രകൃതിശക്തികളെയും അതിന്‍റെ ഉറവിടങ്ങളെയും ദേവീദേവന്മാരായി കണ്ടു. അതിനു വിപരീതമായിരുന്നു മോസസിന്‍റെ കണ്ടെത്തല്‍. അതു ദൈവത്തെ ലോകമുക്തമാക്കി. ഫലമായി മനുഷ്യന്‍റെ ശാസ്ത്രസാങ്കേതികവിദ്യകള്‍ ഈ "ദൈവിക" മണ്ഡലങ്ങളെ നിയന്ത്രിക്കാനും പഠിച്ചു. ആ വിധത്തില്‍ സാങ്കേതികവിദ്യ ഒരു ലോകമുണ്ടാക്കി. അതില്‍ മനുഷ്യന്‍ മാനവന്‍ എന്ന വിധത്തില്‍ ഒരു വലിയ കുടുംബമായി. അവിടെ ജാതിമതവര്‍ണവര്‍ഗ വ്യത്യാസങ്ങളില്ലാതെ എല്ലാ മനുഷ്യരെയും ഒന്നാക്കി. ദേശപ്രദേശങ്ങളെല്ലാം ലോകമായി, അതു മനുഷ്യന്‍റെ ഇടമായി. ആ ആഗോളവത്കരണം ശാസ്ത്രസാങ്കേതികവിദ്യയുടെ ഫലമാണ്. ജോമിട്രിയുടെ ഉത്പത്തിയെക്കുറിച്ച് എഴുതിയ എഡ്മണ്ട് ഹുസ്സേല്‍ ഗോത്രങ്ങള്‍ക്കും ജാതികള്‍ക്കും പ്രത്യേകം പ്രത്യേകം ജോമിട്രി ഇല്ല; മനുഷ്യന് ഒരു ജോമിട്രി മാത്രം എന്നു തെളിയിച്ചു. സാങ്കേതികവിദ്യ മാതൃപിതൃഭൂമികകളില്‍ നിന്നു മനുഷ്യന്‍റെ വേരു പറിച്ചു. ആകാശഗോളങ്ങള്‍ അലയുന്നതുപോലെ ഈ ഭൂമിയില്‍ എവിടെയും അലയുന്ന നാടോടിയായി മനുഷ്യന്‍.

ഈ ഭൂമിയിലെ എല്ലാം ദൈവത്തിന്‍റെ അഭാവം അഥവാ അസാന്നിദ്ധ്യം വിളിച്ചറിയിക്കുന്നു. ദൈവത്തിന്‍റെ അസാന്നിദ്ധ്യത്തിന്‍റെ മുറിവ് എല്ലാ സൃഷ്ടികളും പേറുന്നു. മനുഷ്യനില്‍ അതു നീറുന്ന വ്രണമായി അനുഭവപ്പെടുന്നു. അതാണവന്‍റെ അസ്തിത്വപ്രതിസന്ധിയുടെ ഉത്പത്തി. അവന്‍ എവിടെയും വീടില്ലാത്തവനായി വേദനിക്കുന്നു. ഈ വേദനയുടെ വിളി, ദൈവത്തിന്‍റെ അഭാവത്തിന്‍റെ വിളി ഉത്തരവാദിത്വമായി മാറുന്നു. ജീവിതയാത്രയിലെ ദൈവത്തിലേക്കുള്ള വഴി ഈ സ്രഷ്ടലോകത്തിലൂടെയാണ്. യാത്രികന്‍റെ ഉത്തരവാദിത്വം ലോകത്തിലാണ്. സമറിയാക്കാരന്‍ വിളികേട്ടവനാണ്. ഈ ഉത്തരവാദിത്വം ഏല്ക്കുന്നവനും നിര്‍വഹിക്കുന്നവനുമാണ് നീതിമാന്‍ – അതാണു ധര്‍മം, ആത്മീയത.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org