ജമ്മു ജനത ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു

ജമ്മു ജനത ശുഭാപ്തി വിശ്വാസം പുലര്‍ത്തുന്നു

ഫാ. ഷൈജു ചാക്കോ മഠത്തിപ്പറമ്പില്‍, ജമ്മു

ജമ്മു മേഖലയിലെ ജനങ്ങള്‍ കേന്ദ്രസര്‍ക്കാരിന്‍റെ തീരുമാനത്തെ പൊതുവെ സ്വാഗതം ചെയ്യുന്ന സ്ഥിതിയാണുള്ളത്. ജമ്മുവിലെ കത്തോലിക്കാസഭയെ സംബന്ധിച്ച് 370-ാം വകുപ്പു റദ്ദാക്കുന്നതും ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തു കളയുന്നതും പ്രയോജനകരമാണ്. പഞ്ചാബില്‍നിന്നും മറ്റും വന്നു വാസമുറപ്പിച്ചിരിക്കുന്നവരാണ് ജമ്മുവിലെ കത്തോലിക്കര്‍. രണ്ടായിരത്തോളം കത്തോലിക്കാ കുടുംബങ്ങള്‍ ജമ്മുവിലുണ്ട്. സ്വാതന്ത്ര്യത്തിനു മുമ്പു തന്നെ ഇവിടെ വന്നവരാണെങ്കിലും അവര്‍ക്ക് സംസ്ഥാന പൗരന്മാര്‍ എന്ന പദവി ഇതുവരെയില്ല. പൗരത്വ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ മാത്രമേ സര്‍ക്കാര്‍ ജോലിയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുകയുള്ളൂ. സ്വന്തമായി സ്ഥലം വാങ്ങിക്കാന്‍ കഴിയുമായിരുന്നില്ല. 370-ാം വകുപ്പ് ഇല്ലാതാകുമ്പോള്‍ ഇവര്‍ക്കെല്ലാം തുല്യ പൗരത്വവും തുല്യാവകാശങ്ങളും ലഭിക്കും. സ്ഥലം വാങ്ങാന്‍ സാധിക്കും. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും സന്തുഷ്ടരാണ്. കാരണം ഇവിടെ ശമ്പളക്കമ്മീഷനൊന്നും ഇല്ലായിരുന്നു. അതിനു മാറ്റം വരും. തൊഴിലവസരങ്ങള്‍ വര്‍ദ്ധിക്കുമെന്നും നിക്ഷേപങ്ങള്‍ വരുമെന്നും ജനങ്ങള്‍ പൊതുവെ കരുതുന്നു. കേന്ദ്രഗവണ്‍മെന്‍റിന്‍റെ കീ ഴില്‍ വരുമ്പോള്‍ പ്രത്യേക ശ്രദ്ധ ലഭിക്കുകയും അതിര്‍ത്തി പ്രദേശമെന്ന നിലയില്‍ പ്രത്യേക പരിഗണന ലഭിക്കുകയും ചെയ്യുമെന്നും ആളുകള്‍ പ്രതീക്ഷിക്കുന്നുണ്ട്. അതുകൊണ്ട് ശുഭാപ്തിവിശ്വാസമാണ് ആളുകള്‍ പുലര്‍ത്തുന്നത്.

ലഡാക്കിനെ സംബന്ധിച്ചാണെങ്കില്‍ ഒരു കേന്ദ്രഭരണപ്രദേശമാകുക എന്നതായിരുന്നു അവരുടെയും ദീര്‍ഘകാലമായുള്ള ആവശ്യം. അവരുടെ സംസ്കാരം ജമ്മുവുമായോ കശ്മീരുമായോ ഒട്ടും സാമ്യമുള്ളതല്ല. അതുകൊണ്ട് ഈ സംസ്ഥാനത്തില്‍ നിന്നു വേറിട്ടു കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ നേരിട്ടുള്ള ഭരണത്തില്‍ വരാന്‍ അവര്‍ക്കും സന്തോഷമായിരിക്കും.

ജമ്മുവില്‍ ഹിന്ദുക്കളായതുകൊണ്ട് അവരിതിനെ അനുകൂലിക്കുന്നുവെന്നും കശ്മീരില്‍ മുസ്ലീങ്ങളായതിനാല്‍ എതിര്‍ക്കുന്നുവെന്നും പറയുന്നത് വളരെ ഉപരിപ്ലവമായ ഒരു വീക്ഷണമായിപ്പോകും. അതു മാത്രമല്ല കാരണം. കശ്മീരിലെ ആളുകള്‍ എതിര്‍ക്കുന്നതുകൊണ്ട് മുസ്ലീങ്ങള്‍ എതിര്‍ക്കുന്നു എന്നു പറയപ്പെടുന്നുവെന്നേയുള്ളൂ.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയപാര്‍ട്ടികള്‍ ജമ്മു കശ്മീരിന്‍റെ കാര്യത്തില്‍ ബിജെപിയുടേതിനേക്കാള്‍ വ്യത്യസ്തമായ നയമുള്ളവരാണ്. അവരിതിനെ എതിര്‍ക്കുന്നു. പക്ഷേ അവരുടെ എതിര്‍പ്പുകള്‍ തത്കാലം പുറത്തു വരുന്നില്ല. മാത്രവുമല്ല ജനം ഇതില്‍ നിന്നു നന്മ പ്രതീക്ഷിച്ചു ശുഭാപ്തിവിശ്വാസികളായി തുടരുകയുമാണ്. മാറ്റത്തിന്‍റെ തുടക്കത്തിലുള്ള അസ്വസ്ഥതകളാണ് ഇപ്പോഴുള്ളതെന്നു വിശ്വസിക്കാനാണു ജനങ്ങള്‍ക്കിഷ്ടം. പരസ്പരമുള്ള അവിശ്വാസവും തെറ്റിദ്ധാരണകളും നീക്കാന്‍ സര്‍ക്കാരിനു ബാദ്ധ്യതയുണ്ട്. നേതാക്കളെ വീട്ടുതടങ്കലിലാക്കിയതിനോടൊന്നും ആര്‍ക്കും യോജിക്കാനാവില്ല. അതേസമയം കശ്മീരിന്‍റെ പ്രത്യേകമായ അവസ്ഥ മനസ്സിലാക്കാതിരിക്കാനും സാദ്ധ്യമല്ല. കലാപസാദ്ധ്യതയുള്ള പ്രദേശമെന്ന നിലയില്‍ ചില ബലപ്രയോഗങ്ങള്‍ ചിലപ്പോള്‍ ആവശ്യമായിരിക്കാം.

ജമ്മുവില്‍ 22 ഇടവകകളും 21 സ്കൂളുകളും നമ്മുടെ രൂപതയ്ക്ക് ഉണ്ട്. സന്യാസസമൂഹങ്ങളുടേതായി പത്തോളം സ്കൂളുകളുണ്ട്. ജമ്മു നഗരത്തിലെ ഏതാനും സ്കൂളുകള്‍ ഒഴിച്ചാല്‍ ബാക്കിയെല്ലാം ഗ്രാമപ്രദേശങ്ങളിലാണ്. സാമൂഹ്യസേവനങ്ങളും നാം ചെയ്യുന്നു. ആളുകളുടെ സ്വയംസഹായസംഘങ്ങള്‍ രൂപീകരിച്ചും മറ്റുമായി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കു വലിയ സ്വീകാര്യതയും ലഭിച്ചിട്ടുണ്ട്. സിഎംഐ മിഷണറിമാര്‍ രണ്ടു ജില്ലകള്‍ ഏറ്റെടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഡസനിലേറെ സിഎംഐ വൈദികര്‍ ഈ 2 ജില്ലകളിലായിട്ടുണ്ട്. അവര്‍ക്ക് 5 സ്കൂളുകളുണ്ട്. ഐഎംഎസ്, ഗോവ ആസ്ഥാനമായുള്ള പിലാര്‍ ഫാദേഴ്സ് തുടങ്ങിയ മിഷണറിമാരുമുണ്ട്. സിഎംസി, എഫ്സിസി, എസ് ഡി, എംസി തുടങ്ങിയ സമൂഹങ്ങളില്‍ നിന്നുള്ള സന്യാസിനിമാരും ജമ്മുവില്‍ സേവനം ചെയ്യുന്നു.

ജമ്മുവില്‍ സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുവരേയും കാര്യമായ യാതൊരു തടസ്സങ്ങളുമില്ല. നാം ചെയ്യുന്ന വിദ്യാഭ്യാസ, ആരോഗ്യ സേവനങ്ങളെ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്നവരാണു ജനങ്ങള്‍. മതപരിവര്‍ത്തനമെന്ന ഏകലക്ഷ്യത്തോടെയല്ല നാമിവിടെ പ്രവര്‍ത്തിക്കുന്നത് എന്നത് അവര്‍ക്കറിയാം. ആളുകളെ ക്രിസ്ത്യനികളാക്കുക എന്ന നിക്ഷിപ്ത ലക്ഷ്യത്തോടെയാണു പ്രവര്‍ത്തനങ്ങളെന്നു തോന്നിയാല്‍ ഇവിടെ പ്രതിഷേധം ഉണ്ടാകും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org