ജാതിക്കെന്താണു ദോഷം?

ജാതിക്കെന്താണു ദോഷം?

ഇപ്പോക്കു പോയാലെവിടെയെത്തും?
കുടുംബപ്പേരു പറയരുതെന്നാകുമോ?
മാതാപിതാക്കളും മക്കളും ചേര്‍ന്ന അണുകുടുംബം.
അതിന്‍റെ വേരും ശാഖകളും
പൂവും കായ്കളും ചേരുന്നതല്ലേ ജാതി?
അതെന്‍റെ വലിയ കുടുംബം*
അതു പറയുമ്പോള്‍ നിനക്കെന്താണു കെടുതി?
ജാതി ചോദിക്കരുതെന്നു പറഞ്ഞതിലെന്തുണ്ട് മഹത്ത്വം?
ആരോ നടത്തിയ ദുരുപയോഗത്തിന്‍റെ പേരില്‍
എന്‍റെ കുടുംബചരിത്രം കീറണമോ?

കീറേണ്ടതു ജാതിയല്ല,
ജാതിയെ കാണാനുപയോഗിച്ച കണ്ണുകളാണ്
അറുത്തു കളയേണ്ടത്
എന്‍റെ കുടുംബചരിത്രമല്ല
ആരുടെയോ സ്വഭാവത്തില്‍ കേറി/വളര്‍ന്നു
കട്ടിയായ ദോഷങ്ങളല്ലേ?

മതത്തിനെന്താണു ദോഷം?

ഞാനൊരീശ്വരനില്‍ വിശ്വസിക്കുന്നു.
അദ്ദേഹമെന്നും നല്ലതു ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു.
ഞാന്‍ നിന്നെ സ്നേഹിക്കണമെന്നു പറഞ്ഞതദ്ദേഹമാണ്.
എന്‍റെ കാര്യം മാത്രം നോക്കിയാല്‍ പോരാ;
അഗതികളെയും അരികുകളിലാക്കപ്പെട്ടവരെയും
സ്നേഹിക്കാന്‍ പഠിപ്പിച്ചതദ്ദേഹമാണ്.

ഞാന്‍ എന്നെ നിയന്ത്രിച്ചത് അദ്ദേഹം പറഞ്ഞിട്ടാണ്.
അല്ലെങ്കില്‍ ഞാന്‍ നിന്നെ കടിച്ചുകീറുമായിരുന്നു!
നിയമവും പൊലീസുമില്ലാതെ
എന്നെ നിയന്ത്രിച്ച വിശ്വാസങ്ങള്‍,
ഈ ലോകത്തിന്‍റെ സുസ്ഥിതിക്ക്
ശക്തമായ സംരക്ഷണമേകിയ വിശ്വാസങ്ങള്‍**
മതമെന്ന പേരില്‍ ശപിക്കപ്പെട്ടതായതെങ്ങനെ?
എന്‍റെ ചരിത്രം മറന്നും
എന്‍റെ ബന്ധങ്ങളെ തകര്‍ത്തും
എന്‍റെ വേരുകളറുത്തും
എന്‍റെ വിശ്വാസങ്ങള്‍ ദൂരെയെറിഞ്ഞും
ഞാനൊരു യന്ത്രമനുഷ്യനാകണമെന്നോ!
* Sir Herbert Risley
** Emile Durkheim

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org