വിധിയും ദൈവഹിതവും

വിധിയും ദൈവഹിതവും

മാണി പയസ്സ്

പിക്കഡര്‍ 1998-ല്‍ പ്രസിദ്ധീകരിച്ച സമകാലീന ചൈനീസ് കഥ എന്ന സമാഹാരത്തില്‍ വിധി എന്ന ഒരു കഥയുണ്ട്. Shi Tike-sheng എഴുതിയത്. ഉജ്ജ്വലമായ ഭാവി ഉണ്ടായിരുന്ന ഒരു യുവാവ് അപകടത്തില്‍പ്പെട്ട് തളര്‍ന്നു കിടപ്പിലായി. അയാളുടെ മനോവ്യാപാരങ്ങളാണ് പ്രമേയം. "ഞാന്‍ ഒരു സെക്കന്റ് താമസിച്ചു, അല്ലെങ്കില്‍ രണ്ടു സെക്കന്റ് താമസിച്ചെത്താന്‍ കഴിഞ്ഞില്ല. ഞാന്‍ എത്തിയത് ഒരു സെക്കന്റ് മുമ്പായി, അല്ലെങ്കില്‍ രണ്ടു സെക്കന്റ് മുമ്പെത്തിയാല്‍ മതിയായിരുന്നു." അപകടം സംഭവിച്ച നിര്‍ഭാഗ്യകരമായ നിമിഷത്തെക്കുറിച്ച് അയാള്‍ ഇങ്ങനെയെല്ലാം സങ്കല്പിക്കുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അപകടം സംഭവിക്കുകയില്ലായിരുന്നു. എന്നാണ് ചിന്ത.

'സത്യദീപ'ത്തിന്റെ എഡിറ്ററായിരുന്ന ഫാ. ചെറിയാന്‍ നേരെവീട്ടില്‍ അപകടത്തില്‍പ്പെട്ടു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ഞാന്‍ ഈ വാക്കുകള്‍ ഓര്‍ത്തു. അച്ചന്‍ ഒരു സെക്കന്റ് മുമ്പ് റോഡ് കുറുകെ കടന്നിരുന്നെങ്കില്‍… അല്ലെങ്കില്‍ രണ്ടു സെക്കന്റ് വൈകി കടന്നിരുന്നെങ്കില്‍… ഒരേ ഒരു നിമിഷം ആയുസ്സിന്റെ വിലയായ സന്ദര്‍ഭം, അച്ചന്‍ പിന്നീട് അന്തരിച്ചു. നിമിഷങ്ങള്‍ സമുദ്രംേപാലെ അതിവിശാലമായി നിലകൊള്ളുകയല്ല, പുഴയിലെ വെള്ളം പോലെ ഒഴുകിപ്പോകുകയാണ്. അവയില്‍ ഒരു തുള്ളി തിരിച്ചുപിടിക്കാന്‍ കഴിയില്ല. ആയിരം ആനകള്‍ ഒരുമിച്ചു വലിച്ചാലും ഒരു നിമിഷത്തെ തിരിച്ചുകൊണ്ടുവരാനാകില്ല. സമയമെന്നത് ജീവിതത്തില്‍ ഏറ്റവും വിലയേറിയതാകുന്നത് അതുകൊണ്ടാണ്.

പോയകാലത്തെ തിരിച്ചുപിടിക്കാന്‍ കഴിയുന്നത് ഓര്‍മ്മകളിലൂടെയാണ്. നല്ല ഓര്‍മ്മകളെ താലോലിക്കാനാണ് മനുഷ്യര്‍ക്കിഷ്ടം. എന്നാല്‍ 'ഞാന്‍ മുമ്പേ ഞാന്‍ മുമ്പേ' എന്ന മട്ടില്‍ മുഖ്യമായി കടന്നുവരുന്നത് ചീത്ത ഓര്‍മ്മകളാണ്. ചെറിയാച്ചനെപ്പറ്റി ഏറെ നല്ല ഓര്‍മ്മകളുണ്ട്. രോഗിയായിരുന്ന നാളുകളിലെ എന്റെ ആത്മീയാനുഭവങ്ങള്‍ അഞ്ച് ലക്കമായി "സത്യദീപ'ത്തില്‍ പ്രസിദ്ധീകരിച്ചതിലൂടെ അദ്ദേഹം എന്നില്‍ ഉണര്‍ത്തിയ അതിജീവനശക്തി വലുതായിരുന്നു. ഒരിക്കല്‍ 'സത്യദീപം' ടീമിനൊപ്പം വീട്ടില്‍ വന്നു. സ്വന്തം കരകൗശല സൃഷ്ടി സമ്മാനിച്ചു. ദാനം ചെയ്യുന്നതില്‍ ആനന്ദിക്കുന്ന മനസ്സായിരുന്നു അദ്ദേഹത്തിന്റേത്. മരണാസന്നയായ ഒരു പെണ്‍കുട്ടിക്ക് സ്വന്തം കിഡ്‌നി ദാനം നല്കിയ അദ്ദേഹം അക്കാര്യം ചെണ്ടകൊട്ടി വിളംബരം ചെയ്തില്ല. ദൈവവും താനും പെണ്‍കുട്ടിയും മാത്രം അറിയേണ്ട കാര്യമമായി കരുതി. ദാനം മഹത്തായ കര്‍മ്മമാണ്. കര്‍ണ്ണന്‍ കവചകുണ്ഡലങ്ങള്‍ ദാനം ചെയ്തപ്പോള്‍ ദേവേന്ദ്രന്‍ ഭൂമിയോളം താഴ്ന്നു പോയത് അതുകൊണ്ടാണ്.

കാരണമുള്ളപ്പോള്‍ അരൂപിയായ വിധിയെ പഴിക്കുന്നത് അര്‍ത്ഥരഹിതമാണെന്നാണ് തത്വചിന്തകരുടെ വാദം. മനുഷ്യന്‍ എല്ലാം വിധിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് എന്നാണ് അവര്‍ പറയുന്നത്. സംരംഭങ്ങളില്‍ പരാജയപ്പെടുമ്പോഴും, രോഗം വരുമ്പോഴും, കണക്കു കൂട്ടലുകള്‍ തെറ്റുമ്പോഴും വിധിയാണെന്നു സമാധാനിക്കുന്നത് മനുഷ്യന് ആശ്വാസം നല്കാം.

ഒരാള്‍ സ്വന്തമായി ഉള്ളതില്‍ നിന്നും, അദ്ധ്വാനിച്ച് നേടിയതില്‍ നിന്നും കൊടുക്കുമ്പോഴാണ് യഥാര്‍ത്ഥ ദാനമാകുക. പൊതു ഖജനാവില്‍ നിന്ന് പണം ചെലവാക്കി കിറ്റുകളും മറ്റും വിതരണം ചെയ്തശേഷം തങ്ങള്‍ നല്കിയ ദാനമായി കൊണ്ടാടുന്ന രാഷ്ട്രീയ നേതൃത്വം സഹതാപം അര്‍ഹിക്കുന്നു. തനിക്കുള്ളതില്‍ നിന്നു ചെയ്യുന്ന എളിയ ദാനമാണ് ലക്ഷങ്ങള്‍ പിരിച്ചെടുത്ത് ചെയ്യുന്ന വലിയ കാര്യങ്ങളേക്കാള്‍ ദൈവതിരുമുമ്പില്‍ കൂടുതലായി അംഗീകരിക്കപ്പെടുക. വിധവയുടെ ചെമ്പുനാണയം പോലെ. വിലയേറിയ ഒന്നിനേക്കാള്‍ ചെറിയാച്ചന്റെ സമ്മാനം ഹൃദയത്തില്‍ തൊട്ടത് അതുകൊണ്ടാണ്.

മുകളില്‍ സൂചിപ്പിച്ച കഥയുടെ പേര് വിധി എന്നാണെന്നു വ്യക്തമാക്കിയിരുന്നു. ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിധിയെ പഴിച്ചിട്ടു കാര്യമില്ലെന്നാണ് തത്വചിന്തകര്‍ പറയുന്നത്. കാര്യങ്ങള്‍ക്കു കാരണങ്ങളുണ്ടാകും. ഒരു റോഡപകടത്തിനു റോഡ് നിര്‍മ്മാണത്തിലെ പാളിച്ചകളും, വണ്ടി ഓടിച്ചയാളുടെ അശ്രദ്ധയും, കാല്‍നടക്കാരുടെ ശ്രദ്ധക്കുറവും വെളിച്ചക്കുറവും മഴയും വണ്ടിയുടെ പഴക്കവും മറ്റും കാരണമായിട്ടുണ്ടാകും. ഇവയില്‍ കുറഞ്ഞത് ഒരെണ്ണമെങ്കിലും കാരണമായിട്ടാകും ഉറപ്പ്. കാരണമുള്ളപ്പോള്‍ അരൂപിയായ വിധിയെ പഴിക്കുന്നത് അര്‍ത്ഥരഹിതമാണെന്നാണ് തത്വചിന്തകരുടെ വാദം. മനുഷ്യന്‍ എല്ലാം വിധിയുടെ തലയില്‍ കെട്ടിവയ്ക്കുന്നത് സ്വന്തം ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് എന്നാണ് അവര്‍ പറയുന്നത്. സംരംഭങ്ങളില്‍ പരാജയപ്പെടുമ്പോഴും, രോഗം വരുമ്പോഴും, കണക്കു കൂട്ടലുകള്‍ തെറ്റുമ്പോഴും വിധിയാണെന്നു സമാധാനിക്കുന്നത് മനുഷ്യന് ആശ്വാസം നല്കാം. അതിനാല്‍ മുറിവേറ്റ ഹൃദയത്തില്‍ പുരട്ടാനുള്ള തൈലമാണു വിധി എന്നാണ് ഓഷോ നിരീക്ഷിക്കുന്നത്.

മനുഷ്യന് സ്വന്തം ജീവിതത്തിന്റെ ചുമതല പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ കഴിയുമോ? ഒരാള്‍ കാന്‍സര്‍ രോഗിയായതിന്റെ ഉത്തരവാദിത്വം അയാള്‍ക്കാണെന്ന് എങ്ങനെ പറയാന്‍ കഴിയും. മദ്യപാനവും പുകവലിയും മൂലം രോഗിയായാല്‍ അയാളില്‍ കുറ്റം കാണാം. ഇതൊന്നുമില്ലാത്ത ആളുകള്‍ കാന്‍സര്‍രോഗികളാകുന്നുണ്ട്. അവരില്‍ സംഭവിക്കുന്ന ജനിതക, രാസമാറ്റങ്ങളാണ് കാരണം. അതിന് അവര്‍ എങ്ങനെ ഉത്തരവാദികളാകും?

ദൈവികപദ്ധതി എന്ന ഉത്തരത്തിലൂടെയാണ് ൈക്രസ്തവവിശ്വാസം ഇതിനെ വിശദീകരിക്കുന്നത്. മനുഷ്യാവതാരം ചെയ്ത യേശുവും ഈ പദ്ധതിയിലൂടെ കടന്നുപോയി. യേശു പിതാവിനോട് പ്രാര്‍ത്ഥിച്ചു: "പിതാവേ, അങ്ങേയ്ക്ക് ഇഷ്ടമെങ്കില്‍ ഈ പാനപാത്രം എന്നില്‍നിന്ന് അകറ്റണമേ. എങ്കിലും, എന്റെ ഹിതമല്ല അവിടുത്തെ ഹിതം നിറവേറട്ടെ!" പുത്രന്‍ കഠിന പീഡനങ്ങള്‍ ഏറ്റുവാങ്ങി, കുരിശില്‍ മരിച്ച്, പാതാളത്തിലിറങ്ങി, മൂന്നാം നാള്‍ ഉയിര്‍ത്ത് സ്വര്‍ഗ്ഗത്തിലേക്ക് കരേറ്റപ്പെടണമെന്നതായിരുന്നു പിതാവിന്റെ ഹിതം. യേശു ആ ഹിതത്തിനു വഴങ്ങി. അതുപോലെ എല്ലാം ദൈവഹിതമായി തിരിച്ചറിഞ്ഞ് ജീവിക്കുകയാണു മനുഷ്യനു കരണീയമാര്‍ഗ്ഗം. അപ്പോഴും പിതാവേ, അങ്ങ് എന്തിനെന്നെ കൈവിട്ടു എന്നു ചോദിച്ചുപോകാം. അതു തെറ്റല്ല. ആ ചോദ്യം ദൈവനിഷേധമായി വളരുമ്പോഴാണ് തെറ്റാവുക. ആകാശത്തിലെ പക്ഷികളെയും വയല്‍ക്കരയിലെ ലില്ലികളെയും പോലെ ഒന്നിനെക്കുറിച്ചും ആകുലപ്പെടാതെ ജീവിക്കാന്‍ കഴിഞ്ഞാല്‍ എത്ര മനോഹരമായിരിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org