സെപ്തംബര്‍ 6 നാണ് അത്തം. പത്തുനാള്‍ കഴിഞ്ഞാല്‍ ഓണം. കാണം വിറ്റും ഓണമുണ്ണണമെന്ന പഴഞ്ചൊല്ലെല്ലാം ഇപ്പോള്‍ പതിരായി. ബാങ്കുകളുടെ ജപ്തി ഭീഷണിയില്‍ മനംനൊന്ത് പാലക്കാട് ജില്ലയില്‍ മാത്രം ഒരു മാസത്തിനുള്ളില്‍ മരിച്ചത് മൂന്നു കര്‍ഷകരാണ്. മാധ്യമങ്ങള്‍ വയനാട്-വിലങ്ങാട് ദുരന്തങ്ങള്‍ക്കു പിന്നാലെ പാഞ്ഞ് വെട്ടിവിയര്‍ത്തു നില്‍ക്കുമ്പോഴാണ് ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട് വന്നത്. ഒരു കോടിയിലേറെ നികുതിപ്പണം ചെലവഴിച്ച് തയ്യാറാക്കിയ ഹേമക്കമ്മിറ്റി റിപ്പോര്‍ട്ട്, സര്‍ക്കാര്‍ ആസനത്തിനു താഴെ പൂഴ്ത്തിവച്ചത് നാലരവര്‍ഷം. വിവരാവകാശ കമ്മീഷന്റെ സമ്മര്‍ദം മൂലം റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടപ്പോഴോ തലതെറിച്ച കുറെ 'കൊഞ്ഞാണ'ന്മാരുടെ പേരുകള്‍ ഉള്ള 60 ഓളം പേജുകള്‍ പൂഴ്ത്തി. ഇപ്പോള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് പൂര്‍ണ്ണ റിപ്പോര്‍ട്ട്, മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്നു സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇപ്പോള്‍ നടക്കുന്ന ഇത്തരം മാധ്യമപ്പൂത്തിരുവാതിരകളികള്‍ നല്ലതാണ്. പക്ഷെ, ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ഈ ബഹളത്തിനിടയില്‍ മുങ്ങിപ്പോകുന്നുണ്ട്.
ഓണത്തിന് എന്തു ചെയ്യും മല്ലയ്യ?
സര്‍ക്കാരില്‍ നിന്ന് ജനങ്ങള്‍ക്ക് ഓണത്തിനായി എന്തെങ്കിലുമെല്ലാം ലഭിക്കുന്ന ഒരു കാലമുണ്ടായിരുന്നു പണ്ട്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കായിരുന്നു ഓണത്തിന് കൂടുതല്‍ മെച്ചം. ബോണസ്, ഡി എ കുടിശ്ശിക, ഫെസ്റ്റിവല്‍ അഡ്വാന്‍സ്, ഫെസ്റ്റിവല്‍ അലവന്‍സ്, പെന്‍ഷന്‍ കുടിശ്ശികകള്‍ - അങ്ങനെയങ്ങനെ സര്‍ക്കാരില്‍ നിന്നുള്ള കിട്ടാത്തുകകള്‍ പലതും ഒരുമിച്ച് എല്ലാവര്‍ക്കും ലഭിച്ച ആ കാലം ഇപ്പോള്‍ ഒരു സ്വപ്‌നം മാത്രമാണ്. ഭരണം നടത്തിക്കൊണ്ടുപോകാന്‍ പാടുപെടുകയാണ് ധനമന്ത്രി. ഓണത്തിനു മുമ്പ് 24,000 കോടി തരണേയെന്ന് നമ്മുടെ ധനമന്ത്രി യാചിച്ചുവെങ്കിലും കേന്ദ്രം കനിഞ്ഞിട്ടേയില്ല. എങ്ങനെ കനിയും? കാരണം ഈ വര്‍ഷം ഡിസംബര്‍ വരെ കടമെടുക്കാവുന്ന തുകയില്‍ 3,700 കോടി രൂപ ഒഴിച്ചുള്ള തുക ഇതിനകം സംസ്ഥാനം വിപണിയില്‍ നിന്ന് കടമെടുത്തുകഴിഞ്ഞു. ഈ വര്‍ഷം കടന്നുപോകണമെങ്കില്‍ മിനിമം 20,000 കോടി രൂപയെങ്കിലും ഖജനാവില്‍ വേണം. പക്ഷെ, പണം വരാനുള്ള വഴിയൊന്നും കാണുന്നില്ല.
എന്നാല്‍ ഇതിനിടെ സര്‍ക്കാര്‍ കര്‍ഷകദിനമടക്കം കുറെ ഇവന്റുകള്‍ നികുതിപ്പണം മുടക്കി നടത്തുകയുണ്ടായി. കര്‍ഷകര്‍ക്കു നേരെ കൊഞ്ഞനം കാണിച്ചുകൊണ്ട് ചിങ്ങം ഒന്നിലെ കര്‍ഷകദിനവും കടന്നുപോയി. ഇനി ലോകമലയാള സഭ, കേരളീയം സീസണ്‍ രണ്ട് എന്നിവയടക്കമുള്ള കലാപരിപാടികള്‍ക്കും പണം കണ്ടെത്തണം. ഹേമക്കമ്മിറ്റി റിപ്പോര്‍ട്ടിലൂടെ വെളിച്ചത്ത് ഷൂട്ട് ചെയ്യുന്നത്, ഇരുട്ടത്ത് കാണിച്ച് രക്ഷപ്പെട്ടിരുന്ന 'സിനിമാലോക'ത്തെ മാലിന്യമത്രയും ജനമറിഞ്ഞു കഴിഞ്ഞുവെങ്കിലും, ഉളുപ്പില്ലാത്ത സിനിമാമന്ത്രി 'സിനിമാ കോണ്‍ക്ലേവ്' എന്ന പേരിലുള്ള ഒരു മിമിക്‌സ് പരേഡ് കൊച്ചിയില്‍ സംഘടിപ്പിക്കാന്‍ പോകുന്നുണ്ട്. ഏതായാലും ഈ സമ്മേളനത്തില്‍ അധ്യക്ഷത വഹിക്കേണ്ട സംവിധായകനായ രഞ്ജിത്ത് ചലച്ചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനം രാജിവച്ചുകഴിഞ്ഞു. മറ്റൊരു പ്രധാന സംഘാടകനാകേണ്ട നടന്‍ സിദ്ദിഖിനും 'അ.ങ.ങ.അ.'യുടെ സെക്രട്ടറി സ്ഥാനം ഒഴിയേണ്ടി വന്നു. ഇത്തരം ഇവന്റുകള്‍ ആവശ്യമാണെങ്കിലും, ഭരണതലത്തിലെ പ്രയോറിറ്റി അഥവാ മുന്‍ഗണന ജനങ്ങള്‍ക്കും മറ്റും നല്‌കേണ്ട ആനുകൂല്യങ്ങളല്ലേയെന്ന ചിന്തയുയരാം. ആ ചിന്തകള്‍ക്ക് ചിറകുകള്‍ നല്കാന്‍ പല മാധ്യമങ്ങളും വിമുഖരാണ്. ചാനലുകളുടെ റേറ്റിംഗും, വരിക്കാരുടെ എണ്ണവും വര്‍ധിപ്പിക്കാന്‍ ഏത് 'അളിഞ്ഞ' പണിയുമാവാമെന്ന ചിന്തയാണ് പല മാധ്യമങ്ങള്‍ക്കുമുള്ളത്. മാധ്യമങ്ങളുടെ അരികുവല്‍ക്കരണത്തില്‍ മുറിഞ്ഞുവീഴുന്ന 'ആദര്‍ശ മാധ്യമപ്രവര്‍ത്തന'മെല്ലാം, എവിടെയോ വടി കുത്തിപ്പിടിച്ചിരിപ്പാണ്. ഓണത്തിനുമുമ്പ് ക്ഷേമ പെന്‍ഷന്‍ കുടിശ്ശിക തീര്‍ത്തുകിട്ടുമെന്നു കരുതിയ പാവം ജനം ഇപ്പോള്‍ പ്രതീക്ഷയറ്റു നില്‍ക്കുന്നു. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പണം കിട്ടേണ്ട കരാറുകാര്‍, പല വിധത്തിലുള്ള ഓണറേറിയമായുള്ള തുകകള്‍ എന്നിവയെല്ലാം ഓണത്തിന് കിട്ടില്ലെന്ന കാര്യം ഉറപ്പായിക്കഴിഞ്ഞു.
കെടുകാര്യസ്ഥതയുടെ കിരീടം ചൂടുന്നവര്‍
2023 അവസാനിച്ചപ്പോള്‍ ഓരോ കേരളീയനും സര്‍ക്കാര്‍ വഴി വരുത്തിവെച്ച കടം 1.22 ലക്ഷം രൂപയായിരുന്നുവെന്ന് റിസര്‍വ് ബാങ്കിന്റെ കണക്കുണ്ടായിരുന്നു. സര്‍ക്കാരിന്റെ 2023-ലെ മൊത്തം ബാധ്യത 4.29 ലക്ഷം കോടിയായിരുന്നു. കിഫ്ബി, പെന്‍ഷന്‍ കമ്പനി എന്നിവയുടെ കടം കൂടി ഉള്‍പ്പെടുത്തിയാല്‍ ഇതേ കണക്കില്‍ 30,000 കോടി വര്‍ധിക്കും.
പുതിയ മന്ത്രി ചുമതലയേറ്റിട്ടും ആനവണ്ടി കോര്‍പ്പറേഷനില്‍ പെന്‍ഷന്‍കാരുടെ ആത്മഹത്യ തുടരുകയാണ്. കെ എസ് ആര്‍ ടി സി യില്‍ യാതൊരുവിധ പരിഷ്‌ക്കാരങ്ങളും നടപ്പാക്കാന്‍ ചില തല്പ്പരകക്ഷികള്‍ (അവര്‍ യൂണിയനുകളാകാം, ഉദ്യോഗസ്ഥ പേക്കോലങ്ങളാകാം) സമ്മതിക്കുന്നില്ലെന്ന് വകുപ്പ് ഭരിച്ച എല്ലാ മന്ത്രിമാരും പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. കെ എസ് ആര്‍ ടി സി യിലെ ശമ്പളവും പെന്‍ഷനും സംബന്ധിച്ച് ഹൈക്കോടതിയുടെ വരെ കര്‍ശന നിര്‍ദേശമുണ്ട്. 45,000 പെന്‍ഷന്‍കാര്‍ക്ക് പ്രതിമാസം മുടങ്ങാതെ പെന്‍ഷന്‍ നല്കാന്‍ 70 കോടി രൂപവേണം. ജല അതോറിറ്റി, കെ എസ് ഇ ബി തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ സ്ഥിരമായി മുടങ്ങുന്നു. 2023 മേയ് മാസത്തിലും 2024 മാര്‍ച്ച് മാസത്തിലും വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങളും ഇതേവരെ തീര്‍ത്തു നലകാന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. കെട്ടിട നിര്‍മ്മാണത്തൊഴിലാളി ക്ഷേമനിധിയില്‍ 2023-ലെ കണക്കനുസരിച്ചു തന്നെ 3.86 ലക്ഷം പെന്‍ഷന്‍കാരുണ്ട്. ക്ഷേമനിധി വിഹിതം അടച്ചവരാണിവര്‍. ഏകദേശം 700 കോടി രൂപയാണ് ഇവരുടെ കുടിശ്ശിക.
2022 ഏപ്രിലില്‍ വിരമിച്ചവര്‍ ഇതേവരെ പെന്‍ഷന്‍ പട്ടികയില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല. പ്രളയത്തിനും കോവിഡിനും ശേഷം ആകെ തകര്‍ന്നുപോയ നിരവധി ചെറുകിട, കൈത്തൊഴില്‍ മേഖലകളില്‍ ഉള്ളവര്‍ക്ക് സര്‍ക്കാര്‍ ക്ഷേമപദ്ധതി പ്രകാരം അപേക്ഷ സമര്‍പ്പിക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇന്നുള്ളത്. സര്‍ക്കാര്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും ലഭിക്കാതെ മരണമടഞ്ഞുപോകുന്ന വൃദ്ധരുടെ നിലവിളിയായിരിക്കും ഇത്തവണത്തെ ഓണത്തിന് നാം കേള്‍ക്കാന്‍ പോകുന്ന പൂവിളി.
പാര്‍ട്ടി വളര്‍ത്തല്‍ മാത്രമാകരുത് സര്‍ക്കാരിന്റെ ലക്ഷ്യം
ഭരണപക്ഷത്തിരിക്കുന്നവര്‍ അവരവരുടെ പാര്‍ട്ടി വളരാന്‍ ചില്ലറ തരികിടകള്‍ നടത്താറുണ്ട്. കൊടിയും പിടിച്ച്, അടിയും മേടിച്ച് പാര്‍ട്ടി പ്രവര്‍ത്തനം നടത്തിയവര്‍ക്ക് പാര്‍ട്ടി ഭരിക്കുമ്പോഴല്ലാതെ എപ്പോഴാണ് ചില 'പൊട്ടും പൊടിയും' കിട്ടുക അല്ലേ? എന്നാല്‍, പാര്‍ട്ടിയിലുള്ള സാമൂഹ്യ വിരുദ്ധരെയും അഴിമതി വീരന്മാരെയുമെല്ലാം സംരക്ഷിക്കാനും അവര്‍ക്കായി സര്‍ക്കാര്‍ ജോലികളുടെയും സൗകര്യങ്ങളുടെയും പിന്‍വാതില്‍ തുറന്നു കൊടുക്കാനും യാതൊരു മടിയുമില്ലാത്ത ഭരണസൈലി ജനാധിപത്യത്തെ സ്‌നേഹിക്കുന്നവരെങ്കിലും ഉപേക്ഷിക്കേണ്ടതല്ലേ? പാര്‍ട്ടി ഫണ്ട് പിരിക്കാന്‍ ഭരണകൂടമെഷിനറിയെ ഉപയോഗിച്ചുവെന്ന ആരോപണമാണ് നവകേരള സദസ്സുകള്‍ക്കു പിന്നില്‍ ജനം കണ്ടെത്തിയ ഹീനതന്ത്രം. നികുതിയേതര വരുമാനം വന്‍തോതില്‍ കുറഞ്ഞത്, നവകേരള സദസ്സ് വഴിയുള്ള 'പണം പിടുങ്ങലാ'ണെന്നു പലരും പരാതിപ്പെടുന്നു. ഇങ്ങനെ അധ്വാനവര്‍ഗത്തിന്റെ പാര്‍ട്ടിയെ അംബാനിയുടെയും അദാനിയുടെയും തലത്തിലേക്ക് ഉയര്‍ത്താനുള്ള അക്ഷീണമായ പരിശ്രമം തുടരുന്നുണ്ടോ ഇടതു നേതാക്കള്‍? തിരുത്തിത്തുടങ്ങിയിട്ടുണ്ട് ഇടതു പാര്‍ട്ടികള്‍. അത് തീര്‍ച്ച. അല്ലെങ്കില്‍ രഞ്ജിത്തും സിദ്ദിഖുമെല്ലാം ആ കസേരയില്‍ പറ്റിപ്പിടിച്ചിരുന്നേനെ. എന്നാല്‍, കെ ടി ഡി സി യുടെ ചെയര്‍മാന്‍ പദം ബ്രാഞ്ചിലേക്ക്, പാര്‍ട്ടി തരം താഴ്ത്തിയിട്ടും ഒരു നേതാവ് പിടിവിടാതിരിക്കുന്നതില്‍ ചില 'മിന്നല്‍പ്പിണര്‍' പ്രതിഭാസമില്ലേ?