കരയുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കൊഞ്ഞാണന്മാര്‍!

കരയുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്ന കൊഞ്ഞാണന്മാര്‍!
Published on
  • ആന്റണി ചടയംമുറി

കരയുന്നവരെ നോക്കി കൊഞ്ഞനം കുത്തുന്നത് നല്ല ഭരണാധികാരികളുടെ ലക്ഷണമല്ല. നൂറിലേറെ ദിവസങ്ങള്‍ കഴിഞ്ഞിട്ടും വയനാട്ടിലെ ദുരന്തബാധിതര്‍ ജീവിതയാതനകളുടെ നാല്‍ക്കവലയില്‍ നില്‍ക്കുകയാണ്. കേന്ദ്രസഹായം കിട്ടാത്തതുകൊണ്ട് ഒന്നും ചെയ്യാനാവില്ല എന്ന് സംസ്ഥാന ഭരണകൂടം പറയുന്നു. കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് പറയുന്നത് കേരളം കണക്ക് കൊടുക്കാത്തതുകൊണ്ടാണ് മോദിജി ധനസഹായം നല്‍കാത്തതെന്നാണ്. എന്നാല്‍ പ്രളയ സഹായമായി മറ്റ് സംസ്ഥാനങ്ങള്‍ ഇങ്ങനെയുള്ള കണക്കുകള്‍ കൊടുത്തിട്ടാണോ പണം അനുവദിച്ചത് എന്ന ചോദ്യത്തിന് ഏതായാലും അതേ നേതാവ് മറുപടി നല്‍കുമെന്ന് കരുതുന്നില്ല.

ചില കാര്യങ്ങളില്‍ കേരളത്തില്‍ ഇന്നുള്ള ഭരണകര്‍ത്താക്കള്‍ വടി പിടിച്ചിരിപ്പാണ്. വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത് 251 പേരാണ്. കാണാതെ പോയവര്‍ 110 പേര്‍. പരിക്കേറ്റവരും 100-ല്‍ ഏറെയുണ്ട്. 100-ല്‍ ഏറെ പേര്‍ ഭവനരഹിതരായി. കണ്ടെടുത്ത മൃതശരീരാവശിഷ്ടങ്ങളില്‍ 42 എണ്ണത്തിന്റെ ഡി എന്‍ എ ഫലം ഇനിയും കിട്ടിയിട്ടില്ല. വെറും നമ്പറുകള്‍ മാത്രമുള്ള 42 കുഴികള്‍ ഇവിടെയുള്ള പൊതു ശ്മശാനത്തിലുണ്ട്. എല്ലാവരെയും നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ എവിടെ അടക്കം ചെയ്തിരിക്കുന്നു എന്നുപോലും അറിയാന്‍ കഴിയുന്നില്ല. കാണാതെപോയവരെക്കുറിച്ചുള്ള ഒരന്വേഷണവും ഇപ്പോള്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും നടക്കുന്നില്ല.

ദുരന്തബാധിതരെ മാറ്റിപ്പാര്‍പ്പിച്ചതിന്റെ കഥയും സങ്കടമയമാണ്. 250-300 രൂപ വേതനം കിട്ടുന്ന തോട്ടം തൊഴിലാളികളെ മാറ്റിപ്പാര്‍പ്പിച്ച പുതിയ താമസസ്ഥലത്തുനിന്ന് ജോലിക്ക് എത്തണമെങ്കില്‍ 200-ലേറെ രൂപയാണ് ഓട്ടോക്കൂലി. എന്തൊരു പ്രാകൃതമായ നടപടിയാണിത്?

  • 2000 രൂപയുടെ കക്കൂസ് അനുവദിക്കാന്‍ 500 രൂപ കൈക്കൂലി!

വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കൈത്താങ്ങായി മാറാന്‍ സന്നദ്ധത പ്രകടിപ്പിച്ച നിരവധി ഏജന്‍സികളും ഗ്രൂപ്പുകളും വ്യക്തികളുമുണ്ട്. അവരുമായുള്ള കമ്മ്യൂണിക്കേഷന്‍ പോലും കൃത്യമായി സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്നില്ല. പുഴുവരിച്ച അരി നല്‍കിയത് ഭക്ഷ്യവകുപ്പാണോ, റവന്യൂവകുപ്പാണോ, പഞ്ചായത്താണോ എന്ന ചര്‍ച്ചയുടെ 'പൊട്ടാസ് പൊട്ടിച്ച്' രാഷ്ട്രീയക്കാര്‍ കൊമ്പു കുലുക്കുന്നു. ദുരന്തമുണ്ടായാല്‍ അത് കൈകാര്യം ചെയ്യാനുള്ള ദുരന്തനിവാരണ അതോറിറ്റിയുടെ പിടിപ്പുകേടും ചില്ലറയല്ല. വന്‍തുകയ്ക്ക് വാടകയ്‌ക്കെടുത്ത ചില്ലിട്ട, എ സി മുറികളിലാണ് തലസ്ഥാനത്ത് അതോറിറ്റിയുടെ ഓഫീസ്. ഇവിടെയുള്ള 73 ഉദ്യോഗസ്ഥരും താല്‍ക്കാലിക തസ്തികക്കാരാണ്. ചിലര്‍ ഡെപ്യൂട്ടേഷന്‍ കിട്ടി വന്നവര്‍. 13 വര്‍ഷം വരെ (2005 ലാണ് ഈ അതോറിറ്റി സ്ഥാപിതമായത്.) സര്‍വീസുള്ള താല്‍ക്കാലിക ജീവനക്കാരെ ഇത്രയേറെ ഗൗരവതരമായ ഒരു ചുമതല ഏല്‍പ്പിച്ചത് എന്തുകൊണ്ടായിരിക്കാം?

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരിച്ചത് 251 പേരാണ്. കാണാതെ പോയവര്‍ 110 പേര്‍. പരിക്കേറ്റവരും 100-ല്‍ ഏറെയുണ്ട്. 100-ല്‍ ഏറെ പേര്‍ ഭവനരഹിതരായി. കണ്ടെടുത്ത മൃതശരീരാവ ശിഷ്ടങ്ങളില്‍ 42 എണ്ണത്തിന്റെ ഡി എന്‍ എ ഫലം ഇനിയും കിട്ടിയിട്ടില്ല. വെറും നമ്പറുകള്‍ മാത്രമുള്ള 42 കുഴികള്‍ ഇവിടെയുള്ള പൊതു ശ്മശാനത്തിലുണ്ട്. എല്ലാവരെയും നഷ്ടപ്പെട്ടവര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരെ എവിടെ അടക്കം ചെയ്തിരിക്കുന്നു എന്നുപോലും അറിയാന്‍ കഴിയുന്നില്ല. കാണാതെപോയവരെക്കുറിച്ചുള്ള ഒരന്വേഷണവും ഇപ്പോള്‍ മുണ്ടക്കൈയിലും ചൂരല്‍മലയിലും നടക്കുന്നില്ല.

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന രണ്ട് പഞ്ചായത്തുകള്‍ ഭരിക്കുന്നത് യു ഡി എഫാണ്. പഞ്ചായത്തുകള്‍ക്ക് ക്ഷേമപ്രവര്‍ത്തനങ്ങളുടെ ഗ്ലാമര്‍ കിട്ടിയാലോ എന്ന സംശയത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ മെഷീനറി ഈ പഞ്ചായത്തുകളുമായി ബന്ധപ്പെടുന്നതേയില്ല. അതായത് ഉദ്യോഗസ്ഥരുടെ മേല്‍ത്തട്ടില്‍ എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പാക്കേണ്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ ഇരുട്ടില്‍ നിര്‍ത്തുന്നു. ടി സിദ്ദിഖ് എം എല്‍ എ നടത്തിയ മിന്നല്‍ വേഗത്തിലുള്ള ക്ഷേമപ്രവര്‍ത്തനങ്ങളാണ് ഒരര്‍ത്ഥത്തില്‍ ദുരന്തത്തിന്റെ ആദ്യനാളുകളില്‍ ജനത്തിന് ആശ്വാസമേകിയത്. ഇടതിന്റെ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ സാന്ത്വനവും പിന്തുണയും ഇതേ ദിനങ്ങളില്‍ ദുരന്തബാധിതര്‍ക്ക് ലഭിച്ചിരുന്നു.

പിന്നീട് ദുരിതാശ്വാസ നടപടികള്‍ക്കായി തലസ്ഥാനത്തുനിന്ന് അതോറിറ്റി ഉദ്യോഗസ്ഥര്‍ എത്തിത്തുടങ്ങി. 4000 മുതല്‍ 4500 രൂപ വരെ ദിവസ വാടകയുള്ള ഹോട്ടലുകളില്‍ താമസിച്ചാണ് ഇവര്‍ 'ജോലി' നിര്‍വഹിക്കുന്നത്. ഇതിനിടെ ദുരന്തബാധിതര്‍ക്ക് ദിവസേന നല്‍കിയിരുന്ന 300 രൂപ കൊടുക്കാതായി. മാസംതോറുമുള്ള 6000 രൂപയുടെ വീട്ടുവാടക സര്‍ക്കാര്‍ പിടിച്ചുവയ്ക്കാന്‍ തുടങ്ങി. കക്കൂസിന് 2000 രൂപ അനുവദിച്ചതില്‍ നിന്ന് 500 രൂപ ഓട്ടോക്കൂലിയായി ഒരു ഉദ്യോഗസ്ഥയോ ഉദ്യോഗസ്ഥനോ വാങ്ങിയതാണ് സര്‍ക്കാര്‍ ക്ഷേമ പ്രവര്‍ത്തനങ്ങളുടെ ചെമ്പ് പുറത്താക്കിയത്. ചുരുക്കത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും പുനരധിവാസ പദ്ധതിയും ഏകോപിപ്പിക്കേണ്ട ദുരന്തനിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വയനാട്ടുകാര്‍ക്കു തന്നെ വീണ്ടും ദുരന്തം സമ്മാനിക്കുകയാണുണ്ടായത്.

  • സൂപ്പര്‍ നടന്മാരെ വെല്ലുന്ന അഭിനയ വീരന്മാര്‍

വയനാട് സന്ദര്‍ശിച്ച പ്രധാനമന്ത്രി നട്ടെല്ലിന് പരുക്കേറ്റ ഒരു യുവാവിനോടും ഉറ്റവരെ നഷ്ടപ്പെട്ട ഒരു പിഞ്ചുകുഞ്ഞിനോടും പ്രകടിപ്പിച്ച സാന്ത്വനവും വാത്സല്യവും വെറും 'പട'മായിരുന്നുവെന്ന് സോഷ്യല്‍ മീഡിയയിലാകെ പരിഹാസമുണ്ട്. കണ്ണീര്‍ പൊഴിക്കുന്നതില്‍ മുതലകളെ വെല്ലുന്ന അഭിനയപാടവം ഇപ്പോള്‍ രാഷ്ട്രീയക്കാര്‍ പ്രകടിപ്പിക്കാന്‍ തുടങ്ങിയിരിക്കുന്നു. കഷ്ടം തന്നെ.

  • കേന്ദ്രം നല്‍കാത്ത കോടികളും കേരളത്തിന് കിട്ടിയ കോടികളും!

പ്രളയ സഹായമായി കേന്ദ്രം 2024 ഒക്‌ടോബര്‍ ആദ്യവാരം സംസ്ഥാനങ്ങള്‍ക്ക് ധനസഹായമായി നല്‍കിയത് 5418 കോടി രൂപയാണ്. കോടിക്കണക്കില്‍ ആ പട്ടിക ഇങ്ങനെ : മഹാരാഷ്ട്ര 1492, ആന്ധ്രാപ്രദേശ് 1036, ആസാം 716, ബീഹാര്‍ 655, ഗുജറാത്ത് 600, പശ്ചിമബംഗാള്‍ 468, ഹിമാചല്‍ പ്രദേശ് 189, ഈ കണക്കില്‍ കേരളത്തിനു ലഭിച്ചത് വെറും 145 കോടി മാത്രം. ഇതുകൂടാതെ, കേന്ദ്രഭരണത്തിന്റെ കസേരക്കാലുകള്‍ ഉറപ്പിക്കാന്‍ ബീഹാറിന് 11500 കോടിയും ആന്ധ്രയ്ക്ക് 3448 കോടി രൂപയും ഇതേ കാലയളവില്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഒടുവില്‍ പട്ടിക്ക് ഇട്ടുകൊടുക്കുന്ന തീറ്റ പോലെ ദുരിതാശ്വാസനിധിയില്‍ പണമുണ്ടല്ലോ, എടുത്ത് ചെലവഴിച്ചോളൂ എന്നാണ് കേന്ദ്രത്തിന്റെ ഗീര്‍വാണം. ആ തുകയില്‍ നിന്ന് ഒരു വീട് വയ്ക്കാന്‍ ഒന്നരലക്ഷം രൂപയും ഒരു കിലോമീറ്റര്‍ റോഡ് നന്നാക്കാന്‍ വെറും 75,000 രൂപയും മാത്രമേ സംസ്ഥാനത്തിന് എഴുതിയെടുക്കാനാവൂ എന്ന സത്യം കേന്ദ്രത്തിന് അറിയാത്തതല്ല.

കേന്ദ്രം ഇത്തരത്തില്‍ കണ്ണില്‍ ചോരയില്ലാതെ പെരുമാറുമ്പോള്‍ കേരളം ചെയ്യേണ്ടത് എന്താണ്? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 658 കോടി രൂപ (ക്രോഡീകരിക്കാത്ത കണക്കില്‍ 542.89 കോടിയെന്ന് സര്‍ക്കാര്‍) ഇതുവരെ പിരിഞ്ഞു കിട്ടിയിട്ടുണ്ട്. ആ പണത്തില്‍ നിന്ന് ദുരിതബാധിതരെ സഹായിക്കാന്‍ സംസ്ഥാനം മടിക്കുന്നതെന്ത്? നടുവൊടിഞ്ഞു കിടക്കുന്ന രോഗിയും, ഭിന്നശേഷിക്കാരനും പ്രായമേറിയ കിടപ്പുരോഗിയുമെല്ലാം അദാലത്ത് നടത്തുന്ന പൂരപ്പറമ്പില്‍ 'ഉദ്യോഗസ്ഥ ഏമാന്റെ' മുമ്പില്‍ ഹാജരാകണമെന്ന സര്‍ക്കാര്‍ നിലപാടെങ്കിലും ഒന്ന് മാറ്റിക്കൂടെ? ഒരു മേശയും കസേരയും കുറെ ഫയലുകളുമായി ഒന്നോ രണ്ടോ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നടത്തുന്ന അദാലത്തുകളിലേക്ക് ഇഴഞ്ഞും വലിഞ്ഞുമെത്തുന്ന ദുരന്തബാധിതര്‍ രാവിലെ 10 മുതല്‍ അഞ്ചുവരെ അവിടെ കാത്തുനില്‍ക്കണമെന്ന് പറയുന്നതിലെ ക്രൂരതയെക്കുറിച്ച് എന്തേ ഭരണകര്‍ത്താക്കള്‍ ചിന്തിക്കാത്തത്? എന്തുകൊണ്ട്, ഇവരെ അങ്ങോട്ടു പോയി കാണാന്‍ 'ഏമാന്മാര്‍' മടിക്കുന്നു?

  • രാഷ്ട്രീയക്കാരോട് പോകാന്‍ പറ, സുമനസ്സുകള്‍ ഒന്നിക്കട്ടെ

നല്ല രാഷ്ട്രീയക്കാരുണ്ടെങ്കില്‍ അവര്‍ വയനാട്ടുകാര്‍ക്കായി ഒന്നിക്കണം. പുത്തുമലയില്‍ സര്‍ക്കാര്‍ നിര്‍മ്മിച്ച 25 വീടുകളില്‍ പതിനഞ്ചും ഇപ്പോള്‍ ചോര്‍ന്നൊലിക്കുകയാണ്. അതുകൊണ്ട് സര്‍ക്കാരിനെ വിട്ടേക്കുക. മറ്റ് സുമനസ്സുകള്‍ ഇനിയെങ്കിലും കൈകോര്‍ക്കുക. കോട്ടത്തറ മഹല്ല് കമ്മിറ്റി ദുരന്തബാധിതര്‍ക്കായി നിര്‍മ്മിക്കുന്ന 20 വീടുകള്‍ക്ക് തറക്കല്ലിട്ടു കഴിഞ്ഞിട്ടുണ്ട്. മാനന്തവാടി, ബത്തേരി, കോഴിക്കോട് രൂപതകള്‍ വിലങ്ങാടടക്കമുള്ള പ്രദേശങ്ങളില്‍ 100 വീടുകള്‍ നിര്‍മ്മിക്കാനുള്ള കാരിത്താസ് പദ്ധതിയുടെ രണ്ട് റൗണ്ട് ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയിരി ക്കുന്നു. സര്‍ക്കാര്‍ വക ടൗണ്‍ഷിപ്പ് എവിടെ നിര്‍മ്മിക്കണമെന്ന തര്‍ക്കം കോടതിയിലെത്തിയിട്ടുണ്ട്. ഹാരിസണ്‍ മലയാളം ഗ്രൂപ്പുമായുള്ള പാട്ടക്കരാറിന്റെ കാലാവധി കഴിഞ്ഞതുമൂലമുള്ള സാങ്കേതിക നിയമപ്രശ്‌നക്കുരുക്ക് വേറെയുമുണ്ടത്രെ. സ്വാതന്ത്ര്യം നേടിയതിനുശേഷവും ഒരു ബ്രിട്ടീഷ് കമ്പനി കരമടയ്ക്കുന്ന 1,64,000 ഏക്കര്‍ തോട്ടഭൂമിയില്‍ 54000 ഏക്കര്‍ വയനാട്ടിലാണ്. ആ ഭൂമിയില്‍ നിന്നുപോലും സര്‍ക്കാരിന്റെ ക്ഷേമ പദ്ധതിക്ക് കുറച്ചു സ്ഥലം 'അക്വയര്‍' ചെയ്യാന്‍ കഴിയാത്ത നമ്മുടെ സര്‍ക്കാരിനെക്കുറിച്ച് എന്തു പറയാന്‍?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org