സര്‍ക്കാരേ, ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ട പടുവൃദ്ധരോട് കണ്ണില്‍ച്ചോരയില്ലാതെ കടം പറയരുതേ...

സര്‍ക്കാരേ, ഉടുതുണിക്ക് മറുതുണിയില്ലാത്ത പാവപ്പെട്ട പടുവൃദ്ധരോട് കണ്ണില്‍ച്ചോരയില്ലാതെ കടം പറയരുതേ...
Published on

സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ള ഒരു ട്രോള്‍ പോലെ ഈ ആമുഖ വാക്കുകളെ കണ്ടാല്‍ മതി. 1998 സെപ്തംബര്‍ 5-ന് റിലീസ് ചെയ്ത 'പഞ്ചാബി ഹൗസ്' എന്ന സിനിമയിലെ ഒരു രംഗമാണിത്. ജനാര്‍ദനനും കൊച്ചിന്‍ ഹനീഫയും അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഡയലോഗ് താഴെ:

ഹനീഫ എന്ന ഗംഗാധരന്‍: എന്റെ ബോട്ടാ വരുന്നത്. ഈ കടപ്പുറത്ത് ആദ്യം ഒരു ബോട്ട് വന്നിറങ്ങിയാല്‍ എത്ര രൂപ ലേലം ചെയ്യുമെന്നാ വിചാരം? ഒന്നരലക്ഷം രൂപ. ദാ, വൈകിട്ട് ആ കാശങ്ങ് പിടിച്ചോ.

ജനാര്‍ദനന്‍ എന്ന സിംഗ്: എന്നാലും കാശ് ബാക്കി നില്‍ക്കുകയല്ലേ?

ഹനീഫ : കൂടി വന്നാല്‍ 24 മണിക്കൂറല്ലേ ബാക്കി നില്‍ക്കുന്നുള്ളൂ. നാളെ രാവിലെ എന്റെ ബോട്ടാണ് ആദ്യം വരുന്നതെങ്കില്‍ അപ്പോഴും കിട്ടും ഒന്നരലക്ഷം രൂപ. അപ്പോ എത്ര രൂപയായി?

ജനാര്‍ദനന്‍: മൂന്നു ലക്ഷം.

ഹനീഫ: ഞാന്‍ എത്ര രൂപ തരാനുണ്ട്?

ജനാര്‍ദനന്‍: രണ്ടേ മുക്കാല്‍ ലക്ഷം.

ഹനീഫ : അപ്പോ ബാക്കിയെത്രയുണ്ട്?

ജനാര്‍ദനന്‍: ഇരുപത്തയ്യായിരം രൂപ.

ഹനീഫ: സാബ്, ഇപ്പോള്‍ ഇരുപത്തയ്യായിരം രൂപ എനിക്ക് തരണം. എപ്പത്തരും?

ജനാര്‍ദനന്‍: ഞാന്‍ തരാം.

ഹനീഫ: തരാമെന്നു പറഞ്ഞാല്‍ എപ്പത്തരാമെന്നു പറ. അതെന്താ, എന്റെ കാശിനു വിലയില്ലേ?

ഈ രംഗം ഇവിടെ നിര്‍ത്താം. ആരാണ് ജനാര്‍ദനനെന്നും ആരാണ് ഹനീഫയെന്നും ജനം ഊഹിക്കട്ടെ. ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാന്‍ രണ്ടു വര്‍ഷത്തെ കാലതാമസം വരുമെന്നു നേരെ പറയേണ്ട മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയ പ്രഖ്യാപനത്തിനു കടലാസിന്റെ വില പോലുമില്ലെന്നതല്ലേ സത്യം? എല്ലാ പെന്‍ഷനുകളും മറ്റ് ആനുകൂല്യങ്ങളും കൂടി നല്‍കാന്‍ ഏകദേശം 25,000 കോടി രൂപ വേണ്ടിവരും. വരാന്‍ പോകുന്ന രണ്ട് സാമ്പത്തിക വര്‍ഷങ്ങളിലും ഇത്രയേറെ ഭീമമായ തുക ഖജനാവില്‍ എങ്ങനെ എത്തുമെന്ന് വ്യക്തമാക്കാതെ മുഖ്യമന്ത്രി നടത്തിയ പ്രഖ്യാപനം പ്രതിപക്ഷം പോലും നിയമസഭയില്‍ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്.

6 മുതല്‍ 13 മാസങ്ങള്‍ വരെ മുടങ്ങിയ പാവങ്ങളുടെ പെന്‍ ഷന്റെ കാര്യം രണ്ടു കൊല്ലം നീട്ടിവയ്ക്കാമെന്നു കരുതുന്ന ധനകാര്യ മാനേജ്‌മെന്റ് ഒരു സംസ്ഥാനത്തിനും ഭൂഷണമല്ല. ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിര്‍വചനത്തില്‍ (ഭരണഘടനയുടെ 41-ാം വകുപ്പ്) ദരിദ്രരും ദുര്‍ബലരുമായ ജനങ്ങളെ പോറ്റേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്.

  • പാവങ്ങളെ നിറുത്തി പൊരിക്കുന്നതാണോ പ്ലാന്‍ ബി?

കേന്ദ്രം കനിയുന്നില്ലെങ്കില്‍ 'പ്ലാന്‍ ബി' കൈവശമുണ്ടെന്ന് ധനമന്ത്രി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് വികസന പദ്ധതികള്‍ വെട്ടിക്കുറയ്ക്കാനും ചെലവ് ചുരുക്കാനും സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ ജീവനക്കാരാണ് ശരിക്കും പെട്ടുപോയിട്ടുള്ളത്. ക്ഷാമ ബത്തയും ക്ഷാമാശ്വാസവും നല്‍കാന്‍ വേണ്ടത് 18,000 കോടി രൂപയാണ്. ഡി എ യും ഡി ആറും കുഴിശ്ശികയാകുമ്പോള്‍, ആ തുകയത്രയും പ്രൊവിഡണ്ട് ഫണ്ടില്‍ ലയിപ്പിക്കുന്ന പതിവ് നേരത്തെയുണ്ടായിരുന്നു. എന്നാല്‍ അങ്ങനെ അടയ്ക്കുന്ന തുകയത്രയും ബാധ്യതയായി കണക്കാക്കി ഇപ്പോള്‍ കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. അതുകൊണ്ട് ഇരുട്ടുകൊണ്ട് ഓട്ടയടയ്ക്കുന്ന ആ പഴയ രീതി ഇനി പറ്റില്ല.

റിട്ടയര്‍ ചെയ്ത പ്രമുഖന്മാരെ സര്‍ക്കാര്‍ സര്‍വീസില്‍ തന്നെ വന്‍ശമ്പളം നല്‍കി പുനര്‍നിയമിക്കുന്ന രീതി ഇപ്പോഴും സര്‍ക്കാര്‍ തുടരുന്നുണ്ട്. ചീഫ് സെക്രട്ടറിയായിരുന്ന വി പി ജോയിയെ പിന്നീട് പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കായുള്ള നിയമന മേധാവിയായി നിയമിച്ചത് വന്‍തുക നല്‍കിക്കൊണ്ടാണ്. കണ്ണൂര്‍ വിമാനത്താവളത്തിന്റെ എം ഡി യുടെ ശമ്പളം വന്‍തോതില്‍ വര്‍ധിപ്പിച്ചതും വാര്‍ത്തയായി. 132 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ നഷ്ടമുണ്ടാക്കിയ 'കിയാല്‍' മേധാവിക്ക് എന്ത് അടിസ്ഥാനത്തിലാണ് ശമ്പളം കുത്തനെ കൂട്ടിയത്?

ക്ഷേമപെന്‍ഷന്‍ ജനങ്ങളുടെ അവകാശമല്ലെന്നും ഔദാര്യമാണെന്നും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു സര്‍ക്കാര്‍. എന്തേ, ഭരണഘടനയുടെ 41-ാം വകുപ്പ് പാലിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനില്ലേ? ഒരു ക്ഷേമ രാഷ്ട്രത്തിന്റെ നിര്‍വചനത്തില്‍ ദരിദ്രരും ദുര്‍ബലരുമായ ജനങ്ങളെ പോറ്റേണ്ട ഭരണകൂടത്തിന്റെ ഉത്തരവാദിത്വം കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. ക്ഷേമപെന്‍ഷന്‍ സംബന്ധിച്ച അടിയന്തര പ്രമേയത്തിന് ധനമന്ത്രിയുടെ എതിര്‍പ്പുമൂലം സ്പീക്കര്‍ അനുമതി നല്‍കിയില്ല. 6 മുതല്‍ 13 മാസങ്ങള്‍ വരെ മുടങ്ങിയ പാവങ്ങളുടെ പെന്‍ഷന്റെ കാര്യം രണ്ടു കൊല്ലം നീട്ടിവയ്ക്കാമെന്നു കരുതുന്ന ധനകാര്യ മാനേജ്‌മെന്റ് ഒരു സംസ്ഥാനത്തിനും ഭൂഷണമല്ല. ആറ് മാസങ്ങള്‍ക്കുള്ളില്‍ വയനാട് ലോക്‌സഭാ സീറ്റിലും പാലക്കാട്, ചേലക്കര നിയമസഭാ സീറ്റുകളിലും ഉപതിരഞ്ഞെടുപ്പുകള്‍ നടക്കാന്‍ പോവുകയാണ്. നിയമസഭയില്‍ നടത്തിയ 'കടലാസ് പ്രഖ്യാപനം' കലത്തിലിട്ട് വേവിച്ചാല്‍ പാവങ്ങളുടെ പശിയടയ്ക്കാന്‍ കഴിയുമോ?

സര്‍ക്കാര്‍ ജീവനക്കാരുടെ ഡി എ 2021 ജൂലൈ മുതലാണ് കുടിശ്ശികയായത്. കേന്ദ്രസര്‍ക്കാര്‍ ഒരു ഗഡു ഡി എ കൂടി പ്രഖ്യാപിച്ചതോടെ കുടിശ്ശിക 22 ശതമാനമാണ്. സര്‍വീസ് സംഘടനകള്‍ ഡി എ കുടിശ്ശിക അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇതിനകം തന്നെ 9 ഹര്‍ജികള്‍ ഹൈക്കോടതിയിലും കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിലും നല്‍കിയിട്ടുണ്ട്. പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ കുടിശിക പരിഷ്‌ക്കരണത്തിന്റെ 3 ഗഡുക്കള്‍ ഇതിനകം നല്കിയതു മാത്രമാണ് എടുത്തു പറയാവുന്ന നല്ല കാര്യം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും 4 ഗഡു ശമ്പളപരിഷ്‌ക്കരണ കുടിശ്ശികയുണ്ടിപ്പോള്‍. ഇതില്‍ മൂന്നെണ്ണവും കുടിശ്ശികയാണ്. നവംബറാകുമ്പോള്‍ നാലാം ഗഡു നല്‍കണം. ഇപ്പോഴത്തെ സാമ്പത്തിക സ്ഥിതി വച്ച് ഈ കുടിശിക ഉടന്‍ കിട്ടാനിടയില്ല. 2024 മെയ് മാസത്തില്‍ വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ ഇനിയും കൊടുത്തു തീര്‍ത്തിട്ടില്ല. അതിനും വേണം 4000 കോടി. ഇക്കാര്യത്തിലും സര്‍ക്കാര്‍ മൗനത്തിലാണ്.

  • സര്‍ക്കാരിന്റെ 'സാമ്പത്തിക പ്രക്രിയ' പരാജയം

ഖജനാവിലെത്തുന്ന പണം വക മാറ്റി ചെലവഴിക്കുന്നതില്‍ ഇപ്പോഴത്തെ ധനമന്ത്രി വീരനാണ്. പല വകുപ്പുകളിലുമായി അടയ്‌ക്കേണ്ട തുകകള്‍ ഖജനാവിലെത്തുന്നുണ്ട്. പക്ഷേ ആ തുക യത്രയും 'തന്ത്രപൂര്‍വം' കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. ഉദാഹരണം പറയാം: സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്‌സുകളില്‍ താമസിക്കുന്നവര്‍ വെള്ളക്കരം അടയ്‌ക്കേണ്ടത് പി ഡബ്ല്യു ഡി ഓഫീസുകളിലാണ്. ചിലരുടെ ശമ്പളത്തില്‍ നിന്ന് തന്നെ വെള്ളക്കരം 'കട്ട്' ചെയ്തു പോകും. കാക്കനാട് എന്‍ ജി ഒ ക്വാര്‍ട്ടേഴ്‌സില്‍ വെള്ളക്കര കുടിശ്ശിക 19 കോടി രൂപ കവിഞ്ഞതായി മാര്‍ച്ച് ആദ്യവാരത്തില്‍ വാര്‍ത്ത വന്നിരുന്നു. 396 ഫഌറ്റ് സമുച്ചയങ്ങളാണ് ഇവിടെയുള്ളത്. കഴിഞ്ഞ മാര്‍ച്ചില്‍ വെള്ളക്കരത്തിന്റെ കുടിശ്ശിക അടയ്ക്കാത്തതുമൂലം വാട്ടര്‍ കണക്ഷന്‍ വിച്ഛേദിച്ചിരുന്ന കാര്യവും ഓര്‍മ്മിക്കണം.

സര്‍ക്കാര്‍ വകുപ്പുകള്‍ വൈദ്യുതി, വെള്ളം തുടങ്ങിയ ചാര്‍ജുകള്‍ അടയ്ക്കാതെ വരുന്നത് ഇപ്പോള്‍ വാര്‍ത്തയേയല്ല. വന്‍ കമ്പനികള്‍ പലതും വൈദ്യുതി ചാര്‍ജ് വര്‍ഷങ്ങളായി കുടിശ്ശികയാണ്. സ്വകാര്യമേഖലയിലുള്ള സ്ഥാപനങ്ങളുടെ വൈദ്യുതി ചാര്‍ജ് കുടിശ്ശിക 1009.74 കോടി രൂപയും ജല അതോറിറ്റി ഒഴികെയുള്ള പൊതുമേഖലാ സ്ഥാപനങ്ങളുടേത് 338.71 കോടി രൂപയുമാണ്. കിട്ടാനുള്ളത് മൊത്തം 2310 കോടി രൂപ. ഈ കുടിശ്ശിക പിരിച്ചെടുക്കാതെയാണ് കെ എസ് ഇ ബി ഇത്തവണയും ഉയര്‍ന്ന വൈദ്യുതി ചാര്‍ജ് ജനങ്ങളില്‍ നിന്ന് ഈടാക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 2023 മാര്‍ച്ച് ഒന്നിനുശേഷം വയനാട് ജില്ലയില്‍ മാത്രം 3113 പട്ടികവര്‍ഗ കുടുംബങ്ങളുടെ വൈദ്യുതി ബില്ലടയ്ക്കാത്തതിനാല്‍ വിച്ഛേദിക്കുകയുണ്ടായി. വന്‍കിടക്കാരുടെ കുടിശ്ശിക പിരിക്കാത്ത ബോര്‍ഡ് ഈ ഈ പാവങ്ങളുടെ ഫ്യൂസ് ഊരിയത് ശരിയാണോ? ബില്ലടച്ചിട്ടും ഇനിയും 1514 കുടുംബങ്ങള്‍ക്ക് വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുമില്ല.

വൈദ്യുതി ബോര്‍ഡ് കമ്പനിയാക്കിയപ്പോഴുള്ള വ്യവസ്ഥയനുസരിച്ച് പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് ബോര്‍ഡ് പണം മാറ്റിവയ്ക്കണം. വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ കണക്കു പ്രകാരം 22556.46 കോടി രൂപയാണ് ട്രസ്റ്റില്‍ ഉണ്ടാകേണ്ടത്. റെഗുലേറ്ററി കമ്മീഷന്‍ അക്കമിട്ട് ബോര്‍ഡിന്റെ വീഴ്ചകള്‍ എഴുതി നല്‍കിയിട്ടുണ്ടെങ്കിലും അവയൊന്നും പരിഹരിക്കാന്‍ ബോര്‍ഡിന്റെ തലപ്പത്തുള്ള ഇപ്പോഴത്തെ സംവിധാനങ്ങള്‍ പര്യാപ്തമേയല്ല. അന്യായ നിരക്ക് നല്‍കി വൈദ്യുതി വാങ്ങിയാല്‍ മാത്രമേ വീട്ടിലെ വിളക്കുകള്‍ കത്തിക്കാനാവൂ എന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

  • ഉച്ചക്കഞ്ഞിയിലും ധൂര്‍ത്തിന്റെ രുചി കലര്‍ത്തുന്നുവോ?

സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞി വിതരണത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥയും അവഗണനയും ഹൈക്കോടതിക്കു മുമ്പില്‍ പോലും ചര്‍ച്ചാവിഷയമായതാണ്. ഇപ്പോള്‍ ഉച്ചക്കഞ്ഞിക്കുള്ള ഫണ്ടില്‍ നിന്നും പണമെടുത്ത് വിദ്യാഭ്യാസ വകുപ്പിലെ ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ക്ക് വൈദ്യുത കാറുകള്‍ വാടകയ്ക്ക് എടുക്കാം എന്ന് വകുപ്പ് മേധാവി ഉത്തരവിറക്കിക്കഴിഞ്ഞു.

ഉച്ചക്കഞ്ഞിക്കുള്ള പണം സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നതു തന്നെ പലപ്പോഴും വളരെ വൈകിയാണ്. മാത്രമല്ല, വിദ്യാഭ്യാസ വകുപ്പിന്റെ കണക്കനുസരിച്ചുള്ള തുകയ്ക്ക് ഉച്ചക്കഞ്ഞിയും കറികളും മുട്ടയും ഒന്നും നല്‍കാനുമാവില്ല. ഹെഡ്മാസ്റ്റര്‍മാര്‍ക്കാണ് ഉച്ചക്കഞ്ഞി വിതരണത്തിന്റെ ചുമതല. പണം ചെലവഴിച്ച് മാസങ്ങള്‍ കഴിഞ്ഞാണ് ഉച്ചക്കഞ്ഞിക്കു ചെലവാക്കിയ തുക ലഭിക്കാറുള്ളത്. ഈ ഗുലുമാല് പിടിക്കാന്‍ വയ്യെന്നു പറഞ്ഞ് ഹെഡ്മാസ്റ്റര്‍ തസ്തിക തന്നെ വേണ്ടെന്ന് സര്‍ക്കാരിന് എഴുതിക്കൊടുത്ത അധ്യാപകരുടെ എണ്ണം അഞ്ഞൂറ് കടന്നതായി അധ്യാപക സംഘടനാ നേതാക്കള്‍ പറയുന്നു. ഉച്ചക്കഞ്ഞിക്കുള്ള കാശ് എടുത്ത് വൈദ്യുതി കാര്‍ വാടകയ്‌ക്കെടുക്കുന്ന ഭരണകൂടവും വീട്ടിലേക്കുള്ള അരിക്കാശെടുത്തു കുപ്പി മേടിക്കുന്നവനും തമ്മില്‍ നല്ല ചേര്‍ച്ച അല്ലേ?

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org