യുവജനമേ, അത്ര അകലെയല്ല, ദുരന്തങ്ങള്‍ പതിയിരിക്കുന്ന ഗുഹാകവാടങ്ങള്‍!

യുവജനമേ, അത്ര അകലെയല്ല, ദുരന്തങ്ങള്‍ പതിയിരിക്കുന്ന ഗുഹാകവാടങ്ങള്‍!
Published on

ചിന്താ പബ്ലിഷേഴ്‌സ് 1992 മെയ് മാസത്തില്‍ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച ഇ എം എസിന്റെ കൈപ്പുസ്തകമാണ് 'യുവാക്കളുടെ ഇന്നത്തെ കടമകള്‍.' ഈ ലേഖകന്റെ കൈവശമുള്ളത് ഇതേ ചെറുഗ്രന്ഥത്തിന്റെ അഞ്ചാമത്തെ (2000) എഡിഷനാണ്. എട്ട് അധ്യായങ്ങളാണ് 32 പേജുകളുള്ള ഈ പുസ്തകത്തിലുള്ളത്. ഒരു പഴങ്കഥ പോലെ തോന്നുന്ന ഈ ആമുഖത്തിന് ആദ്യമേ മാപ്പ്. എങ്കിലും അവസാന അധ്യായത്തില്‍ ഇ എം എസ് കേരളത്തിലെ യുവജനങ്ങള്‍ക്കായി എഴുതിവച്ച ഏഴു കടമകള്‍ വായിക്കുമ്പോള്‍, ആ നേതാവിന്റെ പഴയകാല ചിന്തകള്‍ ഇടതുപക്ഷ മനസ്സുള്ള ആരും വീണ്ടും ഓര്‍മ്മിക്കുന്നത് നല്ലതാണെന്ന് തോന്നുന്നു.

ഏഴു കടമകളിലെ രണ്ട് കാര്യങ്ങളേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ. ഇവയില്‍ ഒന്ന് തൊഴിലിനെക്കുറിച്ചുള്ളതാണ്. രണ്ടാമത്തെ ചിന്താവിഷയം വിദ്യാഭ്യാസ രീതിയാണ്. ഈ രണ്ട് കാര്യങ്ങളിലും രണ്ടാം പിണറായി സര്‍ക്കാര്‍ എവിടെ നിലയുറപ്പിച്ചിരിക്കുന്നുവെന്ന് ചിന്തിക്കേണ്ടതുണ്ട്.

  • തൊഴിലും തൊഴലും തൊഴിയും...

തൊഴിലില്ലായ്മയെക്കുറിച്ചുള്ള ഏറ്റവും പുതിയ കണക്ക് പ്രസിദ്ധീ കരിച്ചിട്ടുള്ളത് പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേയിലാണ്. ഈ കണക്ക് തയ്യാറാക്കിയത് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ്. 2023 ജൂലൈ മുതല്‍ 2024 ജൂണ്‍ വരെയുള്ള കണക്കനുസരിച്ച് കേരളത്തില്‍ 15 നും 29 നും മധ്യേ പ്രായമുള്ളവരിലെ തൊഴിലില്ലായ്മ 27.7 ശതമാനമാണ്. ഇതേ പ്രായക്കാരിലെ തൊഴിലില്ലായ്മയുടെ ദേശീയ കണക്കാകട്ടെ 16.8 ശതമാനവും.

മറ്റൊരു കണക്ക് കൂടി പറയാം: ഈ കണക്ക് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഓഫ് ഇന്ത്യന്‍ ഇക്കോണമിയുടെ വകയാണ്. 2024 ഏപ്രില്‍ മാസത്തിലെ തൊഴിലില്ലായ്മ നിരക്ക് 8.1 ശതമാന മാണെന്ന് ഈ റിപ്പോര്‍ട്ടിലുണ്ട്. ഇന്ത്യയിലെ തൊഴില്‍രഹിതരില്‍ 83 ശതമാനവും യുവജനങ്ങളാണെന്ന് അന്താരാഷ്ട്ര തൊഴില്‍ സംഘടനയുടെ (ഐ എല്‍ ഒ) റിപ്പോര്‍ട്ടിലും വ്യക്തമാക്കു ന്നുണ്ട്. ഇവരില്‍ 29.1 ശതമാനം ബിരുദധാരികള്‍. ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാകട്ടെ 65.7 ശതമാനവും.

യുവജനപ്രസ്ഥാനങ്ങള്‍ ഒരിക്കല്‍പ്പോലും തൊഴിലിനുവേണ്ടി തെരുവില്‍ സമരം നടത്തിയിട്ടില്ല. മാത്രമല്ല, പി എസ് സി റാങ്ക് പട്ടികയുടെ കാലാവധി 'തങ്ങളുടേതല്ലാത്ത കാരണത്താല്‍' റദ്ദാക്കപ്പെടുമ്പോള്‍, ആ തൊഴിലില്ലാ കൂട്ടായ്മയോടൊപ്പം ഇടതു യുവജനപ്രസ്ഥാനങ്ങള്‍ സമരങ്ങളില്‍ പങ്കാളികളായിട്ടില്ലെന്നതും ചരിത്രം.

നമ്പൂതിരിപ്പാടിന്റെ പുസ്തകത്തില്‍ യുവജനങ്ങള്‍ ഭരണകര്‍ത്താക്കള്‍ക്കു മുമ്പില്‍ അവതരിപ്പിക്കേണ്ട പ്രധാന പ്രശ്‌നമാണ് തൊഴില്‍ എന്ന് പറയുന്നുണ്ട്. കഴിഞ്ഞ ഇടതുപക്ഷ ഭരണകാലത്ത് കേരളത്തിലെ ഇടത് യുവജന പ്രസ്ഥാനങ്ങള്‍ ഒരിക്കല്‍ പ്പോലും തൊഴിലിനുവേണ്ടി തെരുവില്‍ സമരം നടത്തി യിട്ടില്ല. മാത്രമല്ല, പി എസ് സി റാങ്ക് പട്ടികയുടെ കാലാവധി 'തങ്ങളുടേതല്ലാത്ത കാരണത്താല്‍' റദ്ദാക്ക പ്പെടുമ്പോള്‍, ആ തൊഴിലില്ലാ കൂട്ടായ്മയോടൊപ്പം ഇടതു യുവജനപ്രസ്ഥാനങ്ങള്‍ സമരങ്ങളില്‍ പങ്കാളികളായിട്ടി ല്ലെന്നതും ചരിത്രം. 'തൊഴില്‍ അല്ലെങ്കില്‍ ജയില്‍' പോലുള്ള പഴയ മുദ്രാവാക്യങ്ങള്‍ ഇന്ന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മറന്നു കഴിഞ്ഞു.

പാര്‍ട്ടിയെയും ക്യാപ്റ്റനെയും തൊഴുത് നില്‍ക്കുന്നവര്‍ക്കുള്ള പിന്‍വാതില്‍ നിയമനം തകൃതിയി ലാണിപ്പോള്‍. ഭരണത്തിലെ പാളിച്ചകള്‍ ചൂണ്ടിക്കാണിക്കാന്‍ യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഇന്ന് ത്രാണിയില്ല; അതല്ലെങ്കില്‍ അവരതിന് മുതിരുന്നില്ല. പി എസ് സി എന്ന തൊഴില്‍ദാന സംവിധാനം പോലും തരികിട യാണിപ്പോള്‍. എസ് ഐ റാങ്ക് ലിസ്റ്റില്‍ പി എസ് സി നടത്തിയ തട്ടിപ്പ് മാധ്യമങ്ങള്‍ തലക്കെട്ടാക്കി യെങ്കിലും അതൊന്നും യുവജന പ്രസ്ഥാനങ്ങള്‍ ഗൗനിച്ചതേയില്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ യുവജനപ്രസ്ഥാനങ്ങള്‍ ഈ രംഗത്ത് നടത്തിയ സാഹസിക സമരങ്ങള്‍ അടിച്ചും തൊഴിച്ചും ചവിട്ടിയും കെടുത്തിക്കളയാന്‍ കാക്കിധാരികളെ ഭരിക്കുന്നവര്‍ കയറൂരി വിടുകയും ചെയ്തു. തലസ്ഥാനത്ത് അഞ്ചുദിവസം തുള്ളി വെള്ളത്തിനായി നെട്ടോട്ടം ഓടുമ്പോഴും സമരക്കാരെ നേരിടാനുള്ള ജലപീരങ്കികള്‍ക്കു വേണ്ടി സമൃദ്ധമായ ജലശേഖരണം നടത്തിയ സര്‍ക്കാരാണിത്.

സ്ത്രീ സുരക്ഷ, സ്ത്രീ വിദ്യാഭ്യാസം, സ്ത്രീകള്‍ക്കുള്ള തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം പാര്‍ട്ടി സദാ കരുതലുള്ളവരാ ണെന്ന് നേതാക്കള്‍ പറഞ്ഞു കൊണ്ടിരിക്കും. എന്നാല്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസം ലഭിച്ച സ്ത്രീകളുടെ തൊഴിലി ല്ലായ്മ നിരക്ക് 11.6 ശതമാനമാ ണെന്ന കാര്യം അവര്‍ മറക്കുന്നു. ഇവരില്‍ ബിരുദ പഠനം പൂര്‍ത്തി യാക്കിയവര്‍ 26.6 ശതമാനം! ബിരുദാനന്തര ബിരുദമുള്ള സ്ത്രീകളില്‍ 23.7 ശതമാനവും വിവിധ ഡിപ്ലോമകള്‍ നേടിയവരില്‍ 18.3 ശതമാനവും പ്ലസ് ടു യോഗ്യത യുള്ളവരില്‍ 20.7 ശതമാനവും തൊഴില്‍രഹിതരാണിവിടെ.

  • ...ന്റെ ശിവനേ, അല്ല ശിവന്‍കുട്ടിയേ...

വിദ്യാഭ്യാസ രീതിയെക്കുറിച്ചുള്ള ആശയങ്ങള്‍ 32 വര്‍ഷങ്ങള്‍ക്കു മുമ്പ് നമ്പൂതിരിപ്പാട് എഴുതിവച്ചത് ഈ നാളുകളില്‍ ഇടതു കക്ഷികള്‍ ഉപേക്ഷിച്ചു കഴിഞ്ഞു. കാര്‍ഷിക- വ്യാപാര-വ്യവസായാദി കാര്യങ്ങളില്‍ യുവജനങ്ങള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയുന്ന വിധം വിദ്യാഭ്യാസമേഖലയില്‍ പൊളിച്ചെഴുത്ത് നടത്താന്‍ നമ്പൂതിരിപ്പാട് മാതൃകയായി ചൂണ്ടിക്കാണിച്ചത് മഹാത്മജിയുടെ വാര്‍ധാ വിദ്യാഭ്യാസ പദ്ധതിയായിരുന്നു. അതെല്ലാം ഇന്ന് പ്രായോഗികമല്ലെന്ന് ഇടതു നേതാക്കള്‍ പറയുമായിരിക്കാം. എങ്കിലും കേരളത്തിലെ ഇന്നത്തെ വിദ്യാഭ്യാസം ചെന്നെത്തി നില്‍ക്കുന്നത് എവിടെയാണ്? വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് ഇക്കാര്യത്തില്‍ വലിയ പിടിപാടുണ്ടാകാന്‍ സാധ്യതയില്ല.

കേരളത്തില്‍ 15 സര്‍വകലാശാലകളാണുള്ളത്. ഇപ്പോള്‍ ആരോഗ്യ സര്‍വകലാശാലയ്ക്ക് മാത്രമാണ് വൈസ് ചാന്‍സലറുള്ളത്. ഡോക്ടര്‍ മോഹന്‍ കുന്നുമ്മല്‍, വി സി സ്ഥാനത്തു നിന്ന് ഒക്‌ടോബര്‍ 29 ന് വിരമിക്കുന്നതോടെ കേരളത്തിലെ മുഴുവന്‍ വാഴ്‌സിറ്റികള്‍ക്കും വി സി മാരില്ലാതാകും! ഇനി സ്‌കൂളുകളുടെ ഗതിയോ? 150 ലേറെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലും 200 ലേറെ ഹൈസ്‌കൂളുകളിലും കലാലയ മേധാവികളില്ല. 16 എ ഇ ഒ മാരുടെയും 2 ഡി ഇ ഓ മാരുടെയും തസ്തികകളും ഒഴിഞ്ഞു കിടക്കുകയാണ്. നിയമനങ്ങള്‍ക്കായുള്ള കഴിഞ്ഞ വര്‍ഷത്തെ യോഗ്യതാപട്ടിക വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയിട്ടുണ്ട്. പക്ഷേ ഗസറ്റില്‍ പ്രസിദ്ധീകരിക്കാതെ ഈ പട്ടിക സര്‍ക്കാര്‍ തടഞ്ഞു വച്ചിരിക്കുകയാണ്.

'ഇന്‍ ചാര്‍ജ്' ഭരണം സ്‌കൂളുകളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. ഹൈസ്‌കൂള്‍ അധ്യാപകരില്‍ നിന്നാണ് ഹെഡ്മാസ്റ്റര്‍മാരെയും എ ഇ ഒ മാരെയും കണ്ടെത്തേണ്ടത്. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാരില്‍ നിന്നാണ് ഡി ഇ ഒ മാരെ നിയമിക്കേണ്ടത്. എന്നാല്‍, ധനവകുപ്പിന് ഇക്കാര്യത്തില്‍ ചില ദുഷ്ടലാക്കുകളുമുണ്ട്. 2025 മാര്‍ച്ച് 31 ന് വിരമിക്കേണ്ട പല അധ്യാപകര്‍ക്കും സ്ഥാനക്കയറ്റം ലഭിക്കാതെ പോയാല്‍, അവരുടെ പെന്‍ഷന്‍ തുകയില്‍ വലിയ വ്യത്യാസമുണ്ടാകും. കാരണം, അവസാനം വാങ്ങിയ പത്തു മാസത്തെ ശമ്പളത്തിന്റെ ശരാശരിയാണ് ഒരു ഉദ്യോഗസ്ഥന്റെ പെന്‍ഷന്‍. അപ്പോള്‍, അര്‍ഹമായ സ്ഥാനക്കയറ്റം നിഷേധിക്കുക വഴി സര്‍ക്കാര്‍ ഈ ഉദ്യോഗസ്ഥരെ വഞ്ചിക്കുകയാണെന്ന് ചുരുക്കം.

  • ഓട്ടോമേഷന്‍ വരുമ്പോള്‍ എന്താകും സ്ഥിതി ?

കേന്ദ്ര ഗതാഗത വകുപ്പു മന്ത്രി നിധിന്‍ ഗഡ്കരി ഒരു പ്രസ്താവന നടത്തിയിരുന്നു. ഇന്ത്യയിലെ ടാക്‌സി കാറുകളില്‍ ഒരിക്കലും ഓട്ടോമാറ്റിക് ഡ്രൈവിംഗ് സിസ്റ്റം ഏര്‍പ്പെടുത്തില്ലെന്നായിരുന്നു ആ പ്രസ്താവന. അദ്ദേഹത്തിന്റെ നല്ല മനസ്സിന് നന്ദി. എന്നാല്‍ കംപ്യൂട്ടറുകളെയും ട്രാക്ടറുകളെയും കൊയ്ത്തു യന്ത്രങ്ങളെയും എതിര്‍ത്ത പാര്‍ട്ടിയല്ല ഇന്നത്തെ സി പി എം. അതുകൊണ്ടു തന്നെ പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ 69 ശതമാനം ജോലികളും ഓട്ടോമേഷന്‍ തരംഗത്തിന് അടിപ്പെടുമ്പോള്‍, (ലോകബാങ്ക് കണക്കാണിത്) എന്തായിരിക്കും തൊഴില്‍ രംഗത്തെ സ്ഥിതി? വലിയ ക്രെയിനുകള്‍ വഴി ചരക്കിറക്കുമ്പോള്‍ തൊഴിലുടമയുടെ 'മടിക്കുത്തിനു പിടിച്ച് മീശപിരിച്ച്' തരപ്പെടുത്തുന്ന നോക്കുകൂലിയെല്ലാം ജലരേഖയാവില്ലേ? ഇതിന്റെ പ്രാരംഭമെന്നോണം സാമൂഹ്യ സുരക്ഷയോ സ്ഥിര വരുമാനമോ ഇല്ലാത്ത ഗിഗ്-കരാര്‍ തൊഴിലുകളെടുക്കാന്‍ ഇപ്പോള്‍ തന്നെ യുവജനങ്ങളുടെ മനസ്സൊരുക്കുകയല്ലേ ഭരണകര്‍ത്താക്കള്‍ ചെയ്യുന്നത് ?

തൊഴില്‍ രംഗത്ത് ടെക്‌നോളജിയിലെ മുന്നേറ്റം സൃഷ്ടിക്കാന്‍ പോകുന്ന അതിഭീകരമായ അവസ്ഥയെപ്പറ്റി ആരെങ്കിലും ആകുലപ്പെടുന്നുണ്ടോ? വിപണിക്ക് അനുയോജ്യമായ നൈപുണ്യവും ടെക്‌നോളജി രംഗത്ത് ആര്‍ജിക്കേണ്ട പ്രാവീണ്യവും നാം മറന്നുപോകരുത്. തൊഴിലില്ലാപ്പടയെ ചൂഷണം ചെയ്യുന്ന രാഷ്ട്രീയ പാര്‍ട്ടികളും, ഭൂരിപക്ഷ യുവാക്കളിലെ 5 ശതമാനം പോലും കൈപ്പിടിയിലില്ലാത്ത മത, സാമുദായിക പ്രസ്ഥാനങ്ങളും യുവജനങ്ങള്‍ നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നങ്ങള്‍ക്ക് തടയണ തീര്‍ക്കുമെന്ന് വിശ്വസിക്കാനേ വയ്യ. ക്വട്ടേഷന്‍, സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് വിപണനം തുടങ്ങിയ സാമൂഹിക തിന്മകളുടെ ബ്രോഡ്‌ഗേജ് പാതകളിലൂടെ കൂകിപ്പായുന്ന യുവജനത്തിനു മുമ്പില്‍ സാന്ത്വന, സൗഖ്യനിറങ്ങള്‍ ചാലിച്ച പുതുപതാകകള്‍ വീശി അവരെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ നമുക്ക് കടമയുണ്ട്. ആ കടമ മറന്നാല്‍, അവര്‍ രക്ഷപ്പെടാന്‍ കഴിയാത്ത വിധം ഗുഹയിലകപ്പെട്ട 'മഞ്ഞുമ്മല്‍ ബോയ്‌സാ'യി മാറും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org