Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> മാതാ പിതാ ഗുരു…

മാതാ പിതാ ഗുരു…

Sathyadeepam

അജോ രാമച്ചനാട്ട്

സ്കൂള്‍ കാലത്തെ ഒരോര്‍മ്മ. ചെയ്യാത്ത ഏതോ ഒരു ചെറിയ കാര്യത്തിന് ഒരിക്കല്‍ ഒരു അധ്യാപകന്‍റെ കയ്യില്‍ നിന്നും ശിക്ഷ വാങ്ങി. വീട്ടില്‍ ചെന്ന് വൈകീട്ട് മാതാപിതാക്കളോട് പരാതി പറഞ്ഞു. ‘…സര്‍, ഒന്ന് തല്ലിയതല്ലേയുള്ളൂ; സാരമില്ല. എന്‍റെ കയ്യില്‍ നിന്ന് കിട്ടിയതായി കൂട്ടിക്കോ.’ ആ ഒരു മറുപടിയില്‍ തീര്‍ന്നു, എല്ലാ വിഷമവും വേദനയും പകയും എല്ലാം!!

എന്‍റെ സുഹൃത്തേ, നമ്മള്‍ എങ്ങോട്ടാണ്? കുട്ടികളെ പരിശീലിപ്പിക്കുന്ന മാതാപിതാക്കളും അധ്യാപകരും നിരന്തരം നിയമത്താല്‍ ആക്രമിക്കപ്പെടുന്ന ഈ കാലത്തില്‍ ജീവിക്കാന്‍ തന്നെ വല്ലാതെ ഭയമാകുന്നു!

ഭാരതപാരമ്പര്യത്തെക്കുറിച്ചൊക്കെ നമുക്ക് എന്തെല്ലാം അഭിമാനമായിരുന്നു. ഗുരുക്കന്മാര്‍ മാതാപിതാക്കളാകുന്ന, നമ്മുടെ ഗുരുകുല സമ്പ്രദായങ്ങള്‍…

ആരും നിയമത്തിന്‍റെ വാളുമായി കാവല്‍ നില്‍ക്കാത്ത കാലം.

സ്നേഹവും കരുതലും ശിക്ഷയുമൊക്കെ ഗുരുവിന്‍റെ മനോധര്‍മം പോലെ വിളമ്പിയിരുന്ന ഗുരുകുല പരിസരങ്ങള്‍…

വിദ്യാര്‍ത്ഥികള്‍ ഗുരുവിന്‍റെ വീട് സ്വന്തം വീടായിക്കണ്ട് എല്ലാ ജോലികളും മടിയോ പരാതിയോ ഇല്ലാതെ ചെയ്തിരുന്ന കാലം..

താമസവും ഭക്ഷണവും സംബന്ധിച്ചവയെല്ലാം പരസ്പരമുള്ള ആദരവ് ഒരു പുണ്യമായിരുന്നതിനാല്‍ സന്മനസ്സോടെ സ്വീകരിച്ചിരുന്ന സമയങ്ങള്‍…

എന്തിനാണ് കഴിഞ്ഞ കുറച്ച് കാലങ്ങളായി പുതിയ പുതിയ നിയമങ്ങളും ചട്ടങ്ങളും നിര്‍മിച്ച് ഈ സമൂഹത്തില്‍ നിലവിലിരുന്ന പാവനമായ ശീലങ്ങളെ നശിപ്പിക്കുന്നത് എന്ന് എനിക്ക് മനസ്സിലാകുന്നില്ല…!

ആയിരക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് നമ്മള്‍ നേടിയെടുത്ത ഈ സംസ്കാരത്തില്‍ ഏതാനും വര്‍ഷങ്ങള്‍ കൊണ്ട് ഉണ്ടായ പുതിയ ‘കണ്ടുപിടുത്തങ്ങള്‍,’ മനുഷ്യാവകാശ ലംഘനങ്ങള്‍ എല്ലാമൊന്നും അംഗീകരിക്കാനാവുന്നില്ല..

നിയമവ്യവസ്ഥകള്‍ സമൂഹത്തിന്‍റെ കെട്ടുറപ്പിനെ ബലപ്പെടുത്തുകയും ശോഭനമായ ഒരു നാളെയെ രൂപപ്പെടുത്താന്‍ വഴികാട്ടി നില്‍ക്കുകയും ചെയ്യേണ്ടതല്ലേ? എന്നാലിപ്പോള്‍ സംഭവിക്കുന്നതെന്താണ് ?

മാതാപിതാക്കള്‍ അത്രയ്ക്കൊന്നും ബഹുമാനം അര്‍ഹിക്കുന്നില്ലെന്ന്, അധ്യാപകരെന്നാല്‍ ആര്‍ക്കും കൊട്ടാവുന്ന ചെണ്ടയാണെന്ന് ഈ നിയമ വ്യവസ്ഥ പറയാതെ പറയുകയല്ലേ? അപക്വമായ പ്രായത്തില്‍ കൃത്യവും വ്യക്തവുമായ ശിക്ഷണം നേടി വളരേണ്ട നമ്മുടെ കുഞ്ഞുങ്ങളോട്, ആയിരിക്കുന്നതിലധികം മറ്റെന്തോ ആണെന്ന് തോന്നിപ്പിച്ചാല്‍ പരിശീലനം എന്ന വാക്കിന്‍റെ അര്‍ത്ഥം നശിപ്പിക്കുകയല്ലേ?

നാളെ രൂപപ്പെടേണ്ട സമൂഹത്തിന്‍റെ അടിത്തറ തകര്‍ക്കുകയല്ലേ? ആയിരക്കണക്കിന് വര്‍ഷങ്ങളായി നാം രൂപപ്പെടുത്തിയ മൂല്യബോധങ്ങള്‍ വീണു തകരുകയല്ലേ ?

വഴക്ക് പറയാതെ, ശിക്ഷകള്‍ കൊടുക്കാതെ ഈ ലോകചരിത്രത്തില്‍ ആരാണ് പരിശീലനം നേടിയിട്ടുള്ളത്? മൃഗമായാലും മനുഷ്യനായാലും ഭയക്കാനും നിയന്ത്രിക്കാനും ആരെങ്കിലുമുള്ളത് കൊണ്ടല്ലേ കൂടുതല്‍ മെച്ചമായ ഒരു അവസ്ഥയിലേക്ക് ഉയര്‍ന്നിട്ടുള്ളത്?

പാമ്പുകടി സംഭവത്തിലും, അനാവശ്യമായ എല്ലാ പഴികളും കുറ്റങ്ങളും ആ അധ്യാപകരുടെ മേല്‍ കെട്ടിവയ്ക്കുന്നത് എന്തിനാണ്? വീഴ്ച സംഭവിച്ചു എന്ന് തെളിയിക്കപ്പെട്ടാല്‍ ആ വ്യക്തികളെ ശിക്ഷിച്ചോളൂ. പക്ഷേ, ഭൂമിയിലെ എല്ലാ അധ്യാപകരും ഒരേ പോലെ അവഹേളിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല.

ബി എഡ് പഠനസമയത്ത് ഒരു സ്കൂളില്‍ ആറ് മാസത്തോളം പ്രാക്ടിക്കല്‍സിന് പോയിരുന്നു. ഒരുപാട് വര്‍ഷങ്ങള്‍ അധ്യാപന രംഗത്ത് മികവോടെ നിന്ന അധ്യാപകര്‍ പോലും പങ്കുവച്ചത് ഇപ്പോള്‍ ഭയത്തോടെയാണ് ഓരോ ദിവസവും മുന്നോട്ട് നീങ്ങുന്നത് എന്നായിരുന്നു. എന്തിനാണ് റിസ്കെടുക്കുന്നത്, അവരു മോശമായാല്‍ അവരുടെ മാതാപിതാക്കള്‍ വിഷമിച്ചോളും എന്ന്! ഏതോ കുരുത്തക്കേടിന് വഴക്ക് പറഞ്ഞ നേരത്ത് കുനിഞ്ഞിരുന്ന് ഒരു അഞ്ചാം ക്ലാസുകാരി പേപ്പറില്‍ 1098 എന്നെഴുതിയ കാര്യം ഏറെ സങ്കടത്തോടെയാണ് ഒരു അധ്യാപിക വിവരിച്ചത്. മാത്രവുമല്ല, കേസ് കൊടുക്കാനും അധ്യാപകരെ വിസ്തരിക്കാനും മാതാപിതാക്കള്‍ തന്നെ മുന്നിട്ടിറങ്ങുന്നത് എന്തൊരു ലജ്ജാകരമാണ്.

വെളിച്ചം പകരേണ്ടവരുടെ മനസ്സ് തകരുകയെന്നത് ഒരു നാടിനെ സംബന്ധിച്ച് അത്ര ആശാവ ഹമല്ല. ‘ആസുരമായ കാലം’ എന്നല്ലാതെ ഈ കാലത്തെ നമ്മള്‍ എന്ത് വിളിക്കും? ആ പേരില്‍ ഇ. വി. ശ്രീധരന്‍റെ ഒരു ഗ്രന്ഥം തന്നെയുണ്ട്.

പ്രത്യാശിക്കുന്നു, വെറുതെ…

ഗുരുക്കന്മാരെ ആദരിക്കുന്ന, മാതാപിതാക്കളെ മാനിക്കുന്ന ഒരു തലമുറയുടെ വിത്തുകള്‍ ഇപ്പോഴും ഈ മണ്ണില്‍ എവിടെയോ അവശേഷിച്ചിട്ടുണ്ട് എന്ന്…!!

Leave a Comment

*
*