ഇൗഗോ മാനേജുമെന്റ്

ഇൗഗോ മാനേജുമെന്റ്

യഥാർത്ഥ വിനീതർക്കും ഞാനെന്ന വിചാരം (ego) കുറെയെങ്കിലും ഉണ്ടായിരിക്കും. സ്വയാവബോധത്തിന്റെയും ആത്മാഭിമാനത്തിന്റെയും സ്വയംമതിപ്പിന്റെയുമൊക്കെ അടിയിൽ ഞാനെന്ന വിചാരമുണ്ട്. അത് അതിൽത്തന്നെ തെറ്റല്ല. എന്നാൽ അത് അഹന്തയായിട്ടും താൻപോരിമയായിട്ടും ധാർഷ്ട്യമായിട്ടും രൂപം മാറുമ്പോൾ വെറുപ്പിക്കുന്ന തിന്മയാകും. ഇൗ ലോകത്തു ഞാൻ മാത്രമേയുള്ളൂ എന്ന വിചാരംവരെയൊക്കെ അത് എത്താം. ചുരുക്കത്തിൽ, ഞാനെന്ന ഭാവം വിവിധ തോതിൽ സംഭരിച്ചുവച്ചിട്ടുള്ള മനുഷ്യരോടാണ് നാം എപ്പോഴും ഇടപെടുന്നത്. വാസ്തവത്തിൽ, നമ്മുടെ ബന്ധങ്ങൾ ഒരുതരം ഇൗഗോ മാനേജുമെന്റു കൂടിയാണ്. ഇൗ രംഗത്തു സാമർഥ്യവും സത്യസന്ധതയുമുണ്ടെങ്കിൽ ബന്ധങ്ങൾ സുന്ദരമായി നിലനിർത്താൻ സാധിക്കും. എന്നാൽ ഇക്കാര്യത്തെക്കുറിച്ചു ധാരണയോ സത്യസന്ധതയോ ഇല്ലെങ്കിൽ ബന്ധങ്ങൾ പൊളിയും അല്ലെങ്കിൽ ഉലയും. വിവിധ നേതൃസ്ഥാനങ്ങളിലിരിക്കുന്നവർക്ക് അവശ്യം വേണ്ട ഒരു ഗുണം കൂടിയാണിത്.

നാം ഇടപെടുന്ന മനുഷ്യരുടെ ഞാനെന്ന ഭാവം എത്ര ശക്തമാണെന്നു മുൻകൂട്ടി അറിയാനെളുപ്പമല്ല; പക്ഷേ, അവരുടെ പെരുമാറ്റരീതികൾ അതു വെളിവാക്കും. ആളൊരു ചെറിയ മനുഷ്യനാണെങ്കിലും താനൊരു കൂറ്റൻ പർവതമാണെന്നൊക്കെ വിചാരിച്ചിരിക്കുന്നവരുണ്ടാകും. ശക്തമായ ഞാൻ-ഭാവമുള്ളയാളോട് ഇടപെടുമ്പോൾ ആനുപാതികമായ ശ്രദ്ധയും വേണ്ടിവരും. ഇക്കാര്യം മനസിലാക്കി പെരുമാറുന്നതാണ് സാമർഥ്യം.

വീട്ടിൽ ഒരു തീരുമാനമെടുക്കേണ്ടിവരുമ്പോൾ അമ്മയും മക്കളും മാത്രം പരസ്പരം ആലോചിച്ചാൽ അപ്പന്റെ ഞാൻ-ഭാവമായിരിക്കും ആദ്യം മുറിയുന്നത്. അപ്പൻ ഏതെങ്കിലും തരത്തിൽ അതു പ്രകടിപ്പിക്കും. അമ്മയെ ഒഴിവാക്കി അപ്പനും മക്കളുമൊരുമിച്ചു സഭ കൂടി തീരുമാനങ്ങളെടുത്താലും ഇതുതന്നെ ഫലം. അയാളോട് ആലോചിച്ചിട്ട് ഒരു കാര്യവുമില്ല; നമുക്കറിയാത്ത ഒരു കാര്യവും അവിടുന്നു കിട്ടാനില്ല എന്നൊക്കെ നമുക്കു തോന്നും. ആലോചനകളെല്ലാം ആശയങ്ങൾക്കുവേണ്ടിയാണെന്ന് ആരു പറഞ്ഞു? പക്ഷേ, ആലോചിച്ചില്ലെങ്കിൽ അയാളുടെ ഞാൻ-ഭാവത്തെ ഉലയ്ക്കുമെന്നും അത് അന്തരീക്ഷത്തെ മൊത്തത്തിൽ ബാധിക്കുമെന്നും മനസിലാക്കാനുള്ള കഴിവാണ് വിവേകം. അതാണ് ഇൗ രംഗത്തു നമുക്കുണ്ടാകേണ്ട സാമർഥ്യവും. ഇൗ സാമർഥ്യക്കുറവ് അനേകം കുടുംബബന്ധങ്ങൾ വഷളാക്കാൻ ഇടയാക്കുന്നുണ്ട്. കൊച്ചുകുട്ടികൾക്കുവരെ ഞാനെന്ന ഭാവമുണ്ട്. അതു മനസിലാക്കി ഇടപെടാൻ മനസും കഴിവും വേണം. ഇൗ രംഗത്തു നാം വേണ്ടത്ര ശ്രദ്ധിച്ചില്ലെങ്കിൽ മുറിവേറ്റ സിംഹങ്ങളും അടിയേറ്റ മൂർഖന്മാരും വീടുകളിലുണ്ടാവും. അവസരമൊത്തുവന്നാൽ അവർ കടിച്ചിരിക്കും.

മറ്റുള്ളവരുടെ ഞാൻ-ഭാവത്തെ മെരുക്കാൻ ഏതു വിധേനയും കിണഞ്ഞു ശ്രമിക്കുന്നവരുണ്ട്. അവർക്കു സാമർഥ്യമുണ്ട്; പക്ഷേ, സത്യസന്ധതയുണ്ടാകണമെന്നില്ല. അത്തരക്കാർ മറ്റുള്ളവരോട് അങ്ങൊരു മഹാൻ തന്നെ എന്നു പച്ചയ്ക്കു പറഞ്ഞുകളയും. ഇതുപോലൊന്നു ഞാൻ കണ്ടിട്ടുമില്ല; കേട്ടിട്ടുമില്ല എന്നവർ ഉദ്ഘോഷിക്കും. അതിവിശേഷണങ്ങളുടെ പരകോടിയിൽ നിന്നേ അവർ മറ്റുള്ളവരെ പുകഴ്ത്തൂ. താനിടപെടുന്ന എല്ലാവരും ഞാൻ-ഭാവം മുറ്റിയവരാണെന്ന തോന്നലും ഇത്തരം സാഹസങ്ങൾക്കു പിന്നിലുണ്ടാവാം. അവരുടെ ഉദ്ദേശ്യം നല്ലതായിരിക്കും. പക്ഷേ, സത്യമെന്ന കാമ്പില്ലാത്തതുകൊണ്ട് അവരുടെ വാക്കുകൾ അപ്പൂപ്പൻതാടി പോലെ പാറിപ്പറന്നുപോകും.

കല്യാണത്തിനു വിളിച്ചു; പക്ഷേ, വിളി ശരിയായില്ല എന്നു പരാതി പറയുന്നയാൾ ഒരു കാര്യം വെളിവാക്കുന്നുണ്ട്. അയാളുടെ ഞാൻ-ഭാവത്തെ പ്രസാദിപ്പിക്കുന്ന രീതിയിലായിരുന്നില്ല കല്യാണംവിളി. ഒാരോരുത്തരുടെയും ഞാൻ-ഭാവത്തിന്റെ ദിവസേനയുള്ള അളവും തോതും നോക്കി അതിനു പറ്റിയ ഇൗണത്തിൽ പെരുമാറിക്കൊണ്ടിരിക്കാൻ ആർക്കു പറ്റും? സംഗതി ശരിയാണ്. ഒട്ടും എളുപ്പമല്ല ഇൗ ക്രിയ. പക്ഷേ, എല്ലാവരെയും വ്യക്തിപരമായി അംഗീകരിക്കുന്നുണ്ട് എന്ന ബോധ്യം കൊടുക്കാനെങ്കിലും സാധിക്കണം. അതിൽ നയചാതുര്യത്തിനു നല്ല പങ്കുണ്ട്. എന്നാൽ അത് അഭിനയമായിപ്പോകാതെ നോക്കേണ്ടതുമുണ്ട്. സത്യസന്ധതയാണ് ഏറ്റവും നല്ല നയതന്ത്രം എന്ന ചൊല്ലു മറക്കാവുന്നതല്ല.

മറ്റുള്ളവരുടെ ഞാൻ-ഭാവത്തെ മെരുക്കാനുള്ള ആത്മീയമാർഗം നമ്മുടെ എളിമയാണ്. കടുത്ത പാപബന്ധനങ്ങളിൽ കഴിഞ്ഞപ്പോഴും സുവിശേഷസന്ദേശങ്ങളോടു മല്ലടിച്ച കൊറീന്ത്യൻ സഭയുടെ താൻപോരിമയെ വിശുദ്ധ പൗലോസ് നേരിട്ടതു തന്റെ എളിമകൊണ്ടാണ്. അദ്ദേഹം സ്വയം വിശേഷിപ്പിച്ചത് അപ്പസ്തോലന്മാരിൽ ഏറ്റവും ചെറിയവനും പാപികളിൽ ഒന്നാമനുമെന്നാണ് (1 കൊറി. 15:9). സ്വന്തം നിലയ്ക്കു കുറഞ്ഞ അഹം-ഭാവവും സത്യസന്ധതയും മറ്റുള്ളവരുടെ ഞാൻ -ഭാവത്തെക്കുറിച്ചുള്ള തിരിച്ചറിവുമാണ് ഇൗഗോ മാനേജുമെന്റു മാർഗങ്ങൾ. ഉൗതിവീർപ്പിച്ച ഞാൻ-ഭാവമുള്ളൊരാൾക്ക് അതുപോലുള്ള മറ്റൊരാളെ മെരുക്കാനാവില്ല. കാരണം, ഒരു നാഴി മറ്റൊരു നാഴിയിൽ ഇറങ്ങിയ ചരിത്രമില്ല.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org