ലോകം: ഒരു വമ്പന്‍ ഫുട്ബോള്‍!

ലോകം: ഒരു വമ്പന്‍ ഫുട്ബോള്‍!

പന്ത് ഒരു സംഭവംതന്നെ! ഒരു കൊച്ചുപന്തിന്‍റെ പിന്നാലേ ലോകംമുഴുവന്‍ ഓടുന്നു! എന്നാല്‍ അതിര്‍വരമ്പുകള്‍ക്കും റെഡ് കാര്‍ഡ് നല്കുന്ന ഈ കളി മനസ്സുകളെയും രാഷ്ട്രങ്ങളെയും ഒന്നിപ്പിക്കുന്ന കാഴ്ച ഒരു മാസമായി നാം കണ്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തിന്‍റെ മുക്കിലും മൂലയിലും ഉയര്‍ന്ന കട്ടൗട്ടുകളും അഭിവാദന ഫ്ളക്സുകളും ലോകം ഒന്നാണെന്നതിന്‍റെٶ നേര്‍ക്കാഴ്ചകളാണ്. നെടുങ്കന്‍ റാലികളും റോഡ് ഷോകളുമായി യുവാക്കള്‍  കേരളത്തിന്‍റെ പല പാതകളിലും അണിനിരന്നത് തികച്ചും പുതുമയുള്ള ഫുട്ബോള്‍ അനുഭവമായി. ചെല്ലാനത്തെ ചെറുപ്പക്കാര്‍ മെസ്സിയുടെ സ്വന്തമായിത്തീര്‍ന്നതും ഈ ലോകകപ്പിന്‍റെ അവിസ്മരണീയ കാഴ്ചകളില്‍ ഒന്നാണ്. മെസ്സിയുടെ കൈയൊപ്പുള്ള ഫുട്ബോള്‍ വരുംകാലത്ത് മലയാളി ചെറുപ്പക്കാരെ കായികവിസ്മയങ്ങള്‍ വിരചിക്കാന്‍ പ്രാപ്തരാക്കും എന്നു പ്രതീക്ഷിക്കാം.

ഇതിനിടയില്‍ അര്‍ജന്‍റീന തോറ്റതിന്‍റെ പേരില്‍ ജീവന്‍ ത്യജിച്ച ആ ചെറുപ്പക്കാരന്‍ ഏവരുടെയും മനസ്സില്‍ നീറ്റലായി അവശേഷിക്കുന്നു. അര്‍ത്ഥരഹിതമായ വീറും വാശിയും പരിഹാസങ്ങളും വരുത്തിവച്ച ഈ ദുരന്തം ലോകകപ്പിന് സാക്ഷരകേരളം കൊടുത്ത കടുത്ത വിലയായി എണ്ണേണ്ടിയിരിക്കുന്നു! വെസ്റ്റ് ബംഗാളിലും സമാനമായ ഒരു ദുരന്തമുണ്ടായതായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.

ഐഎസ്എല്‍-ലൂടെ കാല്പന്തുഭ്രമം ബാധിച്ച മലയാളിയെ സന്തോഷിപ്പിക്കാന്‍ നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞ സീസണിണ്‍ തീരെ സാധിച്ചില്ലെങ്കിലും അഭ്രപാളികളില്‍പോലും കേരളമനസ്സിന്‍റെ കാല്പന്തുഭ്രമം പ്രകടമാക്കാന്‍ മലയാളിക്കു കഴിഞ്ഞു. ക്യാപ്റ്റനും സുഡാനി ഫ്രം നൈജീരിയയും കേരള ഫുട്ബോളിന്‍റെ ദിശാസൂചകങ്ങളാണ്. 'ഏതുണ്ടെടാ കാല്പന്തല്ലാതെ?' എന്നു പാടാന്‍ പോന്ന ഫുട്ബോള്‍ ജ്വരം മലയാളിയെ ബാധിച്ചുകഴിഞ്ഞു. ഇനി ഇത് ഊട്ടിവളര്‍ത്തുക എന്നതാണ് പ്രധാനം. ഐഎസ്എല്‍-ലൂടെ കേരളത്തിനു സമ്മാനമായി ലഭിച്ച ലോകോത്തരനിലവാരമുള്ള ഫുട്ബോള്‍കോര്‍ട്ടുകള്‍ സംരക്ഷിക്കാനും പരിപാലിക്കാനുമുള്ള സംവിധാനങ്ങള്‍ അലംഭാവംകൂടാതെ പ്രവര്‍ത്തിക്കണം. ഒപ്പം, ഈ മേഖലയില്‍ വേണ്ടത്ര പരിശീലനം നല്കി, കഴിവുള്ള ഫുട്ബോളര്‍മാരെ വാര്‍ത്തെടുക്കാനും നാം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ലോകകപ്പില്‍ ഇന്ത്യ കളിക്കുന്ന ഒരു കാലം എന്നുണ്ടാകും? മനുഷ്യരെയല്ലാതെ മറ്റൊന്നിനെയും കാലുകൊണ്ടു തട്ടില്ല എന്നു നിര്‍ബന്ധം പിടിക്കുന്ന സംഘികളുടെ കാലം എന്നു തീരും? ഭാരതഫുട്ബോളിന്‍റെ സുവര്‍ണകാലമായ അമ്പതുകളിലും അറുപതുകളിലും സാലേ, റഹ്മാന്‍, ചന്ദ്രശേഖരന്‍, നാരായണന്‍, തിരുവല്ല പപ്പന്‍ എന്നീ അഞ്ച് ഒളിമ്പ്യന്മാരെ സമ്മാനിച്ച നാടാണ് കേരളം എന്ന് വല്ലപ്പോഴും ഓര്‍ക്കുന്നത് നല്ലതാണ്.

വടക്കന്‍ തായ്ലാന്‍റില്‍ ഗുഹയില്‍ കുടുങ്ങിപ്പോയ വൈല്‍ഡ് ബോര്‍സ് സോക്കര്‍ ടീമിലെ പന്ത്രണ്ടു കുട്ടിക്കളിക്കാരെയും അവരുടെ പരിശീലകനെയും രക്ഷപ്പെടുത്താന്‍ ലോകംമുഴുവനും ജെഴ്സിയണിഞ്ഞത് കാല്പന്തിന്‍റെ കാലഘട്ടത്തില്‍ അര്‍ത്ഥവത്തായ ഒരു അടയാളമായി. ബഹിരാകാശത്തിലേക്ക് റേസ്കാര്‍ അയച്ചു പ്രശസ്തനായ സ്പേസ് എക്സ് മേധാവിയായ അമേരിക്കക്കാരന്‍ എലോണ്‍ മസ്ക് തന്‍റെ പ്രഗത്ഭരായ എന്‍ജിനീയര്‍മാരെ, കുട്ടികള്‍ക്കുവേണ്ടി അന്തര്‍വാഹിനീ സമാനമായ രക്ഷാപേടകം നിര്‍മിക്കാന്‍ നിയോഗിച്ചത് മനുഷ്യനന്മയുടെ കോര്‍ണര്‍കിക്കായി. ഇംഗ്ലീഷ് ഗുഹരക്ഷാപ്രവര്‍ത്തകരായ ജോണ്‍ വോളെന്തെനും റിച്ചാര്‍ഡ് സ്റ്റാന്‍റനുമാണ് രക്ഷാദൗത്യത്തില്‍ ഫോര്‍വേഡുകളായത്. അവരാണ് ഗുഹയില്‍ ആദ്യമായി ലക്ഷ്യസ്ഥാനത്ത് എത്തി കുട്ടികള്‍ ജീവനോടെയുണ്ടെന്ന് ചിത്രത്തിലൂടെ ലോകത്തെ അറിയിച്ചത്. ഓസ്ട്രേലിയക്കാരന്‍ റിച്ചാര്‍ഡ് ഹാരിസ് എന്ന മുങ്ങല്‍വിദഗ്ധന്‍കൂടിയായ ഡോക്ടര്‍ ഗുഹയില്‍ കുട്ടികളുടെ ആരോഗ്യനില പരിശോധിച്ച്, പുറത്തേക്കു വരേണ്ടവരുടെ ക്രമം നിശ്ചയിച്ച് സൈഡ്ലൈന്‍ റഫറിയായി. ഫിഫ പ്രസിഡന്‍റ് ജന്നി ഇന്‍ഫന്തീനോയാകട്ടെ, ഈ വിഷയത്തില്‍ അതിസുന്ദരമായ ഒരു ഗോളടിക്കുകകൂടി ചെയ്തു. തായ്ലാന്‍ഡ് ഫുട്ബോള്‍ അസോസിയേഷന് എഴുതിയ കത്തില്‍ അദ്ദേഹം ജൂലൈ 15-ാം തീയതി റഷ്യയില്‍ വച്ചുനടക്കുന്ന ലോകകപ്പ് ഫൈനല്‍ മത്സരത്തിലേക്ക് കുട്ടിക്കളിക്കാരെയും അവരുടെ കോച്ചിനെയും ക്ഷണിച്ചിരിക്കുകയാണ്. ഫൈനല്‍ വീക്ഷിക്കാന്‍ തങ്ങളുടെ അതിഥികളായി അവര്‍ എത്തുന്നത് "കൂട്ടായ്മയുടെയും ആഘോഷത്തിന്‍റെയും വിസ്മയനിമിഷങ്ങള്‍ സമ്മാനിക്കും" എന്നാണ് ഫിഫ പ്രസിഡന്‍റ് എഴുതിയത്.

ഭാരതത്തിലെ ഫുട്ബോല്‍ ടീമുകളെയും ഗ്രാമക്കൂട്ടായ്മകളെയും വിവിധ സംഘടനകളെയും വ്യത്യസ്ത ജാതികളെയും പ്രായവിഭാഗങ്ങളെയും ഒരേ ചരടില്‍ കോര്‍ത്തിണക്കാന്‍ ലോകകപ്പിനു കഴിഞ്ഞു. ദളിതരെയും ന്യൂനപക്ഷവിഭാഗങ്ങളില്‍പ്പെട്ടവരെയും തല്ലിക്കൊല്ലാന്‍ മാത്രമുള്ളതാണ് ആള്‍ക്കൂട്ടം എന്ന ആധുനിക ഭാരതത്തിന്‍റെ ചിത്രം തിരുത്തിക്കുറിക്കാനും ലോകകപ്പിനോടനുബന്ധിച്ച് തടിച്ചുകൂടിയ കൂട്ടായ്മകള്‍ക്കായി! വ്യക്തികളെയും കുടുംബങ്ങളെയും അയല്പക്കങ്ങളെയും ചങ്ങാതിക്കൂട്ടങ്ങളെയും സജീവചര്‍ച്ചയിലേക്കും ഉല്ലാസത്തിലേക്കും കൂട്ടായ്മയിലേക്കും നയിക്കാന്‍ പര്യാപ്തമായ ഇത്തരം കായിക മാമാങ്കങ്ങള്‍ٷഎത്രയോ നല്ലതാണ്! ദൈവത്തിന്‍റെ സവിശേഷമായ കൈയ്യൊപ്പുള്ളതാണ് കായികരംഗം എന്നു കുറിക്കാതെ വയ്യ. ഇതു തിരിച്ചറിഞ്ഞ ഡോണ്‍ബോസ്കോയെപ്പോലുള്ള വിശുദ്ധരുടെ പിന്‍ഗാമികള്‍ ഇന്നും ഈ മേഖലയില്‍ സജീവരായി നിലകൊള്ളുന്നുണ്ടെന്നത് ഏറെ സന്തോഷകരമാണ്.

നമ്മുടെ ഇടവകകളും സ്ഥാപനങ്ങളും സംഘടനകളും കായികമേഖലയുടെ വളര്‍ച്ചയ്ക്ക് വേണ്ടത്ര സംഭാവന നല്കുന്നുണ്ടോ എന്നുകൂടി ചോദിക്കേണ്ട അവസരമാണിത്. സാങ്കേതികവിദ്യയുടെ ഒറ്റപ്പൂരാടമുറിയില്‍ വെര്‍ച്വല്‍ലോകത്തില്‍ തനിച്ചായിപ്പോകുന്ന നമ്മുടെ കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഒന്നുകൂടാനും കായികവിനോദങ്ങളില്‍ ഏര്‍പ്പെടാനുമുള്ള സാധ്യതകള്‍ ഇടവകകളിള്‍ കുറഞ്ഞുവരുന്നു എന്ന സത്യം നാം കണ്ടില്ലെന്നു നടിക്കരുത്. വിവിധതരം ലഹരികള്‍ക്ക് ചെറുപ്പക്കാര്‍ അടിമപ്പെട്ടുപോകുന്നു എന്നു മുറവിളികൂട്ടുന്ന മുതിര്‍ന്ന തലമുറ ഈ പ്രശ്നത്തിനു വലിയ പരിഹാരമാകാവുന്ന കായികമേഖലയെ തീരെ അവഗണിക്കുന്നത് ന്യായീകരിക്കാവുന്നതല്ല. 'ആരോഗ്യകരമായ ശരീരത്തിലാണ് ആരോഗ്യകരമായ മനസ്സും' എന്ന ജ്ഞാനസൂക്തം അതര്‍ഹിക്കുന്ന ഗൗരവത്തോടെ നാം പരിഗണിക്കേണ്ടിയിരിക്കുന്നു. കാരണം, അതു വെറും ശരീരത്തിന്‍റെയും മനസ്സിന്‍റെയും കഥമാത്രമല്ല, ആത്മാവിന്‍റെയും സാഹോദര്യത്തിന്‍റെയും നിത്യതയുടെയും കഥ കൂടിയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org