ജീവിക്കാന്‍ വേണ്ടി വിശ്വസിക്കുന്നവര്‍

ജീവിക്കാന്‍ വേണ്ടി വിശ്വസിക്കുന്നവര്‍

ജൂലൈ 3: ദുക്റാന, ഓര്‍മ്മദിനമാണ്. നമ്മുടെ പിതാവായ മാര്‍തോമാശ്ലീഹായുടെ ഓര്‍മ്മദിനം. എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ ക്രിസ്തുവിശ്വാസം പകര്‍ന്ന മഹാവര്യനെ ഭാരത ക്രൈസ്തവര്‍ ഒന്നടങ്കം ആദരവോടെ ഓര്‍മ്മിക്കുന്ന ദിനം. ഇരുപതു നൂറ്റാണ്ടുകള്‍ പിന്നിട്ട് ഇന്ന് ഇവിടെ എത്തിനില്‍ക്കുമ്പോള്‍ വിശ്വാസികള്‍ ഏറെ വളര്‍ന്നിരിക്കുന്നു. സഭയുടെ കരുത്തും ശക്തിയും വര്‍ദ്ധിച്ചിരിക്കുന്നു. പൊതുവേ പറഞ്ഞാല്‍ മാര്‍തോമാ എ.ഡി. ഒന്നാം നൂറ്റാണ്ടില്‍ സ്വപ്നം പോലും കാണാത്ത തരത്തില്‍ സഭ വളര്‍ന്നിരിക്കുന്നു. വിശുദ്ധന്‍റെ പ്രത്യേക പരിലാളന ഏറ്റുവാങ്ങിയ മാര്‍തോമാ ക്രിസ്ത്യാനികളില്‍ പ്രമുഖസഭയായ സീറോ-മലബാര്‍ സഭ പതിനായിരത്തില്‍ താഴെ വൈദികരും നാല്പതിനായിരത്തില്‍ താഴെ സമര്‍പ്പിതരും അമ്പതുലക്ഷം വരുന്ന വിശ്വാസസമൂഹവുമായി വളര്‍ന്നിരിക്കുന്നു. പതിനായിരത്തിലേറെ വരുന്ന സ്ഥാപനങ്ങളും പ്രസ്ഥാനങ്ങളും ഇതിനുണ്ട്. ഒപ്പം നാലായിരത്തോളം വരുന്ന പള്ളികളും.

വിശ്വാസജീവിതത്തിലും കുറവുണ്ട് എന്ന് പറയാനാവില്ല എന്നാണ് എന്‍റെ എളിയ പക്ഷം. ഇരുന്നൂറിലധികം കുടുംബങ്ങളുള്ള ഒരു പള്ളിയുടെ വികാരിയാണ് ഈയുള്ളവന്‍. രാവിലെ 6.15-ന് അര്‍പ്പിക്കുന്ന അനുദിനബലിയില്‍ 150 പേരെങ്കിലുമുണ്ടാകും. സ്കൂള്‍ യൂണിഫോമണിഞ്ഞെത്തുന്ന കുട്ടികളും, കുര്‍ബാന അവസാനിച്ചാലുടനെ പ്രവര്‍ത്തനമേഖലകളിലേക്ക് പായുന്ന വിശ്വാസസമൂഹവും ഏതു പ്രതികൂല കാലാവസ്ഥയെയും അതിജീവിച്ച് പള്ളിയിലെത്തി ഭക്തിയോടെ ഇരുകൈകളും കൂപ്പി നില്‍ക്കുന്നതു കാണുമ്പോള്‍ വിശ്വാസത്തില്‍ ഇനിയും ഞാന്‍ ധാരാളം വളരേണ്ടതുണ്ട് എന്നും ചിന്തിച്ചുപോകാറുണ്ട്!! ഇത് ഒരു പള്ളിയുടെ മാത്രം കാര്യമല്ലല്ലോ. നമ്മുടെ എല്ലാ ദേവാലയങ്ങളിലും ഇതുപോലെ വിശ്വാസസമൂഹം വന്നെത്തുന്നുണ്ട്. ഇവരെല്ലാം വിശ്വാസത്തെ ജീവിതത്തിന്‍റെ തന്നെ ഭാവവും ഭാഗവുമായി കൊണ്ടുനടക്കുന്നവരാണ്. തോമാശ്ലീഹായെപ്പോലെ. ഇത്തരക്കാരെ വിശ്വസിക്കാന്‍വേണ്ടി ജീവിക്കുന്നവര്‍ എന്നു വിളിക്കാം.

എന്നാല്‍ ഇന്ന് സഭയ്ക്ക് 24 കാരറ്റ് തങ്കത്തിന്‍റെയോ 22 കാരറ്റ് സ്വര്‍ണ്ണത്തിന്‍റെയോ ഭംഗി ഇല്ല എന്ന് ഏതെങ്കിലുമവസരത്തില്‍ തോന്നിപ്പോകുന്നുണ്ട് എങ്കില്‍ അത് വിശ്വാസം ഉപജീവനമാര്‍ഗ്ഗമാക്കുന്ന ഒരു വിഭാഗം നമുക്കിടയിലുണ്ട് എന്നതുകൊണ്ടാണ്. ഇവരെ ജീവിക്കാന്‍ വേണ്ടി വിശ്വസിക്കുന്നവര്‍ എന്നു വിളിക്കാം. ജീവിക്കാന്‍ വേണ്ടി ജോലിക്കു പോകുന്നവര്‍, ജീവിക്കാന്‍ വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍ എന്നൊക്കെ പറയുന്നതുപോലെ ജീവിക്കാന്‍ വേണ്ടി വിശ്വസിക്കുന്നവര്‍. വിശ്വാസം ഒരു ഉപജീവനമാര്‍ഗ്ഗമാക്കുന്നവര്‍!!! സ്ഥാനമാനത്തിനോ, പേരിനോ, പ്രശസ്തിക്കോ, പണത്തിനോ എല്ലാം വേണ്ടി വിശ്വാസികളായി അഭിനയിക്കുന്നവര്‍!! സെബസ്ത്യാനോസിനെയോ, തോമസ് മൂറിനേയോക്കാള്‍ സഭാ സ്നേഹികളും വിശ്വാസികളുമാണ് എന്നു നാം തെറ്റിദ്ധരിച്ചുപോകും. എന്നാല്‍ അനുദിന ബലിയിലോ പ്രാര്‍ത്ഥനാകര്‍മ്മങ്ങളിലോ ഒന്നും അവര്‍ ഉണ്ടാവില്ല. കാരണം അവരെ സംബന്ധിച്ച് വിശ്വാസം ദൈവബന്ധത്തിന്‍റെ ഒരു വലിയ സംരക്ഷണ വലയമേയല്ല, മറിച്ച് ഒരു ഉപജീവനമാര്‍ഗ്ഗമാണ്!! കുരിശിന്‍റെ ഭോഷത്വമോ, ക്രൂശിതനോ അവര്‍ക്കു സ്വീകാര്യമല്ല. എല്ലാവരെയും പരാജയപ്പെടുത്തുന്നതിലും സ്വയം വിജയിയാവുന്നതിലുമാണ് ഇവര്‍ക്ക് ആനന്ദം. യേശുവിന്‍റെ ശൂന്യവത്കരണം ഇവര്‍ക്ക് ചിന്താവിഷയമേ അല്ല. പരസ്പരം പാരവക്കലും, കുതികാല്‍ വെട്ടലുമൊക്കെയാണ് ഇവര്‍ക്ക് തല്പരവിഷയങ്ങള്‍. ഇത്തരക്കാര്‍ സഭയിലെ ഏതു മേഖലയിലും കാണാം.

ജീവിക്കാന്‍വേണ്ടി വിശ്വസിക്കുന്നവരെ മാറ്റിനിര്‍ത്തുകയോ, അവര്‍ വിശ്വസിക്കാന്‍ വേണ്ടി ജീവിക്കുന്നവരാകുകയോ ചെയ്യുന്ന സമയം നമുക്ക് തങ്കത്തിന്‍റെ തിളക്കമുള്ള ഒരു സഭയെ മാര്‍തോമായുടെ മുന്നില്‍ കാഴ്ചവക്കാനാവും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org