പ്രാവല്ല പരിശുദ്ധാത്മാവ്

പ്രാവല്ല പരിശുദ്ധാത്മാവ്

ഇക്കഴിഞ്ഞ പെന്തക്കുസ്തതിരുനാളിനു പലയിടങ്ങളിലും നല്ല രീതിയിലുള്ള ഒരുക്കം നടന്നു. അതു വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്. അതു വേണ്ടതുമാണ്. അത്തരം ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി പരിശുദ്ധാത്മാവിന്‍റെ പ്രതീകമായ പ്രാവു രൂപം അലങ്കരിച്ചുവച്ചു പ്രാര്‍ത്ഥനകള്‍ നടത്തിയവരുമുണ്ടെന്ന് അറിയാന്‍ കഴിഞ്ഞു. അങ്ങനെ ചെയ്തവരുടെ ഉദ്ദേശശുദ്ധി മനസ്സിലാക്കാന്‍ സാധിക്കും. പക്ഷേ, പ്രാവുരൂപത്തിലുള്ള പരിശുദ്ധാത്മാവിന്‍റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നതില്‍ അപാകതയുണ്ട്; അതു പാടില്ലാത്തതുമാണ്.

പ്രാവ് പുതിയ നിയമത്തില്‍ പരിശുദ്ധാത്മാവിന്‍റെ ശക്തമായ പ്രതീകമാണ്. ഈശോയുടെ മാമ്മോദിസാ സമയത്തു പ്രാവിന്‍റെ രൂപത്തില്‍ ആത്മാവ് ഇറങ്ങിവന്ന് അവനില്‍ ആവസിച്ചു എന്നു സുവിശേഷങ്ങള്‍ പറയുന്നുണ്ട്. നാലു സുവിശേഷങ്ങളും ഇതു സാക്ഷ്യപ്പെടുത്തുന്നുണ്ട് (മത്താ. 3:16; മര്‍ക്കോ. 1:10; ലൂക്കാ 3:22; യോഹ. 1:32). ശ്രദ്ധേയമായ കാര്യം, പരിശുദ്ധാത്മാവിന്‍റെ പല പ്രതീകങ്ങളില്‍ ഒന്നു മാത്രമാണ് പ്രാവ്. അതുപോലെതന്നെ, തീനാവ്, കാറ്റ്, മേഘം, ജലം, കൈ, മുദ്ര, വിരല്‍ എന്നുതുടങ്ങി എട്ടോളം പ്രതീകങ്ങള്‍ പരിശുദ്ധാത്മാവിനുണ്ട് (സാര്‍വത്രിക മതബോധനം 694-701).

പ്രാവ് പരിശുദ്ധാത്മാവിന്‍റെ പ്രതീകമായി മാറുന്നത് പല കാര്യങ്ങള്‍ അര്‍ത്ഥമാക്കുന്നുണ്ട്. പ്രാവിന്‍റെ പല സവിശേഷതകളും പരിശുദ്ധാത്മാവില്‍ വിളങ്ങുന്നു എന്നാണ് സൂചന. നിഷ്ക്കളങ്കതയുടെ പ്രതീകമാണ് പ്രാവ്. പരിശുദ്ധാത്മാവിന്‍റെ പരിശുദ്ധിയാണ് പ്രധാനമായും ഇവിടെ സൂചിതം. അസാധാരണമായ സ്വരം കേള്‍ക്കുന്ന ഇടത്ത് പ്രാവ് വസിക്കുകയില്ല; അതു സ്ഥലം വിട്ടുപോകും. ദൈവകൃപയില്ലാത്തിടത്തുനിന്നു നിഷ്ക്രമിക്കുന്ന പരിശുദ്ധാത്മാവും ഇങ്ങനെയാണത്രേ. വേദനിക്കുകയും ഞെരുങ്ങുകയും ചെയ്യുന്ന പരിശുദ്ധാത്മാവ് (എഫേ 4:30; മര്‍ക്കോ 3:29) അക്കാര്യത്തിലും പ്രാവിനെപ്പോലെയാണെന്നാണ് അഭിമതം. അതേസമയം, പ്രാവിന്‍റെ പ്രതീകാത്മകഗുണങ്ങള്‍ വളരെയധികം വലിച്ചു നീട്ടിയെടുക്കുന്നത് നല്ലതാണെന്നും തോന്നുന്നില്ല. ഉദാഹരണത്തിന്, പ്രാവിന്‍റെ ചിറകുകളില്‍ ഒമ്പതു വലിയ തൂവലുകള്‍ ഉണ്ടത്രേ (തൂവല്‍ വ്യത്യാസമുള്ള പ്രാവുകള്‍ ക്ഷമിക്കണം). അവ പരിശുദ്ധാത്മാവിന്‍റെ ഒമ്പതു വരങ്ങളും ഒമ്പതു ഫലങ്ങളുമാണെന്ന് വ്യാഖ്യാനിക്കുന്നവരുണ്ട്. പ്രാവിന്‍റെ വാലില്‍ അഞ്ചു തൂവലുകളും ഉണ്ടത്രേ. അവ പരിശുദ്ധാത്മാവ് ബലപ്പെടുത്തുന്ന സഭയിലെ അഞ്ചു ശുശ്രൂഷകളാണെന്നാണ് വ്യാഖ്യാനം: അപ്പസ്തോലന്മാര്‍, പ്രവാചകന്മാര്‍, ഇടയന്മാര്‍, സുവിശേഷകര്‍, അദ്ധ്യാപകര്‍ എന്നിങ്ങനെ (എഫേ. 4:11). പ്രാവെന്ന പ്രതീകത്തിന്‍റെ എല്ലും മുള്ളും തിരിച്ച് വ്യാഖ്യാനിക്കാന്‍ മുതിരുന്നത് ദൈവശാസ്ത്രപരമായ സാഹസമായിരിക്കും എന്നു ചുരുക്കം. അതുപോലെതന്നെയാണ് പ്രാവെന്ന പ്രതീകത്തിന്‍റെ മുന്നില്‍ പ്രാര്‍ത്ഥിക്കുന്നതും.

ഈശോയുടെയും വിശുദ്ധരുടെയും സ്വരൂപങ്ങള്‍ നാം വണങ്ങുന്ന പതിവുണ്ട്; എന്നാല്‍ അതു പോലെയല്ല പരിശുദ്ധാത്മാവ്. അരൂപിയായ പരിശുദ്ധാത്മാവിനെ സ്വരൂപിയായി ചിത്രീകരിക്കുന്നത് അതിലഘൂകരണമാണ്. പിതാവായ ദൈവത്തിന്‍റെ കാര്യവും ഇതുപോലെതന്നെ. അതുകൊണ്ടാണ് പിതാവായ ദൈവത്തിന്‍റെ സ്വരൂപങ്ങള്‍ സഭയില്‍ ഇല്ലാത്തത്. ചില ചിത്രീകരണങ്ങളില്‍ എന്നാല്‍ പിതാവായ ദൈവത്തെ ഗോത്രപിതാവായ ഒരു മുതുമുത്തശ്ശനെപ്പോലെ ചിത്രീകരിച്ചിരിക്കുന്നതൊക്കെ കാണാം. ദൈവപിതാവിനു ദൃശ്യരൂപം കൊടുക്കാനുള്ള കലാപരമായ ശ്രമം എന്നേ അതിന് അര്‍ത്ഥമുള്ളൂ. അത്തരം ചിത്രങ്ങള്‍ സഭയില്‍ വണക്കത്തിനു വിഷയമാകുന്നില്ല. അരൂപിയായ ദൈവത്തെ സ്വരൂപിയാക്കും എന്ന നിലപാട് ബൈബിള്‍ പാരമ്പര്യത്തില്‍ വിലക്കപ്പെട്ട വിഗ്രഹ-നിര്‍മാണ-വണക്കത്തിന്‍റെ പരിധിയില്‍പ്പെടുന്നു. എന്നാല്‍ മനുഷ്യാവതാരം ചെയ്ത ക്രിസ്തുവിനെ ദൃശ്യഗോചരമായി അവതരിപ്പിക്കുന്നതില്‍ അപാകതയില്ലതാനും.

പ്രാവ് പരിശുദ്ധാത്മാവിന്‍റെ പ്രതീകമാണ്. പരിശുദ്ധാത്മാവ് പ്രാവിന്‍റെ രൂപത്തില്‍ വന്നു എന്നേ അര്‍ത്ഥമുള്ളൂ. അല്ലാതെ പരിശുദ്ധാത്മാവ് പ്രാവായിമാറി എന്നില്ല. അതിനാല്‍ പ്രതീകത്തെ നാം വണക്കവിഷയമാക്കിക്കൂടാ. അതു തെറ്റിദ്ധാരണകള്‍ക്കും വിഗ്രഹാരാധന എന്ന ആക്ഷേപത്തിനും വഴിവയ്ക്കും. എന്നാല്‍ പരിശുദ്ധാത്മാവിന്‍റെ പ്രതീകമായി പ്രാവിനെ ചിത്രീകരിക്കുന്നത് തെറ്റല്ല; അതു പരിശുദ്ധാത്മാവിനെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കും. എന്നാല്‍ അതിലുപരിയായി, പ്രാവുരൂപത്തിന്‍റെ മുന്നില്‍ തിരികത്തിക്കുന്നതും പൂക്കള്‍ അര്‍പ്പിക്കുന്നതും പ്രതീകത്തെ വണങ്ങുന്നതിനു തുല്യമാണ്. അതു നമ്മുടെ വിശ്വാസപ്രകാരം അസ്വീകാര്യ മാണ്. എന്നാല്‍ ത്രിത്വത്തിലെ ഒരാളായ പരിശുദ്ധാത്മാവ് പിതാവിനോടും പുത്രനോടുമൊപ്പം എല്ലാ ആരാധനയ്ക്കും സ്തുതിക്കും പുകഴ്ച്ചക്കും വണക്കത്തിനും അര്‍ഹനാണെന്ന കാര്യം നാം വിസ്മരിക്കാനും പാടില്ല. കാരണം പിതാവിനോടും പുത്രനോടും സമനായ പരിശുദ്ധാത്മാവ് ദൈവമാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org