“ദൈവ’വിളിയോ “മനുഷ്യ’വിളിയോ?

വളരെ ഉയർന്ന മാർക്കോടെ പത്താം ക്ലാസ്സ് പാസ്സായ ഒരു കുട്ടി സാധാരണ നടപടികൾക്കെല്ലാം ശേഷം സെമിനാരിയിൽ ചേർന്നു. പക്ഷേ സെമിനാരിയിലെ പഠനത്തിൽ ആ കുട്ടി വളരെ പുറകിലായിപ്പോയി. ആ കുട്ടിയുടെ പഠന നിലവാരം ഉയർത്താനുള്ള എല്ലാ പരിശ്രമങ്ങളും വലിയ പരാജയമായി എന്ന് മാത്രമല്ല, ആ കുട്ടിക്ക് പത്താം ക്ലാസ്സിൽ എങ്ങനെയാണ് അത്രയും വലിയ വിജയം ലഭിച്ചത് എന്ന് സംശയിക്കാൻ പോലും അതിടയാക്കി. ആ സംശയം അവസാനിച്ചത് ആ കുട്ടി പരീക്ഷ എഴുതിയത് ഒരു സഹായിയുടെ സഹായത്തോടെ ആണെന്നും, പഠന കാര്യത്തിൽ നേരത്തെ തന്നെ വളരെ പിന്നോക്കം ആണെന്നുമുള്ള അറിവിലുമാണ്. വികാരിയച്ചനുപോലും അറിയാമായിരുന്ന ഇൗ വസ്തുത മറച്ചുവച്ചു കൊണ്ടാണ് ആ കുട്ടി സെമിനാരിയിൽ പ്രവേശനം നേടിയത്.

സമീപകാലങ്ങളിൽ നടന്ന ഇൗ രണ്ടു സംഭവങ്ങളുടെ ചുവടു പിടിച്ചുകൊണ്ടു സെമിനാരി പ്രവേശനമെന്ന വിഷയത്തെ കാണുകയാണ്. ദൈവത്തെയും ദൈവ ജനത്തെയും സേവിക്കാനായി വിളിക്കപ്പെട്ട പുരോഹിതർക്കും സന്ന്യാസിനീസന്ന്യാസികൾക്കും പരിശീലനം നൽകേണ്ട പരിശീലന ഭവനങ്ങൾ ചിലരുടെ സ്വാർത്ഥതയ്ക്കും ചൂഷണത്തിനുമുള്ള ഇടങ്ങളാകുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഉദ്ദേശ്യശുദ്ധി ഇല്ലാതെയും ചൂഷണമനോഭാവത്തോടെയും അവിടെ എത്തിച്ചേരുന്ന കുട്ടികൾ സദുദ്ദേശ്യത്തോടെയും ആത്മാർത്ഥതയോടെയും എത്തുന്നവരെ സ്വാധീനിക്കുകയും പലപ്പോഴും ദൂരവ്യാപകമായ നഷ്ടങ്ങൾ വരുത്തുകയും ചെയ്യുന്നുണ്ട്.

കുറേ നാളുകൾക്കു മുമ്പുവരെ പരിശീലനഭവനങ്ങളുടെ പടി കടന്നെത്തുന്നവരിൽ നല്ലൊരു ശതമാനവും വളരെ തീക്ഷ്ണതയുള്ളവരും ഏത് സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ മനസ്സുള്ളവരും വിട്ടുവീഴ്ചകൾക്ക് തയ്യാറാകുന്നവരും ആയിരുന്നു. അങ്ങനെ എത്തിയ കുട്ടികളാണ് ഇന്ന് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മിഷനറിമാരായി ദൈവശുശ്രൂഷ ചെയ്യുന്നത്. സമൂഹത്തിലും കുടുംബ സാഹചര്യങ്ങളിലും വന്ന മാറ്റങ്ങൾ വഴിയായിട്ടാകാം ഇന്ന് ദൈവവിളി സ്വീകരിച്ചുവരുന്ന കുട്ടികളിൽ എല്ലാവരിലും ഇൗ ഗുണങ്ങൾ കാണുന്നില്ല. മുൻകാലങ്ങളിൽ ദൈവിളി സ്വീകരിച്ചിരുന്നവർ ഉപാധികളും പരിധികളുമില്ലാതെ എത്തിയവരാണെങ്കിൽ ഇന്ന് വരുന്നവരിൽ ഭൂരിഭാഗത്തിനും എന്ത് പഠിക്കണം, എവിടെ പഠിക്കണം, എങ്ങനെ പഠിക്കണം എന്നതിനെക്കുറിച്ചൊക്കെ നല്ല അവബോധമുണ്ട്. ഇതിനു പോസിറ്റീവും നെഗറ്റീവുമായ വശങ്ങളുണ്ട്. നാളെയെക്കുറിച്ച് ആകുലതകളില്ലാതെ, ദൈവപരിപാലനയിൽ ആശ്രയിച്ച് അതുവരെ അറിയപ്പെടാതിരുന്ന, ഭാഷയും വേഷവും നിശ്ചയമില്ലാത്ത സംസ്കാരങ്ങളിലേക്കും നാടുകളിലേക്കും, ദൈവവചന പ്രഘോഷണത്തിനായി വണ്ടിക യറിയ യുവതീയുവാക്കളുടെ ചരിത്രം കേരളസഭയ്ക്കുണ്ടെങ്കിൽ, ഇന്ന്, ലഭ്യമാകുന്ന സുഖസൗകര്യങ്ങളെയും എത്തിച്ചേരാൻ സാധിക്കുന്ന പ്രശസ്തിയെയും മുഖ വിലയ്ക്കെടുത്തതുകൊണ്ടാണ് പലരും എവിടെ ചേരണം എന്ന് തീരുമാനിക്കുന്നത്.

ദൈവമാണ് വിളിച്ചതെന്നും അതിനാൽ ദൈവഹിതം നിറവേറട്ടെ എന്നും ആശംസിച്ചിരുന്ന മാതാപിതാക്കളുടെ സ്ഥാനത്ത് പലപ്പോഴും കുട്ടികളുടെ പരിശീലന കാലഘട്ടങ്ങളിൽ അനാരോഗ്യകരമായ ഇടപെടലുകൾ നടത്തുന്ന മാതാപിതാക്കൾ ഇന്നുണ്ട്. തങ്ങളുടെ മക്കൾ ഏത് വിഷയമാണ് പഠിക്കേണ്ടതെന്നും എവിടെയെല്ലാമാണ് അയയ്ക്കപ്പെടേണ്ടതെന്നുമെല്ലാം മാതാപിതാക്കൾ ഉപാധികൾ വയ്ക്കുന്ന അവസ്ഥകളും ശ്രദ്ധയിൽ പെടുന്നുണ്ട്. ഇൗ വിധ ഇടപെടലുകൾ ചിലപ്പോഴെങ്കിലും കുട്ടികൾക്ക് ലഭിച്ചത് "ദൈവ' വിളിയാണോ "മനുഷ്യ'വിളിയാണോ എന്ന് സംശയിച്ചു പോകാൻ കാരണമാകുന്നു.

മുമ്പ് ദൈവത്തിനും ദൈവജനത്തിനുമായി എന്ത് കൊടുക്കാം എന്നാണു വരുന്നവർ ചിന്തിച്ചിരുന്നതെങ്കിൽ ഇന്ന് തങ്ങൾക്ക് എന്ത് ലഭിക്കും, എന്ത് ലാഭം ഉണ്ടാകും എന്നാണ് പലരും ചിന്തിക്കുന്നത്. എത്തിച്ചേരേണ്ട പദവികളുടെയും സ്വന്തമാകേണ്ട ഡിഗ്രികളുടെയും നേടിയെടുക്കേണ്ട പ്രശസ്തിയുടെയും പട്ടികയുമായി വരുന്ന കുട്ടികൾ ഇതിനു ദൃഷ്ടാന്തമാണ്.

മാതാപിതാക്കളുടെ താല്പര്യപ്രകാരം സെമിനാരി പരിശീലനത്തിന് വരുന്നവരുടെ എണ്ണം വളരെ തുച്ഛമായെങ്കിലും ഉണ്ട് എന്നത് നിസ്തർക്കമാണ്. കുട്ടികൾക്ക് പഠനകാര്യത്തിൽ പുരോഗതിയുണ്ടാകാനും സ്വഭാവദൂഷ്യങ്ങൾ മാറാനുമൊക്കെ സെമിനാരിയിലേക്കും സന്ന്യാസ പരിശീലന ഭവനങ്ങളിലേക്കും കുഞ്ഞുങ്ങളെ അയയ്ക്കുന്നവർ ചെയ്യുന്നത് ഗൗരവമായ തെറ്റാണ്. പഠനത്തിന്റെ സമ്പത്തികഭാരവും മാതാപിതാക്കളെ ഇൗ രീതിയിൽ ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്ന മറ്റൊരു ഘടകമാണ്.

ദൈവവിളി ഉള്ളവരോ, ഉണ്ട് എന്ന് വിശ്വസിക്കുന്നവരോ ആണ് ഇങ്ങനെയുള്ള പരിശീലന ഭവനങ്ങളിലേക്ക് വരേണ്ടത്. അല്ലാതെ മറ്റ് ഉദ്ദേശ്യങ്ങളുമായി വരുന്നവർ ആ സ്ഥാപനത്തോടും അതിന്റെ ആശയങ്ങളോടും ബഹുമാനമില്ലാത്തവരാണ്. മറ്റ് താല്പര്യങ്ങളോടെ വരുന്ന കുട്ടികൾ, നല്ല താല്പര്യങ്ങളോടെ പോകുന്ന കുട്ടികളെ സ്വാധീനിക്കാനും വഴിതെറ്റിക്കാനും സാധ്യതയുണ്ട്. മാത്രമല്ല ദൈവപദ്ധതിയുടെ ഭാഗമായി ഉപയോഗിക്കേണ്ട ഇടങ്ങൾ ദുരുപയോഗിക്കുന്നത് അക്ഷന്ത്യവ്യമായ തെറ്റാണ്. അത് നിരുത്സാഹപ്പെടുത്തണം. മുഖം മൂടി ധരിച്ച്, മറ്റുള്ളവരുടെ മുമ്പിൽ അഭിനയിച്ച്, സ്വാതന്ത്ര്യത്തെ അടിയറവച്ചുള്ള ആ ജീവിതം നന്മയല്ല, തിന്മയാണ് പുറപ്പെടുവിക്കുക. അവർ നിരാശരാവുക മാത്രമല്ല അവർക്കതുവരെ ലഭിച്ച വിശ്വാസവും പരിശീലനവും വൃഥാവിലാകാനും ഇടയുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org