അടിത്തറകള്‍ ഇളകുമ്പോള്‍….

അടിത്തറകള്‍ ഇളകുമ്പോള്‍….

ജനാധിപത്യം തലയെണ്ണം മാത്രമേ പരിഗണിക്കൂ തലയ്ക്കുള്ളിലുള്ളതിനെ പരിഗണിക്കാറേയില്ല എന്ന ദെയ്നാന്‍റെ (Padraig Deignan) പ്രവചനത്തില്‍ പതിരില്ല. ഭൂരിപക്ഷ വര്‍ഗ്ഗീയതയ്ക്കു വളരാനുള്ള ഏറ്റവും വളക്കൂറുള്ള മണ്ണ് ജനാധിപത്യമാണെന്ന ഫ്രീഡ്മാന്‍റെ (David Friedman) മുന്നറിയിപ്പ് ഭീതിയോടെ ഓര്‍മ്മിച്ചെടുക്കേണ്ട കാലമാണിത്. ന്യൂനപക്ഷ താല്പര്യങ്ങള്‍ക്കോ ചിന്താവൈവിധ്യങ്ങള്‍ക്കോ ജനാധിപത്യം അപര്യാപ്തമാണെന്ന സത്യം ഭാരതത്തിലെ ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയേണ്ട സമയമായി. വംശഹത്യയ്ക്കും വര്‍ഗ്ഗീയ കലാപങ്ങള്‍ക്കും നേതൃത്വം കൊടുത്തവര്‍ അടുത്ത തെരഞ്ഞെടുപ്പില്‍ ജനാധിപത്യത്തിന്‍റെ പിന്‍ബലത്തില്‍ കൂടുതല്‍ ഉയരങ്ങളിലേക്കു ചുവടുവയ്ക്കുന്നതിന്‍റെ അര്‍ത്ഥം എന്താണ്? പശുവിനെ ആദരിച്ചില്ല എന്ന സംശയത്തിന്‍റെ പേരില്‍ ദളിതരെ അടിച്ചുകൊല്ലുന്ന തെമ്മാടിക്കൂട്ടങ്ങള്‍ക്ക് തെരെഞ്ഞടുപ്പില്‍ ബഹുഭൂരിപക്ഷം ലഭിക്കുന്നെങ്കില്‍ ജനാധിപത്യത്തെ നാം ഭയപ്പെട്ടു തുടങ്ങണം. മൂന്നു ചെന്നായ്ക്കളും ഒരു കുഞ്ഞാടും ചേര്‍ന്ന് അത്താഴത്തിന് എന്തു ഭക്ഷിക്കണം എന്ന് വോട്ടിനിട്ടു തീരുമാനിച്ചാല്‍ ഫലം എന്തായിരിക്കുമെന്നു കണ്ടെത്താന്‍ പ്രവചനവരമൊന്നും വേണ്ട. ന്യൂനപക്ഷ വര്‍ഗ്ഗീയതയുടെ പേരില്‍ കുടം തുറന്നുവിട്ട ഭൂതമായ ഭൂരിപക്ഷ വര്‍ഗ്ഗീയത ജനാധിപത്യത്തിന്‍റെ തേരിലെ അമരക്കാരനാകുന്നതാണ് ഭാരതത്തിന്‍റെ ദുഃഖം.

ഹിറ്റ്ലറും ജനാധിപത്യവഴിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാവായിരുന്നു എന്നത് ജനാധിപത്യത്തിന്‍റെ വൈകല്യമാണ് വ്യക്തമാക്കുന്നത്. ഭൂരിപക്ഷത്തിന്‍റെ വൈകാരിക അവിവേകങ്ങളെ തിരുത്താന്‍ പോരുന്ന കരുതലുകള്‍ രാഷ്ട്രശില്പികള്‍ വിഭാവനം ചെയ്തിരുന്നു എന്നതാണു സത്യം. ഭരണഘടന (Constitution), നീതിന്യായ വ്യവസ്ഥിതി (Judiciary), ഭരണ നടത്തിപ്പിനുള്ള ഉദ്യോഗസ്ഥ വ്യവസ്ഥിതി (beurocracy), മാധ്യമങ്ങള്‍ (media), അഭിപ്രായ സ്വാതന്ത്ര്യം (freedom of expression) എന്നീ തടയണകള്‍ ഭൂരിപക്ഷ വൈകാരികതയുടെ കുത്തൊഴുക്കിനെ തടയാന്‍ നിര്‍മ്മിക്കപ്പെട്ട മുന്‍കരുതലുകളായിരുന്നു. എന്നാല്‍ ഈ തടയണകള്‍ കൂടി തകര്‍ക്കപ്പെടുമ്പോള്‍ ഭൂരിപക്ഷ വൈകാരികതയുടെ മലവെള്ളപ്പാച്ചിലില്‍ നാളിതുവരെ പടുത്തുയര്‍ത്തിയ സനാതന മൂല്യങ്ങള്‍ കടപുഴകി വീഴുന്നു എന്നതാണ് ദുഃഖകരം.

ഉരുക്കുകോട്ടപോലെ ഈ നാടിനെ കരുതലോടെ കാത്തതില്‍ ഭരണഘടനയ്ക്കാണ് പ്രഥമസ്ഥാനം. ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്തവര്‍ക്കുപോലും ഭരണഘടനയില്‍ വിശ്വാസമില്ലാതാകുന്നത് ജനാധിപത്യത്തിന്‍റെ മരണമണിയാണ്. മൂന്നില്‍ രണ്ടുഭൂരിപക്ഷം നേടി ഭരണഘടന തിരുത്താന്‍ കാത്തിരിക്കുന്ന ഭരണാധികാരികളില്‍നിന്ന് എന്തു നന്മയാണ് ജനാധിപത്യവിശ്വാസികള്‍ പ്രതീക്ഷിക്കേണ്ടത്? മതേതരത്വം എന്ന വി ശുദ്ധപദത്തെ ഏറ്റവും അശ്ലീലപദമായി വ്യാഖ്യാനിക്കുന്നവരില്‍ കേന്ദ്രമന്ത്രിമാര്‍വരെയുണ്ടെന്നു കാണുമ്പോള്‍ നാളെയുടെ ചക്രവാളം ഏറെ ഇരുണ്ടതായിരിക്കുമെന്നതിന്‍റെ മുന്നറിയിപ്പായി അതിനെ വായിച്ചെടുക്കേണ്ടതുണ്ട്. ഭരണഘടനയ്ക്കുപകരം ഭൂരിപക്ഷമതത്തിന്‍റെ വേദഗ്രന്ഥങ്ങള്‍ പ്രതിഷ്ഠിക്കപ്പെടുമെന്നു കരുതുന്നവര്‍ക്കു ഭൂരിപക്ഷ പാര്‍ലമെന്‍റില്‍ ഭരണഘടനാനുസൃതമായ നിയമനിര്‍മ്മാണം പ്രതീക്ഷിക്കുന്നത് ഞെരിഞ്ഞിലില്‍ നിന്നു മുന്തിരിപ്പഴം പ്രതീക്ഷിക്കുന്നതിനു സമാനമാണ്.

ഭാരതത്തിലെ 130 കോടി ജനങ്ങള്‍ക്കും പ്രത്യാശ നല്‍കുന്ന ജുഡിഷ്യറി രാജ്യത്തിന്‍റെ അഭിമാനമായിരുന്നു. ഭരണഘടനയുടെ ഉറങ്ങാത്ത കാവല്‍ക്കാരായി ന്യായാധിപന്മാരുണ്ടെന്നത് ഭാരതീയന്‍റെ മനസമാധാനമായിരുന്നു. ഭൂരിപക്ഷ ധാര്‍ഷ്ട്യം സാമാന്യനീതി ലംഘിക്കാനൊരുങ്ങുമ്പോള്‍ നീതിപീഠത്തില്‍ കാര്‍ക്കശ്യത്തിന്‍റെ കൊട്ടുപിടിയുമായി ന്യായാധിപന്മാര്‍ കാവലിരുന്നു. എന്നാല്‍ ഡെന്‍മാര്‍ക്കില്‍ എന്തോ ചീഞ്ഞുനാറുന്നു എന്ന് പരമോന്നത നീതിപീഠത്തിലെ ന്യായാധിപസംഘം തന്നെ പത്രസമ്മേളനം നടത്തി അറിയിക്കുമ്പോള്‍ നീതിക്കായി കേഴുന്ന പൗരന് നക്ഷത്രമെണ്ണാനല്ലാതെ മറ്റെന്താണു കഴിയുക. ഭരണചക്രം തിരിക്കുന്നവര്‍ക്ക് അനുകൂലവിധി പറഞ്ഞാല്‍ പാരിതോഷികമായി പ്രമോഷനും നീതിയോടെ വിധിപറയാന്‍ നിലപാടെടുത്താല്‍ അകാലമൃത്യുവും ന്യായാധിപരെ കാത്തു നില്‍ക്കുന്നതായി സമീപകല സംഭവങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഭരണകൂടത്തിന്‍റെ തൊഴുത്തില്‍ കെട്ടിയ പശുവായി ജുഡീഷ്യറി മാറുന്നത് ജനാധിപത്യത്തിന്‍റെ ചരമഗീതമാണ്.

ജനാധിപത്യത്തിന്‍റെ നാലാം തൂണായി വാഴ്ത്തപ്പെടുന്ന പത്രമാധ്യമങ്ങള്‍ തൂണിനു പകരം ചൂലായി പരിണമിച്ചിട്ട് കാലമേറെയായി. പിടിച്ചു നില്‍ക്കാനുള്ള വ്യഗ്രതയില്‍ കോര്‍പറേറ്റുകളുടെ നീരാളിപ്പിടുത്തത്തില്‍പെട്ടുപോയ മീഡിയാ ഇന്ത്യയില്‍ പല്ലും നഖവും കൊഴിഞ്ഞ സിംഹമായിട്ട് കാലമേറെയായില്ല. ഇനിയും വളയാത്ത നട്ടെല്ലുള്ളവരെ നിയമക്കുരുക്കു മുറുക്കി വരുതിക്കു നിര്‍ത്താന്‍ സര്‍ക്കാരിനു കഴിയുന്നു. ഭരണകൂടത്തിനു സഹസ്രനാമ കീര്‍ത്തനം ചൊല്ലുന്നതില്‍ മത്സരിക്കുന്ന മാധ്യമപ്രവര്‍ത്തകരെയാണ് നാം കണ്ടുമുട്ടുന്നത്. രണ്ടാം മിനുട്ടില്‍ മോദിയെ വെള്ളം കുടിപ്പിച്ച് മൂന്നാം മിനുട്ടില്‍ വിശ്രമം വേണമെന്നു പറഞ്ഞു രംഗത്തുനിന്നു നിഷ്ക്രമിപ്പിച്ച കിരണ്‍ഥാപ്പറെപ്പോലെ നിര്‍ഭയത്വം ജന്മാവകാശമാക്കിയ പത്രപ്രവര്‍ത്തകരെ മഷിയിട്ടു നോക്കിയാലും കാണ്മാനില്ല. പ്രതിവാരം ഭരണകൂടനേട്ടങ്ങള്‍ നിരത്തുന്നതില്‍ അഭിരമിക്കുന്ന ഭീരുക്കളായി പരിണമിക്കാന്‍ മാധ്യമങ്ങള്‍ മത്സരിക്കുന്ന കാലമാണിത്.

അഭിപ്രായസ്വാതന്ത്ര്യമില്ലാത്ത ജനാധിപത്യം ഏകാധിപത്യത്തെക്കാള്‍ ഭീകരമാണ്. സാമാന്യജനത്തിന്‍റെ ചിന്തയെ മന്ദീഭവിപ്പിക്കാന്‍ ഭരണകൂടം കൂലിക്കെടുത്ത സാങ്കേതിക വിദഗ്ധര്‍ സോഷ്യല്‍മീഡിയാകളില്‍ നിറയുകയാണ്. വ്യത്യസ്ത സ്വരങ്ങളുടെ നാവുപിഴുതുകളയാന്‍ ഈ കൂലിപ്പട അഹോരാത്രം അധ്വാനിക്കുകയാണ്. കല്‍ബുര്‍ഗി മുതല്‍ ഗൗരീശങ്കര്‍വരെ ഇപ്രകാരം നാവുപിഴുതു പിണമാക്കപ്പെട്ടവരുടെ ശ്രേണിയില്‍ വരുന്നു. ഭരണകക്ഷിയെ വിമര്‍ശിക്കുന്നവന് കേന്ദ്രത്തിലോ കേരളത്തിലോ ആയുസ്സെത്തി മരിക്കാമെന്നത് വ്യാമോഹം മാത്രമാണ്. വ്യക്തിസ്വാന്ത്ര്യത്തിനും മൂക്കുകയറിടാന്‍ സകല പൗരന്മാരെയും ഭരണകൂടനിരീക്ഷണത്തിലാക്കിയിരിക്കുകയാണ്. സര്‍വ്വരേഖകളും അരങ്ങാണചരടുംവരെ ആധാറുമായി ബന്ധിപ്പിച്ചു കഴിഞ്ഞു. ഭരണക്കൂടത്തിന്‍റെ കയ്യിലെ കാണാച്ചരടില്‍ നീങ്ങുന്ന പട്ടങ്ങളായി പൗരന്മാര്‍ പരിണമിക്കുമ്പോള്‍ ജനാധിപത്യം മരീചികയാകുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org