വംശഹത്യയുടെ മാനഭംഗം

വംശഹത്യയുടെ മാനഭംഗം

റാമായില്‍ ഒരു സ്വരം, റാഹേല്‍ തന്‍റെ കുഞ്ഞുങ്ങളെ ഓര്‍ത്തു നിലവിളിക്കുന്നു…. എന്ന പ്രവാചക വചനം തലമുറകള്‍ക്കുള്ള മുന്‍കരുതലാണ്. വന്ധ്യകളും പാലൂട്ടാത്ത പയോധരങ്ങളും ഭാഗ്യമുള്ളവ എന്നു പറയുന്ന കാലം വരുമെന്ന തിരുമൊഴിയുടെ പൂര്‍ത്തീകരണമാണ് ആ സേതുഹിമാചലം അരങ്ങേറുന്നത്. ഭ്രാന്തുപിടിച്ച ഭരണകൂടങ്ങള്‍ സ്ത്രീപീഡനത്തെ സ്വന്തം പ്രത്യയശാസ്ത്രമായി വരിക്കുന്ന കാലത്താണ് നാം ജീവിക്കുന്നത്.

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഈ നൂറ്റാണ്ടില്‍ നടന്ന വംശഹത്യകളില്‍ മറ്റു വിഭാഗത്തിലെ സ്ത്രീകളെ തടവിലാക്കുന്നതും മാനഭംഗപ്പെടുത്തുന്നതും ലൈംഗിക അടിമകളാക്കുന്നതും ഭീതിദമായ വാര്‍ത്തകളായിരുന്നു. റുവാണ്ടന്‍ വംശഹത്യയില്‍ സ്ത്രീപീഡനത്തെ എതിരാളികളെ തകര്‍ക്കാനുള്ള ഫലപ്രദമായ ആയുധമായി ഉപയോഗിച്ചതിന്‍റെ രക്തം മരവിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്തുവന്നത് അടുത്തകാലത്താണ്. നൈജീരിയായിലെ ബൊക്കഹാറാം തീവ്രവാദികള്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും കൂട്ടത്തോടെ തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമകളാക്കി പീഡിപ്പിച്ചു കൊല്ലുന്നു. ഐഎസ് തീവ്രവാദികള്‍ റോഹിംഗ്യന്‍ വംശത്തെയും ക്രൈസ്തവ ന്യൂനപക്ഷത്തെയും നശിപ്പിക്കാന്‍ ഉപയോഗിച്ചത് സമാനമായ ഹീനമാര്‍ഗ്ഗമാണ്. എന്നാല്‍, ഇത്തരത്തില്‍ എന്തെങ്കിലും ഭാരതമണ്ണില്‍നിന്നും കേള്‍ക്കേണ്ടിവരില്ലായെന്ന ശുഭാപ്തിവിശ്വാസത്തെയാണ് സംഘപരിവാറിന്‍റെ നേതൃത്വം തകര്‍ത്തുകളഞ്ഞത്. ഇതിനെ കേവലം വര്‍ഗ്ഗീയത എന്ന ഒറ്റവാക്കില്‍ നിസ്സാരവല്‍ക്കരിക്കാനാകില്ല. കാരണം, ബഹുഭൂരിപക്ഷം വരുന്ന ഹൈന്ദവ സമൂഹം ഈ ഹീനകൃത്യത്തെ ആത്മാര്‍ത്ഥമായി അപലപിക്കുമ്പോള്‍ ഭരണത്തിന്‍റെ പിന്‍ബലത്തില്‍ ചില സംഘികള്‍ ഈ തിന്മയില്‍ അഭിരമിക്കുന്നു എന്നതാണ് ഇതിലെ ക്രൂരത.

കാശ്മീരിലെ ക്വത്വാ നഗരത്തിലെ ഒന്‍പതുകാരി പെണ്‍കുട്ടിയെ ഒരു സംഘം സംഘികള്‍ ഇരയാക്കാന്‍ കാരണം അവളുടെ മതമായിരുന്നു. പീഡനസ്ഥലമായി തിരഞ്ഞെടുത്തത് ആരാധനാലയമായിരുന്നു എന്നതും ആനുഷംഗികമായിരുന്നില്ല. ന്യൂനപക്ഷ സമുദായാംഗങ്ങളെ ഭയപ്പെടുത്തി ഗ്രാമത്തില്‍നിന്നോടിക്കാന്‍ ഭൂരിപക്ഷ സമുദായം സ്ത്രീപീഡനം എന്ന ഹീനമാര്‍ഗ്ഗം അവലംബിച്ചു എന്നതാണ് ഈ കൊലപാതകത്തെ വ്യത്യസ്തമാക്കുന്നത്. കൊല്ലപ്പെട്ട കുഞ്ഞിനെ അധിക്ഷേപിച്ച് സംഘികള്‍ നടത്തിയ പ്രചാരണയുദ്ധം വംശഹത്യയ്ക്കുള്ള ആഹ്വാനത്തിനു സമാനമായിരുന്നില്ലേ. ഇതിന്‍റെ പേരില്‍ കേരളത്തില്‍ വര്‍ഗ്ഗീയ കലാപം ലക്ഷ്യമാക്കി ഹര്‍ത്താല്‍പോലും സംഘടിപ്പിക്കപ്പെട്ടു എന്നതു നിസ്സാരകാര്യമല്ല. പ്രതികളെ പിടിക്കാന്‍ ശ്രമിച്ച പോലീസിനെ കയ്യേറ്റം ചെയ്യാന്‍ ചെന്നവരില്‍ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്ത സംസ്ഥാന മന്ത്രിമാര്‍ വരെയുണ്ടായിരുന്നു എന്നത് നെഞ്ചിടിപ്പോടെയാണ് ഭാരതം ശ്രവിച്ചത്. ഇരയാക്കപ്പെട്ട പെണ്‍കുട്ടിക്കുവേണ്ടി കോടതിയില്‍ ഹാജരാകുന്നവരെ ഭീഷണിപ്പെടുത്തുകയും കുറ്റപത്രം റദ്ദുചെയ്യാന്‍ സമരം നടത്തുകയും ചെയ്തത് സംസ്ഥാന ബാര്‍ കൗണ്‍സിലായിരുന്നു എന്നത് നമുക്കു ചുറ്റും വളരുന്ന ഇരുളിന്‍റെ സാന്ദ്രത ഭീതിദമാണെന്ന് ഓര്‍മ്മപ്പെടുത്തുന്നുണ്ട്. സ്ത്രീപീഡനങ്ങളെ എതിരാളികളെ ഇല്ലായ്മ ചെയ്യാനുള്ള മാര്‍ഗ്ഗമാക്കി മാറ്റാന്‍ ഒറ്റപ്പെട്ടതാണെങ്കിലും ആസൂത്രിത ശ്രമം നടക്കുന്നു എന്നതില്‍ രാജ്യം ലജ്ജിച്ചു തലതാഴ്ത്തുന്നു.

ഉന്നാവാ സ്ത്രീപീഡന കേസില്‍ ഭരണകക്ഷി എം.എല്‍.എയെ അറസ്റ്റുചെയ്യാന്‍ ഭരണകൂടം അറച്ചുനിന്നതും ഇതിനോടു ചേര്‍ത്ത് വായിക്കപ്പെടേണ്ടതാണ്. സ്ത്രീപീഡനം പ്രത്യയശാസ്ത്രമാക്കിയ സംഘികളെ അടയാളപ്പെടുത്താന്‍ 'ബലാല്‍സംഘി'കള്‍ എന്ന പദം രൂപപ്പെടുത്തി എന്നതിനപ്പുറം രാജ്യത്തിന്‍റെ പൊതു ബോധത്തില്‍ ഈ സംഭവങ്ങളൊന്നും കാര്യമായ മാറ്റംവരുത്തുന്നില്ല എന്നതാണ് ഏറെ ദുഃഖകരം. രണ്ടു കേസുകളിലും ക്രമസമാധാനം പാലിക്കേണ്ട പോലീസും ഭരണകക്ഷിയും വേട്ടക്കാര്‍ക്കൊപ്പമായിരുന്നു എന്നതാണ് നിരാശപ്പെടുത്തുന്നത്. ഇരകളുടെ ദീനരോദനങ്ങളെക്കാള്‍ വേട്ടക്കാരുടെ അട്ടഹാസങ്ങള്‍ക്ക് സമൂഹത്തില്‍ കൂടുതല്‍ മാന്യത ലഭിക്കുന്നു എന്നത് വംശഹത്യയുടെ ഉണര്‍ത്തുപാട്ടാകാം.

കൗരവസഭയില്‍ വസ്ത്രാക്ഷേപിതയാകുന്ന പാഞ്ചാലിയുടെ ദൈന്യത കാണാന്‍ ഭരണാധികാരിയായ ധൃതരാഷ്ട്രര്‍ക്കു കഴിഞ്ഞില്ല. കാരണം അയാള്‍ അന്ധനായിരുന്നു. വ്യാസമുനിയുടെ ക്രാന്തദര്‍ശനം വ്യംഗ്യമെങ്കിലും വ്യക്തമാണ്: ഭരണകൂടം അന്ധത നടിക്കുന്ന വേദികളിലാണ് ദുശ്ശാസനന്മാര്‍ അഴിഞ്ഞാടുന്നത്. അവളുടെ ആര്‍ത്തനാദം വീണത് ബധിരകര്‍ണ്ണങ്ങളിലായിരുന്നു. 'നാരിയെ മാനിയാതെ സഭയിതു സഭയാകുമോ' എന്ന ചോദ്യം വനരോദനമായി അവശേഷിക്കുന്നു. സ്ത്രീയുടെ മാനത്തിനു വിലപറഞ്ഞ ദുശ്ശാസനന്‍റെ ചങ്കുപിളര്‍ന്ന ചോരയില്‍ കൈമുക്കി മുടികെട്ടാന്‍ പ്രതിജ്ഞ ചെയ്യേണ്ടിവരുന്ന പാഞ്ചാലിമാരും സ്ത്രീപീഡനം കണ്ട് ആര്‍ത്തുചിരിച്ച ദുര്യോധനനെ ഊരുഭംഗം ചെയ്യാന്‍ ഗദയുയര്‍ത്തുന്ന ഭീമസേനന്മാരും ധാര്‍മ്മികതയ്ക്കു കാവ്യനീതിയായി ഉയരുമെന്ന വ്യാസമുനിയുടെ പ്രതീക്ഷപോലും അസ്ഥാനത്താണെന്ന് കാലത്തിന്‍റെ നിഴല്‍പാടുകള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്.

സ്ത്രീയെ അമ്മയായും സഹോദരിയായും കരുതുന്ന ആര്‍ഷഭാരത സംസ്കാരത്തെ തിരുത്തിയെഴുതാന്‍ തൂലികയെടുക്കുന്നവര്‍ക്ക് ഈ രാജ്യത്തിന്‍റെ പൈതൃകത്തെക്കുറിച്ചു പറയാന്‍ അവകാശമില്ല. ജ്വലിക്കുന്ന ബ്രഹ്മചര്യത്തിന്‍റെ പ്രതീകമായ കാഷായം ധരിക്കുന്ന സന്ന്യാസി ഭരിക്കുന്ന നാട്ടിലാണ് ഏറ്റവും കൂടുതല്‍ സ്ത്രീപീഡനം അരങ്ങേറുന്നത് എന്ന നഗ്നസത്യം ആര്‍ഷസംസ്കാരത്തിനേറ്റ ആഴമായ മുറിവാണ്. ഒരു നാടിന്‍റെ ക്രമസമാധാനവും സംസ്കാരവും അളക്കേണ്ടത് ആ നാട്ടിലെ സ്ത്രീകളുടെ സുരക്ഷിതത്വത്തെ ആധാരമാക്കിയാണ് എന്ന ഗാന്ധിയന്‍ ചിന്ത നമ്മുടെ ഭരണാധികാരികളുടെ ബോധമണ്ഡലങ്ങളില്‍ വെളിച്ചമായിരുന്നെങ്കില്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org