Latest News
|^| Home -> Pangthi -> കാലവും കണ്ണാടിയും -> ഗോത്രമനസ്

ഗോത്രമനസ്

ഫാ. മാത്യു ഇല്ലത്തുപറമ്പില്‍

വംശപദവിയും ഗോത്രശുദ്ധിയും നോക്കുന്ന കാലം കഴിഞ്ഞുപോയി എന്നു പൊതുവേ പറയാം. എന്നാല്‍ ചില ആദിവാസി സമൂഹങ്ങളില്‍ അവ ഇപ്പോഴും നിലനില്ക്കുന്നുണ്ടുതാനും. തറവാട്ടു മഹിമ എടുത്തുപറഞ്ഞ് അഭിമാനിക്കുന്നവര്‍ അധികമില്ല ഇക്കാലത്ത്. കുടുംബപാരമ്പര്യം പറഞ്ഞു രസം പിടിക്കുന്നവരെ ചുരുക്കമായി കണ്ടേക്കാം. സാമൂഹിക വിലയിരുത്തലുകളില്‍ ജനുസ്സുബലത്തിന്‍റെ വില കുറഞ്ഞെങ്കിലും ഗോത്രമനസ്സ് ഭരിക്കുന്നവരായി നാം ചിലപ്പോള്‍ മാറാം. അതില്‍ അപകടങ്ങളുണ്ട്.

ഗോത്രങ്ങളിലെ അംഗത്വം അഭിമാനവിഷയം എന്നതിനേക്കാള്‍ അതിജീവനത്തിന്‍റെ മാര്‍ഗമായിരുന്നു പൗരാണിക സമൂഹങ്ങളില്‍. പരസ്പരം പോരടിച്ചും ഭക്ഷണത്തിനുവേണ്ടി അലഞ്ഞും കഴിഞ്ഞിരുന്ന കാലത്ത് ഏതെങ്കിലും ഗോത്രത്തിലോ കുലത്തിലോ പേരില്ലാതെ പിടിച്ചുനില്ക്കാന്‍ വ്യക്തികള്‍ക്കോ എന്തിനു കുടുംബങ്ങള്‍ക്കോ സാധ്യമല്ലായിരു ന്നു. വിവാഹം ഉള്‍പ്പടെയുള്ള സാമൂഹികമായ ഉള്‍ചരടുകള്‍കൊണ്ട് ഉറപ്പിച്ചിരുന്നതാണ് ഗോത്രങ്ങളുടെ ആന്തരികഘടന. ഗോത്രങ്ങള്‍ക്കു സ്വന്തമായി ദൈവവും സാമൂഹിക ആചാരങ്ങളും ആഘോഷങ്ങളും നേതാവും തിരിച്ചറിയല്‍ ചിഹ്നങ്ങളും ഉണ്ടായിരുന്നു. എല്ലാറ്റിനുമുപരി ജീവന്‍ കൊടുത്തും സ്വന്തം ഗോത്രസമൂഹത്തിന്‍റെ സുസ്ഥിതിയും അതിന്‍റെ തനിമയും നിലനിര്‍ത്താന്‍ അംഗങ്ങള്‍ ശ്രമിച്ചിരുന്നു. അതിന്‍റെ ഭാഗമായി ശക്തമായ ഗോത്രമനസും രൂപപ്പെട്ടിരുന്നു. അതായത്, ഗോത്രം എന്ന സ്വത്വബോധം ഉറച്ചുകഴിഞ്ഞാല്‍പ്പിന്നെ സത്യവും ധര്‍മ്മവുമൊക്കെ ഗോത്രനേതാക്കള്‍ പറയുന്നതായിരിക്കും. അതിനപ്പുറം ആരും ആലോചിച്ചു മിനക്കെടുകയും വേണ്ട. ആരെങ്കിലും ഗോത്രന്യായങ്ങള്‍ മറികടന്നു ചിന്തിച്ചാലും പ്രവര്‍ത്തിച്ചാലും അവന്‍ ഗോത്രത്തിനുള്ളിലെ കറുത്ത കുതിരയായി മാറും. അവന്‍ പുറത്താകും. കുലത്തിന്‍റെ മാമൂലുകള്‍ക്കെതിരെ നില്ക്കുന്നവരെ കുലംകുത്തികള്‍ എന്ന ചാപ്പകുത്തി പുറത്താക്കും.

നരവംശശാസ്ത്രപരമായി ശോഷിച്ചുവരുന്ന ഗോത്രവ്യവസ്ഥ ഇക്കാലത്ത് ഒരുതരം സാമൂഹിക മാനസികാവസ്ഥയായി വികസിച്ചുവരുന്നുണ്ട്. അതായത്, അനേകംപേര്‍ ഏതെങ്കിലും സാമൂഹിക ഗോത്രങ്ങളിലെ അംഗത്വം മാനസികമായി എടുക്കുന്നുണ്ട്. അത്തരത്തില്‍ അനേകം ആധുനികഗോത്രങ്ങള്‍ പല രൂപത്തില്‍ നമ്മുടെ സമൂഹത്തില്‍ നിലനില്ക്കുന്നുമുണ്ട്. കേഡര്‍സ്വഭാവമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍, ഏതെങ്കിലും തരത്തില്‍ ന്യൂനപക്ഷ ബോധം ഭരിക്കുന്ന സംഘടനകള്‍, ഉള്ളടുപ്പമുള്ള സാമൂഹികപ്രസ്ഥാനങ്ങള്‍, ആശയക്കൂട്ടങ്ങള്‍, സഭകള്‍ക്കുള്ളിലെ ഉള്‍പ്പിരിവുകള്‍, ആത്മീയമുന്നേറ്റങ്ങള്‍, വിരളമായിട്ടാണെങ്കിലും സന്യാസസമൂഹങ്ങള്‍, ചില ഇന്‍റര്‍നെറ്റ് കൂട്ടായ്മകള്‍, ഒരേ ജോലി ചെയ്യുന്നവരുടെ സമൂഹമോ സംഘടനയോ, ഒരേ പദവിലെത്തിയ വ്യക്തികളുടെ സംഘം തുടങ്ങിയവയൊക്കെ അംഗങ്ങളില്‍ ഗോത്രസ്വാധീനം ചെലുത്താം. അതില്‍ത്തന്നെ മോശപ്പെട്ട കാര്യമല്ല ഇത്. പക്ഷേ, കരുതലില്ലെങ്കില്‍ വ്യക്തികളുടെ മനസ്സും മനഃസാക്ഷിയും ഗോത്രബോധം തട്ടിയെടുക്കും. അതു ക്രൈസ്തവോചിതമല്ലാത്ത രീതിയിലേക്ക് വ്യക്തികളെ നയിക്കും. അതില്‍ യാതൊരു പ്രശ്നവും അവര്‍ കാണാതിരിക്കുകയും ചെയ്യും.

ഗോത്രമനസിനു കീഴ്പ്പെട്ടു കഴിഞ്ഞാല്‍ ഗോത്ര പിതാവ് പറയുന്നതാണ് ശരി. അയാള്‍ വെട്ടാന്‍ പറഞ്ഞാല്‍ അവര്‍ തട്ടും; ഇരിക്കാന്‍ പറഞ്ഞാല്‍ അവര്‍ കിടക്കും. തങ്ങളുടെ ഗോത്രത്തിനുവേണ്ടി ചാവേറാകുന്നതില്‍ അവര്‍ അഭിമാനിക്കും. എതിര്‍കക്ഷികളെ തകര്‍ക്കാന്‍ അവര്‍ ഏതിനം തന്ത്രവും പയറ്റും. തങ്ങളുടെ ഗോത്രസംഘത്തിനു പുറത്തുള്ളവരെ എപ്പോഴും സംശയത്തോടെയേ കാണൂ. അവരില്‍ ഒരാളും ഗതിപിടിക്കാതിരിക്കാന്‍ നിരന്തരം ശ്രമിക്കും. തങ്ങള്‍ക്കിണങ്ങിയ രീതിയില്‍ ദൈവത്തെ സങ്കല്പിക്കും. തങ്ങള്‍ക്കനുകൂലമായി മാത്രം വേദപുസ്തകങ്ങള്‍ വ്യാഖ്യാനിക്കും; പാരമ്പര്യങ്ങള്‍ എഴുതിയുണ്ടാക്കും; ഗോത്രബോധം പരത്താന്‍ പാകത്തിനുള്ള പേരുകള്‍ അവര്‍ സ്വയം അണിയും. എന്നാല്‍, സത്യം നിഷേധിക്കുകയും ന്യായത്തിനു വില പറയുകയും സാഹോദര്യത്തെ കൊല്ലുകയും ചെയ്യുന്ന ഗോത്രബോധം ഏതു സംഘത്തിന്‍റേതാണെങ്കിലും സുവിശേഷവിരുദ്ധവും അതിനാല്‍ത്തന്നെ അക്രൈസ്തവവുമാണ്.

ഈശോ തന്‍റെ യൂദാഗോത്രമഹിമയോ ദാവീദിന്‍റെ വംശപാരമ്പര്യമോ കാര്യമാക്കിയില്ല. ആചാര വിധേയത്വത്തിന്‍റെ കാര്യത്തില്‍ അവന്‍ ഒരു സമ്പൂര്‍ണ്ണ യഹൂദനായിരുന്നില്ല. സമുദായത്തിന്‍റെ വിളുമ്പില്‍ കഴിഞ്ഞവന്‍ (marginal Jew) എന്നാണ് ആധുനികബൈബിള്‍ പണ്ഢിതരില്‍ ചിലരെങ്കിലും അവനെ ശരിയായി വിശേഷിപ്പിക്കുന്നത്. തന്‍റെ സാര്‍വ്വത്രികമായ രക്ഷാദൗത്യം ഒരു ഗോത്രബോധവും തട്ടിപ്പറിക്കരുതെന്ന് അവനു നിര്‍ബന്ധമുണ്ടായിരുന്നു. ക്രിസ്തുശിഷ്യന്മാരുടെ അവബോധവും മറ്റൊന്നാകാന്‍ പാടില്ല. സത്യം, നീതി, സ്നേഹം, സാഹോദര്യം, ആത്മാക്കളുടെ രക്ഷ, ദൈവമഹത്ത്വം തുടങ്ങിയ അടിസ്ഥാനമൂല്യങ്ങള്‍ അട്ടിമറിക്കുന്ന വിധം ഏതെങ്കിലും ഗോത്രബോധം നമ്മെ ഭരിക്കുന്നുണ്ടെങ്കില്‍ നാം ക്രൈസ്തവരല്ല. ക്രിസ്തു തുടങ്ങിവച്ച ദൈവരാജ്യത്തിന്‍റെ പുറത്തുനിന്നുകൊണ്ട്, മറ്റേതെല്ലാം ഗോത്രങ്ങളില്‍ അംഗത്വമെടുത്താലും എന്തുകാര്യം?

Leave a Comment

*
*