സത്യം പറയുന്നവരെല്ലാം സത്യസന്ധരല്ല!!

സത്യം പറയുന്നവരെല്ലാം സത്യസന്ധരല്ല!!

പന്ത്രണ്ടാം ക്ലാസ്സ് കഴിയുന്ന തിരഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ സംഗമം 2017 ഡിസംബറില്‍ കാക്കനാട് മൗണ്ട് സെന്‍റ് തോമസില്‍ നടക്കുന്നു. ഓരോ രൂപതയില്‍ നിന്നും ഏറ്റവും മിടുക്കരായ ആറു പേര്‍ വീതം സംബന്ധിക്കുന്ന പ്രതിഭാസംഗമത്തില്‍ കേരളത്തിന്‍റെ മുന്‍ പൊലീസ് മേധാവി ബഹുമാന്യനായ ശ്രീ. ജേക്കബ് പുന്നൂസ് സംസാരിക്കുന്നു. ചര്‍ച്ചകള്‍ക്കായി അനുവദിച്ച സമയത്തു യുവത്വത്തിന്‍റെ ആവേശത്തോടെ അന്നു കേരളത്തിലെ സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെ നടക്കുന്ന ചില പ്രശ്നങ്ങളെ അവര്‍ ചൂണ്ടിക്കാട്ടി. അഴിമതിക്കെതിരെ നില്ക്കുന്നവര്‍ ബലിയാടുകളാകുന്നു, ക്രൂശിക്കപ്പെടുന്നു. സ്ഥിരം സ്ഥലം മാറ്റപ്പെടുന്നു!!

സൗമ്യമായിരുന്നു ജേക്കബ് പുന്നൂസ് സാറിന്‍റെ മറുപടി. അദ്ദേഹം പറഞ്ഞു: എന്‍റെ പ്രിയ അനുജന്മാരേ, അനുജത്തിമാരേ… ഒരു കാര്യം നിങ്ങള്‍ എന്നും അറിഞ്ഞുകൊള്ളണം. "സത്യം പറയുന്നവരെല്ലാം സത്യസന്ധരല്ല!" സത്യം പറയേണ്ട രീതിയിലും പറയേണ്ട വിധത്തിലും പറയേണ്ട സ്ഥലങ്ങളിലും കൃത്യമായി പറയുന്നവനാണു സത്യസന്ധന്‍. തന്‍റെ ഔദ്യോഗികജീവിതത്തില്‍ സംസ്ഥാന മുഖ്യമന്ത്രിമാരോടു മുതല്‍ കൃത്യതയോടെ തന്‍റെ നയം വ്യക്തമാക്കുകയും സത്യത്തിനോ മനഃസാക്ഷിക്കോ കൂട്ടുനില്ക്കാനാവാത്ത അവസ്ഥയില്‍ അതിനോടെല്ലാം അകലം പാലിച്ചു മാറിനില്ക്കുകയും ചെയ്ത അനുഭവങ്ങള്‍ അദ്ദേഹം വിവരിച്ചു. അത്തരം അവസരങ്ങളില്‍ പത്രസമ്മേളനം നടത്തി തന്‍റെ നയം പ്രഖ്യാപിച്ചു "ഗ്ലാമര്‍" പരിവേഷമെടുക്കാമായിരുന്നു. ഒരു വിശദീകരണം നല്കി തെറ്റിദ്ധരിക്കുന്നവരുടെ മുന്നില്‍ നീതിമാനാകാമായിരുന്നു. അല്ലെങ്കില്‍ സത്യമെങ്കിലും ധരിപ്പിക്കാമായിരുന്നു. എന്നാല്‍ ഇങ്ങനെയുള്ള ഗ്ലാമര്‍ പരിവേഷമുണ്ടാക്കുന്നതാണു സത്യസന്ധത എന്നോ അതാണു കേമത്തമെന്നോ നിങ്ങള്‍ ധരിക്കരുത്.

ഈ ആഴ്ചയുടെ സാഹചര്യം പറയുന്നതുപോലും വ്യത്യസ്തമല്ലല്ലോ. രാഷ്ട്രീയവും മതവും സാമൂഹ്യപ്രവര്‍ത്തനവും സന്നദ്ധ സംഘടനകളും എല്ലാം ഇന്ന് ഇത്തരം 'സത്യസന്ധരെ'ക്കൊണ്ട് നിറയുകയാണ്. 150 കോടി വരെ കൊടുത്ത് അപ്പുറത്തുനിന്നു ജയിച്ചവനെ ഇപ്പുറത്താക്കാന്‍ സര്‍വസന്നാഹങ്ങളും നടത്തിയിട്ടു തങ്ങളുടെ സത്യസന്ധത ഉളുപ്പില്ലാതെ പ്രസംഗിക്കുന്നവര്‍ ഒരു വശത്ത്. ഒരു നയത്തിനും പാര്‍ട്ടിക്കും വേണ്ടി ജയിച്ചിട്ട് ഒരു ദിവസം പിന്നിടുമ്പോള്‍ പുറത്തു കാണിച്ചാല്‍ ചാടിപ്പോകുമോ എന്നു ഭയന്നു ബന്ധനത്തിലാക്കി സൂര്യപ്രകാശമേല്ക്കാതെ വോട്ടുപെട്ടിക്കു മുന്നില്‍ കൊണ്ടുവരുന്ന ചങ്കുറപ്പില്ലാത്ത വ്യക്തിത്വങ്ങളുടെ 'സത്യസന്ധത' മറുവശത്ത്.

മഹാത്മാഗാന്ധിയും അബ്രാഹം ലിങ്കണും എല്ലാം ചൂണ്ടിക്കാട്ടിയ സത്യം അന്യംനിന്നു പോവുകയാണോ? സത്യസന്ധതപോലും ഹൃദയത്തിന്‍റെ വിഷയമാവാതെ പോപ്പുലാരിറ്റിയുടെ വിഷയമാവുകയാണോ? നമ്മെ സ്വാതന്ത്ര്യത്തിലേക്കു നയിക്കുന്ന സുവിശേഷമൂല്യമായ സത്യത്തെ നമുക്ക് ആശ്ലേഷിക്കാം. സത്യസന്ധത പ്രഘോഷണവിഷയമാകാതെ പ്രവര്‍ത്തന വിഷയമാക്കാം. സത്യത്തില്‍ വ്യാപരിക്കാന്‍ സാധിക്കാത്ത ആശയങ്ങളോടു പ്രസ്ഥാനങ്ങളോട് ഇടങ്ങളോടു ധീരതയോടെ നല്ല നമസ്കാരം പറഞ്ഞു പിരിയാം. സത്യം മാത്രമായ ഈശോയില്‍ അഭയം പ്രാപിക്കാം.

ഏതേതു മേഖലയിലായാലും സത്യം സംസാരവിഷയം മാത്രമാകുന്ന അപകടകരമായ അവസ്ഥ മാറേണ്ടിയിരിക്കുന്നു. പറയേണ്ട രീതിയിലും പറയേണ്ട വിധത്തിലും പറയേണ്ട സ്ഥലങ്ങളിലും സത്യം പറയുന്ന സത്യസന്ധരെ ഇന്നു ലോകത്തിന് ആവശ്യമുണ്ട്. അതു സിവില്‍ സര്‍വീസില്‍ വേണം, രാഷ്ട്രീയത്തില്‍ വേണം, മതത്തിലും സാമൂഹ്യപ്രവര്‍ത്തകരിലും വേണം. ജേക്കബ് പുന്നൂസ് സാര്‍ പറഞ്ഞവസാനിപ്പിക്കുമ്പോള്‍ അത്ഭുതത്തോടെ അദ്ദേഹത്തെ നോക്കിയിരിക്കുന്ന യുവജനങ്ങളെയാണു ഞാന്‍ കണ്ടത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org