സന്യാസത്തിന്‍റെ സൗന്ദര്യം നശിപ്പിക്കുന്നവര്‍

തിരുസഭയുടെ സൗന്ദര്യമാണ് സന്യാസം. സഭയില്‍ ഇരുള്‍ പരന്നപ്പോഴെല്ലാം പ്രകാശഗോപുരങ്ങളായി ഉയര്‍ന്നുനിന്നത് സന്യസ്തരാണ്. മതമര്‍ദ്ദനകാലത്തെ സഭാപിതാക്കന്മാര്‍ മുതല്‍ ഇരുണ്ടയുഗത്തിലെ അസ്സീസി പുണ്യവാനും പ്രൊട്ടസ്റ്റന്‍റു വിപ്ലവത്തെ പ്രതിരോധിച്ച ഇഗ്നേഷ്യസ് ലെയോളയും റോക്കോസ്-മേലൂസ് ശീശ്മയെ പ്രതിരോധിച്ച ചാവറയച്ചന്‍ വരെ ഇതിന്‍റെ സജീവസാക്ഷ്യങ്ങളാണ്. സുവിശേഷത്തിന്‍റെ പ്രായോഗിക മുഖമാകുന്ന സന്യസ്തര്‍ സഭയുടെ നന്മയുടെ പ്രതീകമാണ്. മദര്‍ തെരേസ മുതല്‍ എയ്ഡ്സ് രോഗിയെ പരിചരിക്കുന്ന സിസ്റ്റര്‍ വരെ സുവിശേഷത്തിന്‍റെ കരുത്ത് ലോകത്തിനു വെളിപ്പെടുത്തുന്നവരാണ്. സുവിശേഷസത്യങ്ങള്‍ക്ക് നല്കപ്പെട്ട ഏറ്റവും നല്ല വ്യാഖ്യാനം സന്യാസിനിമാരുടെ ജീവിതമായിരുന്നു.

സഭയുടെ ശക്തി സന്യാസമാണെന്ന തിരിച്ചറിവില്‍ നിന്ന് സന്യാസഹിംസയ്ക്കുള്ള പടപ്പുറപ്പാട് ആരംഭിച്ച വിവരം വൈകിയാണെങ്കിലും നാം തിരിച്ചറിയണം. കേരളത്തിലെ വര്‍ഗ്ഗീയ ചേരിതിരിവിന്‍റെ വക്താക്കളായ ജിഹാദികളും സംഘികളും ഈ ലക്ഷ്യത്തിനായി കൈ കോര്‍ത്തു എന്ന സത്യവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സഭയുടെ ശത്രുക്കള്‍ കുമ്പസാരത്തിനും പൗരോഹിത്യത്തിനും സഭാസംഘടനയ്ക്കും എതിരെ മുന്‍കൂട്ടി തയ്യാറാക്കിയ സമരപന്തലില്‍  പീഡിതയായ  സഹോദരിയുടെ സഹപ്രവര്‍ത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്‍റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാന്‍ നാം വൈകി. കത്തോലിക്കാ സഭാവിരുദ്ധരുടെ സമരത്തെ സന്യസ്തരുടെ സമരമാക്കാന്‍ കഴിഞ്ഞതാണ് അവരുടെ വിജയം. സഭാധ്വംസനത്തിന് സംഘപരിവാറില്‍നിന്നോ ജിഹാദികളില്‍നിന്നോ ക്വട്ടേഷന്‍ സ്വീകരിച്ചിട്ടുള്ള ചില മുഖ്യധാരാ മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തില്‍ കേരളസഭ പകച്ചുപോയി എന്നതാണു സത്യം. എന്നാല്‍ ഈ നാടകത്തില്‍നിന്ന് നാം ചില സന്യാസപാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്.

ഒന്നാമതായി, നമ്മുടെ സമര്‍പ്പിതരുടെ ആവശ്യങ്ങളെയും ആവലാതികളെയും കൂടുതല്‍ ഗൗരവത്തോടെ പരിഗണിക്കേണ്ടതുണ്ടെന്ന പാഠമാണ്. തിരുസഭയുടെ നന്മയുടെ മുഖങ്ങളായ സമര്‍പ്പിതരെ അടിമകളും പീഡിതരും അവമാനിതരുമായി ചിത്രീകരിച്ച് സന്യാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അവസരം കൊടുക്കാതിരിക്കാനുള്ള ബോധപൂര്‍വമായ ശ്രമം ആവശ്യമാണ്. സന്യാസത്തിന്‍റെ ആവൃതിക്കുള്ളിലെ യാഥാര്‍ത്ഥ്യങ്ങളെക്കുറിച്ച് കുറേക്കൂടി യാഥാര്‍ത്ഥ്യബോധമുള്ള വെളിപ്പെടുത്തലുകള്‍ ആവശ്യമാണ്. സന്യാസത്തില്‍ വഴിതെറ്റിയവരെ സന്യാസത്തിന്‍റെ മാനദണ്ഡങ്ങളായി അവതരിപ്പിക്കുന്ന മാധ്യമ ക്രൂരതയെ പ്രതിരോധിക്കാന്‍ സന്യാസത്തിന്‍റെ സന്തോഷത്തെക്കുറിച്ച് തുറന്നെഴുത്തുകള്‍ ആവശ്യമാണ്. മദര്‍ തെരേസമാരായി പ്രവര്‍ത്തിക്കുന്ന സന്യാസികളെ മുഖ്യധാരയില്‍ ആദരിക്കാന്‍ സഭയൊന്നാകെ മുന്‍കൈ എടുക്കണം.

രണ്ടാമതായി, എണ്ണമല്ല ഗുണമാണ് പ്രധാനം എന്ന തിരിച്ചറിവ് സന്യാസാധികാരികള്‍ക്ക് ആവശ്യമാണ്. സന്യാസത്തിന്‍റെ മഹത്ത്വം മനസ്സിലാക്കാന്‍ കഴിവില്ലാത്ത ചിലരെങ്കിലും ആവൃതിക്കുള്ളില്‍ കുടുങ്ങിപ്പോയിട്ടുണ്ട്. മാന്യമായ മാര്‍ഗങ്ങളിലേക്ക് അവരെ കൈപിടിച്ചു കടത്തിവിടാന്‍ സന്യാസ നേതൃത്വത്തിനു കഴിയണം. സന്യാസത്തെ തോന്ന്യാസമാക്കി മാറ്റുന്നവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് ഒട്ടും അമാന്തം പാടില്ല. അച്ചടക്ക നടപടികള്‍ സമയാസമയങ്ങളില്‍ സ്വീകരിക്കാന്‍ അധികാരികള്‍ കാട്ടിയ അമാന്തമാണ് സഭയ്ക്കൊന്നാകെ അപമാനകരമായ അവസ്ഥയുണ്ടാക്കിയത്. ദൈവവിളിയുടെ വിവേചനത്തിലും എണ്ണത്തെക്കാള്‍ ഗുണത്തെ മുറുകെപ്പിടിക്കാന്‍ കഴിയാതെ പോയതും സമകാലിക വിഷയങ്ങളുടെ പിന്നാമ്പുറ സത്യമാണ്.

മൂന്നാമതായി, ഇനിമേല്‍ ഒരു കുട്ടിപോലും മഠത്തില്‍ ചേരാന്‍ പാടില്ല എന്ന വ്യക്തമായ പ്രഖ്യാപനത്തോടെയാണ് സമകാലിക സന്യസ്തസമരം താല്ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത് എന്നത് ശ്രദ്ധിക്കണം. വിവേകത്തെക്കാള്‍ വികാരത്താല്‍ നയിക്കപ്പെടുന്ന ഒരു മുന്‍ ന്യായാധിപനും മലയാളസാഹിത്യത്തിലെ ശിക്കാരി ശംഭുവായ ഒരു സാഹിത്യകാരനുമാണ് ഈ ആഹ്വാനങ്ങള്‍ പരസ്യമായി നല്കിയത്. സന്യസ്തരുടെ ആത്മാഭിമാനത്തെ അടച്ചാക്ഷേപിച്ച ഇവര്‍ സന്യാസത്തിലേക്കുള്ള കവാടങ്ങളെ പൂട്ടി മുദ്രവയ്ക്കാനാണ് ശ്രമിക്കുന്നത്. ദൈവവിളിയുടെ നീരുറവകള്‍ ഇത്തരം വികടത്വങ്ങളാല്‍ മലിനമാകാതിരിക്കാന്‍ സഭയൊന്നാകെ ജാഗ്രത പാലിക്കണം. നമ്മുടെ ഓരോ വാര്‍ഡുപ്രാര്‍ത്ഥനകളിലും കുടുംബകൂട്ടായ്മകളിലും ദൈവവിളിയെക്കുറിച്ച് ആത്മാര്‍ത്ഥമായ പഠനങ്ങളും വിലയിരുത്തലുകളും യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ നടത്തണം.

നാലാമതായി, സഭാവിരുദ്ധര്‍ നിര്‍ബാധം മേയുന്ന സോഷ്യല്‍ മീഡിയായില്‍ സഭയുടെ മക്കള്‍ സജീവമാകണം. നിക്ഷിപ്ത താല്പര്യങ്ങളാല്‍ നയിക്കപ്പെടുന്ന സഭയിലെ ഒരു ശതമാനം പോലും ഇല്ലാത്ത സഭാവിരുദ്ധരുടെ അഭിപ്രായപ്രകടനങ്ങള്‍കൊണ്ട് സാമൂഹികമാധ്യമങ്ങള്‍ മലിനമാക്കപ്പെട്ടിരിക്കുന്നു. സഭയ്ക്കെതിരായി നല്കപ്പെടുന്ന നിരീക്ഷണങ്ങളിലെ നിക്ഷിപ്ത താല്പര്യങ്ങള്‍ക്കെതിരേ ഒരു വരിയെങ്കിലും എഴുതി പ്രതികരിക്കാതെ നാം നിസ്സംഗരാകരുത്. ഫോര്‍വേഡു ചെയ്തു കിട്ടിയ മെസേജ് ആണെങ്കിലും ഫോര്‍വേഡു ചെയ്തവരോടു നാം പ്രതികരിക്കണം.

മാധ്യമങ്ങള്‍ സഭയ്ക്കെതിരായതിനാല്‍ നാം ആശങ്കപ്പെടേണ്ടതില്ല. നൂറ്റാണ്ടുകള്‍കൊണ്ട് സഭ ആര്‍ജ്ജിച്ച സന്ന്യാസത്തിന്‍റെ പുണ്യങ്ങളെ തമസ്കരിക്കാന്‍ വഴിതെറ്റിയ ചില സന്ന്യാസികളെ കൂട്ടുപിടിച്ച് ചില മാധ്യമങ്ങള്‍ നടത്തുന്ന പരിശ്രമത്തില്‍ നാം പതറരുത്.

ഈ കാലഘട്ടത്തില്‍ സഭാസ്നേഹം പ്രകടമാക്കേണ്ടത് സാമൂഹികമാധ്യമങ്ങളില്‍ സഭയ്ക്കുവേണ്ടി സജീവ നിലപാടു സ്വീകരിച്ചുകൊണ്ടായിരിക്കണം. ചില മാധ്യമങ്ങളും സമുദായങ്ങളും വര്‍ഗ്ഗീയ അജണ്ടയോടെ സഭാനാശത്തിനു കോപ്പുകൂട്ടുമ്പോള്‍ വിദൂഷകവേഷങ്ങള്‍ അഴിച്ച് സഭയുടെ സത്യവിശ്വാസത്തിന്‍റെ സംരക്ഷകരാകാന്‍ നമുക്ക് ഒരുമിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org