കഴുതയ്ക്ക് വെളള വിരിക്കാന്‍ മനസ്സില്ലാത്തവര്‍

കഴുതയെ വെറുതെ വഴിയില്‍ കെട്ടിയിട്ടിരുന്നതാണ്. എന്നാല്‍ അവന്‍റെ കാലം തെളിഞ്ഞത് കര്‍ത്താവ് അതിനെ ഉപയോഗിക്കാന്‍ തീരുമാനിച്ചപ്പോഴാണ് (മത്താ.21:1-11). കാലം തെളിഞ്ഞു എന്നല്ല പറയേണ്ടത് അതിന്‍റെ പ്രൗഢി അങ്ങു വര്‍ദ്ധിച്ചു!! മരച്ചുവട്ടില്‍ കെട്ടപ്പെട്ടിരുന്ന കഴുതയുടെ കാല്‍പ്പാടുകള്‍ നിലത്തു പതിക്കുന്നിടത്ത് ആളുകള്‍ വഴിയില്‍ വസ്ത്രം വിരിച്ചുകൊടുക്കുന്നു (മത്താ. 21:8)!!! കഴിഞ്ഞ ഇരുപത് വര്‍ഷമായി ഈയുള്ളവന്‍ നടക്കുന്ന വഴികളില്‍ വെളളവസ്ത്രം വിരിക്കുകയും, കാണുമ്പോള്‍ ബഹുമാനത്തോടെ കൈ കൂപ്പുകയും, ആശീര്‍വാദത്തിനായി തലകുനിക്കുകയും, സ്നേഹത്തോടെ സമീപിക്കുകയും എല്ലാം ചെയ്യുമ്പോള്‍ പത്രോസിനെപ്പോലെ ഞാനും രഹസ്യമായി ചിന്തിച്ചുപോയിട്ടുണ്ട്… കര്‍ത്താവേ ഈ ജന്മം മാത്രമല്ല എന്നും എന്നും ഇവിടെ ആയിരിക്കുന്നതാണ് നല്ലത്!! നീ അനുവദിച്ചാല്‍ നമുക്ക് ഇവിടെത്തന്നെ കൂടാരമടിക്കണം (മത്താ. 17,4)!! എന്നാല്‍ കഴുതയ്ക്ക് വെളളവിരിച്ചവര്‍ക്കും എന്‍റെ മുമ്പില്‍ തലകുനിച്ചവര്‍ക്കും ഒരു കാര്യം ഉറപ്പുണ്ടായിരുന്നു. ഞങ്ങളുടെ വ്യക്തിപരമായ മേന്മയല്ല ചുമലില്‍ (ജീവിതത്തില്‍) പേറുന്ന കര്‍ത്താവായ ക്രിസ്തുവിനു വേണ്ടിയാണ് അവര്‍ ഇത് ചെയ്യുന്നത്. യേശുവില്ല എന്ന് അവര്‍ എന്ന് ഉറപ്പുവരുത്തുന്നോ.. അന്ന് അവര്‍ തിരിഞ്ഞു നടക്കും.

ആളുകള്‍ തിരിഞ്ഞുനടക്കുമ്പോള്‍, കുറവുകള്‍ പരസ്യപ്പെടുത്തിയവരെയും നാണക്കേടുണ്ടാക്കിയവരെയും ഞാന്‍ നഖശിഖാന്തം എതിര്‍ക്കുന്നു. എന്‍റെ കുറവിനെ വലുതാക്കി കാണിച്ച മാധ്യമങ്ങള്‍ക്കെതിരെയും മറ്റുളളവര്‍ക്കെതിരെയും വാളെടുക്കുന്നു. ശരിയാണ് അവര്‍ നമ്മുടെ കുറവിനെ ധാരാളമായി പ്രതിബിംബിപ്പിച്ചവരാണ്. എന്നാല്‍ അവര്‍ നമ്മിലെ കുറവിനെയാണ് വലുതാക്കിയതെങ്കില്‍ അവരെ ചീത്തപറയാന്‍ എടുക്കുന്ന പരിശ്രമത്തില്‍ അല്പം, ആ കുറവിനെ അറിയാനും ഇല്ലാതാക്കാനുമുളള വിനയം കാട്ടിയാല്‍ പിന്നെ പ്രതിബിംബിക്കാന്‍ ഒന്നുമില്ലാതാകും… ക്രിസ്തു നമ്മില്‍ വസിക്കും, വീണ്ടും കാല്‍പാദങ്ങളില്‍ വെളളവിരിക്കും.

എനിക്കെതിരെ ആരോപണമുന്നയിക്കുന്നതിന് ഇതു മാത്രമേ കാരണമുളളൂ എന്നു കരുതാനാവില്ല. മറ്റു രണ്ടു കാരണങ്ങള്‍കൂടി ഞാന്‍ കാണുന്നുണ്ട്. ആദ്യമായി ഇത് ഗൂഢാലോചന മൂലമാകാം, തെറ്റിദ്ധാരണയുമാകാം. അതായിരുന്നല്ലോ കുരിശുമരണം. അത് ഉത്ഥാനത്തിന്‍റെ മഹത്ത്വം പേറുന്നതാണ്. കാരണം ലോകം നിങ്ങളെ ദ്വേഷിക്കുന്നു എങ്കില്‍ അതിനുമുമ്പേ അത് അവനെ ദ്വേഷിച്ചിട്ടുണ്ട് (യോഹ. 15, 18). ഇത് രക്ഷാകരകര്‍മ്മത്തിലെ പങ്കുവയ്ക്കലാണ്. ഇവിടെ കുത്സിതമാര്‍ഗത്തിലൂടെ രക്ഷപ്പെടാന്‍ നോക്കരുത്. ഒന്നുമാത്രം പ്രാര്‍ത്ഥിക്കാം: എന്‍െറ പിതാവേ, സാധ്യമെങ്കില്‍ ഈ പാനപാത്രം എന്നില്‍ നിന്നകന്നു പോകട്ടെ. എങ്കിലും എന്‍െറ ഹിതം പോലെയല്ല; അവിടുത്തെ ഹിതംപോലെയാകട്ടെ (മത്താ. 26:39). സത്യം നമ്മുടെകൂടെയെങ്കില്‍ ഉത്ഥാനം സാദ്ധ്യമാണ്.

മറ്റൊന്ന് എന്‍റെ ജീവിതത്തില്‍ കാറ്റും കോളും അടിക്കുമ്പോഴും, പരീക്ഷണങ്ങള്‍ നേരിടുമ്പോഴും അത് അവന്‍ അനുവദിക്കുന്നതാണെങ്കില്‍!!! നമ്മുടെ ജീവിതത്തിന്‍റെ അമരത്തു തലയിണവച്ച് ശാന്തമായി ഉറങ്ങുന്നവന്‍ എല്ലാം കാണുന്നു (മത്താ. 8:23-27) എന്ന ബോധ്യമാണ് നമ്മെ നയിക്കേണ്ടത്. നിങ്ങളെ പരിശോധിക്കാനായി അഗ്നിപരീക്ഷകള്‍ ഉണ്ടാകുമ്പോള്‍, അപ്രതീ ക്ഷിതമായതെന്തോ സംഭവിച്ചാലെന്നപോലെ പരിഭ്രമിക്കരുത് ക്രിസ്തുവിന്‍െറ പീഡകളില്‍ നിങ്ങള്‍ പങ്കുകാരാകുന്നതില്‍ ആഹ്ലാദിക്കുവിന്‍! അവന്‍െറ മഹത്ത്വം വെളിപ്പെടുമ്പോള്‍ നിങ്ങള്‍ അത്യധികം ആഹ്ലാദിക്കും (1 പത്രോ. 4:12-13).

ഇന്ന് നാം ഏറെ പഴികേള്‍ക്കുമ്പോള്‍, ഇതില്‍ ഏതു കാരണത്താല്‍ ജനം ദ്വേഷിക്കുന്നു എന്നു കണ്ടെത്തേണ്ടത് ആഴമായ മനനത്തിലൂടെ അവരവര്‍ വ്യക്തിപരമായും അവരുടെ സമൂഹമായും ആണ്. സുവിശേഷമൂല്യങ്ങളില്‍നിന്ന് അകന്നു നില്‍ക്കുമ്പോള്‍, സത്യസന്ധത, നീതിബോധം തുടങ്ങിയ ക്രിസ്തീയ സുകൃതങ്ങള്‍ അന്യം നില്‍ക്കുമ്പോള്‍… ഏതു കൂട്ടായ്മയായാലും അവരെല്ലാം ക്രിസ്തുവിനെ പേറാത്ത കഴുതകള്‍ മാത്രമല്ലേ? ക്രിസ്തു ചുമലില്‍നിന്ന് ഇറങ്ങിപ്പോയിട്ടും ഇന്നും ആളുകള്‍ ബഹുമാനിക്കുന്നില്ല എന്നു പറഞ്ഞു പരിതപിക്കുമ്പോള്‍ അവര്‍ വെറും കഴുതകളായി മാറുന്നു. അവര്‍ക്ക് വെളളവിരിക്കാന്‍ മനസ്സില്ലെന്നു ജനം പറയുന്നു. അത്തരം യോനമാര്‍ ഈ കപ്പലില്‍നിന്ന് പുറത്തെറിയപ്പെടേണ്ടവരോ മാനസാന്തരപ്പെട്ട് വീണ്ടും കര്‍ത്താവിന്‍റെ പാദാന്തികത്തില്‍ അണയേണ്ടവരോ (അവനെ വീണ്ടും തോളില്‍ പേറേണ്ടവരോ) ആണ്. എന്നാല്‍ വിശ്വാസപ രീക്ഷണത്തിന്‍റെയോ, ദൈവം അനുവദിക്കുന്നതിന്‍റെയോ ഭാഗമാണിതെങ്കില്‍ കഴിഞ്ഞ രണ്ടായിരം വര്‍ഷം നമ്മോടു പറയുന്നത് വിജയത്തിന്‍റെ ചരിത്രം മാത്രമാണ്. ദൈവത്തിന്‍െറ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്നു തക്കസമയത്തു നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്‍പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ് (1 പത്രോ. 5:6).

ആഴമായ വിചിന്തനത്തിനു പകരം പരസ്പരമുളള ഏറ്റുമുട്ടലുകള്‍ ആത്മീയതയുടെ വഴിയല്ല. തങ്ങളുടെ വാദം ജയിക്കാനുളള കിടമത്സരത്തില്‍, മറ്റുളളവര്‍ നിങ്ങളോട് എങ്ങനെ പെരുമാറണമോ അതുപോലെ അവരോട് പെരുമാറാനുളള സാമാന്യ മര്യാദയുടെ സുവര്‍ണ സുവിശേഷനിയമം കാറ്റില്‍ പറത്തിയിട്ട് സത്യത്തിനുവേണ്ടി നില്‍ക്കുന്നവരെന്നും, സഭാസംരക്ഷകരെന്നും സ്വയംകൃതാര്‍ത്ഥരാകുമ്പോള്‍ അത് സമൂഹത്തിന് ഗുണമോ ദോഷമോ എന്ന് വിലയിരുത്തേണ്ടതുണ്ട്. നമ്മുടെയെല്ലാം മാതൃകയായ ഫ്രാന്‍സിസ് പാപ്പാ 2018 മാര്‍ച്ച് 19ന് പുറപ്പെടുവിച്ച 'ആനന്ദിച്ച് ആഹ്ലാദിക്കുവിന്‍' എന്ന അപ്പസ്തോലിക പ്രബോധനത്തിന്‍റെ 115-ാം ഖണ്ഡിക ഉദ്ധരിച്ച് അവസാനിപ്പിക്കുന്നു. ക്രൈസ്തവരും സൂക്ഷിച്ചില്ലെങ്കില്‍ ഇന്‍റര്‍നെറ്റുവഴിയും ആധുനിക മാധ്യമ സമ്പര്‍ക്കം വഴിയും വാക്കുകളാലുളള അക്രമങ്ങളില്‍ കുടുങ്ങിപ്പോകാവുന്നതാണ്. കത്തോലിക്കാ മാധ്യമങ്ങളില്‍ പോലും അതിരുവിട്ട്, അപകീര്‍ത്തിയും അപവാദവും പരത്തുന്നത് സാധാരണമാകുന്നതും, എല്ലാ സദാചാര മാനദണ്ഡങ്ങളും ഉപേക്ഷിക്കുകയും മറ്റുളളവരുടെ സത്പേരിന് കളങ്കം വരുത്തുന്നത് പതിവായിരിക്കുകയും ചെയ്തിരിക്കുന്നു. അതിന്‍റെ ഫലമോ, അപകടകരമായ ഒരു വിഭാഗീകരണമാണ്. പൊതുവേദിയിലെ ഒരു പ്രഭാഷണത്തില്‍ പറയരുതാത്ത കാര്യങ്ങള്‍ ആധുനിക ജനസമ്പര്‍ക്ക മാധ്യമങ്ങളില്‍ പറയാവുന്നതുകൊണ്ട് മറ്റുളളവരെ പഴിച്ചുകൊണ്ട് അവര്‍ തങ്ങളുടെതന്നെ അസന്തുഷ്ടിയുടെ കുറവു നികത്തുന്നു. ശ്രദ്ധേയമായ കാര്യം, ചിലപ്പോള്‍ മറ്റു കല്പനകളെല്ലാം മുറുകെപ്പിടിക്കുന്നു എന്ന് അവകാശപ്പെട്ടുകൊണ്ടുതന്നെ കളളസാക്ഷി പറയരുത് എന്ന എട്ടാം പ്രമാണത്തെ പാടെ അവഗണിക്കുന്നു. നരകത്തീ കത്തുന്ന, തടയിടാത്ത, ഒരു നാവ് എല്ലാറ്റിനെയും കത്തിച്ചു ചാമ്പലാക്കുന്നത് എങ്ങനെ എന്ന് ഇവിടെ നാം കാണുന്നു.

എനിക്ക് ആക്ഷേപമോ വേദനയോ ഉണ്ടാകുന്നത് ഏതു കാരണത്താലാണ് എന്ന് മനനം ചെയ്യുന്നവരാകണം ക്രിസ്ത്യാനികള്‍. അതു നമ്മുടെ കുറവുകൊണ്ടാണോ, അതോ ശത്രു വിതയ്ക്കുന്ന കളകളാണോ, അതോ ദൈവത്തിന്‍റെ പരീക്ഷണമാണോ എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. പകരം നമ്മുടെ ബുദ്ധിയിലൂടെ മാത്രം ശരി കാണുമ്പോള്‍, ആ ശരി മാത്രമാണ് ശരി എന്ന് ആക്രോശിക്കുമ്പോള്‍ ക്രിസ്തു ഇല്ലാത്ത ഒരു ദൈവത്തിനും, തിരുസഭയില്ലാത്ത ഒരു ക്രിസ്തുവിനും, ദൈവ ജനമില്ലാത്ത ഒരു തിരുസഭയ്ക്കും മുന്‍ഗണന നല്‍കുന്നവരായി നാം മാറിപ്പോകും (പോപ്പ് ഫ്രാന്‍സിസ് 11 നവംബര്‍ 2016, കാസ സാന്‍റ മരിയ).

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org