ബാഹ്യവസ്തുതാപരം…

തികച്ചും ബാഹ്യമാത്ര പ്രധാനമായി കാര്യങ്ങള്‍ കാണുന്നവരുണ്ട്. ഒരു പരിധിവരെ ഇതൊരു ഗുണമാണ്. എന്നാല്‍ ഇതില്‍ വലിയ ഒരു ദോഷം അടങ്ങിയിട്ടുണ്ട്. ഇത്തരക്കാര്‍ വസ്തുതകള്‍ മാത്രം കാണും; ബാഹ്യവസ്തുതകള്‍ക്ക് അകത്തും പുറത്തും അപ്പുറത്തുമുള്ള കാര്യങ്ങള്‍ അവര്‍ക്ക് അന്യമായിപ്പോകും. ആദ്യ ശ്രവണത്തില്‍ ഇതെന്തോ ഒരു ഉണക്കതത്വമാണെന്ന് നമുക്ക് തോന്നാം. വാസ്തവം അതല്ല. നമ്മുടെയിടയില്‍ ഇത്തരക്കാര്‍ ഉണ്ട്; ചില നേരങ്ങളില്‍ നമ്മളും ഇത്തരത്തില്‍ പെരുമാറാം. എന്നാല്‍ ബാഹ്യമായ പച്ചപ്പരമാര്‍ഥങ്ങള്‍ക്ക് അപ്പുറത്തുള്ള കാര്യങ്ങളിലേക്ക് കണ്ണയക്കാന്‍ കഴിവുള്ളവരാണ് നല്ല മനുഷ്യരും നല്ല ക്രൈസ്തവരും.

പത്താം ക്ലാസുകാരന്‍ തന്‍റെ ചേട്ടനോട് ഒരു യാത്രാവിവരണം നടത്തുകയാണ്. സ്കൂളില്‍നിന്ന് വരുന്നവഴി ഞങ്ങളുടെ ബസ്സ് ഒരു ലോറിയുമായി ഇടിക്കാന്‍പോയി. തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് ഇടി ഒഴിഞ്ഞുപോയത്. എന്നിട്ട്, ഇടിച്ചോ? ഏയ് ഇടിച്ചില്ല, ശരിക്കും ഇടിച്ചേനെ. ആ ഇടിച്ചില്ലല്ലോ… ഇടിച്ചില്ല എന്ന ബാഹ്യവസ്തുതയിലാണ് ചേട്ടന്‍ കയറിപ്പിടിച്ചിരിക്കുന്നത്. പക്ഷേ, ജീവിതത്തില്‍ ആദ്യമായി ഒരു അപകട രംഗത്ത് പെട്ടുപോയ അനുജന്‍റെ ഉള്ളൊന്ന് കിടുങ്ങിയിട്ടുണ്ട്. അതാ അവനീ കഥാവിവരണം നടത്തുന്നത്. എന്നാല്‍ കാര്യമാത്ര പ്രസക്തര്‍ മാത്രമായ ചേട്ടന്മാര്‍ക്ക് ഇത് മനസിലാവില്ല.

സിറിയയിലും മറ്റു ചില രാജ്യ ങ്ങളിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നു. വികാരിയച്ചന്‍ ഇക്കാര്യം വികാര നിര്‍ഭരമായി പള്ളിപ്രസംഗത്തില്‍ അവതരിപ്പിക്കുകയാണ്. അവരെ പിടിക്കുന്നു, തലവെട്ടുന്നു, ചോര തെറിക്കുന്നു… എല്ലാം കേട്ടുകഴിഞ്ഞ ഒരു നല്ല വിശ്വാസി ആലോചിക്കുന്നു, അല്ല, ഇതിനൊക്കെ നമുക്കെന്നാ ചെയ്യാന്‍ പറ്റും? തികച്ചും വസ്തുതാപരമാണ് ഈ സംശയം. നമുക്ക് ഇടപെടാന്‍ പറ്റാത്ത ഇടത്താണ് ഈ കാര്യങ്ങള്‍ നടക്കുന്നത്. പക്ഷേ, വിശ്വാസത്തിനുവേണ്ടി മരിക്കാന്‍ തയ്യാറായ അവരെപ്പോലെ നാമും സാക്ഷികളായി ജീവിക്കണം എന്നതാണ് ഇവിടെ വിട്ടുപോകുന്ന വിഷയം.

ഒരാള്‍ ബൈബിള്‍ വായിക്കാനെടുത്തു. കിട്ടിയത് മര്‍ക്കോ 5:1-13; അശുദ്ധാത്മാക്കള്‍ ബാധിച്ച ഒരുവനെ ഈശോ സുഖപ്പെടുത്തുന്ന രംഗമാണത്. രണ്ടായിരത്തോളം വരുന്ന പന്നിക്കൂട്ടത്തില്‍ അശുദ്ധാത്മാക്കള്‍ ആവസിച്ച് അവ കടലില്‍ ചാടിച്ചത്തു എന്നുപറഞ്ഞാണ് ആ രംഗം അവസാനിക്കുന്നത്. തികച്ചും വസ്തുതാഗ്രസ്തനായ ഒരാള്‍ ചിന്തിച്ചേക്കും, എന്തുമാത്രം പന്നിയിറച്ചി പാഴായി, ഇപ്പോഴത്തെ മാര്‍ക്കറ്റ് വിലയനുസരിച്ച് എന്തൊരു നഷ്ടമാണത്. സാത്താന്‍റെ മേല്‍ ദൈവത്തിന്‍റെ ശക്തി വെളിപ്പെടുന്ന സമയത്ത് തികച്ചും ഭൗതികമായ കാര്യങ്ങളില്‍ മനസ്സുടക്കുന്നവര്‍ക്ക് നഷ്ടപ്പെടുന്നത് ദൈവത്തിന്‍റെ പ്രവൃത്തികള്‍ കാണാനുള്ള കൃപയാണ്.

ഒരു പള്ളിയില്‍ ഞായറാഴ്ച്ച കുര്‍ബാനയ്ക്ക് ആളുകുറഞ്ഞു വരുന്നു. പക്ഷേ, അവരാരും കുര്‍ബാന മുടക്കുന്നില്ല. അടുത്ത പള്ളിയില്‍ കൃത്യമായി പോകുന്നുണ്ട്. തികച്ചും ബാഹ്യമാത്രമായി ചിന്തിക്കുന്ന വികാരിയച്ചന്‍ സമാധാനിക്കുന്നു, ഇപ്പോള്‍ പണ്ടത്തെപ്പോലെയൊന്നുമല്ല. യാത്രാസൗകര്യവും പാര്‍ക്കിംങ്ങ് സ്ഥലവുമൊക്കെ നോക്കിയാണ് മനുഷ്യരുടെ പള്ളീല്‍പോക്ക്. വികാരിയച്ചന്‍ ശ്രദ്ധിച്ചത് പുറംകാര്യം മാത്രമാണ്. അകത്തൊരു സംഗതിയുണ്ട്. അച്ചന്‍റെ ഉപകാരമില്ലാത്ത പ്രസംഗവും മുള്ളും മുനയുമുള്ള വാക്കുകളും. വിശുദ്ധ കുര്‍ബാനയ്ക്കുവന്ന് മനസ്സില്‍ അച്ചനെതിരെ പിറുപിറുത്ത് മറ്റൊരു പാപം ചെയ്യണ്ടല്ലോ എന്നു കരുതുന്നവരാണ് അടുത്ത പള്ളിയില്‍ അഭയം തേടുന്നത്.

ഇന്നാട്ടില്‍ മതമൗലികവാദം ശക്തിപ്പെടുന്നു; ഇന്ത്യന്‍ ഭരണ ഘടന അപകടത്തിലാണ്; മത സ്വാതന്ത്ര്യം ഭീഷണി നേരിടുന്നു തുടങ്ങിയ കാര്യങ്ങള്‍ കേള്‍ക്കുമ്പോള്‍ കേരളത്തിന്‍റെ ഒത്തനടുക്ക് ഒരു ഗ്രാമത്തിലെ ഒരു ശുദ്ധാത്മാവ് ആലോചിക്കുന്നു, ഇവിടെ ഇപ്പോ എന്താ കുഴപ്പം? പശുയിറച്ചിക്ക് വിലക്കില്ല; പന്നിയിറച്ചിയും കിട്ടുന്നുണ്ട്. പള്ളിയില്‍ പോകാനും തടസമില്ല… സ്വന്തം ദേഹത്ത് തൊടാത്തിടത്തോളംകാലം ഒന്നും പ്രശ്നമല്ല എന്നു കരുതുന്നയാള്‍.

ബാഹ്യമാത്രമായി കാര്യങ്ങള്‍ സമീപിക്കുന്നവര്‍ മരംകണ്ട് വനം കാണാതെ മടങ്ങുന്നവരാണ്; കടലിനെ നോക്കി കുറെ വെള്ളം എന്നുപറഞ്ഞ് കടലിന്‍റെ അഗാധതകള്‍ ഗ്രഹിക്കാന്‍ പറ്റാതെ മടങ്ങുന്നവരാണ്. ബാഹ്യമായ കാര്യങ്ങള്‍ക്കുപിന്നിലും അവയ്ക്ക കത്തും മറഞ്ഞിരിക്കുന്ന അര്‍ഥങ്ങളും ഭാവങ്ങളും തിരിച്ചെടുക്കുന്നവരാണ് ജീവിതം സുന്ദരമാക്കുന്നത്. വറ്റാത്ത അര്‍ഥങ്ങളുടെ സമുദ്രമാണ് ദൈവത്തിന്‍റെ പ്രവൃത്തികളോരോന്നും. ഉദാഹരണത്തിന്, കര്‍ത്താവ് ചെങ്കടലിനെ മുറിച്ച് ഇസ്രായേലിനെ ഈജിപ്തുകാരില്‍നിന്ന് രക്ഷിച്ചു. ആ പ്രവൃത്തിക്ക് പഴയനിയമത്തിലും പിന്നീട് പുതിയ നിയമകാലത്തും ഇപ്പോഴും അഗാധമായ അര്‍ഥതലങ്ങള്‍ കൈവരുന്നുണ്ട്. ദൈവത്തിന്‍റെ പ്രവൃത്തികള്‍ വെറും സംഭവങ്ങളല്ലെന്നും മനുഷ്യരുടെ പ്രവൃത്തികള്‍ വെറും ചേഷ്ടകളല്ലെന്നും ഗ്രഹിക്കണം നമ്മള്‍. ബാഹ്യമായി വെളിപ്പെട്ടതിലേറെ കാര്യങ്ങള്‍ പറയുന്നുണ്ട്, ഓരോ സംഭവവും മനുഷ്യരുടെ ഓരോ പ്രവൃത്തിയും. പക്ഷേ, സംശയം വേണ്ട. അഗാധങ്ങളെ പ്രണയിക്കുന്നവര്‍ ഉപരിതലങ്ങളെ വെറുക്കുന്നവരല്ല. അവയെ അടിത്തട്ടിലേക്കുള്ള വാതിലും വഴിയുമാക്കുന്നവരാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org