വിശ്വാസത്തിന്റെ ഭാഷ

വിശ്വാസത്തിന്റെ ഭാഷ
Published on

വിശ്വാസ പരിശീലനത്തിന്റെ പുതിയ അധ്യയനവര്‍ഷം ആരംഭിച്ചുകഴിഞ്ഞു. കുഞ്ഞുങ്ങള്‍ വിശ്വാസത്തിന്റെ ഭാഷ സംസാരിക്കാന്‍ പ്രാപ്തരാകുമ്പോഴേ വിശ്വാസപരിശീലനം ഫലപ്രാപ്തിയിലെത്തുന്നുള്ളൂ. വിശ്വാസത്തിന്റെ ഭാഷ എന്നതിന്റെ അര്‍ത്ഥം നസ്രാണിശൈലിയെന്നോ ക്രിസ്തീയ പദാവലികള്‍ തുളുമ്പുന്ന മൊഴിയെന്നോ അല്ല. ക്രിസ്തീയ വിശ്വാസം വ്യാകരണം ചമക്കുന്ന, പരിശുദ്ധാത്മാവ് ഭാവം പകരുന്ന, സുവിശേഷം ശൈലീവിന്യാസം നടത്തുന്ന ഭാഷയാണത്. പറയുന്നയത്ര സങ്കീര്‍ണ്ണമല്ല ഇക്കാര്യം. നമ്മുടെ ഹൃദയത്തില്‍ ത്തൊട്ട വിശ്വാസം സ്വഭാവികമായി നമ്മുടെ ഭാഷയെ പരുവപ്പെടുത്തും. വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുന്ന വ്യക്തികളാണ് ഈ നാട്ടില്‍ ക്രിസ്തീയ സംസ്‌കാരം ഉണ്ടാക്കുന്നത്; അവരുടെ ഭാഷണം പ്രാര്‍ത്ഥനപോലെ സ്വര്‍ഗത്തിനും ഭൂമിക്കും പ്രിയപ്പെട്ടതായിരിക്കും. ചുറ്റുമുള്ളവര്‍ക്ക് പെട്ടെന്ന് അത് മനസ്സിലാകും. പീലാത്തോസിന്റെ അരമനമുറ്റത്ത് പത്രോസിനോടൊപ്പം നിന്നവര്‍ പറഞ്ഞു, ''നീയും അവരില്‍ ഒരാള്‍ത്തന്നെ. നിന്റെ സംസാരരീതി അത് വ്യക്തമാക്കുന്നുണ്ട്'' (മത്താ. 26:73). ജറുസലെം യഹൂദന്റെയും ഗലീലി യഹൂദന്റെയും ഭാഷ ഒരുപോലെയല്ല എന്ന് അവര്‍ക്ക് അറിയാമായിരുന്നു. എന്നാല്‍ ക്രിസ്ത്യാനിയുടെ സംസാരരീതി വ്യത്യസ്തമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോഴാണ് നാം നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസപരിശീലനം ഫലസമൃദ്ധമാകുന്നത്.

സ്വര്‍ഗദൂത് സ്വീകരിച്ച പരിശുദ്ധ കന്യാമറിയം ദൈവദൂതനോട് പറഞ്ഞു, ''ഇതാ കര്‍ത്താവിന്റെ ദാസി, നിന്റെ വാക്ക് എന്നില്‍ ഭവിക്കട്ടെ.'' മറിയം ദൈവദൂതനോട് വര്‍ത്തമാനം പറഞ്ഞ ഭാഷയാണിത്. അല്ലാതെ അവളൊരു മറുപടി പ്രസംഗം പറഞ്ഞതല്ല; ഏതെങ്കിലും പ്രാര്‍ത്ഥന ഉരുവിട്ടതുമല്ല. മറിയത്തിന്റേത് വിശ്വാസത്തിന്റെ ഭാഷയാണ്.സംസാരഭാഷയെ പ്രാര്‍ത്ഥനയും പ്രാര്‍ത്ഥനാഭാഷയെ സംസാരഭാഷയുമാക്കി ഉയര്‍ത്തുന്നതാണ് വിശ്വാസത്തിന്റെ ഭാഷയുടെ മാന്ത്രികത. വേദപുസ്തകത്തിലെ കഥാപാത്രങ്ങളെ പൊതുവില്‍ വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുന്നവരും അല്ലാത്തവരുമായി നമുക്ക് വേര്‍തിരിക്കാന്‍ കഴിയും. ജോബ് വിശ്വാസത്തിന്റെ ഭാഷ മാത്രം സംസാരിച്ചപ്പോള്‍ അവന്റെ ഭാര്യയ്ക്ക് ആ ഭാഷ വഴങ്ങിയില്ല എന്നതു സ്മരണീയമാണ്. വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ രൂപപ്പെടുന്നിടത്താണ് വിശ്വാസം സംസ്‌കാരത്തില്‍ അലിഞ്ഞുചേരുന്നത്. കലയായും സാഹിത്യമായും പിന്നീടത് പുറത്തുവരും.

ക്രിസ്ത്യാനിയുടെ സംസാരരീതി വ്യത്യസ്തമാണെന്ന് മറ്റുള്ളവര്‍ക്ക് തോന്നുമ്പോഴാണ് നാം നടത്തിക്കൊണ്ടിരിക്കുന്ന വിശ്വാസ പരിശീലനം ഫലസമൃദ്ധമാകുന്നത്.

എങ്ങനെയാണ് കുഞ്ഞുങ്ങള്‍ വിശ്വാസത്തിന്റെ ഭാഷ സ്വന്തമാക്കുന്നത്? പല തലങ്ങളിലൂടെയുള്ള പരിശീലനം വഴിയാണത്. ഒന്നാമതായി, ദൈവത്തെ മുന്നില്‍നിര്‍ത്തി ജീവിതത്തിന് നങ്കൂരമിടാന്‍ അവര്‍ ശീലിക്കുമ്പോള്‍. വിശുദ്ധ ഗ്രന്ഥത്തിലെ ദൈവത്തിന്റെ ജനം വിശ്വാസത്തിന്റെ ഭാഷ സംസാരിച്ചവരാണ്. അത് ഏതെങ്കിലും പാഠശാല പകര്‍ന്നു കൊടുത്തതല്ല. ദൈവത്തിന്റെ മുന്നില്‍ അവര്‍ നൃത്തം ചെയ്തു. ദൈവത്തെ മുന്നില്‍നിര്‍ത്തി അവര്‍ യുദ്ധം ചെയ്തു. ദൈവത്തെ കണ്ടുകൊണ്ട് അവര്‍ കരഞ്ഞു. സ്വന്തം ചിരികളില്‍ അവര്‍ ദൈവത്തെ പങ്കുകാരനാക്കി. അവരുടെ ആശങ്കകളെല്ലാം ദൈവത്തിന്റെ മുമ്പില്‍ ചൊരിഞ്ഞു. ദൈവത്തോടൊപ്പം അവര്‍ സ്വപ്‌നങ്ങള്‍ കണ്ടു. ആകാശത്തിന്റെയും ഭൂമിയുടെയും ഭാവമാറ്റങ്ങള്‍ ദൈവത്തോട് ബന്ധപ്പെടുത്തി വ്യാഖ്യാനിച്ചു. ഒരു കാര്യത്തെക്കുറിച്ചും ഭാഗ്യംകൊണ്ട് നമ്മള്‍ രക്ഷപെട്ടു എന്നു പറഞ്ഞ് അവര്‍ ആശ്വസിച്ചില്ല. പിടിവിടാതെ ദൈവത്തെ പിന്തുടര്‍ന്ന ഇസ്രായേലിന് ദൈവഗ്രസ്തമായ ഭാഷ ലഭിച്ചു. ബോധ്യങ്ങളില്‍ ആഴപ്പെട്ട വിശ്വാസം നിനക്ക് ദൈവസ്പര്‍ശമുള്ള പദാവലികള്‍ തരും; നിന്റെ വാക്കുകളും ദൈവവചനവും തമ്മില്‍ രക്തബന്ധമുണ്ടാകും.

രണ്ട്, വിശ്വാസത്തിന്റെ ഭാഷ സവിശേഷമായ പദകോശത്തില്‍ ഒതുങ്ങുന്നതല്ല; വാക്കുകളുടെ ഭാവവും പ്രധാനമാണ്. ക്രിസ്തീയ വിശ്വാസം പരിശുദ്ധാത്മ പ്രേരിതമായ ഭാവം വാക്കുകളില്‍ പകരും. അടുത്ത കാലത്ത് ഫ്രാന്‍സിസ് പാപ്പ പറഞ്ഞു, പരിശുദ്ധാത്മാവിന്റേത് ധാര്‍ഷ്ട്യത്തിന്റെ ഭാഷയല്ല. ഹൃദയത്തിന്റെ തികവില്‍നിന്ന് അധരം സംസാരിക്കുമ്പോള്‍ കേള്‍വിക്കാര്‍ക്ക് മനസ്സിലാകും, ഇത് വിശ്വാസത്തിന്റെ ഭാഷയോ അല്ലയോ എന്ന്. ഏറ്റവും ലളിതമായ വര്‍ത്തമാനം പറച്ചിലിലും വിശ്വാസത്തിന്റെ ഭാവം കടന്നുവരും. ഉദാഹരണത്തിന്, ''നീ എവിടെയുണ്ട്'' എന്ന ചോദ്യത്തിലും ''ഞാന്‍ ഇവിടത്തന്നെയുണ്ട്'' എന്ന മറുപടിയിലും പലതരം ഭാവങ്ങള്‍ക്ക് സാധ്യതയുണ്ട്. അത് എന്തുമാത്രം വിശ്വാസത്തിന്റെ ഭാവം ആക്കാം എന്നതാണ് വിഷയം. ആദരവിന്റെയും ഐക്യത്തിന്റെയും സമാധാനത്തിന്റെയും വിട്ടുവീഴ്ച്ചയുടെയും ഭാവം ഉള്‍ക്കൊള്ളുന്നതാണ് വിശ്വാ സത്തിന്റെ ഭാഷ. വിശ്വാസത്തിന്റെ ഭാഷ സ്വന്തമാക്കാത്തവര്‍ മേധാവിത്വം, ലാഭം, അധികാരം, വ്യാജോക്തികള്‍, അധീശത്തം എന്നിവയുടെ ഭാഷ അടിക്കടി പറഞ്ഞുകൊണ്ടിരിക്കും.

വിശ്വാസം കേള്‍വിയില്‍നിന്ന് (റോമാ 10:17) ലഭിക്കുന്നതുപോലെ വിശ്വാസത്തിന്റെ ഭാഷയും കേള്‍വിയില്‍നിന്നാണ് രൂപപ്പെടുന്നത്. വിശ്വാസത്തിന്റെ ഭാഷ സംസാരിക്കുന്ന മുതിര്‍ന്നവരാണ് ഏറ്റവും നല്ല വിശ്വാസപരിശീലകര്‍. പാഠപുസ്തകവും അധ്യാപകരും അവര്‍ക്ക് പകരമാവുകയില്ല. എന്നാല്‍ ഇവയെല്ലാം അത്തരം വിശ്വാസ പരിശീലകര്‍ക്ക് പൂരകമാകാം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org