Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> പ്രളയകാലത്ത് പൂക്കുന്ന നന്മകള്‍

പ്രളയകാലത്ത് പൂക്കുന്ന നന്മകള്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

ഒരു മഹാപ്രളയത്തിനാണു കേരളം സാക്ഷ്യം വഹിച്ചത്. 1924-ലെ വെള്ളപ്പൊക്കത്തിനുശേഷം കേരളം ഇതുപോലൊരു പ്രളയം നേരിട്ടിട്ടില്ല. ലക്ഷക്കണക്കിന് ആളുകള്‍ പ്രളയദുരിതങ്ങള്‍ അനുഭവിക്കുന്നു. പത്തു ലക്ഷം പേരെങ്കിലും ഇതെഴുതുമ്പോള്‍ ദുരിതാശ്വാസ ക്യാമ്പുകളിലാണ്. സര്‍ക്കാര്‍ ഏജന്‍സികളും സൈന്യവിഭാഗങ്ങളും നാട്ടുകാരും സന്നദ്ധസംഘടനകളും കൂട്ടായി ശ്രമിച്ചതുകൊണ്ടാണ് ആള്‍നാശവും അനുബന്ധദുരിതങ്ങളും കുറയ്ക്കാനായത്.

ഇത്തരം ഭീകരാനുഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ ജനങ്ങളും ഔദ്യോഗികസംവിധാനവും പകച്ചുനിന്നേക്കാം. കഴിഞ്ഞ വര്‍ഷം ചെന്നൈയില്‍ വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അതു കുറച്ചൊക്കെ സംഭവിച്ചു. മലയാളികള്‍ ചെന്നാണു പല ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും നടത്തിയത്. കേരളത്തില്‍ അതുണ്ടായില്ല. ജനം ഏകമനസ്സോടെ രംഗത്തിറങ്ങി. അങ്ങനെ ഈ ദുരന്തത്തെ ധീരതയോടെ നാം അതിജീവിച്ചു, അതിജീവിച്ചുകൊണ്ടിരിക്കുന്നു.

ദുരന്തം നേരിട്ടതില്‍ പാളിച്ചകള്‍ ഉണ്ടായില്ലെന്നില്ല. സൈന്യത്തിന്‍റെ സേവനം തേടുന്നതില്‍ കാലതാമസമുണ്ടായിയെന്നു പറയുന്നു. സര്‍ക്കാരിന്‍റെ ഏകോപനം കുറ്റമറ്റതായിരുന്നുവെന്നു പറയാന്‍ കഴിയില്ല. ദുരിതബാധിതരെ രക്ഷിക്കുന്നതിനു ബന്ധപ്പെടേണ്ട അനേകം ഫോണ്‍നമ്പറുകള്‍ പരസ്യപ്പെടുത്തിയിരുന്നു. പല ഫോണില്‍ നിന്നും പ്രതികരണമുണ്ടായില്ല. പല പ്രകാരത്തിലും വിവരം നല്കിയിട്ടും രക്ഷാപ്രവര്‍ത്തകര്‍ എത്താത്ത അനുഭവങ്ങള്‍ പലതുമുണ്ട്. സര്‍ക്കാര്‍ സംവിധാനത്തിന്‍റെ അപര്യാപ്തതയാണ് ഒന്ന്. ഉദ്യോഗസ്ഥന്മാരുടെ മനോഭാവവും സമീപനവും ശൈലീജഡിലമാണ്. തികച്ചും നവ്യമായ ഒരു സാഹചര്യത്തെ നേരിടാനുള്ള മനസ്സിന്‍റെ ഉണര്‍വ് അവര്‍ക്കില്ല. പ്രശ്നങ്ങളെ നേരിടാനുള്ള സൃഷ്ടിപരമായ സമീപനം അവരുടെ ഭാഗത്തുനിന്നുണ്ടാവില്ല. അതുപോലെ സൈനികവിഭാഗങ്ങളുടെ ഭടന്മാരും ഉപകരണങ്ങളും സംവിധാനങ്ങളും കേരളത്തിന്‍റെ പ്രത്യേകതകളുമായി ചേര്‍ന്നുപോകില്ല. എങ്ങും ചിതറിക്കിടക്കുന്ന വീടുകളില്‍ നിന്നു ഹെലിക്കോപ്റ്റര്‍ വഴി ആളുകളെ രക്ഷിക്കുക പ്രായോഗികമല്ല. ശക്തമായ കാറ്റുള്ളപ്പോള്‍ ഹെലിക്കോപ്റ്റര്‍ പറക്കുകയില്ല. ചുറ്റും മരങ്ങളായതുകൊണ്ടു വീടുകളിലുള്ള ആളുകളെ കാണുകയില്ല. ആ പരാധീനത മറികടക്കാനുള്ള ആധുനികസംവിധാനങ്ങള്‍ ഇവിടെയെത്തിയ കോപ്റ്ററുകള്‍ക്ക് ഉണ്ടായിയെന്നു തോന്നുന്നില്ല. അതുപോലെ കരസേനയുടെയോ നാവികസേനയുടെയോ വലിയ ബോട്ടുകള്‍ ഉള്‍പ്രദേശങ്ങളിലേക്കു പോകുകയില്ല. ഇവിടത്തെ ഇടവഴികളിലൂടെ പോകുന്ന ചെറുബോട്ടുകളും വള്ളങ്ങളുമാണു വേണ്ടിയിരുന്നത്.

അവിടെയാണു നമ്മുടെ മത്സ്യത്തൊഴിലാളികള്‍ വിജയിച്ചത്. അവര്‍ ബോട്ടുമായി ചെന്നു ദുര്‍ഘടപ്രദേശങ്ങളില്‍ നിന്ന് ആളുകളെ രക്ഷപ്പെടുത്തി. നാട്ടറിവും മനക്കരുത്തും സര്‍ഗശേഷിയുമാണ് അവര്‍ക്കു തുണയായത്. മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല ഓരോ പ്രദേശത്തെയും ആളുകള്‍ സ്ഥലത്തു ലഭ്യമായ വിഭവങ്ങള്‍ ഉപയോഗിച്ചു സൃഷ്ടിപരമായി പ്രവര്‍ത്തിച്ചു. ഒരു കാര്യം ഉറപ്പാണ്. ഓരോ സ്ഥലത്തെയും ആളുകളാണ് അനേകരെ രക്ഷിച്ചത്. ദുരിതാശ്വാസപ്രവര്‍ത്തനങ്ങളിലാണ് ഈ പ്രാദേശിക സൃഷ്ടിപരത തെളിഞ്ഞു കണ്ടത്. സ്വന്തം വീടുകളില്‍ നിന്നു പറിച്ചെറിയപ്പെട്ടവര്‍ക്കും നാടെങ്ങും ദുരിതാശ്വാസക്യാമ്പുകള്‍ തുറക്കപ്പെട്ടു. ആരുടെയും നിര്‍ദ്ദേശങ്ങള്‍ക്ക് ആളുകള്‍ കാത്തുനിന്നില്ല. ക്യാമ്പിലുള്ളവര്‍ക്കു ഭക്ഷണവും കുടിവെള്ളവും മറ്റ് അവശ്യസാധനങ്ങളുമെത്തിക്കാന്‍ നാടെങ്ങും സുമനസ്സുകള്‍ രംഗത്തിറങ്ങി.

തൃശൂര്‍, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലായി ആറായിരത്തിലധികം ക്യാമ്പുകള്‍ തുറന്നു. പത്തു ലക്ഷത്തോളം പേരാണ് അവിടങ്ങളില്‍ കഴിയുന്നത്. ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന ഭൂരിപക്ഷം ഇടങ്ങളും ക്രൈസ്തവ ദേവാലയങ്ങളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും കലാലയങ്ങളുമാണെന്നു പറയാതെ വയ്യ. ജാതിമത ഭേദമില്ലാതെ അഭയത്തിനായി ആളുകള്‍ ആദ്യം സമീപിച്ചത് ക്രൈസ്തവസ്ഥാപനങ്ങളെയാണ്. അവിടെയെല്ലാം അവര്‍ക്ക് ആവശ്യത്തിനു ശ്രദ്ധ കിട്ടുകയും ചെയ്തു. ക്രൈസ്തവസ്നേഹത്തിന്‍റെ ഉജ്ജ്വല മാതൃകയാണ് ഈ പ്രളയകാലത്തു മുന്നോട്ടുവയ്ക്കപ്പെട്ടത്. എല്ലാവരുടെയും ഔദാര്യം ചാലുകീറി ഒഴുകിയപ്പോള്‍ ക്രൈസ്തവ ഉദാരത അണപൊട്ടിയൊഴുകുകയായിരുന്നു. വൈദികരെയും മെത്രാന്മാരെയും താറടിച്ചു കാണിക്കാന്‍ വര്‍ഗീയ അജണ്ടയുള്ള ചില മാധ്യമങ്ങള്‍ കിണഞ്ഞു ശ്രമിച്ചുകൊണ്ടിരിക്കുമ്പോഴാണു പ്രളയമുണ്ടായത്. പ്രളയത്തിന്‍റെ ആദ്യഘട്ടത്തില്‍ ചില മാധ്യമജഡ്ജിമാര്‍ രക്ഷാപ്രവര്‍ത്തനങ്ങളുടെ അപര്യാപ്തതയെപ്പറ്റി വിമര്‍ശനങ്ങള്‍ നടത്തി. ശീതീകരിച്ച മുറിയിലിരുന്ന് അവര്‍ക്ക് എന്തും വിളിച്ചു പറയാമല്ലോ. പിന്നീടു ജനത്തിന്‍റെ മാനസികാവസ്ഥ മനസ്സിലാക്കി അവര്‍ രക്ഷാപ്രവര്‍ത്തനത്തിനു സഹായകരമായ നിലപാടു സ്വീകരിച്ചുവെന്നും പറയണം.

പ്രളയകാലത്തു നമ്മുടെ യുവാക്കളുടെ പ്രവര്‍ത്തനം അത്യന്തം ശ്ലാഘനീയമായിരുന്നു. മൊബൈല്‍ഫോണില്‍ കുത്തി അധോമുഖരായി കഴിയുന്ന ചെറുപ്പക്കാര്‍ക്കു സാമൂഹികബോധം കുറവാണെന്നും ദുരന്തമുഖത്ത് അവര്‍ സെല്‍ഫിയെടുക്കുകയല്ലാതെ സഹായഹസ്തം നീട്ടുകയില്ലെന്നും പരാതിയുണ്ടായിരുന്നു. അത്തരം പരാതികള്‍ക്ക് അറുതി വരുത്തിക്കൊണ്ട് അവര്‍ ദുരന്തമുഖത്തു സര്‍വസജ്ജരായി നിലകൊണ്ടു. സെല്‍ഫിയെടുത്തവരുണ്ടാകാം, പ്രളയബാധിതഭവനങ്ങള്‍ കവര്‍ന്നവരുമുണ്ടാകാം. ഏതൊരു സമൂഹത്തിലും അത്തരം ക്രിമിനല്‍ സ്വഭാവക്കാരുണ്ടാകും. എന്നാല്‍ ഭൂരിപക്ഷവുമിവിടെ മാനുഷികതയുടെ ഉദാത്ത ഭാവങ്ങള്‍ പ്രകടമാക്കി. മനുഷ്യരുടെ, പ്രത്യേകിച്ചു ചെറുപ്പക്കാരുടെ നന്മകള്‍ പൂത്തുലഞ്ഞ അവസരമായിരുന്നു ഈ പ്രളയ കാലം.

Leave a Comment

*
*