പാപവും കുറ്റവും

പാപത്തെയും കുറ്റത്തെയും പറ്റി കൃത്യമായ ധാരണകളില്ലാത്തതുകൊണ്ടു പല ആശയക്കുഴപ്പങ്ങളുമുണ്ടാകുന്നുണ്ട്. ഇതു സംവാദങ്ങളെ മാത്രമല്ല, പ്രവര്‍ത്തനപരിപാടികളെയും ബാധിക്കുന്നു. പൊതുവായി പറയുകയാണെങ്കില്‍, ദൈവപ്രമാണങ്ങളുടെ ലംഘനമാണ് പാപം. പാപത്തെപ്പറ്റി വിചാരണ നടക്കുന്നതു മനഃസാക്ഷിയുടെ കോടതിയിലും ആത്യന്തികമായി ദൈവത്തിന്‍റെ വിധിയിലുമാണ്. സ്റ്റേറ്റിന്‍റെ നിയമങ്ങള്‍ ലംഘിക്കുന്നതു കുറ്റമാണ്. അതു നീതിന്യായക്കോടതികളില്‍ വിചാരണ ചെയ്യപ്പെടുകയും ശിക്ഷ വിധിക്കപ്പെടുകയും ചെയ്യുന്നു. പാപങ്ങളെല്ലാം കുറ്റങ്ങളാണെങ്കില്‍ അവ ചെയ്യാനുള്ള സാഹചര്യം വളരെ കുറവായിരിക്കും. അത്തരം തെറ്റുകള്‍ ചെയ്യുന്നതില്‍ നിന്നു വ്യക്തിയെ മനഃസാക്ഷിയും രാജ്യത്തിന്‍റെ നിയമങ്ങളും വിലക്കും. എന്നാല്‍ പാപങ്ങളെല്ലാം കുറ്റങ്ങളല്ല. ഒരു പ്രവൃത്തി കുറ്റമല്ലാത്തതുകൊണ്ടു പാപമാകാതിരിക്കുന്നില്ല.

ദൈവകല്പനകള്‍ക്ക് അല്ലെങ്കില്‍ ധാര്‍മ്മികനിയമങ്ങള്‍ക്കു നിയമ പരിരക്ഷ കിട്ടുന്നതു നല്ലതത്രേ. എന്നാല്‍, അവയ്ക്കുണ്ടായിരുന്ന പരിരക്ഷകള്‍ സ്റ്റേറ്റ് പലപ്പോഴായി പിന്‍വലിക്കുന്നുണ്ട്. ഉദാഹരണം, സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള ലൈംഗികബന്ധമാണ്. ബ്രിട്ടീഷുകാര്‍ 19-ാം നൂറ്റാണ്ടില്‍ നടപ്പാക്കിയ നിയമമനുസരിച്ച് അത്തരം ബന്ധം കുറ്റകരമായിരുന്നു. എന്നാല്‍ കഴിഞ്ഞ സെപ്തംബറില്‍ ഇന്ത്യയുടെ സുപ്രീംകോടതി അതു കുറ്റകരമല്ല എന്നു വിധിച്ചു. അങ്ങനെയുള്ള ബന്ധത്തിന്‍റെ പേരില്‍ പൊലീസിന് ഇനി മുതല്‍ കേസ്സെടുക്കാനോ കോടതിയില്‍ കേസ് ചാര്‍ജ് ചെയ്യാനോ കഴിയില്ല. സ്വവര്‍ഗത്തില്‍പ്പെട്ടവര്‍ തമ്മിലുള്ള വിവാഹമാകട്ടെ ഇപ്പോഴും കുറ്റകരമാണ്. അത്തരം വിവാഹബന്ധങ്ങള്‍ സ്റ്റേറ്റ് അനുവദിക്കുകയോ നിയമാനുസൃത വിവാഹത്തിന്‍റെ ആനുകൂല്യങ്ങള്‍ ബന്ധപ്പെട്ടവര്‍ക്കു ലഭിക്കുകയോ ഇല്ല. എന്നാല്‍ തങ്ങളുടെ വിവാഹബന്ധങ്ങളും നിയമാനുസൃതമാക്കണമെന്നാണ് എല്‍ജിബിടി സമൂഹം ആവശ്യപ്പെടുന്നത്. സ്ത്രീ-പുരുഷ വിവാഹത്തിന്‍റെ എല്ലാ ആനുകൂല്യങ്ങളും അവകാശങ്ങളും സ്വവര്‍ഗവിവാഹത്തിനു ലഭ്യമാക്കണമെന്ന് യു.എസ്. സുപ്രീംകോടതി വിധിച്ചിട്ടുണ്ടെന്നതു സ്മര്‍ത്തവ്യമാണ്. ഇതിനുവേണ്ടിയുള്ള മുറവിളി ഇന്ത്യയിലും കൂടുതല്‍ ഉച്ചത്തിലായേക്കാം. ഇന്ത്യയില്‍ ഭാവിയില്‍ അതു നിയമാനുസൃതമായിയെന്നും വരാം. അപ്പോഴും അതു പാപമാകാതിരിക്കുന്നില്ല. ക്രൈസ്തവവിശ്വാസികള്‍ക്ക് – മറ്റു മതവിശ്വാസികള്‍ക്കും – സ്വവര്‍ഗലൈംഗികബന്ധങ്ങളും സ്വവര്‍ഗവിവാഹങ്ങളും പ്രകൃതിവിരുദ്ധമാണ്, പാപമാണ്. സുപ്രീം കോടതി വിധിക്കെതിരെ പ്രതിഷേധിച്ചിട്ടു വലിയ കാര്യമുണ്ടെന്നു തോന്നുന്നില്ല. വിശ്വാസികള്‍ക്കിടയില്‍ പാപബോധം ഉളവാക്കുകയാണു കരണീയമായിട്ടുള്ളത്.

ദയാവധത്തിന്‍റെ സ്ഥിതിയും ഇതുതന്നെയാണ്. അമേരിക്കയിലെ ചില സംസ്ഥാനങ്ങളില്‍ ദയാവധം അനുവദനീയമാണ്. 2018 മാര്‍ച്ചിലെ സുപ്രീംകോടതി വിധി ഇന്ത്യയില്‍ സക്രിയമല്ലാത്ത ദയാവധം നിയമാനുസൃതമാക്കി. അടുത്ത ബന്ധുക്കള്‍ക്കു ജീവിതത്തിലേക്കു തിരിച്ചുവരുമെന്നു പ്രതീക്ഷയില്ലാത്ത രോഗിയുടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ സഹായിക്കുന്ന യന്ത്രങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെടാം. എന്നാല്‍, വിഷം കുത്തിവയ്ക്കുക തുടങ്ങിയ സക്രിയമായ ദയാവധം അനുവദിക്കുന്നില്ല. നിയമങ്ങളും കോടതിവിധികളും വിശ്വാസികളുടെ ബോദ്ധ്യങ്ങളെ ഉലയ്ക്കേണ്ടതില്ല. ജീവന്‍ അതിന്‍റെ ആദ്യനിമിഷം മുതല്‍ സ്വാഭാവികമായി അവസാനിക്കുന്നതുവരെ ശ്രേഷ്ഠവും അമൂല്യവുമാണെന്നാണു കത്തോലിക്കാസഭ പഠിപ്പിക്കുന്നത്. അതിനാലാണു ഭ്രൂണഹത്യയെ സഭ എതിര്‍ക്കുന്നത്. ഭ്രൂണഹത്യയാകട്ടെ ഒരു പ്രത്യേക ഘട്ടംവരെ, മിക്ക രാജ്യങ്ങളിലും അനുവദനീയമാണ്. കത്തോലിക്കാരാജ്യമായ അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിരുദ്ധമായിരുന്നു. ഗര്‍ഭച്ഛിദ്രം നിഷേധിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ ഒരു സ്ത്രീ അവിടെ മരിക്കാനിടയായി. അതേത്തുടര്‍ന്ന്, അയര്‍ലണ്ടും ഉപാധികളോടെ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി. ഗര്‍ഭച്ഛിദ്രം നിയമവിധേയമായ രാജ്യങ്ങളില്‍ അതു പാപമാണെന്നു വിശ്വസിക്കുന്ന ഡോക്ടര്‍മാരും നേഴ്സുമാരും പ്രശ്നങ്ങള്‍ നേരിടുന്നുണ്ട്. ഗര്‍ഭച്ഛിദ്ര നടപടികളില്‍ അവര്‍ക്കു പങ്കുചേരേണ്ടി വരും. മാറിനിന്നാല്‍ നടപടി നേരിടേണ്ടി വരും. ഇപ്രകാരം നടപടി നേരിടേണ്ടി വന്ന ഒരു വനിത അമേരിക്കയില്‍ കേസിനു പോകുകയും അനുകൂലമായ വിധി സമ്പാദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ ഇത്തരം ആനുകൂല്യങ്ങള്‍ കിട്ടിയെന്നു വരില്ല. കത്തോലിക്കാ ആശുപത്രികളില്‍ ഗര്‍ഭച്ഛിദ്ര ശസ്ത്രക്രിയകള്‍ നടക്കുന്നില്ല. പക്ഷേ, നാളെ നിയമത്തിന്‍റെ സമ്മര്‍ദ്ദം കത്തോലിക്കാ ആശുപത്രി മാനേജുമെന്‍റുകളിലുണ്ടാകാം.

ചുരുക്കത്തില്‍, ധാര്‍മ്മികനിയമങ്ങള്‍ക്ക് എപ്പോഴും നിയമത്തിന്‍റെ സംരക്ഷണം ലഭിക്കണമെന്നില്ല. മറിച്ച് അവയ്ക്കെതിരെ സമ്മര്‍ദ്ദം ഉണ്ടാകാം; ധാര്‍മ്മികനിയമങ്ങള്‍ പാലിക്കുന്നവര്‍ക്കു നേരെ നിയമത്തിന്‍റെ കുന്തമുനകള്‍ നീണ്ടെന്നും വരും. അപ്പോള്‍ വിശ്വാസികള്‍ ചെയ്യേണ്ടത് ധാര്‍മ്മികനിയമങ്ങളുടെ പരിരക്ഷണത്തിന് ആന്തരികപ്രതിരോധങ്ങള്‍ ശക്തിപ്പെടുത്തുകയാണ്. വിശ്വാസികളില്‍ ഇത്തരം ധാര്‍മ്മികതിന്മകളെപ്പറ്റി പാപബോധമുണര്‍ത്തണം.

ഈ പശ്ചാത്തലത്തില്‍, മദ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നത് ഉചിതമാകും. മദ്യപാനം അതില്‍ത്തന്നെ പാപമാണെന്ന് ആരും പറയുകയില്ല. മദ്യാസക്തിയാണു വര്‍ജ്ജിക്കേണ്ട തിന്മ. മദ്യാസക്തി തെറ്റാണെന്നും അനാരോഗ്യകരമാണെന്നും ആളുകള്‍ക്കു പ്രത്യേകിച്ചു വിശ്വാസികള്‍ക്കു ബോദ്ധ്യമുണ്ടാകണം. ഈ ബോദ്ധ്യമുണര്‍ത്താനാണു മദ്യവിരുദ്ധപ്രവര്‍ത്തകര്‍ പ്രഥമതഃ പരിശ്രമിക്കേണ്ടത്. മദ്യാസക്തിയെ നിരുത്സാഹപ്പെടുത്തുന്ന നിയമങ്ങള്‍ ഉണ്ടാകുന്നതു നല്ലതാണ്. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളില്‍ മദ്യ നിരോധനം നിലവിലുണ്ട്. അവസാനം മദ്യം നിരോധിച്ചതു ബീഹാറാണ്. വ്യാജമദ്യം വ്യാപകമാകുമെന്നതാണു മദ്യനിരോധനത്തിന് എതിരായി പറയുന്ന ഒരു ന്യായം. ആ പ്രശ്നം ബീഹാറില്‍ ഇല്ലെന്നാണ് അറിയുന്നത്. കാരണം അവിടത്തെ സ്ത്രീകള്‍ മദ്യനിരോധനത്തെ ശക്തമായി പിന്തുണയ്ക്കുന്നു. മദ്യനിരോധനം വഴി ബീഹാറിനുണ്ടായ സാമ്പത്തികനേട്ടങ്ങളെപ്പറ്റി ഒരു പഠനം കാണാനിടയായി. എന്നാല്‍ കേരളം വ്യാജമദ്യത്തിന്‍റെയും സാമ്പത്തികനഷ്ടത്തിന്‍റെയും പേരില്‍ മദ്യലഭ്യത കൂട്ടുകയാണു ചെയ്യുന്നത്. ഇപ്പോഴത്തെ സര്‍ക്കാര്‍ മദ്യം ആര്‍ക്കും അനായാസേന ലഭ്യമാക്കിയിരിക്കുകയാണ്. മദ്യവിരുദ്ധപ്രവര്‍ത്തകര്‍ വര്‍ഷങ്ങളായി ശ്രമങ്ങള്‍ നടത്തിയിട്ടും മദ്യപാനം കൂടുകയാണു ചെയ്തിട്ടുള്ളത് എന്നത് ഒരു വസ്തുതയത്രേ. തങ്ങളുടെ അടവുനയങ്ങളെപ്പറ്റി മദ്യവിരുദ്ധപ്രവര്‍ത്തകര്‍ പുനരാലോചന നടത്തേണ്ട ആവശ്യകതയിലേക്കാണ് ഇതു വിരല്‍ചൂണ്ടുന്നത്. മദ്യവിരുദ്ധ പ്രവര്‍ത്തകരുടെ ഊന്നല്‍ മദ്യനിരോധനത്തിലാണ്. നിയമംമൂലം മദ്യപാനം തടയുക, മദ്യപാനം കുറ്റകരമാക്കുക ഇതൊക്കെയാണ് അവര്‍ ലക്ഷ്യം വയ്ക്കുന്നത്. അതിനാല്‍ അവരുടെ മുഖ്യായുധം സമരമാണ്. സര്‍ക്കാരിനെതിരെയുള്ള സമരം. ആ സമരങ്ങളെല്ലാം ഫലശൂന്യമാവുകയാണ്. മദ്യപാനാസക്തിക്കെതിരെ ജനങ്ങളില്‍ അവബോധമുണര്‍ത്തുകയല്ലേ അവരുടെ മുഖ്യപരിപാടിയാകേണ്ടത്? അതിനു നിയമപരിരക്ഷ കിട്ടാന്‍ ശ്രമിക്കാം. പക്ഷേ, അതു ദ്വിതീയ പരിഗണനയേ അര്‍ഹിക്കുന്നുള്ളൂ. മദ്യപാനം തെറ്റാണെന്നും അപകടകരമാണെന്നുമുള്ള ബോധം വളര്‍ത്താന്‍ മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ക്കു കഴിഞ്ഞിട്ടില്ലെന്നു ഖേദപൂര്‍വം കുറിക്കട്ടെ. ഇവിടത്തെ സ്ത്രീകളെയെങ്കിലും ബോധവത്കരിച്ചാല്‍ മാറ്റങ്ങളുണ്ടാകും.

  • nellisseryg@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org