Latest News
|^| Home -> Pangthi -> കാഴ്ചപ്പാടുകള്‍ -> വ്യാജ മിശിഹാമാര്‍

വ്യാജ മിശിഹാമാര്‍

ഫാ. ജോര്‍ജ് നെല്ലിശ്ശേരി

സമ്പദ്ക്രമത്തിന്‍റെ ഘടനാപരമായ പ്രശ്നങ്ങളും ചാക്രികപ്രതിഭാസങ്ങളും നാം പിന്തുടരുന്ന വികസനമാതൃകയുടെ പരിമിതികള്‍ അംഗീകരിക്കുകയും അവയുമായി പൊരുത്തപ്പെടുകയും ചെയ്യേണ്ടതുണ്ട്. അവ താത്കാലികങ്ങളും ഭരണനേതൃത്വത്തിന്‍റെ പിടിപ്പുകേടുകൊണ്ടു മാത്രം സംഭവിക്കുന്നതുമാണെന്നു ചിന്തിക്കുകയും ചെയ്യുമ്പോള്‍ നാം പുതിയ രക്ഷകരെ തേടും. സമൂഹത്തിന്‍റെ ഇത്തരം അഭിനിവേശങ്ങളെ തിരിച്ചറിഞ്ഞു രക്ഷകരായി സ്വയം അവതരിക്കുന്നവരുണ്ട്. തങ്ങളെ ഭരണമേല്പിച്ചാല്‍ എല്ലാം ശരിയാക്കിത്തരാമെന്നാകും അവരുടെ വാഗ്ദാനം. ആ വാഗ്ദാനത്തില്‍ വിശ്വസിച്ച് അവരെ ഭരണമേല്പിച്ചാല്‍ അവര്‍ വ്യാജമിശിഹാമാരാണെന്ന് അധികം താമസിയാതെ ജനം തിരിച്ചറിയും.

അത്തരമൊരു വ്യാജമിശിഹായാണ് അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. വിഭവദാരിദ്ര്യം നേരിടുകയും വിപണി ചുരുങ്ങുകയും ചെയ്തപ്പോള്‍ അമേരിക്കതന്നെയാണു പുതിയ വിപണികള്‍ തുറന്നു കിട്ടുന്നതിനുവേണ്ടി ആഗോളീകരണം നടപ്പാക്കാന്‍ മുന്നിട്ടിറങ്ങിയത്. അന്ന് ഇന്ത്യപോലുള്ള രാജ്യങ്ങള്‍ അതിനോടു വൈമുഖ്യം കാണിച്ചപ്പോള്‍ സാമഭേദദാനദണ്ഡങ്ങളുപയോഗിച്ച് ആ രാജ്യങ്ങളെ ആഗോളവിപണിയിലേക്ക് ആട്ടിത്തെളിച്ചത് അമേരിക്കയാണ്. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണു ലോകവ്യാപാര ഉടമ്പടി നിലവില്‍ വന്നത്. ഇന്ത്യയുടെ നേതൃത്വത്തില്‍ മൂന്നാം ലോകരാജ്യങ്ങള്‍ ചില ആനുകൂല്യങ്ങള്‍ നേടിയെടുക്കുകതന്നെ ചെയ്തു.

ഇപ്പോള്‍ ട്രംപ് പറയുന്നത് ആഗോളീകരണം ശരിയല്ല എന്നാണ്. അമേരിക്കയ്ക്ക് നിക്ഷേപവും തൊഴിലും നഷ്ടപ്പെടുകയാണത്രേ. ‘ആദ്യം അമേരിക്ക’ എന്ന മുദ്രാവാക്യമാണ് ട്രംപ് ഇപ്പോള്‍ മുഴക്കുന്നത്. ഒരു വ്യാപാരയുദ്ധംതന്നെ അദ്ദേഹം തുടങ്ങിവച്ചിരിക്കുന്നു. കുടിയേറ്റത്തിന് അദ്ദേഹം എതിരാണ്. അമേരിക്കയുടെ തെക്കന്‍ അതിര്‍ത്തിയില്‍ നീളത്തില്‍ മതിലു കെട്ടുകയെന്ന മണ്ടന്‍ നിര്‍ദ്ദേശവും അദ്ദേഹം മുന്നോട്ടുവച്ചിരിക്കുകയാണ്. ഇതുകൊണ്ടൊന്നും അമേരിക്ക രക്ഷപ്പെടാന്‍ പോകുന്നില്ല.

ട്രംപിന്‍റെ ഇന്ത്യന്‍ പതിപ്പാണു നരേന്ദ്രമോദി. ഉദാരവത്കരണത്തിന്‍റെ രണ്ടു ദശകങ്ങള്‍ പൂര്‍ത്തിയായപ്പോഴേക്കും ഇന്ത്യയില്‍ സാമാന്യം ശക്തമായ ഒരു മദ്ധ്യവര്‍ഗം രൂപപ്പെട്ടു. അവരുടെ വികസനസ്വപ്നങ്ങള്‍ക്കു ചിറകു മുളയ്ക്കുകയായിരുന്നു. ലോകരാഷ്ട്രങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തിനില്ക്കുന്ന ഒരു വികസിത ഇന്ത്യ അവരുടെ സ്വപ്നമായി. 1990-കളിലും 2000-ങ്ങളിലും വിവിധ രംഗങ്ങളില്‍ ഇന്ത്യ വരിച്ച നേട്ടങ്ങള്‍ അത്തരമൊരു സ്വപ്നം കാണാന്‍ അവരെ പ്രേരിപ്പിച്ചുവെന്നു പറഞ്ഞാല്‍ തെറ്റാകുകയില്ല. യിപിഎ ഒന്നും രണ്ടും ഗവണ്‍മെന്‍റുകള്‍ക്ക് ഈ നേട്ടങ്ങളുടെ ബഹുമതി ഒട്ടൊക്കെ അവകാശപ്പെടാം. എന്നാല്‍ ഇന്ത്യയിലെ മൂന്നിലൊന്നു ജനങ്ങള്‍ അപ്പോഴും ദരിദ്രരായിരുന്നു. അവരുടെ ക്ഷേമത്തിനുവേണ്ടി യുപിഎ സര്‍ക്കാര്‍ ചില കാര്യങ്ങള്‍ ചെയ്തുവെന്നതു ചരിത്രസത്യമാണ്. എടുത്തപറയേണ്ടതു മഹാത്മാഗാന്ധി തൊഴിലുറപ്പു പദ്ധതിയാണ്. ആദിവാസികളുടെ ക്ഷേമം ഉറപ്പുവരുത്തുന്ന വനാവകാശ നിയമവും പ്രസ്താവ്യമാണ്. ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്ന വിവരാവകാശനിയമവും വിദ്യാഭ്യാസാവകാശനിയമവും വലിയ കാല്‍വെപ്പുകളായിരുന്നു.

എന്നാല്‍ തുടര്‍ച്ചയായ ഭരണം മൂലമുണ്ടായ അഴിമതിയും അനാസ്ഥയും യുപിഎ ഭരണത്തിന്‍റെ ശോഭ കെടുത്തി. മുന്നണി സംവിധാനത്തിന്‍റെ പരിമിതികളും ഭരണത്തിന്‍റെ കാര്യക്ഷമത ഗണ്യമായി കുറച്ചു.

ഈ അവസരത്തിലാണു മദ്ധ്യവര്‍ഗത്തിന്‍റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന വാഗ്ദാനത്തോടെ നരേന്ദ്രമോദി ഇന്ത്യന്‍ രാഷ്ട്രീയ നഭസ്സില്‍ പ്രത്യക്ഷപ്പെട്ടത്. കോണ്‍ഗ്രസ്സും യുപിഎയും അടിമുടി അഴിമതി ബാധിച്ചിരിക്കുന്ന പ്രസ്ഥാനങ്ങളാണെന്നു പ്രചരിപ്പിക്കപ്പെട്ടു. നരേന്ദ്രമോദിയും ആര്‍എസ്എസ്സും വളരെ ആസൂത്രിതമായാണു കരുക്കള്‍ നീക്കിയത്. അങ്ങനെ 2014-ലെ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം പിടിച്ചെടുക്കാന്‍ അവര്‍ക്കു കഴിഞ്ഞു.

തന്ത്രപരമായ ഈ കളിയുടെ ചുക്കാന്‍ പിടിച്ചത് നരേന്ദ്രമോദിയായിരുന്നു. അങ്കുശമില്ലാത്ത അധികാരമോഹമായിരുന്നു മോദിയുടെ കൈമുതല്‍. ഗുജറാത്തില്‍ 13 വര്‍ഷം തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന മോദിക്കു പ്രധാനമന്ത്രി മോഹമുദിച്ചത് 2012-ലാണെന്നു പറയാം. യുപിഎ സര്‍ക്കാരിന്‍റെ പ്രതിച്ഛായ മങ്ങിത്തുടങ്ങിയ കാലമായിരുന്നു അത്. അതുമുതല്‍ പ്രധാനമന്ത്രിപദമെന്ന ഒറ്റ ലക്ഷ്യത്തിനുവേണ്ടി അദ്ദേഹം പ്രവര്‍ത്തിച്ചു. മാധ്യമങ്ങളെ വിലയ്ക്കെടുത്തു; ലക്ഷക്കണക്കിനു സൈബര്‍ സൈനികരെ അണിനിരത്തി. അവരെല്ലാവരും ചേര്‍ന്നു ‘മോദിയെന്ന വികസനപുരുഷ’നെ പൊതുജനമദ്ധ്യത്തില്‍ അവതരിപ്പിച്ചു. എര്‍എസ്എസ്സിന്‍റെ പ്രചാരകനായിരുന്ന മോദിക്കുവേണ്ടി സംഘപരിവാര്‍ ഒന്നടങ്കം രംഗത്തിറങ്ങി. വീടുവീടാന്തരം മോദിയെന്ന പുതിയ മിശിഹായെപ്പറ്റി പറയുകയായിരുന്നു അവരുടെ ദൗത്യം. ഇതുകൊണ്ടു മാത്രം തിരഞ്ഞെടുപ്പു ജയിക്കുക എളുപ്പമല്ല എന്നറിയമായിരുന്ന മോദി-സംഘപരിവാര്‍ കൂട്ടുകെട്ടു വര്‍ഗീയ ധ്രൂവീകരണമെന്ന കര്‍മപരിപാടി വിശ്വഹിന്ദു പരിഷത്തിനെ ഏല്പിച്ചു. അവര്‍ പലയിടത്തും നടന്ന ചില്ലറ വര്‍ഗീയപ്രശ്നങ്ങളെ ഊതിപ്പെരുപ്പിച്ചു. അങ്ങനെ മോദി പ്രധാനമന്ത്രിയായി.

ഏതാനും മുദ്രാവാക്യങ്ങള്‍ മുഴക്കാനും ചില പരിപാടികള്‍ പ്രഖ്യാപിക്കാനും വാക്ചാതുര്യംകൊണ്ട് ആളുകളെ കയ്യിലെടുക്കാനും കഴിഞ്ഞുവെന്നല്ലാതെ മോദിക്ക് ഇന്ത്യ നേരിടുന്ന അടിസ്ഥാനപ്രശ്നങ്ങളെ ആഴത്തില്‍ മനസ്സിലാക്കാനോ ദീര്‍ഘകാലയളവില്‍ പരിഹാരം നിര്‍ദ്ദേശിക്കാനോ കഴിഞ്ഞിട്ടില്ല. നരേന്ദ്രമോദി ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു വ്യാജമിശിഹായാണെന്നു തെളിഞ്ഞുകൊണ്ടിരിക്കുകയാണ്. വന്‍കിട മുതലാളിമാരെ കൂടെനിര്‍ത്തിയും മാധ്യമപ്രഭുക്കന്മാരെ വരുതിയില്‍ നിര്‍ത്തിയും വര്‍ഗീയ ധ്രുവീകരണം നടത്തിയും 2019-ലെ തിരഞ്ഞെടുപ്പു ജയിക്കാന്‍ മോദിക്കു കഴിയുമോ എന്നു കണ്ടറിയാം. മോദി അടുത്ത തിരഞ്ഞെടുപ്പില്‍ ജയിക്കുകയാണെങ്കില്‍ അതു മുഖ്യമായും ഈ വ്യാജമിശിഹായെ തുറന്നു കാണിക്കാനുള്ള പ്രതിപക്ഷത്തിന്‍റെ കഴിവുകേടുകൊണ്ടു മാത്രമായിരിക്കും.

Comments

One thought on “വ്യാജ മിശിഹാമാര്‍”

  1. ABIN JAMES says:

    do you think rahul ghandhi is the true messiah

Leave a Comment

*
*