ഹിന്ദുരാഷ്ട്രവും രാമരാജ്യവും

സംഘപരിവാരവും അനുകൂലികളും പറയുന്നതു ഭാരതത്തില്‍ ഹിന്ദുരാഷ്ട്രം നിലവില്‍ വന്നാല്‍ രാജ്യത്തെ എല്ലാ പ്രശ്നങ്ങളും തീരുമെന്നും ആദര്‍ശരാഷ്ട്രം ഉടലെടുക്കുമെന്നുമാണ്. ഹിന്ദുരാഷ്ട്രത്തില്‍ ഹിന്ദുക്കള്‍ മാത്രമേയുണ്ടാകൂ; മുസ്ലീങ്ങളും ക്രിസ്ത്യാനികളും നാടുവിട്ടാല്‍ നന്ന്. അല്ലെങ്കില്‍ ഹിന്ദുക്കള്‍ക്കു വിധേയപ്പെട്ട് അവര്‍ രണ്ടാംതരം പൗരന്മാരായി കഴിയണം. മുസ്ലീങ്ങളും ക്രിസ്ത്യാനികളുമില്ലാത്ത ഹിന്ദുരാഷ്ട്രം സ്ഥാപിതമായി എന്നിരിക്കട്ടെ. എന്തായിരിക്കും ആ രാഷ്ട്രസമൂഹത്തിന്‍റെ സ്വഭാവം? അവിടെ പൗരന്മാര്‍ തമ്മില്‍ തുല്യതയുണ്ടാകുമോ? ഉണ്ടാകാന്‍ വഴിയില്ല. ഹിന്ദുമേധാവികള്‍ ദളിതരെയും ആദിവാസികളെയും തങ്ങള്‍ക്കു തുല്യരായി ഒരിക്കലും ഗണിക്കുകയില്ല. അവര്‍ തങ്ങള്‍ക്കു ദാസ്യവൃത്തി ചെയ്യണമെന്നാണു പ്രസ്തുത മേധാവികളുടെ ഉള്ളിലിരുപ്പ്.

മറ്റേതു മൂല്യങ്ങളാകും ഹിന്ദുരാഷ്ട്രം ഉയര്‍ത്തിപ്പിടിക്കുക? അഹിംസ അതിന്‍റെ ആദര്‍ശവാക്യമാകുമോ? ഹിന്ദുജനത സമാധാനകാംക്ഷികളായി ഒതുങ്ങിക്കഴിയണമെന്നു ഹിന്ദുത്വവാദികള്‍ ആഗ്രഹിക്കുന്നില്ല. സമാധാനവാദം അവരുടെ ആശയഗതിയിലില്ല. ശത്രുവിനെ അടിച്ചുവീഴ്ത്തണമെന്നുതന്നെയാണ് അവരുടെ നിലപാട്. ആക്രമണോത്സുകതയില്ലാത്തതാണു ഹിന്ദുസമൂഹം നിര്‍വീര്യമായി ഭവിക്കാന്‍ കാരണമത്രേ. ഗോവധത്തിന്‍റെ പേരിലും സ്വതന്ത്രചിന്തയുടെ പേരിലും ആളുകളെ കൊല്ലാന്‍ സംഘപരിവാരത്തിനു മടിയില്ല എന്നും നാം കാണുന്നുണ്ടല്ലോ.

'സത്യമേവ ജയതേ' എന്നത് അവരുടെ ആദര്‍ശവാക്യമാകുമോ? ബിജെപിയുടെ നിലപാടുകള്‍ നിരീക്ഷിക്കുന്ന ആരും അങ്ങനെ കരുതുകയില്ല. ജയിക്കാന്‍ വേണ്ടി എന്തു കള്ളത്തരം ചെയ്യുവാനും അവര്‍ക്കു മടിയില്ല. പണം കൊടുത്തു ജനപ്രതിനിധികളെ വാങ്ങുന്നതിലും വോട്ടു മറിക്കുന്നതിലും അവര്‍ ഒരപാകവും കാണുന്നില്ല. വോട്ടിനുശേഷം വോട്ടിംഗ് മെഷീനുകള്‍ അങ്ങനെതന്നെ ട്രക്കില്‍ കയറ്റി കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ കാണാനിടയായി. വടക്കേന്ത്യയില്‍ ബൂത്തുപിടുത്തം പണ്ടും നിലവിലിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ വന്നതോടെ ബൂത്തുപിടുത്തം ഇല്ലാതായി. അപ്പോഴും അതിനു സമാനമായ പ്രവൃത്തികള്‍ നടക്കുന്നു. പാര്‍ട്ടിയുടെ ഏജന്‍റ് വോട്ടറുടെ കൂടെപ്പോയി വോട്ട് ചെയ്യിക്കുന്ന കാഴ്ചയും കാണാറായി. വിജയിക്കുന്നതിന് ഏതു മാര്‍ഗവും സ്വീകരിക്കാമെന്നാണു പരിവാരത്തിന്‍റെ നിലപാട്. എന്തു നുണയും പറയാം. അതിലൊന്നും യാതൊരു അസാധാരണത്വവുമില്ല.

സംഘപരിവാരം ഗോഡ്സെയെ വന്ദിക്കുന്നവരാണ്. ഗാന്ധിജി അവര്‍ക്ക് ആരാധ്യപുരുഷനല്ല. അതുകൊണ്ട് അദ്ദേഹത്തിന്‍റെ രാമരാജ്യമെന്ന സങ്കല്പം അവര്‍ക്കു സ്വീകാര്യമല്ല. രാമന്‍ പുരുഷോത്തമനാണ്. സര്‍വഗുണങ്ങളും തികഞ്ഞ രാജാവ്. പ്രജാതത്പരന്‍. അങ്ങനെയുള്ള രാമന്‍റെ ഭരണക്രമത്തെയാണ് രാമരാജ്യംകൊണ്ടുദ്ദേശിക്കുന്നത്. മാനവികത മുറ്റിനില്ക്കുന്ന, മൂല്യാടിത്തറയുള്ള സമൂഹമാണു രാമരാജ്യം. രാമരാജ്യത്തിനു ക്രൈസ്തവരുടെ ദൈവരാജ്യത്തില്‍ നിന്നു വലിയ ദൂരമില്ല. അങ്ങനെയുള്ള രാമരാജ്യസങ്കല്പം ജനമനസ്സുകളില്‍ നിന്നുതന്നെ മറഞ്ഞുപോയിരിക്കുന്നു. പകരം നാം കാണുന്നത് അക്രമവും നുണയും കള്ളവും അഴിമതിയുമാണ്. ഭാരതസമൂഹത്തെയാകമാനം അജ്ഞാനമാകുന്ന അന്ധകാരം ഗ്രസിച്ചിരിക്കുന്നു. മോദിഭരണത്തിന്‍റെ അഞ്ചു വര്‍ഷങ്ങളില്‍ ആ അന്ധകാരത്തിനു കട്ടി കൂടിയിട്ടേയുള്ളൂ.

മാനവകിതയെയും നവോത്ഥാന മൂല്യങ്ങളെയുംപ്പറ്റി ഊറ്റംകൊള്ളുന്ന കേരളത്തിന്‍റെ സ്ഥിതി മെച്ചമല്ല. ഇവിടെയും കൊല്ലും കൊലയ്ക്കുമൊന്നും ഒരു കുറവുമില്ല. കള്ളക്കടത്തും നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ഒന്നിനൊന്നു കൂടിവരുന്നേയുള്ളൂ. നവോത്ഥാനമൂല്യങ്ങളുടെ പിതൃത്വം അവകാശപ്പെടുകയും അവയെപ്പറ്റി വാതോരാതെ സംസാരിക്കുകയും ചെയ്യുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ മൂല്യച്യുതി അമ്പരപ്പിക്കുന്നതാണ്. സ്വര്‍ണക്കടത്തിലും വ്യാജരേഖാ നിര്‍മാണത്തിലും നിയമവിരുദ്ധമായ നിലംനികത്തലിലും സ്ത്രീ പീഡനങ്ങളിലും പാര്‍ട്ടിപ്രവര്‍ത്തകരുണ്ട്. മലബാര്‍ മേഖലയില്‍ ബൂത്തുപിടുത്തവും കള്ളവോട്ടു ചെയ്യലും പണ്ടേയുണ്ട്. പാര്‍ട്ടി ഗ്രാമങ്ങളില്‍ എന്തു നടന്നാലും ആരും ചോദിക്കാനുണ്ടായിരുന്നില്ല. ഇന്നത് എല്ലാ പരിധികളും ലംഘിച്ചിരിക്കുന്നു. ആള്‍മാറാട്ടവും കള്ളവോട്ടു ചെയ്യലുമെല്ലാം സാധാരണമായിരിക്കുന്നു. ക്യാമറക്കണ്ണുകള്‍ കാണുന്നുണ്ടെന്ന വിചാരംപോലും നേതാക്കന്മാര്‍ക്കില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പോസ്റ്റല്‍വോട്ടിലും തട്ടിപ്പ് നടന്നത്രേ. വോട്ടര്‍പട്ടികയില്‍ നിന്നും ആയിരങ്ങളെ വെട്ടിമാറ്റിയെന്ന പരാതിയുണ്ട്. ഓണ്‍ലൈനില്‍ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ ഇലക്ഷന്‍ കമ്മീഷന്‍ സൗകര്യമൊരുക്കി. അങ്ങനെ അപേക്ഷിച്ച പലര്‍ക്കും പട്ടികയില്‍ പേരു ചേര്‍ക്കാനായില്ല. അതിനു കാരണവും അറിയിച്ചില്ല. തിരഞ്ഞെടുപ്പു പ്രക്രിയയുടെ വിശുദ്ധി വടക്കേന്ത്യയിലെന്നപോലെ കേരളത്തിലും ചോദ്യം ചെയ്യപ്പെടുകയാണ്.

പണത്തിനും അധികാരത്തിനുംവേണ്ടിയുള്ള പരക്കം പാച്ചിലില്‍ സമൂഹത്തിന്‍റെ അടിത്തറയാകേണ്ട മൂല്യങ്ങളെപ്പറ്റി എല്ലാവരും മറന്നുവെന്നതാണു സത്യം. മൂല്യമുക്തമായ സമൂഹത്തിനുവേണ്ടിയാണ് എല്ലാവരും പരിശ്രമിക്കുന്നതെന്നു തോന്നിപ്പോകുന്നു.

-nellisseryg@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org