പണമില്ല, പണിയുമില്ല…, ചോദ്യചിഹ്നക്കൊളുത്തുകളില്‍ തൂങ്ങിയാടുന്നൂ, ജനം…

പ്രധാനമന്ത്രി രാജ്യത്തോട് നടത്തിയ രണ്ട് ആഹ്വാനങ്ങളും ജനം അതേപടി നടപ്പിലാക്കി. അതൊരു പ്രതീകാത്മക ഐക്യപ്രകടനമാകുകയും ചെയ്തു. നല്ലത്. എന്നാല്‍, ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ ജനങ്ങളുടെ ജീവസന്ധാരണത്തിനു കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ എന്തുചെയ്യാന്‍ പോകുന്നുവെന്ന് പറയാനുള്ള സന്ദര്‍ഭം കൂടിയാണിത്.

നോട്ട് പിന്‍വലിക്കലും ലോക്ക്ഡൗണും
മേയ്- 3ന് ലോക്ക്ഡൗണ്‍ പിന്‍വലിക്കുമെന്നു കരുതുന്നു. ആ നാളുകളില്‍ 47% ഭാരതീയരുടെയും കീശ കാലിയായിരിക്കുമെന്ന് ഒരു സര്‍വേ ചൂണ്ടിക്കാട്ടിക്കഴിഞ്ഞു. നോട്ട് പിന്‍വലിക്കല്‍ കാലത്തോട് സദൃശമായ ഒരു സാമ്പത്തിക കാലാവസ്ഥയിലേക്ക് ജനം നീങ്ങിക്കൊണ്ടിരിക്കുന്നു. നോട്ട് പിന്‍വലിക്കല്‍ നടപ്പാക്കിയപ്പോള്‍, രാജ്യത്തുണ്ടായിരുന്ന 17 ലക്ഷം കറന്‍സി നോട്ടുകളില്‍ 67 ശതമാനവും ഇന്ത്യയിലെ 1%വരുന്ന സമ്പന്നവര്‍ഗ്ഗത്തിന്‍റെ കൈവശമായിരുന്നു. ഇതില്‍ 0.1 % പണവും ഉന്നതരുടെ കൈകളില്‍ ഭദ്രമായിരുന്നു. ഗ്രേഡ് 1, 2 നഗരങ്ങള്‍ ഉള്‍പ്പെടുന്ന രാജ്യത്തെ 10% ജില്ലകളില്‍ കറന്‍സിയുടെ 764 മടങ്ങും കേന്ദ്രീകരിക്കപ്പെട്ടതായി ഈ സര്‍വേയിലുണ്ട്. പര്‍വതപ്രദേശങ്ങളിലും ട്രൈബല്‍ മേഖലകളിലും 0.2 % പണം മാത്രമാണ് അന്നുണ്ടായിരുന്നത്.

നോട്ട് പിന്‍വലിക്കല്‍ നാളുകളില്‍ സാധാരണക്കാരും പാവങ്ങളും കഷ്ടപ്പെട്ട ചരിത്രമുണ്ടായിട്ടും, അന്നുപറ്റിയ പിഴവ് ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത കോവിഡ് 19 സംബന്ധിച്ച പ്രധാനമന്ത്രിയുടെ ആദ്യ പ്രഖ്യാപനത്തില്‍ ഉണ്ടായോ എന്നു ചിലര്‍ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മാത്രമല്ല, സ്വന്തം നാടുകളിലേക്ക് കാല്‍നടയായി യാത്ര തിരിച്ച ഗ്രാമീണ തൊഴിലാളികള്‍ക്കു നേരെ രാസവസ്തുക്കളടങ്ങിയ ലായനി ചീറ്റിച്ചതിനെ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്തപ്പോള്‍, മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നല്‍കുന്നതിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്‍റെ മറുവാദം. കോടതി ഈ വാദം തള്ളിക്കളഞ്ഞുവെങ്കിലും ഇങ്ങനെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍, സര്‍ക്കാര്‍ അറിയിപ്പുകളെ മാധ്യമങ്ങള്‍ ആശ്രയിക്കണമെന്നു പറഞ്ഞത് വിരോധാഭാസമായി മാറുകയും ചെയ്തു!

കമലഹാസന്‍ ഓര്‍മ്മിപ്പിക്കുന്നത്
ഇന്ത്യയില്‍ അന്നന്നു ജോലി ചെയ്തു കുടുംബം പുലര്‍ത്തുന്ന 77% പേരുണ്ട്. കോവിഡ് കാലം കഴിയുന്നതിനു മുമ്പേ പട്ടിണിക്കു മുന്നില്‍ ലോക്ക്ഡൗണ്‍ ആകുന്നവരെ സഹായിക്കാന്‍ കേരളമടക്കം ചില സംസ്ഥാനങ്ങള്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ തൊഴില്‍രംഗത്തുള്ളവരില്‍ 90% ഉം അസംഘടിതരാണെന്നിരിക്കെ, ഈ മഹാമാരിക്കു പിന്നാലെ സാധാരണക്കാരും പാവങ്ങളും അഭിമുഖീകരിക്കാന്‍ പോകുന്ന ജീവിത പ്രശ്നങ്ങളെ ഭരണകൂടങ്ങള്‍ അനുകമ്പയോടെ കാണണം. പ്രധാനമന്ത്രി ബാല്‍ക്കണിയില്‍ നിന്ന് ദീപം തെളിക്കാന്‍ ആഹ്വാനം നടത്തിയതിനെ നടന്‍ കമലഹാസന്‍റെ പാര്‍ട്ടി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയുണ്ടായി. മട്ടുപ്പാവിലല്ല, സാധാരണ ജനമുള്ളതെന്ന് കമല്‍ പ്രധാനമന്ത്രിയെ ഓര്‍മ്മിപ്പിക്കുകയുണ്ടായി. ഒരു ഷോമാന്‍ എന്ന നിലയില്‍ നിന്ന് ഒരു അഡ്മിനിസ്ട്രേറ്റര്‍ എന്ന നിലയില്‍ പ്രധാനമന്ത്രിയുടെ നയചാതുര്യം ഉരച്ചുനോക്കുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

പുര കത്തുമ്പോള്‍ വാഴ മാത്രമല്ല, പലതും…
എല്ലാം അടച്ചുപൂട്ടിയ വീട്ടില്‍ ഗാര്‍ഹിക പീഡനം വര്‍ദ്ധിക്കുന്നുവെന്ന് ദേശീയ വനിതാ കമ്മീഷന്‍ വിലപിക്കുന്നതു കേട്ടു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍, നമ്മുടെ രാജ്യത്തും മനുഷ്യാവകാശങ്ങള്‍ ചവിട്ടി മെതിക്കപ്പെടരുത്. ഭരണഘടനാസ്ഥാപനങ്ങളെയും മാധ്യമങ്ങളെയും വരുതിയിലാക്കുന്ന രാഷ്ട്രീയ കന്നംതിരിവുകള്‍ക്കും ആരും തുനിയരുത്. ചിലപ്പോള്‍ ഇത്തരം അധികാര ദുര്‍വിനിയോഗങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് 2019 മാര്‍ച്ച് 6-നും 16-നും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തിലെ ചില രാജ്യങ്ങളില്‍ ഇത്തരം ചില സാഹസങ്ങള്‍ അരങ്ങേറിയതായി റിപ്പോര്‍ട്ടുകളുമുണ്ട്. ഇസ്രായേലില്‍, ഗുരുതരമായ അഴിമതിയാരോപണങ്ങളില്‍ ശ്വാസം മുട്ടുന്ന പ്രധാനമന്ത്രി നെതന്യാഹു കോടതികള്‍ തന്നെ അടച്ചുപൂട്ടിക്കഴിഞ്ഞു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റ് സമ്മേളിക്കാന്‍ അദ്ദേഹം അനുവദിക്കുന്നുമില്ല. ഹങ്കറിയില്‍ നിലവിലുള്ള പൗരാവകാശനിയമങ്ങളും പാര്‍ലമെന്‍റും സസ്പെന്‍ഡ് ചെയ്തിരിക്കുന്നു. ഫിലിപ്പൈന്‍സില്‍ പ്രസിഡന്‍റ് കോവിഡിനെ ചെറുക്കാനായി അടിയന്തിരാവസ്ഥ ശൈലിയിലുള്ള അധികാരങ്ങള്‍ സ്വന്തമാക്കിക്കഴിഞ്ഞു. ചിലിയില്‍ നടന്നുവന്നിരുന്ന ശക്തമായ പ്രതിപക്ഷസമരങ്ങള്‍ അടിച്ചമര്‍ത്താന്‍ ഭരണകൂടം നിയമങ്ങള്‍ തന്നെ മാറ്റിയെഴുതിയിരിക്കുകയാണ്.

കോവിഡ് 19-ന്‍റെ പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ ആവിഷ്കരിച്ച നിയമങ്ങള്‍ 1897-ല്‍ പ്ലേഗ് രോഗം പടര്‍ന്നപ്പോള്‍ ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന കരിനിയമത്തിന്‍റെ മോഡലാണെന്ന പരാതിയുണ്ട്. രോഗബാധയുണ്ടോയെന്ന് വീടിന്‍റെ അകത്തളങ്ങളില്‍ കയറി നേരിട്ടറിയാന്‍ ശ്രമിച്ച രണ്ട് ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ ദാമോദര്‍, ബാലകൃഷ്ണ എന്നീ രണ്ട് ഇന്ത്യക്കാരെ 1899-ലാണ് തൂക്കിലേറ്റിയത്. പില്‍ക്കാലത്ത് ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ജനരോഷത്തിന് ഈ സംഭവവും വഴിമരുന്നിട്ടുവെന്ന് ചരിത്രം ഓര്‍മ്മിപ്പിക്കുന്നു.

ഇരട്ടത്താപ്പ് അരുത്, കണക്ക് പറയണം
ഓഖിയും പ്രളയങ്ങളും സംബന്ധിച്ച ദുരിതാശ്വാസ വിതരണത്തിന്‍റെ വ്യക്തമായ കണക്ക് കേരളസര്‍ക്കാര്‍ ഇതുവരെ ജനസമക്ഷം അവതരിപ്പിച്ചിട്ടില്ല. കേന്ദ്രമാണെങ്കില്‍ 314 കോവിഡ് കേസുകളുള്ള കേരളത്തിന് 157 കോടി രൂപയും 122 കേസുകള്‍ മാത്രമുള്ള ഗുജറാത്തിന് 662 കോടി രൂപയും അനുവദിച്ചു കൊണ്ട് ഈ മേഖലയില്‍ ചില അസുഖകരമായ പ്രവണതകളുണ്ടെന്ന് നമ്മെ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org