പാര്‍ട്ടികളും ജനപ്രതിനിധികളും ‘കൊക്കോടീശ്വര’ന്മാര്‍, ജനങ്ങളോ പട്ടിണിക്കോലങ്ങള്‍!

രാഷ്ട്രീയ പാര്‍ട്ടികളെല്ലാം കോടിത്തിളക്കത്തില്‍ – ജനപ്രതിനിധികള്‍ പാര്‍ട്ടിഭേമില്ലാതെ കോടികളുടെ ആസ്തികളുമായി ജനങ്ങളെ 'സേവിച്ചു'കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ ഒരു ശതമാനം അതിസമ്പന്നരുടെ വരുമാനം 85 കോടി ഭാരതീയരുടേതിനേക്കാള്‍ നാലിരട്ടിയാണിപ്പോള്‍. കമ്മീഷന്‍ പറ്റുന്ന 'ഇട്ടിമാണി'മാരും അവരുടെ കള്ളക്കമ്പനികളും വിദേശത്തു സ്വരുക്കൂട്ടിയ കള്ളപ്പണത്തിന്‍റെ കണക്കു വേറെ. ഇന്ത്യന്‍ ജനാധിപത്യം അങ്ങനെ ഒരു 'രജനീകാന്ത് സിനിമ' പോലെ തട്ടുപൊളിപ്പന്‍ പരുവത്തിലാണിപ്പോള്‍.

ജനങ്ങളെ നേരിട്ടു ബാധിച്ചുകൊണ്ടിരിക്കുന്ന പ്രശ്നങ്ങളില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ ഇടപെടുന്നതുതന്നെ അവരുടെ 'വോട്ട്ബാങ്കി'ന്‍റെ വലിപ്പച്ചെറുപ്പം നോക്കിയാണ്. ഉദാഹരണം പ്രളയദുരിതാശ്വാസം. ഏഴു സംസ്ഥാനങ്ങള്‍ക്കായി പ്രളയ ദുരിതാശ്വാസമായി കേന്ദ്രം അനുവദിച്ചത് 5908 കോടി രൂപ. ഈ പട്ടികയില്‍ കേരളമില്ല. എന്തുകൊണ്ടു കേന്ദ്രത്തില്‍ ഈ പ്രശ്നം ഗൗരവമായി അവതരിപ്പിക്കാന്‍ കേരളത്തിലെ രാഷ്ട്രീയകക്ഷികള്‍ ഒന്നിച്ചില്ല?

രാഷ്ട്രീയപാര്‍ട്ടികളില്‍ ബിജെപി ഒളിഞ്ഞും തെളിഞ്ഞും കോടികള്‍ വാരിക്കൂട്ടുകയാണ്. ബിജെപിയുടെ വരുമാനം 81 ശതമാനം കൂടിക്കഴിഞ്ഞു. ഇലക്ടറല്‍ ബോണ്ട് എന്ന അഭ്യാസത്തിലൂടെ ലഭിച്ച സംഭവാനകളില്‍ 95 ശതമാനവും ബിജെപിക്കു കിട്ടി. ഈ സംഭാവനകള്‍ ഏതെല്ലാം കമ്പനികളും വ്യക്തികളുമാണു നല്കിയതെന്ന് അറിയിക്കണമെന്ന് ആവശ്യപ്പെട്ട് ഇലക്ഷന്‍ കമ്മീഷന്‍ പാര്‍ട്ടിക്ക് 2017-ല്‍ അയച്ച കത്തിന് ഇനിയും അവര്‍ മറുപടി നല്കിയിട്ടില്ല.

ഇന്ത്യ എന്തുകൊണ്ടു പട്ടിണിസൂചികയില്‍ 102-ാം സ്ഥാനത്തെത്തിയെന്നതിനും ആരും വിശദീകരണം നല്കുന്നില്ല. ഇതേ പട്ടികയില്‍ ബംഗ്ലാദേശ് 88-ാം സ്ഥാനത്തും പാക്കിസ്ഥാന്‍ 94-ാം സ്ഥാനത്തുമാണ്. ആകെ 117 രാജ്യങ്ങളിലെ പട്ടിണിനിരക്കില്‍ എന്തുകൊണ്ടു രാജ്യം ഇത്രയേറെ പിന്നോക്കം പോയി? ആര്‍ക്കും ഉത്തരമില്ല.

സ്ഥിതിവിവരക്കണക്കുകള്‍ മനഃപൂര്‍വം കേന്ദ്രം വച്ചുതാമസിപ്പിക്കുന്നുണ്ട്. 2016-ലെ കര്‍ഷകരുടെ ആത്മഹത്യാകണക്ക് 2019-ലാ ണ് പുറത്തുവിടാന്‍ കേന്ദ്രം അനുമതി നല്കിയത്.

2018-ല്‍ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമടങ്ങിയ 10349 പേര്‍ ജീവനൊടുക്കി. ഇവരില്‍ കര്‍ഷകര്‍ 5763, കര്‍ഷകത്തൊഴിലാളികള്‍ 4586. ഇതേവര്‍ഷം രാജ്യത്താകെ ആത്മഹത്യ ചെയ്തവര്‍ 134516 പേര്‍. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ടവര്‍ ഈ കണക്കില്‍ 7.7 ശതമാനമാണ്. ലോകജനസംഖ്യയില്‍ നമ്മുടെ വിഹിതം 17.5 ശതമാനമാണ്. ലോകത്തിലെ ആത്മഹത്യാകണക്കില്‍ ഭാരതീയരുടെ വിഹിതവും 17 ശതമാനം വരും. അതായത്, ജീവിതം വഴിമുട്ടുന്ന ഇന്ത്യക്കാരുടെ എണ്ണം അതിഭീമമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു.

ജനങ്ങള്‍ പട്ടിണിക്കോലങ്ങളായി മാറിയപ്പോള്‍ ജനപ്രതിനിധികളുടെ അവസ്ഥ എന്താണ്? മഹാരാഷ്ട്രയില്‍ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട 264 പേരും കോടിപതികളാണ്. നക്കാപ്പിച്ച എംഎല്‍എ ഒരാളേയുള്ളൂ. സിപിഎംകാരനാണ് അയാള്‍. മഹാരാഷ്ട്രയിലെ പരത്ഷാ എന്ന എംഎല്‍എയുടെ സ്വത്ത് 500.62 കോടി രൂപയാണ്! ഹരിയാനയില്‍ സിറ്റിംഗ് എംഎല്‍എമാരില്‍ 80 ശതമാനവും കോടിപതികളാണ്. ഇവരുടെ ശരാശരി സ്വത്ത് 13.63 കോടി രൂപ!

ഏതായാലും നാം ഭയപ്പെട്ടതു സംഭവിച്ചു കഴിഞ്ഞു. ഇന്ത്യയിലെ 63 കോടീശ്വരന്മാരുടെ വരുമാനം ഒരുമിച്ചു ചേര്‍ത്താല്‍ 2018-19 -ലെ കേന്ദ്ര ബജറ്റ് തുകയായ 24,42,200 കോടി രൂപയും കവിയുമെന്ന കണക്കാണത്. അതായത് ജനാധിപത്യമെന്ന ഓമനപ്പേരില്‍ കോര്‍പ്പറേറ്റുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ളതുപോലെ ഭരണത്തില്‍ 'പിന്‍സീറ്റ് ഡ്രൈവിംഗ്' ആകാമെന്ന അവസ്ഥയുണ്ടെന്നു ചുരുക്കം.

കേന്ദ്രബജറ്റ് തയ്യാറാക്കുമ്പോള്‍ പതിവായുള്ള 'ഹല്‍വാ പാചക'ത്തിന്‍റെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. എന്നാല്‍ കേന്ദ്ര ധനമന്ത്രാലയം തയ്യാറാക്കുന്ന ഹല്‍വയുടെ മധുരം ജനങ്ങള്‍ക്കു ലഭിച്ചേക്കില്ലെന്ന കണക്കുകളാണു മുകളില്‍ കുറിച്ചിട്ടത്.

ഭരണകൂടങ്ങള്‍ കോര്‍പ്പറേറ്റുകളുമായി കൈ കോര്‍ക്കുമ്പോള്‍, കേന്ദ്രം ഭരിക്കുന്ന ബിജെപി ഏറ്റവും കൂടുതല്‍ ശത്രുതയോടെ കാണുന്ന കേരളത്തിന്‍റെയും കേരളീയരുടെയും സ്ഥിതി ദയനീയമായി മാറുന്നുണ്ട്. അന്താരാഷ്ട്ര കരാറുകളുടെ കുരുക്കില്‍ ഇന്ത്യ നടപ്പാക്കുന്ന പല നടപടികളും കേരളത്തെ അതിഗുരുതരമായി ബാധിക്കുന്നുണ്ട്. റബര്‍ ബോര്‍ഡിന്‍റെ കാര്യം തന്നെ ഉദാഹരണം. കോട്ടയം ആസ്ഥാനമാക്കിയുള്ള ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ 1649 തസ്തികകളുണ്ടായിരുന്നു. ഇപ്പോള്‍ അത് 744 ആയി ചുരുങ്ങിക്കഴിഞ്ഞു. താമസിയാതെ റബര്‍ ബോര്‍ഡിന്‍റെ ആസ്ഥാനം ബിജെപിക്ക് ഉടന്‍ പ്രീണിപ്പിക്കേണ്ട സംസ്ഥാനമായ ആസ്സാമിലേക്കു മാറ്റുമെന്ന് അനൗദ്യോഗിക വാര്‍ത്തകളുണ്ട്.

ആഗോളവത്കരണനയങ്ങള്‍ നടപ്പാക്കിയ കേന്ദ്രസര്‍ക്കാരിന്‍റെ കുരുക്കില്‍ ജനങ്ങള്‍ ശ്വാസം മുട്ടുന്നു. സംസ്ഥാന ഭരണകൂടമാകട്ടെ, വേണ്ടത്ര തയ്യാറെടുപ്പില്ലാതെ നടപ്പാക്കിയ ജിഎസ്ടി കെണിയിലും. നക്കാപ്പിച്ച പിഎഫ് പെന്‍ഷന്‍ പോലും കേന്ദ്രം കുടിശ്ശികയാക്കിക്കഴിഞ്ഞു. കേന്ദ്രം ഇനി വാരിക്കോരി നല്കില്ലെന്നും ഫെഡറല്‍ സംവിധാനത്തിന്‍റെ പ്രാഥമികമായ മര്യാദകള്‍പോലും അവര്‍ ലംഘിക്കുമെന്നും പിണറായി സര്‍ക്കാരിനു മനസ്സിലായിക്കഴിഞ്ഞില്ലേ ഇനിയും?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org