ഭാരതീയ യുവത പാടുന്നു: തേച്ചില്ലേ ഞങ്ങളെ തേച്ചില്ലേ ഞങ്ങളെ തേപ്പുപെട്ടിപോലെ…!!?

ഭാരതത്തിലെ ഒരു ശരാശരി യുവാവിന് / യുവതിക്ക് ഉപജീവനത്തിനായി ആരാണ് ഒരു തൊഴില്‍ നല്കുക? തൊഴില്‍ ചെയ്തു കുടുംബം പുലര്‍ത്താനുള്ള ഒരു ശരാശരി ഭാരതീയന്‍ ഈ നാളുകളില്‍ ആരെ ആശ്രയിക്കും? ഈ ചോദ്യങ്ങള്‍ക്കു ഭരണാധികാരികള്‍ ഇന്ന് ഉത്തരം നല്കുന്നില്ല. തൊഴില്‍ അല്ലെങ്കില്‍ ജയില്‍, ജയ് ജവാന്‍ ജയ് കിസാന്‍, ഗരീബി ഹഠാവോ തുടങ്ങിയ അതിമനോഹരമായ മുദ്രാവാക്യങ്ങള്‍ ഇന്നു കേള്‍ക്കാനില്ല. പകരം, ജനങ്ങളെ ഭിന്നിപ്പിക്കുന്ന മുദ്രാവാക്യങ്ങള്‍ക്ക് ഇന്ന് ഏറെ വിപണിമൂല്യമുണ്ട്; രാഷ്ട്രീയമൂല്യമുണ്ട്.

കോവിഡ് പോലെയുള്ള രോഗങ്ങള്‍ മനുഷ്യരുടെ ആരോഗ്യത്തിനു ഹാനികരമാണ്; തീര്‍ച്ച. ഇതിനെതിരെ ജാഗ്രതയും വേണം. പക്ഷേ, സമൂഹവും കുടുംബങ്ങളും നേരിടുന്ന സാമ്പത്തികദുരവസ്ഥയും സുരക്ഷിതത്വമില്ലായ്മയും സാമൂഹികപ്രശ്നങ്ങളും നാം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ദൈനംദിനജീവിതം കഴിയുന്നത്ര സുഗമമാക്കാനുള്ള കടമയും ഉത്തരവാദിത്വവും ഭരണകൂടങ്ങള്‍ക്കുണ്ട്. കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ ഈ പ്രശ്നങ്ങളെ സംബന്ധിച്ചു പുനര്‍വിചിന്തനത്തിനു തയ്യാറാകേണ്ട നാളുകളാണിത്.

ഇന്ത്യയുടെ സമ്പദ്ഘടനയ്ക്കു കുഴപ്പമൊന്നുമില്ലെന്നു പ്രധാനമന്ത്രി പറയുന്നു. കേരളത്തിന്‍റെ ധനസ്ഥിതി സ്തംഭനത്തിലല്ലെന്നു സംസ്ഥാന ധനമന്ത്രിയും പറയുന്നു. എന്നിട്ടും മാധ്യമങ്ങളില്‍ വരുന്ന ഓരോ വാര്‍ത്തകളും ഭാരതീയ യുവതയെ ശ്വാസംമുട്ടിക്കുന്നു.

എന്തെല്ലാമാണ് ഭാരതത്തിലെ യുവതീയുവാക്കളുടെ ഉറക്കം കെടുത്തുന്നത്? 2015-ല്‍ 10000 കോടി രൂപ ലാഭമുണ്ടാക്കിയ ബിഎസ്എന്‍എല്‍ 2019-ല്‍ 13,000 കോടി രൂപ നഷ്ടമുണ്ടാക്കി. 1,75,000 ജീവനക്കാരുള്ള ബിഎസ്എന്‍എല്ലില്‍ ഇപ്പോള്‍ 71,000 ജീവനക്കാരേയുള്ളൂ. ബാക്കിയുള്ളവര്‍ വിആര്‍എസ് എടുത്തു പിരിഞ്ഞുപോയി. ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് ലിമിറ്റഡ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിലെ 30,000 ജീവനക്കാര്‍ക്കു ശമ്പളവും ആനുകൂല്യങ്ങളും കുടിശ്ശികയാണിപ്പോള്‍. കാര്‍ ഡീലര്‍മാരുടെ പക്കല്‍ 55,000 ലക്ഷം കാറുകള്‍ വില്ക്കാതെ കെട്ടിക്കിടക്കുന്നു. വാഹനനിര്‍മാണ മേഖലയില്‍ മാത്രം 4,65,000 പേര്‍ തൊഴില്‍രഹിതരായി. നിര്‍മാണമേഖലയും അതിന്‍റെ 176 അനുബന്ധ വ്യവസായങ്ങളും സ്തംഭനത്തിലാണ്.

കേന്ദ്ര സര്‍ക്കാരാണു രാജ്യത്തെ ഏറ്റവും വലിയ തൊഴില്‍ദായകര്‍. രണ്ടു വര്‍ഷമായി കേന്ദ്ര സര്‍ക്കാര്‍ പുതിയനിയമനം നടത്തുന്നില്ല. അവശ്യസര്‍വീസ് മേഖലയില്‍പ്പോലും താത്കാലിക കരാര്‍ ജീവനക്കാരെ നിയമിക്കുകയാണിപ്പോള്‍. ദേശീയ തലത്തില്‍ എംപ്ലോയ്മെന്‍റ് എക്സ്ചേഞ്ചുകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതു 4.29 കോടി പേരാണ്. കേരളത്തില്‍ 34.99 ലക്ഷം.

കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ ഒഴിവുകള്‍ ഏറെയുണ്ട്. പക്ഷേ, നിയമനങ്ങള്‍ നടക്കുന്നില്ല. 2018 ഫെബ്രുവരിയിലെ കണക്കനുസരിച്ചു മാത്രം ഒഴിവുകളുടെ എണ്ണം 6,83,823 ആണ്. ഇതില്‍ റെയില്‍വേയില്‍ മാത്രമുള്ള ഒഴിവുകള്‍ 3,03,911. കേന്ദ്രീയ വിദ്യാലയങ്ങളില്‍ 6,688, ഇഗ്നൊയില്‍ 190, 23 ഐഐടികളിലായി 3,709 എന്നിങ്ങനെയും ഒഴിവുകളുണ്ട്. പ്രതിരോധമേഖലയില്‍ മാത്രം മൂന്നു ലക്ഷം ഒഴിവുകളാണുള്ളത്.

ഭാരതത്തിലെ വിദ്യാഭ്യാസമേഖലയില്‍ (പ്രൈമറി വിഭാഗത്തില്‍) പത്തു ലക്ഷം ഒഴിവുകളുണ്ട്. പൊലീസ്, 5.4 ലക്ഷം, റെയില്‍വേ 2.4 ലക്ഷം, അങ്കണവാടി 2.2 ലക്ഷം, ആരോഗ്യവകുപ്പ് 1.5 ലക്ഷം തപാല്‍വകുപ്പ് 4.2 ലക്ഷം എന്നിങ്ങനെയും ഒഴിവുകളുണ്ട്.

ജനപക്ഷത്താണെന്നു പറയുന്ന ഇടതുസര്‍ക്കാരിന്‍റെ നിയമനങ്ങള്‍പോലും കുത്തകക്കാരുടെ രീതി പിന്തുടരുന്നില്ലേയെന്നു സംശയിക്കണം. എറണാകുളത്തെ ലോട്ടറി ഓഫീസില്‍ 99 ശതമാനം ജീവനക്കാരും മൂന്നു മാസത്തെ കാലാവധി മാത്രമുള്ള കരാര്‍ ജോലിക്കാരാണ്. ലാഭം കൊയ്യുന്ന ലോട്ടറിവകുപ്പില്‍പ്പോലും ഇതാണു സ്ഥിതിയെങ്കില്‍ ബാക്കി വകുപ്പുകളിലെ കാര്യം പറയാനുണ്ടോ? ജോലി ചെയ്യുന്ന 14,000-ലേറെ അദ്ധ്യാപകര്‍ക്കു സംസ്ഥാന സര്‍ക്കാര്‍ നല്കാനുള്ളതു കോടികളുടെ കുടിശ്ശികയാണ്. ദേശീയതലത്തില്‍ നിയമനങ്ങളിലെ 13-14 ശതമാനം എന്ന കണക്കില്‍ തൊഴില്‍ നല്കുന്ന സായുധ സേനകളിലേക്കുള്ള നിയമനങ്ങളില്‍പ്പോലും ഇപ്പോള്‍ മെല്ലെപ്പോക്കാണ്.

സ്വകാര്യവത്കരണത്തിന്‍റെ പേരില്‍ ഉള്ള തൊഴില്‍ പോലും നഷ്ടപ്പെടുകയാണു പലര്‍ക്കും. തൊഴില്‍ നിയമങ്ങള്‍ തിരുത്തിയെഴുതി തൊഴിലന്വേഷകരെ കുത്തകകളുടെ വറചട്ടിയിലേക്കു സര്‍ക്കാര്‍ എടുത്തെറിയുന്നു. ബാങ്കുകള്‍പോലും തൊഴിലന്വേഷകരെ വട്ടം ചുറ്റിച്ചു ചൂഷണം ചെയ്യുന്നു. ഈ രാജ്യത്തു യുവതീയുവാക്കള്‍ എന്തു ചെയ്യും? ഉത്തരം പറയേണ്ടതു ഭരണകൂടമാണ്. ഉത്തരം പറയിപ്പിക്കേണ്ടതു തൊഴിലാളി സംഘടനകളാണ്. പക്ഷേ, ഒന്നും സംഭവിക്കുന്നില്ല. ആരും മിണ്ടുന്നില്ല. അതുകൊണ്ടു ഭരണകൂടങ്ങള്‍ ഹാപ്പിയാണ്. കാണരുത്, കേള്‍ക്കരുത്, പറയരുത് എന്ന ത്രികല്പനയാണല്ലോ മിക്ക പാര്‍ട്ടികളും ഇപ്പോള്‍ നടപ്പാക്കുന്നത്. ഇതെല്ലാം മതില്‍കെട്ടി മറയ്ക്കാമെന്നു ഭരിക്കുന്നവര്‍ കരുതുന്നുണ്ടാകാം. അങ്ങനെയെങ്കില്‍ ജനങ്ങളും വൈകാതെ ഒരു മതില്‍ കെട്ടും; ഇത്തരക്കാര്‍ ഭരണത്തില്‍ വരാതിരിക്കാന്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org