പാവങ്ങളുടെ അക്കൗണ്ടിൽ 500 ‘ഉലുവ’!

പാവങ്ങളുടെ അക്കൗണ്ടിൽ 500 ‘ഉലുവ’!

കാര്യം വളരെ സിമ്പിളാണ്. ലോകരാജ്യങ്ങളോടൊപ്പം നമ്മുടെ രാജ്യവും രണ്ടു ഗുരുതരമായ പ്രശ്നങ്ങളെ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. ഒന്നു ജനങ്ങളുടെ ആരോഗ്യം. ഇനിയും മരുന്നു കണ്ടുപിടിക്കാത്ത ഒരു രോഗത്തിനു മുമ്പില്‍ ഏറെ വികസിതമായ രാജ്യങ്ങള്‍പോലും വിറങ്ങലിച്ചു നില്ക്കുന്നു. രണ്ടാമത്തേതു സാമ്പത്തികമാണ്. മിക്കവാറും രാജ്യങ്ങളെല്ലാം കോവിഡിനു മുമ്പേതന്നെ സാമ്പത്തികപ്രതിസന്ധിയിലായിരുന്നു. ഇന്ത്യയുടെ സ്ഥിതിയും മെച്ചമായിരുന്നില്ല. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പണമില്ലാതെ ഞെരുങ്ങുന്നു. സംസ്ഥാനങ്ങളെ സാമ്പത്തികമായി സഹായിക്കേണ്ട കേന്ദ്രമാകട്ടെ മനസ്സ് തുറക്കുന്നില്ല. ജിഎസ്ടി യുടെ സംസ്ഥാനവിഹിതംപോലും കുടിശ്ശികയാണ്. കേന്ദ്രം കാശ് വാരിക്കൂട്ടിയ ഇന്ധന കച്ചവടത്തിന്‍റെ കൊയ്ത്ത് നിലച്ച മട്ടാണ്. പെട്രോള്‍, ഡീസല്‍ വില്പന 50 ശതമാനം കുറഞ്ഞിരിക്കുന്നു. കൊള്ളലാഭമുണ്ടാക്കിയിരുന്ന ചില എണ്ണ ക്കമ്പനികള്‍ വിറ്റു ബജറ്റിലെ കമ്മി നികത്താന്‍ ആലോചിച്ചിരുന്ന കേന്ദ്രത്തിനു മുമ്പില്‍ ഇപ്പോള്‍ എന്തു ചെയ്യുമെന്ന ചോദ്യചിഹ്നം മാത്രം. എയര്‍ഇന്ത്യയെന്ന വെള്ളാനയെ വാങ്ങാന്‍ നോട്ടമിട്ടിരുന്ന ടാറ്റപോലും ആ പദ്ധതിയോടു ടാറ്റാ പറഞ്ഞുകഴിഞ്ഞു. ജിഎസ്ടി എന്ന പഞ്ചാരഭരണി കേന്ദ്ര-സംസ്ഥാനസര്‍ക്കാരുകള്‍ ഒരുമിച്ചു ജനങ്ങളെ കൊള്ളയടിക്കാന്‍ തട്ടിക്കൂട്ടിയതാണെന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇപ്പോള്‍ ജിഎസ്ടി വരുമാനം ആകെ മെലിഞ്ഞു. കേന്ദ്രം ഇതിനു പകരമായി സംസ്ഥാന വഹിതം കൂടി അവരുടെ വട്ടച്ചെലവിനെടുത്തിട്ട്, തോമസ് ഐസക്കിനെപ്പോലെയള്ള സാമ്പത്തിക വിദഗ്ദ്ധരെ ചെറുവിരലുയര്‍ത്തി കടം പറഞ്ഞു നിര്‍ത്തുന്നു.

1000 ഇന്ത്യക്കാര്‍ക്ക് 0.55 കിടക്ക!
ആരോഗ്യമേഖലയെ വര്‍ഷങ്ങളായി മാറിമാറിവന്ന കേന്ദ്ര ഭരണകൂടങ്ങള്‍ അവഗണിച്ചതിന്‍റെ ദുരന്തമാണു ഗ്രാമീണഭാരതത്തെ ഇന്നു ബാധിച്ചിട്ടുള്ളത്. പൊതുജനാരോഗ്യത്തിനു കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കിവച്ചതു ജിഡിപിയുടെ കഷ്ടിച്ച് ഒരു ശതമാനം മാത്രമായിരുന്നു. 2019-ല്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് ഇന്ത്യയിലെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം കൂടി 7,13,986 കിടക്കകളേയുളളൂ. അതായത് 1000 ഇന്ത്യക്കാര്‍ക്ക് 0.55 ശതമാനം കിടക്ക. ഈ പട്ടികയില്‍ ഏറ്റവും ഒടുവിലെ സ്ഥാനത്തുള്ളതു ബീഹാറാണ്. 1000 പേര്‍ക്ക് 0.11 കിടക്ക! ആരോഗ്യപരിപാലനം സംസ്ഥാനങ്ങളുടെ ചുമതലയാണെങ്കിലും അതിനു പണം അനുവദിക്കേണ്ടതു കേന്ദ്രസര്‍ക്കാരാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഈ മേഖലയില്‍ പണം നിക്ഷേപിക്കാന്‍ കേന്ദ്രം മടിച്ചുനില്ക്കുകയാണ്. കോവിഡ് വന്നതോടെ സ്ഥിതി കൂടുതല്‍ ദയനീയമായി. സംസ്ഥാനങ്ങളാകട്ടെ, ആരോഗ്യപരിപാലനത്തേക്കാള്‍ അവരുടെ വിഹിതത്തിന്‍റെ 80 ശതമാനവും രോഗപ്രതിരോധത്തിനായി ചെലവഴിക്കേണ്ടി വന്നിരിക്കുന്നു! ഈ ദുരവസ്ഥയുടെ രോഗക്കിടക്കയിലല്ല, ഐസിയുവിലാണ് ഇപ്പോള്‍ ഓരോ ഭാരതീയന്‍റെയും ആരോഗ്യപരിപാലനം!

രാഷ്ട്രീയം വേറെ, സഹായം വേറെ, അതല്ലേ ശരി ?
ഇനി ചര്‍ച്ച ചെയ്യാനുള്ളതു കാശിന്‍റെ കാര്യമാണ്. ജനങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുടെ ക്ഷേമപദ്ധതികള്‍ നിരവധിയുണ്ട്. ബിജെപി സര്‍ക്കാരിന്‍റെ ജനക്ഷേമ പദ്ധതികളുടെ തുടക്കം 2014 ആഗസ്റ്റിലാണ്. ഈയിടെ കേന്ദ്ര മാനവശേഷി വികസനവകുപ്പുമന്ത്രി ഒരു ലേഖനത്തില്‍ അവകാശപ്പെട്ടതു 33 കോടി ജനങ്ങള്‍ക്ക് 31,235 കോടി രൂപ ധനസഹായം നല്കിയെന്നാണ്. സൗജന്യ ഭക്ഷ്യധാന്യങ്ങള്‍ക്കു 39.27 കോടി. 10,025 പേര്‍ക്ക് ജന്‍ധന്‍ അക്കൗണ്ട് വഴി 20.05 കോടി, നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാം വഴി 2.82 കോടി, വിധവകള്‍ക്ക് 1,405 കോടി, 2.27 കെട്ടിടനിര്‍മാണ തൊഴിലാളികള്‍ക്ക് 3497 കോടി, കര്‍ഷകര്‍ക്കുള്ള പ്രധാനമന്ത്രിയുടെ ധനസഹായമായി 16,394 കോടി എന്നിവ കൂടാതെ സംസ്ഥാനങ്ങള്‍ക്കു സൗജന്യമായി ഭക്ഷ്യ ധാന്യങ്ങള്‍ നല്കിയെന്നും മന്ത്രി അവകാശപ്പെടുകയുണ്ടായി. കോണ്‍ഗ്രസ്സിന്‍റെ മുഖ്യമന്ത്രിമാരില്‍ ഒരാളായ അശോക് ഗെഹ്ലോട്ട് പരസ്യമായി ഈ അവകാശവാദം തള്ളിപ്പറഞ്ഞിരുന്നു. വിപണിവിലയ്ക്കാണു തങ്ങള്‍ക്കു കേന്ദ്രം ധാന്യം നല്കിയതെന്ന് ഒരു അഭിമുഖത്തില്‍ അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്തു. ബിജെപിയോ ബിജെപിയുടെ സഖ്യകക്ഷികളോ ഭരിക്കുന്ന സംസ്ഥാനങ്ങളോടു കേന്ദ്രം ഇരട്ടത്താപ്പ് കാണിക്കുന്നതായും പരാതിയുണ്ട്. തൊട്ടടുത്ത തമിഴ്നാട്ടില്‍ ഓരോ മാസവും ഒരു കുടുംബത്തിനു 75 കിലോ അരിയും പലവ്യഞ്ജനകിറ്റുകളുമാണു സൗജന്യമായി നല്കുന്നത്. പച്ചക്കറി ഇനങ്ങള്‍ കിലോയ്ക്കു പരമാവധി 2 രൂപയ്ക്കു കിട്ടും. ഓരോ തമിഴ്നാട്ടുകാരന്‍റെയും അക്കൗണ്ടില്‍ കേന്ദ്രം ആദ്യമായി ഇട്ടുകൊടുക്കുന്നത് അയ്യായിരം രൂപയാണെന്നും വാര്‍ത്തകളുണ്ട്. എല്ലാ ചികിത്സകളും ആശുപത്രികളില്‍ ആര്‍ക്കും സൗജന്യമായി ലഭിക്കും. ഈ വാര്‍ത്തകള്‍ ശരിയാണെങ്കില്‍ പന്തിയിലെ ഈ പക്ഷഭേദം നമ്മുടെ ഫെഡറല്‍ സംവിധാനത്തിനു യോജിച്ചതാണോ?

നമുക്കും ബാങ്ക് തരണം അര ലക്ഷത്തോളം 'രൂഭാ'
പാര്‍ലമെന്‍റില്‍ ബിജെപിയുടെ സുഹൃത്തുക്കളുടെ കടം ബാങ്കുകള്‍ എഴുതിത്തള്ളിയതിനെക്കുറിച്ചു ചോദിച്ചത് വയനാട് എംപി. രാഹുല്‍ഗാന്ധിയായിരുന്നു. 37 ദിവസം ആ ചോദ്യത്തിനു മറുപടി നല്കാന്‍ കേന്ദ്ര ധനമന്ത്രി തയ്യാറായതേയില്ല. ഒടുവില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യക്കു വിവരാവകാശരേഖ പ്രകാരം ഈ ചോദ്യത്തിന് ഉത്തരം നല്കേണ്ടി വന്നു. നീരവ്മോദി, മെഹുല്‍ ചോക്സി, വിജയ്മല്യ എന്നിവരുടെ അടക്കമുള്ള 50 കടക്കാരുടെ 68,607 കോടി രൂപ ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ടത്രേ. ആര്‍ബിഐ. മറ്റൊരു ചോദ്യത്തിനു മറുപടിയായി പറഞ്ഞത് വന്‍കിടക്കാരുടെ 6.66 ലക്ഷം കോടി രൂപ 2014-നുശേഷം ബാങ്കുകള്‍ എഴുതിത്തള്ളിയിട്ടുണ്ടെന്നാണ്. ഈ 6.66 ലക്ഷം കോടി 130 കോടി ഭാരതീയര്‍ക്കു വീതിച്ചുനല്കിയാല്‍ നിങ്ങളും ഞാനുമടക്കമുള്ള ഓരോരുത്തര്‍ക്കും കിട്ടുന്ന തുക ഏകദേശം 50,317 രൂപ വരും! ഇനി പറയൂ, പാവങ്ങളുടെ അക്കൗണ്ടിലെ പിച്ചക്കാശായി 500 രൂപ ഓരോ ഭാരതീയനും നല്കുന്നത് ഒരു വിധം കളിയാക്കലല്ലേ? മറ്റൊരു കണക്കുകൂടി കേട്ടോളൂ, 50 ബാങ്ക് വെട്ടിപ്പുകാര്‍ക്കായി കഴിഞ്ഞ മാസം എഴുതിത്തള്ളിയത് 68,607 കോടി രൂപയാണെങ്കില്‍ കേന്ദ്രത്തിലെ നമ്മുടെ പ്രിയപ്പെട്ട ഭരണകര്‍ത്താക്കള്‍ 2020-21-ല്‍ പൊതുജനാരോഗ്യത്തിനായി നീക്കിവച്ചിരിക്കുന്ന ത് 67,484 കോടി രൂപ മാത്രമാണ്! അതായത് ജനങ്ങളുടെ ആരോ ഗ്യപരിപാലനത്തിന് 1123 കോടി കുറവ്.

'പവനായി ശവമായി' എന്ന മട്ടിലാകരുത് കാര്യങ്ങള്‍
സ്വാതന്ത്ര്യാനന്തരമുള്ള പതിനൊന്നാമത്തെ പ്രധാനമന്ത്രിയാണു നരേന്ദ്ര മോഡി. പാര്‍ലമെന്‍റ് രേഖകള്‍ പരിശോധിക്കുമ്പോള്‍ പഴയ പ്രധാനമന്ത്രിമാര്‍ ഇതുവരെ നടത്തിയത് 5,254 പ്രസംഗങ്ങള്‍. ബാങ്കുകള്‍ കൊള്ളയടിച്ചവരെ വെറുതെ വിടില്ലെന്നു മോഡി തന്‍റെ പ്രസംഗങ്ങളില്‍ ആവര്‍ത്തിക്കുന്നു. വെട്ടിപ്പുകാര്‍ക്കെതിരെ 9967 കേസുകള്‍ ഫയല്‍ ചെയ്തു, 3,515 കുറ്റപത്രങ്ങള്‍ സമര്‍പ്പിച്ചു എന്നെല്ലാം പാര്‍ലമെന്‍റില്‍ ധനമന്ത്രിമാരും തട്ടിമൂളിച്ചിട്ടുണ്ട്. അതെല്ലാം 'പവനായി ശവമായി' എന്ന മട്ടിലാകുമ്പോള്‍ സാധാരണ ജനം എന്തു പറയാനാണ്? രാജ്യത്തെ 44 ശതമാനം കുടുംബങ്ങളും അനുദിനജീവിതസന്ധാരണത്തിനു മുമ്പില്‍ പകച്ചുനില്ക്കുമ്പോള്‍ ഇത്തരം വാര്‍ത്തകള്‍ നമ്മെ അലോസരപ്പെടുത്തുന്നു.

മൊറട്ടോറിയമെന്ന മണല്‍ത്തിട്ട
ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍റെ (ഐഎല്‍ഒ) കണക്കു പ്രകാരം വരുന്ന മൂന്നു മാസത്തിനുള്ളിലെ തൊഴില്‍ നഷ്ടം 200 ദശലക്ഷമാണ്. ഇന്ത്യയിലെ 5 കോടി വരുന്ന നാമമാത്ര, ചെറുകിട, ഇടത്തരം ബിസിനസ്സ് സംരംഭങ്ങളില്‍ മാത്രം 11 കോടി തൊഴില്‍ നഷ്ടമുണ്ടാകുമെന്നു കരുതപ്പെടുന്നു. ഇത്രയേറെ ഗുരുതരമായ സാമ്പത്തികകുരുക്കുകളില്‍പ്പെട്ട രാജ്യം, ബാങ്കുകളെ കബളിപ്പിച്ച വമ്പന്മാര്‍ക്കായി താരാട്ടുപാട്ട് പാടുന്നതു ശരിയോ? മൊറട്ടോറിയമെന്ന മണല്‍ത്തിട്ടയൊരുക്കി, പാവപ്പെട്ടവരുടെയും ഇടത്തരക്കാരുടെയും കര്‍ഷകരുടെയും വായ്പകളോടു കാണിക്കുന്ന 'താത്കാലിക സോപ്പിടല്‍' എത്രനാള്‍ ബാങ്കുകള്‍ക്കു തുടരാനാകും? ഇപ്പോള്‍ത്തന്നെ കേന്ദ്രം 113 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്ന് 38,000 കോടി പിരിച്ചുകഴിഞ്ഞു. 15 ലക്ഷം സൈനികരില്‍നിന്ന് 11,000 കോടിയും. രാജ്യത്ത് 17 ശതമാനം പേര്‍ക്കു മാത്രമേ സ്ഥിരവരുമാനമുള്ള ജോലിയുള്ളൂ. രാജ്യത്തെ ജനസംഖ്യയുടെ 37 ശതമാനവും തൊഴില്‍ തേടി, അവരവരുടെ നാടും വീടും വിട്ടുപോകേണ്ടി വരുന്ന അവസ്ഥയാണ് ഇന്ത്യയിലുണ്ടായിരുന്നതെന്നുകൂടി നാം ഓര്‍മിക്കണം. നോട്ട് പിന്‍വലിച്ചും അശാസ്ത്രീയമായ രീതിയില്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയും ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വായുവലിച്ചു കിടക്കുമ്പോള്‍, ഭരണക്കാര്‍ക്കു കിട്ടിയ ഉര്‍വശീശാപമാണോ കോവിഡ്?

വാലറ്റക്കുറി: സാമ്പത്തിക പാക്കേജായി 20 ലക്ഷം കോടി രൂപ അനുവദിച്ചെന്ന് പ്രധാനമന്ത്രി. "ഖജനാവിന്‍റെ മിശ്രിതം ബി.ജെ.പി. യുടെ പാക്കിംഗ്" എന്നാവരുതേ നടപ്പാക്കല്‍!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org