പാവപ്പെട്ടവരുടേത് എടുത്ത് പണക്കാര്‍ക്ക് കൊടുക്കുന്നു

പാവപ്പെട്ടവരുടേത് എടുത്ത് പണക്കാര്‍ക്ക് കൊടുക്കുന്നു

"പൗലോസിനു കൊടുക്കാന്‍ പത്രോസിന്‍റേത് കവര്‍ന്നെടുക്കുക" എന്നൊരു പ്രയോഗമുണ്ട്. കായംകുളം കൊച്ചുണ്ണി പണക്കാരെ കവര്‍ന്ന് പാവപ്പെട്ടവര്‍ക്ക് കൊടുക്കുമായിരുന്നു എന്ന കഥയുണ്ടല്ലോ. സാമൂഹ്യമായ അനീതിയില്‍ രോഷംകൊണ്ട് സമ്പന്നരുടെ സ്വത്ത് ബലമായി പിടിച്ചെടുത്തു പാവപ്പെട്ടവര്‍ക്കു വിതരണം ചെയ്യുന്ന വീരനായകന്മാര്‍ പലയിടത്തും ഉണ്ടായിരുന്നിരിക്കാം. ഇന്ത്യയിലെ മാവോയിസ്റ്റുകളെ വേണമെങ്കില്‍ ഈ ഗണത്തില്‍പ്പെടുത്താം. നിയമപരമായി തെറ്റാണെങ്കിലും ധാര്‍മ്മികമായി ഇത്തരം പ്രവൃത്തികളെ ന്യായീകരിക്കുന്നവരുണ്ട്.

എന്നാല്‍ പാവപ്പെട്ടവരുടേത് കവര്‍ന്നെടുത്തു പണക്കാര്‍ക്കു കൊടുത്താലോ? അതു കൊടുംവഞ്ചനയാണെന്ന് എല്ലാവരും പറയും. ഇന്ത്യയിലെ ബാങ്കുകള്‍, പ്രത്യേകിച്ചു പൊതുമേഖലാ ബാങ്കുകള്‍ അതാണു ചെയ്യുന്നതെന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇക്കഴിഞ്ഞ ജൂണില്‍ ഇന്ത്യയിലെ ലിസ്റ്റ് ചെയ്ത 38 ബാങ്കുകളുടെ കിട്ടാക്കടം എട്ടു ലക്ഷം കോടി രൂപ കടന്നുവത്രേ. ഇതില്‍ 90 ശതമാനവും പൊതുമേഖലാബാങ്കുകളുടെ കിട്ടാക്കടമാണ്. ബാങ്കിംഗ് മേഖലയിലെ 70 ശതമാനം പണവും കൈകാര്യം ചെയ്യുന്നതു പൊതുമേഖലാ ബാങ്കുകളാണ്.

നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു കിട്ടാക്കടമെന്നു പ്രഖ്യാപിച്ചിരിക്കുന്നതാണ് എട്ടു ലക്ഷം കോടി. പ്രശ്നകാരിയായ കടങ്ങളും എഴുതിത്തള്ളിയ തുകയുംകൂടി കണക്കിലെടുക്കുകയാണെങ്കില്‍ ഇത് 20 ലക്ഷം കോടി രൂപയാകുമെന്നാണു റിസര്‍വ് ബാങ്കിന്‍റെ ഡെപ്യൂട്ടി ഗവര്‍ണറായിരുന്ന കെ.സി. ചക്രവര്‍ത്തി പറയുന്നത്.

മുന്‍ ഗവണ്‍മെന്‍റ് ഉണ്ടാക്കിയ പ്രശ്നമെന്നു പറഞ്ഞു മോദി ഗവണ്‍മെന്‍റ് ഈ പ്രശ്നത്തെ അവഗണിക്കുകയായിരുന്നു. മോദി ഗവണ്‍മെന്‍റിന്‍റെ കാലത്താണു കിട്ടാക്കടം പെരുകിയത് എന്നു കണക്കുകള്‍ കാണിക്കുന്നു. 2015 സെപ്തംബറില്‍ 3.51 ലക്ഷം കോടിയായിരുന്ന കിട്ടാക്കടം 2017 ജൂണ്‍ ആയപ്പോഴേക്കും 8.29 ലക്ഷം കോടിയായി; ഇരട്ടിയിലധികമായി എന്നു ചുരുക്കം. മുമ്പൊക്കെ ബാങ്കുകള്‍ കിട്ടാക്കടം കുറച്ചൊക്കെ ഒളിച്ചുവയ്ക്കാന്‍ ശ്രമിച്ചിരുന്നു. 2016 മദ്ധ്യത്തില്‍ റിസര്‍വ് ബാങ്കു ഗവര്‍ണറായിരന്ന രഘുറാം രാജന്‍ 'അസറ്റ് ക്വാളിറ്റി റിവ്യൂ' എന്നൊരു പരിപാടി നടപ്പിലാക്കി. വായ്പ കൊടുക്കലും ഈടു വാങ്ങലുമൊക്കെ ചിട്ടപ്പെടുത്താനുള്ള ശ്രമമായിരുന്നു അത്. രഘുറാം രാജനു സര്‍ക്കാര്‍ പിന്തുണയുണ്ടായിരുന്നുവോ എന്നു സംശയമാണ്. സാമ്പത്തികനില മോശമായതോടെ ബാങ്കുകളുടെ സ്ഥിതി പരുങ്ങലിലായി. ബാങ്കുകള്‍ക്ക് ആവശ്യമായ വായ്പ നല്കാന്‍ പറ്റാത്ത സ്ഥിതിയാണ്. ഇതു സാമ്പത്തിക പ്രവര്‍ത്തനങ്ങളെ വീണ്ടും മന്ദീഭവിപ്പിക്കും.

സാമ്പത്തിക ഉത്തേജന പാക്കേജിന്‍റെ ഭാഗമായി സര്‍ക്കാര്‍ മൂന്നു ലക്ഷം കോടി രൂപയാണു ബാങ്കുകള്‍ക്കു കൊടുക്കാന്‍ പോകുന്നത്. ബാങ്കുകളുടെ മൂലധനാടിത്തറ ശക്തിപ്പെടുത്തുകയെന്ന ഓമനപ്പേരിലാണ് ഇതറിയപ്പെടുന്നത്. ലളിതമായി പറയുകയാണെങ്കില്‍, സര്‍ക്കാര്‍ നമ്മുടെ നികുതിപ്പണമെടുത്തു ബാങ്കുകള്‍ക്കു കൊടുക്കുന്നു. കാരണമെന്താണ്? അംബാനി, അദാനി, വിജയ്മല്യ തുടങ്ങിയവര്‍ എടുത്ത വന്‍ വായ്പകള്‍ അവര്‍ തിരിച്ചടയ്ക്കുന്നില്ല. കോടിക്കണക്കിനു രൂപ വായ്പ കൊടുത്തപ്പോള്‍ കര്‍ശനവ്യവസ്ഥകള്‍ വച്ചില്ല. സാധാരണക്കാര്‍ വായ്പയെടുക്കാന്‍ ചെല്ലുമ്പോള്‍ എന്തെല്ലാം ചിട്ടവട്ടങ്ങളാണ്? എത്രയോ രേഖകള്‍ ഹാജരാക്കണം? വന്‍കിട മുതലാളിമാര്‍ക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ വായ്പ വേണമെങ്കില്‍ വീട്ടില്‍ കൊണ്ടുപോയി കൊടുക്കും. എന്നിട്ടു സാധാരണക്കാരന്‍റെ നികുതിപ്പണംകൊണ്ടു നഷ്ടം നികത്തും. രാഷ്ട്രീയക്കാരോ മാധ്യമങ്ങളോ ചര്‍ച്ച ചെയ്യാത്ത കൊള്ളയാണ് ഇവിടെ നടക്കുന്നത്. രാജ്യത്തു സമ്പന്നര്‍ കൂടുതല്‍ സമ്പന്നരും ദരിദ്രര്‍ കൂടുതല്‍ ദരിദ്രരുമാകുന്നത് ഇതുകൊണ്ടുകൂടിയാണ്. മുതലാളിമാര്‍ക്കു കൊടുക്കാന്‍ പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങി എല്ലാറ്റിന്‍റെയും വില സര്‍ക്കാര്‍ കൂട്ടുകയാണ്; സബ്സിഡികളാകട്ടെ കുറച്ചുകൊണ്ടു വരുന്നു.

വന്‍കിടക്കാര്‍ എല്ലാവരും തിരിച്ചടയ്ക്കാന്‍ ഉദ്ദേശ്യമില്ലാതെ വായ്പ എടുക്കുന്നവരാണെന്നു പറയാനാവില്ല. ബിസിനസ്സ് സ്ഥാപനങ്ങള്‍ വളര്‍ന്നു വലുതാകുമെന്നു വിചാരിച്ചാണ് അവര്‍ നിക്ഷേപം നടത്തുന്നത്. എന്നാല്‍ പൊതുവേ സാമ്പത്തികസ്ഥിതി മോശമാകുമ്പോള്‍ അവരുടെ ബിസിനസ്സും പച്ച പിടിക്കുകയില്ല. അപ്പോള്‍ കടം വീട്ടാനുമാകുകയില്ല. സാമ്പത്തികസ്ഥി അത്ര മെച്ചമല്ലാതിരുന്ന ഘട്ടത്തിലാണു പ്രധാനന്ത്രി മോദി നോട്ടുനിരോധനം നടപ്പിലാക്കിയത്. അതോടെ സാമ്പത്തികസ്ഥിതി തികച്ചും മോശമായി. ജിഎസ്ടി നടപ്പിലാക്കിയതിലെ പിഴവുകള്‍ സാമ്പത്തികമേഖലയെ ആകമാനം ഉലച്ചു. അങ്ങനെ നോക്കുമ്പോള്‍, കേന്ദ്രസര്‍ക്കാരിന്‍റെ മോശമായ സാമ്പത്തിക മാനേജുമെന്‍റാണു ബാങ്കുകളുടെ കിട്ടാക്കടം വര്‍ദ്ധിക്കാന്‍ പ്രധാനപ്പെട്ടൊരു കാരണമെന്നു കാണാം.

രാജ്യത്തിന്‍റെ സാമ്പത്തിക മാനേജുമെന്‍റ് വളരെ അവധാനതയോടെ ചെയ്യേണ്ട കാര്യമാണ്. മാധ്യമശ്രദ്ധ കിട്ടത്തക്ക രീതിയില്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടു കാര്യമില്ല. സ്കില്‍ ഇന്ത്യ, മേക്ക് ഇന്ത്യ എന്നിങ്ങനെ വന്‍ പദ്ധതികളെപ്പറ്റി പ്രഖ്യാപനങ്ങളുണ്ടായി. അവ എത്രമാത്രം ഫലം കണ്ടു എന്നു ചോദിച്ചാല്‍ ഉത്തരമില്ല. മേക്ക് ഇന്ത്യ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നു പ്രതീക്ഷിച്ചു. പക്ഷേ, തൊഴിലവസരങ്ങള്‍ വന്‍ തോതില്‍ കുറയുകയാണുണ്ടായത്. മേക്ക് ഇന്ത്യ നയത്തിനെതിരായ നടപടിയാണു ഫ്രാന്‍സുമായുണ്ടാക്കിയ റഫേല്‍ വിമാന ഇടപാട്. മുന്‍ സര്‍ക്കാര്‍ 125 വിമാനങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയായിട്ടാണ് അതിനെ വിഭാവനം ചെയ്തത്. വളരെ കുറച്ചു വിമാനങ്ങള്‍ മാത്രമേ അതു പ്രകാരം ഫ്രാന്‍സില്‍നിന്നു പൂര്‍ണമായും നിര്‍മ്മിച്ചു വാങ്ങുകയുള്ളു. ബാക്കി വിമാനങ്ങള്‍ എച്ച്എഎല്ലില്‍ നിര്‍മ്മിക്കും, സാങ്കേതികവിദ്യ കൈമാറും. നൂറിലധികം വിമാനങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ അനേകം പേര്‍ക്ക് തൊഴില്‍ കിട്ടും. നരേന്ദ്രമോദി താന്‍ ശക്തനായ ഭരണാധികാരിയാണെന്നു വരുത്തിത്തീര്‍ക്കാന്‍ മുന്‍ കരാര്‍ അവഗണിച്ച് 38 വിമാനങ്ങള്‍ നേരിട്ടു വാങ്ങുമെന്നു പ്രഖ്യാപിച്ചു. വില ആദ്യത്തേതിനേക്കാള്‍ ഇരട്ടി. തൊഴിലും സാങ്കേതികവിദ്യയുമൊന്നും മോദിക്കു പ്രശ്നമല്ല.

വന്‍കിട മുതലാളിമാരെ പ്രീണിപ്പിക്കുന്ന സാമ്പത്തികനയമല്ലേ മോദി സര്‍ക്കാര്‍ പിന്തുടരുതെന്നു സംശയിക്കണം. അത്തരം നയം സ്റ്റോക്ക് മാര്‍ക്കറ്റിനെ ചലിപ്പിക്കും. മൂഡിസ് പോലുള്ള റേറ്റിങ്ങ് ഏജന്‍സികളെ സന്തോഷിപ്പിക്കും. എന്നാല്‍ ഇന്ത്യയിലെ ദരിദ്ര ജനകോടികളുടെ അവസ്ഥയെന്താകും? ഭരണാധികാരി ഒരു തീരുമാനമെടുക്കുമ്പോള്‍ ഏറ്റവും ദരിദ്രനായവനെ അതെങ്ങനെ ബാധിക്കുമെന്നു ചിന്തിക്കണമെന്ന് ഗാന്ധിജി പറഞ്ഞു. ഈ സര്‍ക്കാര്‍ ഗാന്ധിജിയെ എന്ന പോലെ ആ നയത്തെയും അഗണ്യകോടിയില്‍ തള്ളുകയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org