അണികള്‍ ‘ആണി’കളായാല്‍

ചില പ്രസ്ഥാനങ്ങളിലെ അണികള്‍ അങ്ങനെയാണ്. അവര്‍ ഇരിക്കുന്ന കൊമ്പല്ല, മരംതന്നെ വെട്ടിവീഴ്ത്തും. വെട്ടിനിരത്തല്‍ എന്ന പ്രയോഗം ഒരുകാലത്തു വലിയ ഇമേജുള്ള പദമായിരുന്നു. വയല്‍ നികത്തി വാഴവച്ചാലും റബര്‍ നട്ടാലും അതെല്ലാം വെട്ടിനിരത്തിയാണു ചില പ്രസ്ഥാനങ്ങള്‍ വളര്‍ന്നത്. ഇന്ന് അവര്‍ വയല്‍ നികത്തി ദേശീയപാത തന്നെ പണിയുന്ന പരുവത്തിലാണ്.

കാലം ചിലതെല്ലാം ചിലരെ പഠിപ്പിക്കും. ലോകബാങ്കിനെതിരെ സമരം ചെയ്തവര്‍ ഇന്ന് അതേ ബാങ്കില്‍നിന്നു കടം വാങ്ങാന്‍ കേന്ദ്രത്തിന്‍റെ അനുമതി തേടുന്നു. കമ്പ്യൂട്ടറിനെതിരെ പോരാടിയവര്‍ ഇന്നു ലാപ്ടോപ്പില്ലാതെയും ആന്‍ഡ്രോയിഡ് ഫോണില്ലാതെയും ജീവിക്കാനാവാത്ത അവസ്ഥയില്‍. 'കാലത്തിന്‍റെ അടയാളങ്ങള്‍' കണ്ടു പഠിച്ചവര്‍ പക്ഷേ, സ്വന്തം പ്രസ്ഥാനത്തിനു വന്നുഭവിച്ചിട്ടുള്ള രൂപമാറ്റങ്ങള്‍ മനസ്സിലാക്കുന്നതേയില്ല. പാര്‍ട്ടി വളര്‍ത്താന്‍ 'ഗുണ്ടാപ്പട' ഉണ്ടാക്കിയാല്‍, അതു പാര്‍ട്ടിയില്‍ത്തന്നെ പ്രശ്നമുണ്ടാക്കുമെന്നു ചിന്തിക്കാതെ പോകുന്നതു രാഷ്ട്രീയ വിവരക്കേടാണ്. 'എല്ലാവരും സമന്മാര്‍' എന്ന സോഷ്യലിസം പറയുന്ന പാര്‍ട്ടിയില്‍ ചിലരെ 'എല്ലാം ശരിയാക്കാന്‍' നിയോഗിക്കുമ്പോള്‍ പലതും തകിടം മറിയുകയാണ്.

വാര്‍ത്തകളില്‍ നിറയുന്നതു സിപിഎം എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനു വന്നുഭവിച്ചിരിക്കുന്ന അപചയമാണ്. വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന നിയമസഭാ സ്പീക്കര്‍ക്കുപോലും ഫേസ്ബുക്കില്‍ തല കുനിക്കേണ്ടി വരുന്നുവെന്ന് എഴുതേണ്ടി വന്നതു ഗതികേടല്ലേ?

സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ 'തിരിഞ്ഞുനിന്ന്' നേതൃത്വത്തെ ചോദ്യം ചെയ്ത 'ശബരിമല'യും 'കീഴാറ്റൂര്‍ സംഭവവും' 'ആന്തൂര്‍ വി വാദവും സിപിഎംലെ നേതാക്കളെ ഒന്നും പഠിപ്പിച്ചില്ലെന്നാണോ കരുതേണ്ടത്? ഭരണത്തിന്‍റെ തണലില്‍ പാര്‍ട്ടിയിലെ 'ന്യൂനപക്ഷം' അര്‍മാദിക്കുകയും 'ഭൂരിപക്ഷം' ഞെരിപിരി കൊള്ളുകയും ചെയ്യുമ്പോള്‍, അടുത്ത മൂന്നു മാസത്തിനുള്ളില്‍ നടക്കേണ്ട നിയമസഭാ തിരഞ്ഞെടുപ്പുകള്‍ ഭരണമുന്നണിക്കു പ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയാത്തവരാണോ അണികള്‍? തെരഞ്ഞെടുപ്പിനു മുമ്പു കാസര്‍കോടു നടന്ന 'ഇരട്ടക്കൊലപാതകം' ഈ പാര്‍ട്ടിയെ, അതല്ലെങ്കില്‍ നിലവിലുള്ള ഭരണനേതൃത്വത്തെ വെട്ടിലാക്കാന്‍ ആരെങ്കിലും മനഃപൂര്‍വം ആസൂത്രണം ചെയ്തതാണോ? ചിലര്‍ അങ്ങനെയും സംശയിക്കുന്നുണ്ട്.

സിപിഎമ്മിന് ഇപ്പോള്‍ ശത്രുക്കളേറെയുണ്ട്. കേന്ദ്രം ഭരിക്കുന്നവര്‍, എങ്ങനെയും ഇടതുഭരണത്തെ താഴെയിറക്കണമെന്നുള്ള അതിമോഹമുള്ളവരാണ്. സംസ്ഥാനത്തെ യു ഡിഎഫ് നേതൃത്വം അടുത്ത മന്ത്രിസഭ തങ്ങളുടേതായിരിക്കുമെന്നു സ്വപ്നം കാണുന്നു. കോണ്‍ഗ്രസ്സിന്‍റെ ദേശീയനേതൃത്വത്തില്‍ 'വികലാംഗസ്വഭാവം' സംസ്ഥാനത്തെ ജനങ്ങളെ സ്വാധീനിക്കുമെന്നു കരുതാനാവില്ല. 'അബ്ദുള്ളക്കുട്ടി'യെ പോലുള്ള 'അത്ഭുതക്കുട്ടി'കളെ ഇടതുനിരയില്‍നിന്നുപോലും അമിത് ഷാ എന്ന 'അത്ഭുത മന്ത്രവാദി' പ്രതീക്ഷിക്കുന്നുമുണ്ട്.

കേരളത്തിലെ ഇടതുപക്ഷ പ്രസ്ഥാനത്തില്‍ 'വല്യേട്ടന്‍' വേഷത്തിലാണു സിപിഎം. ഇതേ മുന്നണിയിലെ സിപിഐ 'വല്യേട്ടനെ' തള്ളിപ്പറയുന്നവരെ സ്വീകരിക്കാന്‍ വെമ്പല്‍ കൊള്ളുന്നു. 'ഞങ്ങള്‍ കുറേക്കൂടി മാന്യന്മാരാണെന്ന്' അഹങ്കരിക്കുന്ന സിപിഐ വേണമെങ്കില്‍ നല്ല നേതാക്കള്‍ക്കു 'വളര്‍ന്നു കയറാനുള്ള' പന്തല്‍ കെട്ടിക്കൊടുക്കുകയാണ്. എന്നാല്‍ പരസ്പരമുള്ള ഈ 'കബഡികളി' ക്കു പുറത്തുള്ള കാര്യങ്ങള്‍ ഇടതുപ്രസ്ഥാനങ്ങള്‍ ചിന്തിക്കുന്നേയില്ല.

ഇടതുപ്രസ്ഥാനങ്ങള്‍ക്കു മുന്‍തൂക്കമുള്ള പോഷകസംഘടനകള്‍ പലതും ഇന്ന് ഐസിയുവിലാണ്. ബാങ്കുകളില്‍നിന്നുള്ള കൂട്ടപിരിച്ചുവിടല്‍, പൊതുമേഖലാസ്ഥാപനങ്ങളുടെ 'ദയാവധം, ഇന്‍ഷൂറന്‍സ് കമ്പനികളുടെ ലയനം, നിയമനമേഖലയിലുള്ള മെല്ലെപ്പോക്ക് എന്നിങ്ങനെ "ഇടതു തൊഴിലാളിപ്പട"യെ നിര്‍വീര്യമാക്കാന്‍ കേന്ദ്രം തുനിഞ്ഞിറങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎംന്‍റെ തലസ്ഥാനത്തെ 'പരമ്പരാഗത സര്‍വീസ് വോട്ടുകള്‍' എന്തുകൊണ്ടു പാര്‍ട്ടിക്കു കൈമോശം വന്നുവെന്നതിന് ഉത്തരം തേടുകയാണു നേതൃത്വം ഇപ്പോഴും. ബംഗാളിലും ത്രിപുരയിലും കാല്‍ക്കീഴിലെ മണ്ണൊലിച്ചുപോയത് അറിയാതെ പോയെന്ന 'ഫ്ളാഷ്ബാക്ക്' ഇവിടെ ഓര്‍മിക്കുന്നതു നന്ന്.

ജനാധിപത്യത്തെ സ്നേഹിക്കുന്നവര്‍ ഇന്ന് ഇടതുപക്ഷ മനസ്സുള്ളവരാണ്. എന്നാല്‍ ഈ 'ഹൃദയൈക്യം' തകര്‍ക്കാനുള്ള ശ്രമങ്ങള്‍ 'ബുദ്ധിയുള്ള നേതൃത്വം' മനസ്സിലാക്കണ്ടേ? പണംകൊണ്ടു പാര്‍ട്ടി വളര്‍ത്താമെന്നു കരുതുന്ന ബിജെപിയെ എതിര്‍ക്കാന്‍ 'സമാനഹൃദയര്‍' പോയിട്ടു കോണ്‍ഗ്രസ്സുകാര്‍ പോലും ഒരുമിച്ചുനില്ക്കുന്നില്ല. തെരഞ്ഞെടുപ്പിനുമുമ്പു 'പരസ്യമായി'തന്നെ പണം പിരിക്കാന്‍ 'ഇലക്ട്രല്‍ ബോണ്ട്' എന്ന അഭ്യാസം ബിജെപി നടപ്പാക്കി. 1731 കോര്‍പ്പറേറ്റുകള്‍ ബിജെപിക്കു നല്കിയത് 915.59 കോടിയാണ്! കുത്തകകള്‍ക്കായി അധികാരം പിടിക്കാന്‍ പന്തയക്കുതിരയെപ്പോലെ രാഷ്ട്രീയപാര്‍ട്ടിയെ ഇറക്കുന്ന രാജ്യത്തു നടപ്പാകുന്നതു ജനാധിപത്യമാണോ, പണാധിപത്യമാണോ?

വാലറ്റക്കുറി: വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചു പറഞ്ഞ മന്ത്രി എം.എം. മണി വിളിച്ചത്, ശംഭോ മഹാദേവാ! വിശ്വാസം അതല്ലേ, എല്ലാം!

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org