കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ വഴിയേ

കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ വഴിയേ

വികസനപ്രവര്‍ത്തനങ്ങള്‍ പോയിട്ടു ശമ്പളം കൊടുക്കാന്‍ പോലും സര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ലെന്നു ധനമന്ത്രിയും മുഖ്യമന്ത്രിയും തുറന്നു സമ്മതിച്ചിരിക്കുകയാണ്. കടമെടുത്തും വകമാറ്റി ചെലവഴിച്ചുമാണു സര്‍ക്കാര്‍ കഷ്ടി പിടിച്ചുനില്ക്കുന്നത്. ഇങ്ങനെ പോയാല്‍ കേരള സര്‍ക്കാരിന്‍റെ സ്ഥിതി കെഎസ്ആര്‍ടിസിയുടെ സ്ഥിതിപോലെയാകുമെന്നു സാമ്പത്തികവിദഗ്ദ്ധര്‍ പറയുന്നു.

കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍ ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ പണമില്ല. പെന്‍ഷന്‍കാര്‍ക്ക് രണ്ടുമൂന്നു മാസമായി പണം കിട്ടുന്നില്ല. ആദ്യമൊക്കെ സര്‍ക്കാര്‍ പണം കൊടുത്തു സഹായിച്ചിരുന്നു. ഇപ്പോള്‍ സര്‍ക്കാരിന്‍റെ കയ്യിലും പണമില്ല. കോര്‍പ്പറേഷന്‍റെ ഡിപ്പോകള്‍ പണയപ്പെടുത്തി കടമെടുത്തിട്ടാണ് അത്യാവശ്യ ചെലവുകള്‍ നടത്തുന്നത്. ശമ്പളവും പെന്‍ഷനും കൊടുക്കാന്‍ ഓരോ മാസവും കോര്‍പ്പറേഷന്‍ നെട്ടോട്ടമോടുകയാണ്.

ഈ ദുരവസ്ഥയില്‍ കെഎസ്ആര്‍ടിസിയോട് അനുകമ്പയുള്ളവര്‍ ചുരുക്കമാകും. കാരണം ഇതു സ്വയംകൃതനാര്‍ത്ഥമാണ്. വര്‍ഷങ്ങളായുള്ള ട്രേഡ് യൂണിയന്‍ ഗുണ്ടായിസവും കെടുകാര്യസ്ഥതയും യാഥാര്‍ത്ഥ്യബോധമില്ലായ്മയുമാണു കോര്‍പ്പറേഷനെ ഈ പതനത്തില്‍ എത്തിച്ചത്. കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പുവരെ അവിടെ ട്രേഡ് യൂണിയന്‍ നേതാക്കന്മാരുടെ ഭരണമായിരുന്നു. മന്ത്രിക്കുപോലും അവരുടെ മേല്‍ നിയന്ത്രണമുണ്ടായിരുന്നില്ല. ഏറെപ്പേര്‍ പണിയെടുക്കാതെ ശമ്പളം പറ്റി. കോര്‍പ്പറേഷനു വരുമാനുണ്ടാക്കാന്‍ പറ്റുന്ന വിധത്തിലല്ല ഷെഡ്യൂളുകള്‍ തയ്യാറാക്കിയത്. രാഷ്ട്രീയവും രാഷ്യ്രീയേതരവുമായ താത്പര്യങ്ങള്‍ക്കായിരുന്നു മുന്‍ഗണന. കൃത്യസമയത്തു വണ്ടികള്‍ ഓടിയിരുന്നില്ല. യാത്രക്കാര്‍ കെഎസ്ആര്‍ടിസി ബസ്സുകളില്‍ കയറണമെന്നു ജീവനക്കാര്‍ക്കു യാതൊരു നിര്‍ബന്ധവുമുണ്ടായിരുന്നില്ല. വര്‍ക്ക്ഷോപ്പുകളില്‍ അഴിമതി കളിയാടി. ജോലിക്കാര്‍ നിര്‍ദ്ദിഷ്ട ജോലികള്‍ ചെയ്തിരുന്നില്ല. മാനേജുമെന്‍റ് ഈ ഈജിയന്‍ തൊഴുത്തു വൃത്തിയാക്കാന്‍ ശ്രമിച്ചില്ല, ശ്രമിച്ചെങ്കില്‍ വിജയിച്ചതുമില്ല. തലപ്പത്തുള്ളവര്‍, അവരുടെ പദവികള്‍ 'വേണ്ടപോലെ' ഉപയോഗപ്പെടുത്തി. പൊതുജനത്തിന് ആവശ്യമില്ലാത്ത ഈ ആന കോര്‍പ്പറേഷനെ സര്‍ക്കാര്‍ പൊതുപ്പണം ഉപയോഗിച്ചു നിലനിര്‍ത്തിക്കൊള്ളണമെന്നായിരുന്നു നിലപാട്. അതു നടക്കാത്ത സ്ഥിതിയിലാണിപ്പോള്‍ കെഎസ്ആര്‍ടിസി.

കേരള സര്‍ക്കാര്‍ സംവിധാനവും ആ വഴിയില്‍ത്തന്നെയാണ് സഞ്ചരിക്കുന്നതെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നികുതി വരുമാനത്തിന്‍റെ 90 ശതമാനവും ശമ്പളവും പലിശയുമായി ചെലവാക്കേണ്ടി വരുന്നു. കേരള സര്‍ക്കാരിന്‍റെ പ്രധാനപ്പെട്ട രണ്ടു വരുമാനങ്ങള്‍ പാപത്തിന്‍റെ ശമ്പളമാണ്: മദ്യവില്പനയും ചൂതാട്ട (ലോട്ടറി)വും. മൂന്നാമത്തെ വരുമാനമാര്‍ഗമാണു പണ്ടത്തെ വില്പനനികുതി. ഇപ്പോഴത്തെ ജിഎസ്ടി. ഇവയില്‍ ഏതെങ്കിലും ഒരിനത്തില്‍ വരുമാനം കുറഞ്ഞാല്‍ ശമ്പളം കൊടുക്കാന്‍ വായ്പയെടുക്കേണ്ട ഗതികേടിലാണു സര്‍ക്കാര്‍. ഇതില്‍നിന്നു രക്ഷ നേടണമെങ്കില്‍ ചെലവു കുറയ്ക്കണം. അല്ലെങ്കില്‍ വരുമാനം കൂട്ടണം. പ്രധാന ചെലവു ശമ്പളവും പലിശയുമാണ്. സാമ്പത്തികസ്ഥിതി മോശമായി തുടരുമ്പോള്‍ പലിശഭാരം കുറയുകയില്ല. ശമ്പളമാണ് അല്പമെങ്കിലും നിയന്ത്രിക്കാന്‍ കഴിയുന്നത്. അതു കുറയ്ക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാരിനില്ല. ഈ കൊച്ചു സംസ്ഥാനത്ത് എത്ര ഡിജിപിമാരാണുള്ളത്? യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷനില്‍ പത്തു പേരുള്ളപ്പോള്‍ കേരള പിഎസ്സിയില്‍ 21 പേരുണ്ട്. ഓരോ മന്ത്രിക്കുമുളള പേഴ്സണല്‍ സ്റ്റാഫിന്‍റെ എണ്ണം കേട്ടാല്‍ ആരായാലും ഞെട്ടിത്തരിക്കും. മുകള്‍ത്തട്ടില്‍ തസ്തികകളുടെ എണ്ണം കുറയ്ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. മുമ്പു കെഎസ്ആര്‍ടിസിയിലും ഇതുതന്നെയായിരുന്നു സ്ഥിതി. പിന്നൊന്നു പെന്‍ഷന്‍ ഭാരമാണ്. അതു കുറയ്ക്കാന്‍ വേണ്ടിയാണു മുന്‍ സര്‍ക്കാര്‍ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ സ്കീം കൊണ്ടുവന്നത്. വിവേകപൂര്‍ണമായ ആ പദ്ധതിയെ ഈ സര്‍ക്കാര്‍ കയ്യടിക്കുവേണ്ടി തള്ളിപ്പറഞ്ഞു. സര്‍ക്കാരിന് ആ പദ്ധതി തുടരാതിരിക്കാന്‍ പറ്റാത്ത അവസ്ഥയാണിപ്പോള്‍. വോട്ടുബാങ്കുകളെ തൃപ്തിപ്പെടുത്താന്‍ വേണ്ടി യാഥാര്‍ത്ഥ്യബോധമില്ലാത്ത സമീപനങ്ങള്‍ സ്വീകരിച്ചാല്‍ കേരള സര്‍ക്കാര്‍ കെഎസ്ആര്‍ടിസിയുടെ വഴിയില്‍ അതിവേഗം മുന്നേറും.

വരവു കൂട്ടുകയാണു സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനുള്ള അടുത്ത മാര്‍ഗം. വരുമാനമുണ്ടാകണമെങ്കില്‍ സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ അധികമായി നടക്കണം. അതിന് ആരെങ്കിലും മുതല്‍ മുടക്കണം. സര്‍ക്കാരിന്‍റെ കയ്യില്‍ പണമില്ല. അപ്പോള്‍ സ്വകാര്യനിക്ഷേപം അനിവാര്യമാണ്. സ്വകാര്യനിക്ഷേപം സ്വാഗതം ചെയ്യുന്ന പ്രഖ്യാപനങ്ങള്‍ ഇപ്പോള്‍ നടക്കുന്നുണ്ടെന്നു സമ്മതിക്കണം. പക്ഷേ, അവ പ്രവൃത്തിപഥത്തിലെത്തുന്നില്ല.

പ്രധാന തടസ്സം ഉദ്യോഗസ്ഥരുടെ നിഷേധാത്മക സമീപനമാണ്. എന്തെല്ലാം ഓണ്‍ലൈന്‍ ആക്കി എന്നു പറഞ്ഞാലും ചുവപ്പുനാട ഒരു പ്രശ്നം തന്നെയാണ്. ഉദ്യോഗസ്ഥരുടെ മനോഭാവം മാറുന്നില്ലെങ്കില്‍ ഇവിടെ ഒരു നിക്ഷേപവും നടക്കുകയില്ല. രണ്ടാമത്തെ തടസ്സം രാഷ്ട്രീയക്കാരുടെയും ട്രേഡ് യൂണിയന്‍ നേതാക്കന്മാരുടെയും നിലപാടാണ്. ഇപ്പോഴും ജോലിക്ക് ആളെ എടുക്കണമെങ്കില്‍ യൂണിയന്‍ നേതാക്കന്മാരുടെ സമ്മതം വേണം. നിപുണതകള്‍ ആവശ്യമുള്ള ജോലിയാണെങ്കിലും യൂണിയന്‍റെ ആളുകളെ എടുക്കണം. അവര്‍ ജോലി ചെയ്യുകയില്ല, പക്ഷേ, ശമ്പളം കൊടുക്കണം. നോക്കുകൂലി സംസ്ഥാനത്ത് ഇപ്പോഴും വ്യാപകമാണ്. ഇതിനെ ട്രേഡ് യൂണിയന്‍ ഗുണ്ടായിസമെന്നല്ലാതെ പിന്നെന്തു വിളിക്കും? ഏതു പദ്ധതിക്കും എതിര്‍പ്പുമായി മുന്നോട്ടുവരുന്നവരുണ്ട്. കാര്യങ്ങള്‍ പാലിക്കാതെ ചില രാഷ്ട്രീയക്കാര്‍ എടുത്തുചാടി അവര്‍ക്കു പിന്തുണ കൊടുക്കുന്നു. കപട പരിസ്ഥിതിവാദികളും ചിലപ്പോള്‍ പ്രശ്നം വഷളാക്കുന്നുണ്ട്.

നമ്മുടെ നയസമീപനങ്ങളില്‍ സമഗ്രമായ അഴിച്ചുപണിയില്ലെങ്കില്‍ കേരളത്തിന്‍റെ സമ്പദ്ഘടന കെഎസ്ആര്‍ടിസിയുടെ പതനത്തിലെത്തും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org