ജനാധിപത്യസംവിധാനങ്ങളെ ബലഹീനമാക്കുന്ന ഏകാധിപത്യപ്രവണത

പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി 1975-ല്‍ നടപ്പിലാക്കിയ അടിയന്തിരാവസ്ഥയെപ്പറ്റി ഇപ്പോഴും ആളുകള്‍ പരാമര്‍ശിക്കുന്നുണ്ട്. ഇന്ത്യയുടെ ഭരണഘടനയുടെ മേലുള്ള കടന്നുകയറ്റമായി അതിനെ വിശേഷിപ്പിക്കുന്നു. പക്ഷേ, അതു നേരിട്ടുള്ള ആക്രമണമായിരുന്നു. ഭരണഘടനയുടെ ചില വകുപ്പുകള്‍ മരവിപ്പിച്ചു. അതു നിശ്ചിത കാലഘട്ടത്തേക്കായിരുന്നു. രണ്ടു കൊല്ലം കഴിഞ്ഞപ്പോള്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടു. ഭരണഘടനയുടെ ശോഭ അതിനുശേഷം ഒന്നുകൂടി വര്‍ദ്ധിച്ചതേയുള്ളൂ.

എന്നാലിപ്പോള്‍ അവലംബിക്കപ്പെടുന്ന രീതി വ്യത്യസ്തമാണ്. പ്രത്യക്ഷത്തില്‍ ഭരണഘടനയെ മാറ്റിമറിക്കുന്നൊന്നുമില്ല. മറിച്ച്, ജനാധിപത്യസംവിധാനങ്ങളെയും സ്ഥാപനങ്ങളെയും ബലഹീനമാക്കുന്ന നടപടികളാണ് ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഭരിക്കുന്നവരുടെ ഇച്ഛ നടപ്പിലാകണം, അതിനു തടസ്സം നില്ക്കുന്ന സ്ഥാപനങ്ങളെ വരുതിയിലാക്കണം, വ്യക്തികളെ പുറത്താക്കണം എന്ന സമീപനമാണു സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

രാജ്യാന്തരതലത്തില്‍ത്തന്നെ ആദരിക്കപ്പെടുന്ന റിസര്‍വ് ബാങ്കാണു കടുത്ത സമ്മര്‍ദ്ദത്തിലായ ഒരു സ്ഥാപനം. ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ ലോകമെങ്ങും അറിയപ്പെടുന്ന സാമ്പത്തികവിദഗ്ദ്ധന്‍ രഘുറാം രാജനായിരുന്നു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍. സര്‍ക്കാരിന്‍റെ വരുതിയില്‍ നില്ക്കില്ലെന്നു കണ്ടപ്പോള്‍ അദ്ദേഹത്തെ പു റത്താക്കി. 500, 1000 രൂപ നോട്ടുകള്‍ ഒറ്റയടിക്കു നിര്‍ത്തലാക്കുന്നതിനെതിരെ സര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയിരുന്നു. സര്‍ക്കാര്‍ അതൊന്നും ചെവിക്കൊണ്ടില്ല. മോദിയുടെ കിച്ചണ്‍ ക്യാബിനറ്റിന്‍റെ ഉപദേശമനുസരിച്ചു നോട്ടു റദ്ദാക്കി. വന്‍ ദുരന്തമാണ് അത് ഇന്ത്യന്‍ സാമ്പത്തികമേഖലയില്‍ വരുത്തിവച്ചത്. ജിഡിപി വളര്‍ച്ച രണ്ടു ശതമാനം കണ്ടു കുറഞ്ഞു. ചെറുകിട വ്യവസായമേഖലയിലും വ്യാപാരരംഗത്തും കാര്‍ഷികരംഗത്തും വലിയ മാന്ദ്യമുണ്ടായി. തൊഴിലില്ലായ്മ രൂക്ഷമായി. കഴിഞ്ഞ ആറു വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായതു കഴിഞ്ഞ വര്‍ഷമാണത്രേ. സര്‍ക്കാര്‍ ആ കണക്കുകള്‍ മറച്ചുവയ്ക്കുകയാണെന്നു പറയുന്നു. സര്‍ക്കാരിന്‍റെ കമ്മി അടിക്കടി കൂടുകയാണ്. ഈ കമ്മി നികത്താന്‍ റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനം വേണമെന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഗുജറാത്തുകാരനായ ഊര്‍ജിത് പട്ടേലിനെ മോദി താത്പര്യമെടുത്തു നി യമിച്ചതാണെങ്കിലും ഇന്ത്യന്‍ സമ്പദ്ഘടനയെ പിടിച്ചുലയ്ക്കാവുന്ന ആ നടപടിക്കു പട്ടേല്‍ തയ്യാറായില്ല. അദ്ദേഹത്തിനു രാജിവയ്ക്കേണ്ടി വന്നു. റിസര്‍വ് ബാങ്കിനെ സര്‍ക്കാരിന്‍റെ ഒരു വകുപ്പായി തരം താഴ്ത്താനുള്ള നടപടിയുമായി മോദിയും കൂട്ടരും മുന്നോട്ടുപോകുകയാണെന്നു വിചാരിക്കണം.

കടുത്ത സമ്മര്‍ദ്ദത്തിലായ രണ്ടാമത്തെ സ്ഥാപനം കേന്ദ്ര കുറ്റാന്വേഷണ ഏജന്‍സി (സിബിഐ) ആണ്. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ തങ്ങളുടെ വരുതിയില്‍ മുഴുവനും നില്ക്കില്ലെന്നു വന്നപ്പോള്‍ രാകേഷ് അസ്താനയെ ജോയിന്‍റ് ഡയറക്ടറാക്കി. അസ്താന കറയറ്റ റിക്കാര്‍ഡിന്‍റെ ഉടമയായിരുന്നില്ല. അസ്താനയ്ക്കെതിരായ കേസുകള്‍ വര്‍മ്മ അന്വേഷിക്കാന്‍ തുടങ്ങി. അസ്താനയെ അറസ്റ്റ് ചെയ്യുമെന്ന ഘട്ടംവരെ എത്തിയത്രേ. അലോക് വര്‍മ്മയ്ക്കെതിരെ ചില ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് അസ്താനയും സര്‍ക്കാരും അതിനെ നേരിട്ടത്. അതിനിടയില്‍ വര്‍മ്മ റഫാല്‍ ഇടപാട് അന്വേഷിക്കാനും നീക്കം നടത്തിയത്രേ. സിബിഐയുടെ തലപ്പത്ത് തമ്മിലടിയെന്നു പറഞ്ഞു പാതിരാത്രിയില്‍ രണ്ടുപേരെയും സര്‍ക്കാര്‍ ഒഴിവാക്കി. നിയമവിരുദ്ധമായ വര്‍മ്മയുടെ ഒഴിവാക്കല്‍ സുപ്രീംകോടതി റദ്ദാക്കി. അപ്പോള്‍ സര്‍ക്കാര്‍ സിവിസിയെ കൂട്ടുപിടിച്ചു വര്‍മ്മയെ പുറത്താക്കി. ഈ സിവിസി തന്നെയും സംശയത്തിന്‍റെ നിഴലിലാണ്. ഇങ്ങനെയുള്ള സിബിഐക്ക് എന്തു വിശ്വാസ്യതയാണുള്ളത്? എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും സര്‍ക്കാരിന്‍റെ ചൊല്പടിക്കു നില്ക്കുന്ന ഏജന്‍സിയായി മാറിക്കഴിഞ്ഞു. ഈ ഏജന്‍സികള്‍ സര്‍ക്കാരിനെ സംരക്ഷിക്കാനും എതിരാളികളെ കേസില്‍ കുടുക്കുവാനുമാണു ശ്രമിക്കുന്നതെന്ന ആരോപണം എളുപ്പം തള്ളിക്കളയാനാവില്ല. സിബിഐയുടെ സ്വതന്ത്ര പ്രവര്‍ത്തനം വെറും വ്യാമോഹമായി അവശേഷിക്കുകയാണിപ്പോള്‍.

കോടതികളെയും സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നതാണു ഗുരുതരമായ സ്ഥിതിവിശേഷം. ജഡ്ജിമാരുടെ നിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. ജസ്റ്റീസ് കെ.എം. ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാനുള്ള കൊളീജിയം ശിപാര്‍ശ കേന്ദ്ര സര്‍ക്കാര്‍ ആദ്യം അംഗീകരിച്ചില്ല. മാസങ്ങള്‍ക്കുശേഷം കൊളീജിയം വീണ്ടും ശിപാര്‍ശ നല്കിയപ്പോഴാണ് അദ്ദേഹത്തിനു നിയമനം കിട്ടിയത്. സിബിഐ ഡയറക്ടറുടെ പേരിലുള്ള ആരോപണങ്ങള്‍ പരിഗണിക്കാന്‍ കൂടിയ നിയമനസമിതിയില്‍ ചീഫ് ജസ്റ്റീസ് തനിക്കു പകരം ജസ്റ്റീസ് ഏ.കെ. സിക്രിയെ നിയോഗിക്കുകയാണു ചെയ്തത്. സമിതിയുടെ ആദ്യദിവസയോഗത്തില്‍ ജസ്റ്റീസ് സിക്രി നിഷ്പക്ഷ നിലപാടെടുത്തു; രണ്ടാം ദിവസം പ്രധാനമന്ത്രി മോദിക്കൊപ്പം ചേര്‍ന്ന് അലോക് വര്‍മ്മയെ നീക്കം ചെയ്യാനുള്ള തീരുമാനമെടുത്തു. അധികം താമസിയാതെ സിക്രിയെ കോമണ്‍വെല്‍ത്ത് ട്രിബ്യൂണലിലേക്കു നാമനിര്‍ദ്ദേശം ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തുവന്നു. നിയമനസമിതിയിലെ നിലപാടും നിയമനവും തമ്മിലുള്ള ബന്ധം പ്രകടമായതുകൊണ്ടു സിക്രിക്ക് ആ നിയമനം നിരസിക്കേണ്ടി വന്നു. കോടതിയുടെ നിഷ്പക്ഷതയ്ക്കു മുമ്പില്‍ ഇവയെല്ലാം ചോദ്യചിഹ്നങ്ങളാണ്. തിരഞ്ഞെടുപ്പു കമ്മീഷനും സര്‍ക്കാരിന്‍റെ വരുതിയിലാണോ എന്ന സംശയമുയര്‍ന്നിട്ടുണ്ട്. പാവനമായ ഭരണഘടനാസ്ഥാപനങ്ങള്‍ ഭരിക്കുന്നവരുടെ നിയന്ത്രണത്തിലാണെങ്കില്‍ അവിടെ ജനാധിപത്യം പേരില്‍ മാത്രമേ ഉണ്ടായിരിക്കുകയുളളൂ.

-nellisseryg@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org