തോറ്റതും തോല്‍പ്പിച്ചതും, ജയിച്ചതും ജയിപ്പിച്ചതും… ജാതിരാഷ്ട്രീയം കളര്‍ഫുള്‍

ആന്‍റണി ചടയംമുറി

ഇലക്ഷന്‍ ഫലത്തെക്കുറിച്ച് ഭയങ്കര ചര്‍ച്ചയാണ് എവിടെയും. എന്തുകൊണ്ട് തോറ്റുവെന്ന ചോദ്യമാണ് കേരളത്തില്‍ സി. പി.എം. നേതാക്കളുടെ ഉള്ളിലുയരുന്നത്. കേന്ദ്രം പിടിച്ച ബി.ജെ.പി.യാകട്ടെ കേരളത്തില്‍ അക്കൗണ്ട് തുറക്കാത്തതിനെക്കുറിച്ചുള്ള ചിന്തയില്‍ മുഴുകിക്കഴിയുന്നു. യു.ഡി.എഫ്. നേടിയ വിജയത്തിന്‍റെ മധുരം അവര്‍ക്ക് വേണ്ടപോലെ രുചിക്കാനായില്ല. കാരണം, ദേശീയതലത്തിലെ അവരുടെ തോല്‍വി തന്നെ.

കേന്ദ്രത്തില്‍ കോണ്‍ഗ്രസും കേരളത്തില്‍ ബി.ജെ.പി.യും (സി.പി.എമ്മും?) തോറ്റത് തൊഴുത്തില്‍ കുത്ത്, പാരവയ്പ് തുടങ്ങിയ സുന്ദരമായ ആയോധന കലകള്‍ ഓരോ നേതാക്കളും പ്രയോഗിച്ചതു കൊണ്ടാണെന്നു വാദിക്കുന്നവരുണ്ട്. ഈയിടെ വന്‍നേട്ടം കൊയ്ത സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ തോല്‍പ്പിക്കാന്‍ അതാതു സംസ്ഥാനങ്ങളിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പരസ്പരം മത്സരിച്ചതാണ് കര്‍ണാടക, മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളില്‍ പാര്‍ട്ടി തകരാന്‍ കാരണമെന്നത് ഒരു രഹസ്യമേയല്ല. മുഖ്യമന്ത്രിമാര്‍ സ്വന്തം മക്കളെ ഇലക്ഷനില്‍ മത്സരിപ്പിച്ചതും വിനയായി. ബി.ജെ.പി.യാകട്ടെ സിറ്റിംഗ് സീറ്റുകള്‍ (ഉദാ: ബീഹാര്‍) വിട്ടുകൊടുത്തുപോലും സഖ്യം നിലനിര്‍ത്തിയപ്പോള്‍ ഒറ്റയ്ക്ക് നിന്നു ശക്തിയാര്‍ജ്ജിക്കാന്‍ നിസ്സാര കാരണങ്ങള്‍ പറഞ്ഞ് സഖ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞതും കോണ്‍ഗ്രസിന്‍റെ തകര്‍ച്ച പൂര്‍ണ്ണമാക്കി.

രാഹുല്‍ഗാന്ധിയുടെ 'നേതൃത്വ ഇമേജ്' വേണ്ടവിധം പ്രയോജനപ്പെടുത്തിയത് രണ്ട് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് – കേരളവും തമിഴ്നാടും.

ജനാധിപത്യത്തെക്കുറിച്ചും രാഷ്ട്രീയപാര്‍ട്ടികളെക്കുറിച്ചും പഠിക്കുന്നവര്‍ക്ക് ഈ തെരഞ്ഞെടുപ്പ് ചില ഗുണപാഠങ്ങള്‍ നല്‍കുന്നുണ്ട്. നമുക്ക് മൂന്നു വ്യക്തികളെ ഇതിനായി മാറ്റിനിര്‍ത്താം. ആദ്യം നരേന്ദ്രമോദിയെക്കുറിച്ച്. വര്‍ഗീയത, ഭരണഘടനാസ്ഥാപനങ്ങള്‍, ഭരണസംവിധാനങ്ങള്‍ എന്നിവ യാതൊരു മനഃസാക്ഷിക്കുത്തുമില്ലാതെ അധികാരം പിടിച്ചെടുക്കാന്‍ ആ 'കൗശലക്കാരന്‍' ഉപയോഗിച്ചു. ഭരണം മോദിയും പാര്‍ട്ടി അമിത്ഷായുമെന്ന മട്ടില്‍ ഇലക്ഷന്‍കാലം പ്രതിപക്ഷത്തിനു സമ്മാനിച്ചത് ദുരിതദിനങ്ങളായിരുന്നു.

രണ്ടാമത്തെ വ്യക്തി രാഹുല്‍ഗാന്ധിയാണ്. എന്തായാലും, സ്വന്തം പാര്‍ട്ടിയിലെ താപ്പാനകളെയും ന്യൂജെന്‍ അധികാരമോഹികളെയും തളയ്ക്കുന്നതില്‍ ഈ നേതാവ് പ്രകടിപ്പിക്കുന്ന നേതൃപാടവമായിരിക്കും കോണ്‍ഗ്രസിന്‍റെ ഭാവി തീരുമാനിക്കുക.

മൂന്നാമത്തെ വ്യക്തി മുഖ്യമന്ത്രി പിണറായി വിജയനാണ്. പ്രളയം പോലെ ഒരു മഹാകെടുതിക്കു ശേഷവും ശബരിമല പോലുള്ള ഒരു തീപിടിച്ച പ്രശ്നത്തില്‍ നിന്ന് തല്‍ക്കാലത്തേയ്ക്കെങ്കിലും മാറി നില്‍ക്കാന്‍ അദ്ദേഹത്തെ ആരും ഉപദേശിക്കാതിരുന്നത് സി.പി.എം.ന് പറ്റിയ 'ചരിത്രപരമായ വിഡ്ഢിത്ത'മായി കാണുന്നവരുണ്ട്.

എന്തുകൊണ്ട് ദേശീയതലത്തില്‍ 'വര്‍ഗീയത' പച്ചയായി പറഞ്ഞവരെപ്പോലും ജനങ്ങള്‍ ദേശീയതലത്തില്‍ വിജയിപ്പിച്ചുവെന്ന ചോദ്യത്തിന് ഉത്തരം തേടി നമുക്ക് ശ്രീലങ്കയിലേക്കു പോകേണ്ടിവരും. ഈസ്റ്റര്‍ ദിനത്തില്‍ ക്രൈസ്തവര്‍ക്കു നേരെയുണ്ടായ തീവ്രവാദി ആക്രമണം, ചില 'ദുസ്സൂചന'കളിലേക്ക് ഭൂരിപക്ഷ സമുദായങ്ങളെ നയിച്ചുവോ? ശ്രീലങ്കയില്‍ 3.9 ചതുരശ്ര കിലോമീറ്ററില്‍ ഒരു പ്രത്യേക സമുദായത്തിന്‍റെ 45 ആരാധനാകേന്ദ്രങ്ങള്‍ കൂണുപോലെ മുളച്ചത് സമാധാനം ആഗ്രഹിക്കുന്ന ഒരു ജനപദത്തിന് 'ഉറക്കമില്ലാത്ത രാവുകള്‍' സമ്മാനിച്ചുവോ? എവിടെയായാലും, മതങ്ങളുടെ ഉള്‍ക്കാമ്പില്‍ അലിഞ്ഞുചേരുന്ന തീവ്രവാദ ചിന്തകളുടെ വിഷം ഒരു നാടിനെത്തന്നെയാണ് നശിപ്പിക്കുന്നതെന്ന കാര്യം മറക്കാനാവില്ല.

ജാതി പറഞ്ഞാണ് ഉത്തരേന്ത്യയില്‍ ബി.ജെ.പി. വോട്ട് പിടിച്ചതെന്ന ആരോപണമുണ്ട്. മസ്ജിദ് തകര്‍ത്ത സ്ഥാനാര്‍ത്ഥി ഗാന്ധിയുടെ ഘാതകനെ പുകഴ്ത്തിപ്പറഞ്ഞ് വോട്ട് നേടിയത് ജനാധിപത്യത്തെ സ്നേഹിക്കുന്നവര്‍ക്ക് കാണാതിരിക്കാനാവില്ല. ജാതിയെക്കുറിച്ച് മഹാകവി വള്ളത്തോള്‍ പാടിയത് "ജാതി, ഹാ നരകത്തില്‍ നിന്നു പൊങ്ങിയ ശബ്ദ"മെന്നാണ്! രാഷ്ട്രപിതാവായ ഗാന്ധിജി പറഞ്ഞത് ഇങ്ങനെ: "ഹിന്ദുമതത്തില്‍ ഒരു ചെകുത്താനുണ്ടായിരുന്നു, ആ ചെകുത്താന്‍റെ വിസര്‍ജ്ജനമാണ് ജാതിയെന്നാണ്!"

ഋഗ്വേദത്തിന്‍റെ അവസാനം നാം കാണുക, സര്‍വ സമുദായൈക്യ പ്രാര്‍ത്ഥനയാണ്. എന്നാല്‍ ഇന്ന് വേദം ചൊല്ലി ഭേദം വളര്‍ത്തുകയാണ് പലരും, ഈ സ്പര്‍ദ്ധയില്‍ നിന്നുള്ള തീച്ചൂളയില്‍ 'അധികാരത്തിന്‍റെ പായസം' പാചകം ചെയ്യുന്നവരാണ് പല രാഷ്ട്രീയക്കാരും. അടുത്തിരിക്കുന്നവന്‍ ദൈവമല്ല, ശത്രുവാണെന്നു പറഞ്ഞു കൊലക്കത്തി പുതുതലമുറയുടെ കയ്യില്‍ പിടിപ്പിക്കുന്നവരായി അവര്‍ മാറുന്നുണ്ട് പലപ്പോഴും. ഒരു മുസ്ലീം ചക്രവര്‍ത്തി ഡല്‍ഹിയില്‍ നിര്‍മ്മിച്ച ഒരു സര്‍വ ദേവതാരാധനാലയമുണ്ട്. അതേ ഡല്‍ഹി ഭരിക്കുന്നവര്‍, ആ പൈതൃകത്തിന്‍റെ 'തിരുശേഷിപ്പ്' കൈവിടാതിരിക്കട്ടെ. ഒന്നിച്ചു ജീവിക്കാന്‍ അതല്ലാതെ മറ്റെന്തു മാര്‍ഗമാണ് നമുക്ക് മുന്നിലുള്ളത്?

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org