പഞ്ചലോഹവിഗ്രഹമോ കളിമണ്‍ പ്രതിമയോ?

സര്‍ക്കാരുകള്‍ക്കും കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഇന്നു പബ്ലിക് റിലേഷന്‍സ് വകുപ്പുണ്ട്. സര്‍ക്കാരിന്‍റെയോ സ്ഥാപനത്തിന്‍റെയോ പ്രതിച്ഛായ മിനുസപ്പെടുത്തുകയാണു പി.ആര്‍. വകുപ്പിന്‍റെ ജോലി. പി ആറിന്‍റെ പ്രഥമപാഠം അതു വെറും പ്രചാരണം (പ്രൊപ്പഗാന്ത) അല്ല എന്നാണ്. പ്രവര്‍ത്തനമികവില്ലാതെ പ്രചാരണംകൊണ്ടു മാത്രം കാര്യമില്ല. മികച്ച പ്രവര്‍ത്തനത്തെ വിദഗ്ദ്ധമായി അവതരിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുകയാണു ശരിയായ പിആര്‍. പ്രധാനമന്ത്രി മോദിയും കേന്ദ്രസര്‍ക്കാരും ആദ്യകാലം മുതല്‍ പ്രചാരണത്തില്‍ മുന്‍പന്തിയിലായിരുന്നു. ഒന്നാംതരം മുദ്രാവാക്യങ്ങള്‍, മോദിയുടെ ആദര്‍ശപ്രസംഗങ്ങള്‍, അവ പ്രചരിപ്പിക്കാന്‍ വിപുലമായ സംവിധാനങ്ങള്‍. പ്രമുഖ പത്രങ്ങളെയും ചാനലുകളെയും അവര്‍ വിലയ്ക്കെടുത്തിരുന്നു. സാമൂഹികമാധ്യമ പ്രചാരണത്തിനു സൈന്യനിരയെയും ഒരുക്കി. പ്രചാരണതന്ത്രങ്ങളിലൂടെ ഇന്ത്യന്‍ ജനതയെ വശത്താക്കാന്‍ മോദിക്കും കൂട്ടര്‍ക്കും ഒട്ടൊക്കെ കഴിഞ്ഞുവെന്നതു പരമാര്‍ത്ഥമാണ്. എന്നാല്‍, എടുത്തുപറയത്തക്ക ഭരണനേട്ടങ്ങളില്ലാത്തതുകൊണ്ടു മോദിഭരണത്തിന്‍റെ ശോഭ അതിവേഗം കെട്ടുകൊണ്ടിരിക്കുകയാണ്.

ചിലത് മുദ്രാവാക്യങ്ങള്‍ക്കപ്പുറം കര്‍മ്മപരിപാടിയായി മാറാന്‍ കഴിയാതെ നില്ക്കുകയാണ്. സ്വച്ഛ് ഭാരത് തന്നെ നല്ല ഉദാഹരണം. പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കത്തിക്കയറിയപ്പോഴും ക്രൂഡ് ഓയിലിന്‍റെ വര്‍ദ്ധിപ്പിച്ച എക്സൈസ് നികുതി കുറയ്ക്കാന്‍ മോദി തയ്യാറായില്ല. വര്‍ദ്ധിച്ച നിരക്കില്‍ സ്വച്ഛ്ഭാരത് സെസും ഈടാക്കി. നാടു മുഴുവന്‍ ശുചിമുറി പണിയാന്‍ വേണ്ടിയാണു പെട്രോള്‍-ഡീസല്‍ വില കുറയ്ക്കാതിരിക്കുന്നത് എന്നായിരുന്നു പ്രചാരണം. എവിടെയാണ് ഈ ശുചിമുറികള്‍ മുഴുവന്‍ പണിതുകൂട്ടുന്നത് എന്ന് ആര്‍ക്കുമറിയില്ല. 'ബേഠി ബച്ചാവോ, ബേഠി പഠാവോ' എന്നതാണു വേറൊരു മുദ്രാവാക്യം. നാലര വര്‍ഷത്തെ മോദിഭരണംകൊണ്ടു പെണ്‍കുട്ടികളുടെ സ്ഥിതി മെച്ചപ്പെട്ടതായി കാണുന്നില്ല. യുപിഎ ഭരണത്തിന്‍റെ അവസാനകാലത്തു നടന്ന ചില സ്ത്രീപീഡനസംഭവങ്ങള്‍ ഉയര്‍ത്തിക്കാണിച്ചു വമ്പിച്ച പ്രചാരണമാണു മോദിയും കൂട്ടരും അഴിച്ചുവിട്ടത്. ഇന്ന് അത്തരം സംഭവങ്ങള്‍ സാധാരണമായി കഴിഞ്ഞു. അവയൊന്നും വാര്‍ത്തയാകുന്നുപോലുമില്ല. ഗംഗാശുചീകരണത്തെപ്പറ്റി പറയാതിരിക്കുകയാണു ഭേദം. ഹിന്ദുവോട്ട് ലക്ഷ്യംവച്ച് ഉയര്‍ത്തിയ മുദ്രാവാക്യം മാത്രമാണ് അത്.

60 കൊല്ലത്തെ കോണ്‍ഗ്രസ്സ് ഭരണംകൊണ്ടു രാജ്യമൊന്നും നേടിയില്ല, മോദിഭരണം രാജ്യത്തു വിപ്ലവകരമായ മാറ്റം വരുത്തിക്കൊണ്ടിരിക്കുകയാണ് എന്നായിരുന്നു അടുത്ത കാലം വരെയുള്ള പ്രചാരണം. മന്‍മോഹന്‍ സിംഗ് തുടങ്ങിവച്ച ചില പരിഷ്കാരങ്ങളെ മുന്‍നിര്‍ത്തിയായിരുന്നു ഈ ഊറ്റംകൊള്ളല്‍. സിംഗ് 'ആധാര്‍' ഏര്‍പ്പെടുത്തിയപ്പോള്‍ എതിര്‍ത്ത നേതാവാണു മോദി. പിന്നെ തന്‍റെ വിപ്ലവ പരിഷ്കാരങ്ങളുടെ ആധാരാക്കി അദ്ദേഹം 'ആധാറി'നെ. ആധാറുമായി എല്ലാം ബന്ധിപ്പിക്കണമെന്നു വാശി പിടിച്ചു. മൊബൈല്‍ ഫോണ്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് തുടങ്ങി എല്ലാറ്റിനും ആധാര്‍ബന്ധം വേണമെന്നായി. രാജ്യസുരക്ഷ, കള്ളപ്പണം തടയല്‍ എന്നിങ്ങനെ പല ലക്ഷ്യങ്ങളും ചൂണ്ടിക്കാണിച്ചു. സംഭവിച്ചതോ? ആധാറുമായി ബന്ധപ്പെട്ട പല വിവരങ്ങളും ചോര്‍ന്നു. സര്‍ക്കാരും വിദേശകമ്പനികളും ചോര്‍ന്ന വിവരങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിച്ചു. തിരഞ്ഞെടുപ്പിനെത്തന്നെ സ്വാധീനിക്കാന്‍ ശ്രമമുണ്ടായിയെന്നു കേള്‍ക്കുന്നു.

സാമ്പത്തികപരിഷ്കാരങ്ങളെപ്പറ്റി വിശദമായി പറയേണ്ടതില്ല. നോട്ടുനിരോധനം ഒരു തട്ടിപ്പായിരുന്നുവെന്ന് ഇന്ന് എല്ലാവരും സമ്മതിക്കുന്നു. കള്ളപ്പണം കണ്ടു കെട്ടാനൊന്നും കഴിഞ്ഞില്ല. കള്ളപ്പണമെല്ലാം കൂടുതലായി നാടു വിടുകയാണ്. പണംകൊണ്ടല്ലാതെ ഇലക്ട്രോണിക്കായുള്ള സാമ്പത്തിക ഇടപാടുകള്‍ പ്രോത്സാഹിപ്പിക്കുകയാണു നോട്ടുനിരോധനത്തിന്‍റെ ഒരു ലക്ഷ്യമെന്ന് ഇടയ്ക്കു പ്രചാരണമുണ്ടായി. അതേപ്പറ്റി ഇപ്പോള്‍ ഒന്നും കേള്‍ക്കുന്നില്ല. നോട്ടുനിരോധനത്തിനു മുമ്പുണ്ടായിരുന്നതിനേക്കാള്‍ കറന്‍സി ഇപ്പോള്‍ പ്രചാരത്തിലുണ്ടത്രേ. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ഈ സര്‍ക്കാരിന്‍റെ ലക്ഷ്യമായി പറഞ്ഞിരുന്നില്ലെന്നു സമ്മതിക്കണം. സാമ്പത്തികവികസനമായിരുന്നു ലക്ഷ്യം. വികസനമുണ്ടായി, ഇന്ത്യന്‍ ജനതയുടെ ഒരു ശതമാനത്തിന്. മോദി ഭരണകാലത്തു ശതകോടീശ്വരന്മാരുടെ എണ്ണം പതിന്മടങ്ങായിയെന്നത് ഒരു നേട്ടമാണ്. 'എല്ലാവരോടുമൊപ്പം എല്ലാവരുടെയും വികസനത്തിന്' എന്ന മുദ്രാവാക്യത്തെപ്പോലെ ചിലമ്പല്‍ മാത്രമായ വോറൊന്നില്ല. വെറും സാധാരണക്കാര്‍ക്ക് ഈ സര്‍ക്കാരില്‍ നിന്ന് ഒന്നും പ്രതീക്ഷിക്കാനില്ല. കര്‍ഷകരോഷം ആളിപ്പടരുകയാണ്. ജനരോഷത്തെ വര്‍ഗീയകാര്‍ഡ് ഇറക്കി മറികടക്കാനാണു മോദി-ഷാ കൂട്ടുകെട്ടു ശ്രമിക്കുന്നത്. ഗുജറാത്തുകാരനായ കോണ്‍ഗ്രസ്സുകാരന്‍ സര്‍ദാര്‍ പട്ടേലിനെ അവര്‍ മഹാനായി ഉയര്‍ത്തിക്കാണിക്കുന്നു. അതു നെഹ്റു കുടുംബത്തെ ഇകഴ്ത്തികാട്ടാന്‍ മാത്രമാണ്. പട്ടേല്‍ പ്രതിമയ്ക്കുവേണ്ടി 2989 കോടി രൂപയാണു മോദിസര്‍ക്കാര്‍ മുടക്കിയത്.

എല്ലാവരോടുമൊപ്പമെന്നു പറഞ്ഞ സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളോടും ദളിതരോടുമുള്ള ആക്രമണങ്ങള്‍ക്കു നേരെ കണ്ണടച്ചു. ക്രൈസ്തവപീഡനം സംഘപരിവാറിന്‍റെ അജണ്ടയായി. ആള്‍ക്കൂട്ട കൊലപാതകം പതിവായി. ഗോരക്ഷകരുടെ അതിക്രമങ്ങള്‍ക്ക് ആരും കടിഞ്ഞാണിട്ടില്ല. വിദ്യാഭ്യാസരംഗത്തെയും സാംസ്കാരികരംഗത്തെയും കടന്നുകയറ്റങ്ങളെപ്പറ്റി ചര്‍ച്ചപോലും അനുവദിക്കുന്നില്ല. തീവ്രസംഘികള്‍ ഹിന്ദുരാഷ്ട്രമെന്ന സ്വപ്നം താലോലിക്കുന്നു.

വിദേശകാര്യബന്ധങ്ങള്‍ വെറും തമാശയായി മാറി. ലോകം മുഴുവന്‍ ചുറ്റിനടന്നു വിദേശനേതാക്കളെ മോദി കെട്ടിപ്പിടിച്ചപ്പോള്‍ രാജ്യത്തിന്‍റെ അന്തസ്സ് വാനോളം ഉയരുകയായിരുന്നു എന്നായിരുന്നു പ്രചാരണം. ന്യൂയോര്‍ക്കിലും ലണ്ടനിലും വിദേശഇന്ത്യക്കാരെ വിളിച്ചു ചേര്‍ത്ത് അവരോടു മോദി പ്രസംഗിച്ചപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയ്ക്കു കാതോര്‍ക്കുന്നുവെന്നു പ്രചരിപ്പിച്ചു. ഈ പ്രകടനങ്ങള്‍ കൊണ്ട് ഒരു പ്രയോജനവുമുണ്ടായില്ല എന്നതാണു വാസ്തവം. വിദേശനയത്തിന്‍റെ പരാജയത്തിന്‍റെ മകുടോദാഹരണമാണു പാക്കിസ്ഥാന്‍ ബന്ധം. അതു തണുത്തുറഞ്ഞിരിക്കുകയാണ്. ഇന്ത്യാ-പാക്ക് അതിര്‍ത്തി അശാന്തമാണ്.

ഇതൊക്കെയാണെങ്കിലും മോദിഭരണം അഴിമതി രഹിതമാണ് എന്നൊരു ധാരണ പരന്നിരുന്നു. കഴിഞ്ഞയാഴ്ചയില്‍ നടത്തിയ പാതിരാ ഓപ്പറേഷന്‍ ആ മുഖംമൂടിയും ചീന്തിക്കളഞ്ഞു. സിബിഐ കൂട്ടിലടച്ച തത്തയെന്നായിരുന്നു മുന്‍ ഭരണകാലത്തെ ആക്ഷേപം. ഇപ്പോള്‍ തത്ത കൂടിനു പുറത്താണ്. പക്ഷേ, തത്ത യജമാനന്‍ പറയുന്നതു മാത്രമേ ഏറ്റുപാടൂ. കൂടിനു പുറത്താണെങ്കിലും പറക്കുകയില്ല. സിബിഐ ഡയറക്ടര്‍ (ആയിരുന്ന) അലോക് വര്‍മ്മ ഒന്നു പറക്കാന്‍ ശ്രമിച്ചു. ഉടനെ മോദി അദ്ദേഹത്തിന്‍റെ ചിറകരിഞ്ഞു. അലോക് വര്‍മ്മയെ ഒതുക്കാന്‍വേണ്ടിയാണ് മോദി-ഷാ സംഘം രാകേഷ് അസ്താനയെ സിബിഐയില്‍ സ്പെഷ്യല്‍ ഡയറക്ടറായി നിയമിച്ചത്. ഇദ്ദേഹത്തിനെതിരെ ഏഴു കേസുകളാണ് അലോക് വര്‍മ്മ അന്വേഷിച്ചുകൊണ്ടിരുന്നത്. അദ്ദേഹത്തിന്‍റെ സഹായികളെ സിബിഐ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. അസ്താനയെത്തന്നെ അറസ്റ്റ് ചെയ്യുമെന്ന് വന്നപ്പോഴാണു പാതിരാ ഓപ്പറേഷനിലൂടെ ചുമതലയില്‍ നിന്നു രണ്ടു പേരെയും മാറ്റിയത്. റഫാല്‍ ഇടപാടുപോലെ ചിലതെല്ലാം അന്വേഷിക്കാന്‍ വര്‍മ്മ മുതിര്‍ന്നെന്നും പറയുന്നു. അസ്താനയ്ക്കു രണ്ടുതരം ജോലികളാണു സിബിഐയില്‍ ചെയ്യാനുണ്ടായിരുന്നത്. ഒന്ന്, സര്‍ക്കാരിനെതിരായ അന്വേഷണങ്ങള്‍ക്കു തടയിടുക. രണ്ട്, പ്രതിപക്ഷനേതാക്കള്‍ക്കെതിരെ കേസുകള്‍ക്കുവേണ്ടി പരതുക. മോദി സര്‍ക്കാരിന്‍റെ അഴിമതിവിരുദ്ധതയുടെ മൂടുപടമാണ് അഴിഞ്ഞുവീണിരിക്കുന്നത്.

അഷ്ടബന്ധമിട്ടുറപ്പിച്ച പഞ്ചലോഹവിഗ്രഹമാണു മോദി എന്നായിരുന്നു പ്രചാരണം. നല്ല മഴയില്‍ കുതിരുന്ന കളിമണ്‍ പ്രതിമയാണു മോദിയെന്നു വെളിവാകുകയാണിപ്പോള്‍.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org