കൂടത്തായിയിലെ കൂട്ടുത്തരവാദിത്വം

ഏഴു വയസ്സുള്ള ഒരു ബാലന്‍ പാടുന്ന ഒരു ഗാനം ഈ അടുത്തനാളുകളില്‍ കേള്‍ക്കാനിടയായി. അതിലെ ആദ്യത്തെ വരി ഇങ്ങനെയാണ്

Tell me why? Why is this world so?

എന്നോടു പറയൂ ഈ ലോകമെന്താ ഇങ്ങനെയായിരിക്കുന്നത്. കുട്ടി സുന്ദരമായി ആ പാട്ടു പാടുന്നുണ്ട്. നമ്മുടെ ചിന്താമണ്ഡലത്തെ ഉദ്ദീപിപ്പിക്കുന്ന ഒരു പാട്ട്.

കൂടത്തായികേസ് കേള്‍ക്കുമ്പോള്‍ നാം അറിയാതെ ചോദിക്കുന്നു. ഈ ലോകമെന്താ ഇങ്ങനെ? ഉത്തരം കിട്ടാതെ നാം ഞടുങ്ങിപ്പോകുന്ന അവസ്ഥയാണ് കൂടത്തായി കേസുകള്‍ നമ്മുടെ മുന്നിലെത്തിക്കുന്നത്. ഈ ആഴ്ചയിലെ നമ്മുടെ ജീവിതത്തിനു മേല്‍ ചോദ്യശരങ്ങളുയര്‍ത്തി നില്‍ക്കുകയാണ് കൂടത്തായി കൊലക്കേസുകള്‍.

ലക്ഷ്യം പലത്
റോയിയുടേയും കുടുംബത്തിന്‍റേയും സ്വത്തു തട്ടിയെടുക്കാന്‍ മാത്രമല്ല ജോളി ഓരോ കൊലപാതകവും ആസൂത്രണം ചെയ്തതെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം. ഓരോന്നിനും ഓരോ കാരണമുണ്ട്. സ്വത്തു സ്വന്തമാക്കാന്‍ ഭര്‍തൃപിതാവിനെ കൊലപ്പെടുത്തി. വീട്ടിലെ അധികാരം കൈക്കലാക്കാന്‍ ഭര്‍തൃമാതാവിനെ കൊലപ്പെടുത്തി. സൗഹൃദങ്ങള്‍ എതിര്‍ത്തതിന് ഭര്‍ത്താവിനെ കൊന്നു. സംശയിച്ചതിന്‍റെ പകയാല്‍ മാത്യുവിനെ കൊന്നു. ഷാജുവിനെ വിവാഹം കഴിക്കാന്‍ ഷാജുവിന്‍റെ ഭാര്യ സിലിയേയും മകള്‍ ആല്‍ഫൈനേയും കൊന്നു എന്നൊക്കെയാണ് പോലീസ് വൃത്തങ്ങളെ അവലംബിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.

നാട്ടുകാര്‍
ഇക്കാലമത്രയും എന്‍.ഐ.ടി. പ്രൊഫസറാണെന്ന് ജോളി നാട്ടുകാരെ വിശ്വസിപ്പിച്ചു. മാത്രമല്ല പൊന്നാമറ്റം വീടിനു ചുറ്റുവട്ടത്തെ വിദ്യാര്‍ത്ഥികള്‍ക്ക് കരിയര്‍ കൗണ്‍സിലിങ്ങും നല്‍കിയിരുന്നു. 14 വര്‍ഷമായി നടന്നു വന്ന സാമൂഹിക മധ്യത്തിലുള്ള ഈ കള്ളത്തരം നാട്ടുകാര്‍ക്കു പിടികിട്ടിയില്ല എന്നു പറയുമ്പോള്‍ നാം അതെങ്ങനെ വിശ്വസിക്കും? ഇതിനിടയില്‍ ആറു മരണം നടന്നിട്ടും നാട്ടുകാര്‍ക്ക് ഒരു സംശയവും തോന്നിയില്ല എന്നു പറയുന്നതിലും അസ്വഭാവികതയില്ലേ? സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്നതും എന്തിനു മറ്റുള്ളവരുടെ കാര്യത്തില്‍ ഇടപെട്ട് പ്രതിസന്ധി ഏറ്റുവാങ്ങണം എന്നു ചിന്തിക്കുന്ന പുതിയ നിസ്സംഗസ്വഭാവവും ആപത്കരമായി നമ്മുടെ സമൂഹത്തില്‍ വര്‍ദ്ധിക്കുന്നു എന്നു പറയാതെ വയ്യ.

പാളിച്ചകള്‍ പോലീസിന്‍റെ ഭാഗത്തും
നമ്മുടെ നാട്ടില്‍ മുട്ടിനുമുട്ടിനു പോലീസ് സ്റ്റേഷനുകള്‍ ഉണ്ട്. പല രൂപത്തിലും ഭാവത്തിലുമുള്ള രഹസ്യാന്വേഷണ വിഭാഗങ്ങളുണ്ട്. ഒരു സ്ത്രീ പതിനാലു വര്‍ഷമായി കള്ളത്തരം പറഞ്ഞും നാട്ടുകാരെ കബളിപ്പിച്ചും കൊലപാതകങ്ങള്‍ നടത്തി വിലസി നടന്നിട്ടും ലോ ആന്‍റ് ഓര്‍ഡര്‍ വിഭാഗത്തിന് ഒന്നും മനസ്സിലായില്ല എന്നു പറഞ്ഞാല്‍ എങ്ങനെ ഉള്‍ക്കൊള്ളും. റോയി തോമസ്സിന്‍റെ മരണത്തെത്തുടര്‍ന്നു നടത്തിയ പോസ്റ്റുമോര്‍ട്ടത്തില്‍ സൈനഡ് ഉള്ളില്‍ കടന്നിരുന്നു എന്നു കണ്ടെത്തിയിട്ടു പോലും പോലീസ് അന്വേഷിക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്യാതിരുന്നതെന്തുകൊണ്ട്? റൂറല്‍ എസ്.പി. ഒടുവില്‍ പറഞ്ഞല്ലോ ഇപ്പോഴെങ്കിലും അറസ്സു ചെയ്തില്ലായിരുന്നെങ്കില്‍ ഇനിയും കൂടുതല്‍ മരണങ്ങള്‍ നടന്നേനെ എന്ന്. അതില്‍നിന്നു തന്നെ മറ്റൊരു ചോദ്യം ഉയരുന്നില്ലേ? ആദ്യം തന്നെ നടപടികളുണ്ടായിരുന്നെങ്കില്‍ ഇത്ര വളരെ മരണങ്ങള്‍ നടക്കുമായിരുന്നില്ലല്ലോ എന്ന്.

മാധ്യമങ്ങള്‍
ഇതുപോലുള്ള കാര്യങ്ങള്‍ എവിടെ നടന്നാലും കണ്ടുപിടിക്കാനുള്ള ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം ഇന്ന് എല്ലാ മാധ്യമങ്ങള്‍ക്കുമുണ്ട്. എന്നിട്ടുമെന്തേ മാധ്യമങ്ങള്‍ ഇക്കാര്യം ഇതുവരെ അറിഞ്ഞില്ല? പലപ്പോഴായി വാര്‍ത്തകള്‍ മുക്കി എന്ന അപരാധത്തിന് മാധ്യമങ്ങള്‍ ആരോപിതരാണ്. അന്വേഷണത്തെ ബാധിക്കുന്ന തരത്തില്‍ പ്രതിയെ മാധ്യമവിചാരണ ചെയ്യാന്‍ മാധ്യമങ്ങള്‍ക്കാരാണ് അധികാരം നല്‍കിയത്. പക്വതയും നിയന്ത്രണവുമില്ലാതെ വായില്‍ തോന്നുന്നതു കോതയ്ക്കു പാട്ട് എന്ന മട്ടില്‍ പടച്ചു വിടുന്നതൊക്കെ എങ്ങനെ മാധ്യമ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായിത്തീരും. ജോളിയെകൊണ്ടു ചെന്ന് ഇടവകയില്‍ നിര്‍ത്തിയിട്ട് ഇടവകയെ മൊത്തം കുറ്റപ്പെടുത്തുന്നത് ഒരുതരം തല തിരിഞ്ഞ മാധ്യമപ്രവര്‍ത്തനമാണ്.

ഇടവകക്കാര്‍
മാധ്യമങ്ങള്‍ ഇടവകയെ കുറ്റപ്പെടുത്തിയ രീതികള്‍ ശരിയായില്ല എന്നു പറയുമ്പോള്‍ത്തന്നെ ഇടവകയുടെ ഉത്തരവാദിത്വത്തെക്കുറിച്ച് ഓര്‍മ്മപ്പെടുത്താതിരിക്കാനും ആവില്ല. ഇടവകയ്ക്കൊരു കൂട്ടുത്തരവാദിത്വമില്ലേ? തെറ്റിപ്പോകുന്ന ആടിനെ തേടിയിറങ്ങുന്ന ഇടയദൗത്യം മറച്ചു വയ്ക്കാനാവില്ല. സഭയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരപചയം ഇവിടെ വ്യക്തമാണ്. പള്ളിയിലെ ആരാധനയും കാര്യങ്ങളും ഭംഗിയായി നടക്കുന്നുണ്ട്. പക്ഷേ വിശ്വാസികള്‍ എവിടെയാണെന്നറിയാതെ പോകുന്നു. ആചാരങ്ങളുണ്ട്, അനുഷ്ഠാനങ്ങളുണ്ട്. ആത്മീയത കുറയുന്നു എന്നു പറയേണ്ടി വരും. തെറ്റുകളെക്കുറിച്ചറിയാമായിരുന്നെങ്കിലും തിരുത്താന്‍ തയ്യാറായില്ല എന്നു വേണം കരുതാന്‍. തെറ്റുതിരുത്താന്‍ ശ്രമിച്ച് ഞാനെന്‍റെ സ്വസ്ഥത കെടുത്തുന്നതെന്തിനാ എന്നു വിചാരിച്ചു പോകുന്നുമില്ലേ?

ജോളിക്കെന്തു പറ്റി
ജോളിക്കു മാനസീകാസുഖമുണ്ടെന്നും ദ്വന്ദഭാവങ്ങള്‍ പ്രകടിപ്പിക്കുന്നണ്ടെന്നുമെല്ലാം മാധ്യമങ്ങള്‍ ധാരാളമായി എഴുതുന്നുണ്ട്. ജോളിക്കു ന്യായമായ വിധിപോലും കിട്ടാതിരിക്കാന്‍ പോരുന്ന മാനസീകാവസ്ഥ മാധ്യമങ്ങള്‍ ചാര്‍ത്തിയിട്ടുണ്ട്. ജോളിക്കു മാനസികരോഗമുണ്ടായിരിക്കാം ഇല്ലാതിരിക്കാം. പക്ഷേ ആത്മീയതയില്‍ വളരാനാവാത്ത ഒരാള്‍ എന്നു പറയേണ്ടി വരും. അഹങ്കാരത്തിന്‍റേയും ആര്‍ഭാടത്തിന്‍റേയും കുഴപ്പങ്ങളുണ്ട്. നന്നായി അഭിനയിക്കാനറിയം. ആര്‍ക്കും ഒന്നും മനസ്സിലാകാത്തവിധം നാട്ടുകാരെ മുഴുവന്‍ കാലങ്ങളോളം പറ്റിച്ചു ജീവിക്കാന്‍ ജോളിക്കു കഴിഞ്ഞു. ഈ കഴിവിപ്പോള്‍ എല്ലാവര്‍ക്കുമുണ്ട്. നമ്മുടെ നാടു നശിക്കുമാറ് നാമിപ്പോള്‍ മൂടുപടങ്ങള്‍ക്കുള്ളില്‍ കഴിയുകയാണ്. ഇതില്‍നിന്നു പുറത്തുകടക്കുന്നില്ലെങ്കില്‍ ഭാവിയില്‍ കൂടുതല്‍ പ്രതിസന്ധികളുണ്ടാകും.

എന്തായാലും നമ്മെ വിലയിരുത്താന്‍ ഈ കേസ് അവസരമൊരുക്കുന്നുണ്ട്. ആത്മീയതയില്‍ വളരാന്‍ നമുക്കു കടമയുണ്ട്. നമ്മുടെ നാട് കൂടുതല്‍ നന്മയിലേക്കു സഞ്ചരിക്കാന്‍ ഇടായകട്ടെ എന്ന് നമുക്കു പ്രാര്‍ത്ഥിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org