വിശ്വാസ്യത നഷ്ടപ്പെടുന്ന രാഷ്ട്രീയനേതൃത്വം

വിശ്വാസ്യത നഷ്ടപ്പെടുന്ന രാഷ്ട്രീയനേതൃത്വം

ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായാണ് ഇന്ത്യ വിശേഷിപ്പിക്കപ്പെടുന്നത്. ഇതൊരു മേനിവാക്കായി മാറുകയാണോ എന്നു സംശയിക്കണം. തീരെ കാര്യക്ഷമമല്ലാത്ത ജനാധിപത്യമായി മാറുകയാണ് ഇന്ത്യയിലേത്. പൊതുജനാഭിപ്രായത്തെ പ്രതിഫലിപ്പിക്കുകയും പൊതുക്ഷേമത്തിന് ഉതകുന്ന നിയമനിര്‍മാണം നടത്തുകയും ചെയ്യുകയാണു പാര്‍ലമെന്‍റും നിയമനിര്‍മാണസഭകളും ചെയ്യേണ്ടത്. ആരോഗ്യകരമായ ചര്‍ച്ചയിലൂടെ അവ പൊതുനന്മ ഉറപ്പുവരുത്തണം. അര്‍ത്ഥപൂര്‍ണമായ ചര്‍ച്ച പാര്‍ലമെന്‍റിലും സംസ്ഥാന നിയമസഭകളിലും നിലച്ചിട്ട് എത്രയോ കാലമായി! സഭകളില്‍ മിക്കവാറും ഒച്ചപ്പാടും ബഹളവും കയ്യാങ്കളിയുമാണ്. സഭ നടക്കാന്‍ അനുവദിക്കാതിരിക്കുകയാണ് ഇപ്പോഴത്തെ തന്ത്രം. സാധാരണ പ്രതിപക്ഷമാണ് ഈ തന്ത്രം പയറ്റുന്നത്. സര്‍ക്കാരിനെതിരെയുള്ള അവിശ്വാസപ്രമേയം ചര്‍ച്ച ചെയ്യാതിരിക്കുന്നതിനു ഭരണപക്ഷം തന്നെ ഈ രീതി അവലംബിക്കുന്നത് ഈയിടെ ലോക്സഭയില്‍ കണ്ടു.

സഭയില്‍ ബഹളം വച്ചു നടപടികള്‍ തടസ്സപ്പെടുത്തുന്ന എം.പിമാരും എംഎല്‍എമാരും തങ്ങളുടെ ശമ്പളവും ബത്തയും കൃത്യമായി എഴുതിവാങ്ങും. കാലാകാലങ്ങളില്‍ തങ്ങളുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ദ്ധിപ്പിക്കുന്നതില്‍ അവര്‍ ഒറ്റക്കെട്ടാണ്. സത്യത്തില്‍ അവര്‍ യോജിക്കുന്ന ഏകകാര്യം അതാണ്. വേറെ ചില കാര്യങ്ങളില്‍ പുറമേയ്ക്കു മാത്രമേ എതിര്‍പ്പു കാണൂ. ഭരണപക്ഷവും പ്രതിപക്ഷവും ധാരണയോടെ കരുക്കള്‍ നീക്കും. വന്‍കിടക്കാര്‍ ഇരുപക്ഷത്തിനും പണം നല്കി ഉദ്ദിഷ്ടകാര്യങ്ങള്‍ സാധിച്ചെടുക്കും. ഇതിനെ അഡ്ജസ്റ്റുമെന്‍റ് രാഷ്ട്രീയമെന്നു വിളിക്കുന്നു.

ഇത്തരത്തില്‍ വൃത്തികെട്ട ഒരു അഡ്ജസ്റ്റുമെന്‍റ് രാഷ്ട്രീയത്തിനാണു കഴിഞ്ഞ ദിവസം കേരള നിയമസഭ വേദിയായത്. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി പ്രവേശനം നല്കിയ രണ്ടു സ്വകാര്യ മെഡിക്കല്‍ കോളജുകളുടെ താത്പര്യം സംരക്ഷിക്കാന്‍ ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തു. സര്‍ക്കാരിന്‍റെ നിയമങ്ങളും പ്രവേശന മേല്‍നോട്ടസമിതിയുടെ നിര്‍ദ്ദേശങ്ങളും അവഗണിച്ചു നടത്തിയ പ്രവേശനം മേല്‍നോട്ട സമിതിയും മെഡിക്കല്‍ കൗണ്‍സിലും റദ്ദ് ചെയ്തു. കോളജുകള്‍ ഹൈക്കോടതിയെയും പിന്നീടു സുപ്രീംകോടതിയെയും സമീപിച്ചു. സുപ്രീംകോടതി നിയമവിരുദ്ധമായി നടത്തിയ പ്രവേശനം അംഗീകരിക്കാന്‍ തയ്യാറായില്ല. അങ്ങനെയൊരു സാഹചര്യത്തില്‍ കോളജുകളെയും അവിടെ ക്രമവിരുദ്ധമായി പ്രവേശനം നേടിയ വിദ്യാര്‍ത്ഥികളെയും അവരുടെ വിധിക്കു വിടുകയാണു സര്‍ക്കാര്‍ ചെയ്യേണ്ടിയിരുന്നത്. എന്നാല്‍ ആ പ്രവേശനത്തെ ക്രമപ്പെടുത്തുവാന്‍ കേരള സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയാണു ചെയ്തത്. ഓര്‍ഡിനന്‍സിനോടു സുപ്രീം കോടതി രൂക്ഷമായാണു പ്രതികരിച്ചത്.

എന്നിട്ടും സര്‍ക്കാര്‍ ഓര്‍ഡിനനന്‍സിനു പകരമായുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു. ഓര്‍ഡിനന്‍സിലെ ചില പദങ്ങള്‍ മാറ്റി രണ്ടും രണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള കുത്സിതശ്രമവും നടത്തി. ഈ ബില്ല് ഭരണപക്ഷവും പ്രതിപക്ഷവും ചേര്‍ന്ന് ഏകകണ്ഠമായി പാസ്സാക്കിയെന്നതാണ് ഏറ്റവും ജുഗുപ്സാവഹമായ കാര്യം. നിയമസഭയിലെ ഏക ബിജെപി അംഗം സഭയില്‍ നിന്നു വിട്ടുനിന്ന് അതിനോടു സഹകരിച്ചു! രാഷ്ട്രീയനേതൃത്വമൊന്നാകെ പൊതുജനത്തെ കബളിപ്പിച്ച സംഭവമാണിത്. എത്രയൊക്കെ ന്യായീകരിച്ചാലും സഭാചരിത്രത്തിലെ ഈ കറുത്ത പാടു മായ്ച്ചുകളയാന്‍ കഴിയുകയില്ലതന്നെ.

സ്വാശ്രയ കോളജുകള്‍ തുടങ്ങിയ കാലത്തിലേക്ക് ഒന്നു തിരിഞ്ഞുനോക്കുക. സ്വാശ്രയ കോളജുകള്‍ക്കെതിരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി രക്തരൂക്ഷിതമായ എത്രയോ സമരങ്ങള്‍ നടത്തി! പിന്നീടു പരിയാരം മെഡിക്കല്‍ കോളജില്‍ അവര്‍ സ്വാശ്രയകച്ചവടം നടത്തിയെന്നതു വേറെ കാര്യം. സ്വാശ്രയ മേഖലയില്‍ മെഡിക്കല്‍ കോളജും എന്‍ജിനീയറിങ്ങ് കോളജും അനുവദിച്ച ഏ.കെ. ആന്‍റണി പിന്നീടു സ്വാശ്രയ മാനേജുമെന്‍റുകള്‍ സര്‍ക്കാരിനെ പറ്റിച്ചുവെന്നു പറഞ്ഞു കുറേ നാളുകള്‍ വിലപിച്ചു നടന്നു. ക്രോസ് സബ്സിഡി പാടില്ല, എല്ലാ കുട്ടികളും ഒരേ ഫീസ് നല്കണമെന്ന ക്രൈസ്തവ മാനേജുമെന്‍റുകളുടെ നിലപാടിനെ നഖശിഖാന്തം എതിര്‍ത്തു; ക്രൈസ്തവ മാനേജുമെന്‍റുകള്‍ വിദ്യാഭ്യാസ കച്ചവടം നടത്തുകയാണെന്നു രാഷ്ട്രീയക്കാരും മാധ്യമങ്ങളും ഉച്ചത്തില്‍ വിളിച്ചുകൂവി. എന്നിട്ട് എന്താണുണ്ടായത്? ക്രൈസ്തവ മാനേജുമെന്‍റുകളുടെ നിലപാടിലേക്കു മറ്റെല്ലാ സ്വാശ്രയ കോളജുകളും സര്‍ക്കാരും ചുവടു മാറ്റി. ഇന്ന് ഏറ്റവും കുറഞ്ഞ ഫീസില്‍ കുട്ടികളെ പഠിപ്പിക്കുന്ന മികവുറ്റ സ്ഥാപനങ്ങളാണു ക്രൈസ്തവ മെഡിക്കല്‍ കോളജുകള്‍.

സര്‍ക്കാരുമായി ധാരണയുണ്ടാക്കി ചില സ്വാശ്രയ മെഡിക്കല്‍ കോളജുകള്‍ കുറച്ചു സീറ്റുകളില്‍ കുറഞ്ഞ ഫീസും മറ്റു സീറ്റുകളില്‍ തോന്നുംപടി ഫീസും വാങ്ങി. ആ കോളജുകള്‍ വാസ്തവത്തില്‍ കച്ചവടം നടത്തുകയായിരുന്നു. അതിന്‍റെ തുടര്‍ച്ചയെന്നോണമാണു കണ്ണൂര്‍, കരുണ കോളജുകള്‍ കുറച്ചു സീറ്റുകളില്‍ പത്തു ലക്ഷവും ബാക്കി സറ്റുകളില്‍ മുപ്പതും നാല്പതും ലക്ഷവും വാങ്ങി ശരിക്കും കച്ചവടം നടത്തിയത്. 180 കുട്ടികളില്‍ 41 കുട്ടികളാണു യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നേടിയത്. ബാക്കിയുള്ളവര്‍ ഒരു പ്രകാരത്തിലും പ്രവേശനത്തിനു യോഗ്യതയുള്ളവരായിരുന്നില്ല. അവരുടെ നീറ്റ് റാങ്ക് മൂന്നു ലക്ഷത്തിനു മുകളിലാണത്രേ. ആ കുട്ടികളുടെ പ്രവേശനം ക്രമവത്കരിക്കാനാണു ഭരണപക്ഷവും പ്രതിപക്ഷവും കൈകോര്‍ത്തത്. സ്വാശ്രയ കോളജ് എന്ന സങ്കല്പത്തെത്തന്നെ എതിര്‍ത്ത, ഇപ്പോള്‍ സ്വയംഭരണ കോളജു സങ്കല്പത്തെ എതിര്‍ത്തുകൊണ്ടിരുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടി ഈ പണിക്കു പോയെങ്കില്‍ അതിന്‍റെ പിന്നില്‍ അഴിമതിയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാകില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടി എന്തിനാണ് ഈ കൂട്ടുകച്ചവടത്തിനു പോയതെന്ന് ഒരു പ്രകാരത്തിലും മനസ്സിലാക്കാന്‍ കഴിയുന്നില്ല. അത്യന്തം ലജ്ജാകരമെന്നേ ഈ പ്രതിപക്ഷ നിലപാടിനെ വിശേഷിപ്പിക്കാനാകൂ. രാഷ്ട്രീയനേതൃത്വത്തിന്‍റെ വിലയിടിക്കുന്ന ഒരു നടപടിയായേ ഇതിനെ കാണാനൊക്കൂ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org