മതമല്ല, മനുഷ്യനാണു തിരഞ്ഞെടുപ്പു വിഷയമാകേണ്ടത്?

തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. എന്താണു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നാം ചര്‍ച്ച ചെയ്യേണ്ടത്. ഭരണക്കാരും മാധ്യമങ്ങളും തുടങ്ങിവച്ചിട്ടുണ്ട്. ശബരിമല വിഷയമാക്കാന്‍ കേരളത്തിലെ എല്ലാ പാര്‍ട്ടിക്കാരും സ്റ്റഡീക്ലാസ്സു വരെ കൊടുത്തുകഴിഞ്ഞു. ഓര്‍ത്തഡോക്സ്കാരുള്ളിടത്ത് പള്ളിത്തര്‍ക്കം. സ്വത്തിടപാടും ബിഷപ് ഫ്രാങ്കോ മുളയ്ക്കലും തരാതരം പോലെ ചേരുംപടി ചേര്‍ത്തു കൊടുക്കാനും നിര്‍ദ്ദേശം പോയിക്കഴിഞ്ഞു. പള്ളിയും ക്ഷേത്രവും ആവശ്യത്തിനു വിഷയം സൃഷ്ടിച്ചുകൊടുത്തിട്ടുള്ളതുകൊണ്ട് എല്ലാവര്‍ക്കും വേണ്ടതു വേണ്ടപോലെ പ്രയോഗിക്കാം.

പശുക്കളെ സംരക്ഷിക്കുന്ന ക്ഷേത്രങ്ങള്‍ക്ക് സഹായധനം നല്‍കുമെന്ന് മധ്യപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ക്ഷേത്ര പുരോഹിതര്‍ക്കുള്ള മാസവേതനം ആയിരത്തില്‍നിന്ന് 3,000 രൂപയായി വര്‍ദ്ധിപ്പിക്കുകയും ചെയ്തു. പൊതുതിരഞ്ഞെടുപ്പിനു മുന്നോടിയായി ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തെ പ്രതിരോധിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 3.2.2019 ലെ മാതൃഭൂമി പത്രത്തില്‍ വന്ന വാര്‍ത്തായണിത്. ബീഹാറില്‍ നടക്കുന്ന പ്രതിപക്ഷകക്ഷികളുടെ ബഹുജന മഹാറാലിയെ അഭിസംബോധന ചെയ്യാന്‍ രാഹുല്‍ഗാന്ധി എത്തി. അതുമായി ബന്ധപ്പെട്ട പോസ്റ്ററുകളില്‍ രാഹുലിനെ രാമന്‍റെ അവതാരമായി ചിത്രീകരിച്ചതിനെതിരെ ബിജെപി കേസ് കൊടുത്തിരിക്കുന്നു. എല്ലാം ഒന്നു ചേര്‍ത്തു വായിക്കുക. കോണ്‍ഗ്രസ് തരംതാണ കളിയാണു കളിക്കുന്നത്. ബിജെപിയെ പ്രതിരോധിക്കാന്‍ ബിജെപിയേക്കാള്‍ തരംതാണ കളി കോണ്‍ഗ്രസ് കളിക്കേണ്ടതുണ്ടോ? ഇപ്പോള്‍ ഇതാണ് നടന്നുകൊണ്ടിരിക്കുക. കേന്ദ്രത്തെയും സി.ബി.ഐ.യെയും പ്രതിരോധിക്കാന്‍ അവരേക്കാള്‍ തരംതാണ കളി കളിക്കാന്‍ മമതാ തയ്യാറയതിന്‍റെ ഫലമാണ് കല്‍ക്കട്ടയില്‍ അരങ്ങേറിയത്. ഇതിലും നല്ലതു ബിജെപിതന്നെയല്ലേ? ഒന്നുമില്ലെങ്കില്‍ ഉള്ള കാര്യം കൃത്യമായി പറഞ്ഞിട്ടാണല്ലോ ഹിന്ദുത്വ കാര്‍ഡിറക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്‍റെ ബജറ്റില്‍ പശുസംരക്ഷണത്തിന് രാഷ്ട്രീയ കാമധേനു ആയോഗ് രൂപവത്കരിക്കാന്‍ തീരുമാനിച്ചിട്ടുള്ളതായി പ്രഖ്യാപനമുണ്ടായി. ഗോമാതായുടെ സംരക്ഷണത്തില്‍നിന്നു കേന്ദ്ര സര്‍ക്കാര്‍ പിന്നോട്ടില്ലെന്നു ധനമന്ത്രി പ്രഖ്യാപിക്കുകയും ദേശീയ ഗോകുല്‍ മിഷന് നടപ്പു സാമ്പത്തിക വര്‍ഷം 750 കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്താണു കേരളത്തില്‍ നടക്കുന്നത്? കമ്യൂണിസ്റ്റു മാര്‍ക്സിസ്റ്റു പാര്‍ട്ടി ദൈവമില്ലെന്നു പറയുകയും സെക്കുലറാണെന്ന് അവതരിപ്പിക്കുകയും ചെയ്തിട്ട് എത്ര കാലമാണു ശബരിമല ക്ഷേത്രത്തില്‍ കയറിയിരുന്നത്. അതുവഴി പ്രളയ കാലത്തെ അതിജീവിക്കാന്‍ രൂപം കൊടുത്ത നവകേരള സൃഷ്ടി വെള്ളത്തിലാക്കി ബിജെപിക്കു വേരുറപ്പിക്കാന്‍ ഇടം കൊടുക്കുകയും ചെയ്തു. പിന്നീടു ബജറ്റ് അവതരിപ്പിച്ചപ്പോള്‍ വീണ്ടും ശബരിമലയ്ക്ക് അതിരു വിട്ടു വാരിക്കോരി കൊടുത്തുകൊണ്ട് പ്രീണനശ്രമങ്ങള്‍ കമ്യൂണിസ്റ്റുകാരും നടത്തുന്നു. താത്കാലി കമായ വോട്ടു ബാങ്കു ലക്ഷ്യം വച്ച് ഇന്ത്യയുടെ ഭരണഘടനതന്നെ തകര്‍ക്കാന്‍ പദ്ധതിയിട്ട പോലുണ്ട്.

തിരഞ്ഞെടുപ്പുകാലത്ത് ജനങ്ങളെ അഭിസംബോധന ചെയ്യുന്നത് പള്ളിയേയും അമ്പലത്തേയും പറഞ്ഞിട്ടാണോ? ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നമെന്താണ്. അതു മതമാണോ? ഇവിടെ പട്ടിണിയുടെ വിഷയമുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുവരുന്നു. അംബാനിക്ക് ഒരു ദിവസം കിട്ടുന്ന വരുമാനമുണ്ടെങ്കില്‍ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളെയും ഒരു മാസം പുലര്‍ത്താമെന്ന് ഒരു പത്രവാര്‍ത്ത വന്നത് ഈ അ ടുത്തകാലത്താണ്. ലോകത്ത് ഏറ്റവും സമ്പന്നരായ ആളുകളില്‍ ചിലര്‍ ഇന്ത്യാക്കാരാണ്. ഈ അന്തരം ജനാധിപത്യരാജ്യത്തിനു ഭൂഷണമാണോ? കഴിഞ്ഞ സര്‍ക്കാര്‍ ജനങ്ങള്‍ക്കു നല്‍കിയ സേവനമെന്ത്, ചെയ്ത ദ്രോഹങ്ങളെന്ത്? നമ്മുടെ ജനാധിപത്യത്തിന്‍റെ ഭാവിയെന്ത്, നമ്മുടെ ഭരണഘടനയ്ക്ക് എന്തു ഭാവിയുണ്ട്. ജനങ്ങളുടെ സ്വത്തിനും ജീവനും എന്തു സുരക്ഷിതത്വമുണ്ട്? ഇത്തരം നിരവധിയായ പ്രശ്നങ്ങളല്ലേ തിരഞ്ഞെടുപ്പുകാലത്ത് ചര്‍ച്ച ചെയ്യേണ്ടത്? അതിനു പകരം അമ്പലങ്ങളിലും പള്ളികളിലും കയറിയിറങ്ങുന്നതു ശരിയോ എന്ന് വിലയിരുത്തപ്പെടേണ്ടതുണ്ട്. മതത്തേയും വര്‍ഗീയതേയും കൂട്ടുപിടിച്ചിട്ട് ഭരണം പിടിക്കാനും നിലനിര്‍ത്താനും ശ്രമിക്കുമ്പോള്‍ അതിനു കുടപിടിക്കാനേ ഇവിടത്തെ മാധ്യമങ്ങള്‍ക്കും സാധിക്കുന്നുള്ളൂ.

മതമല്ല, മനുഷ്യനാണു തിരഞ്ഞെടുപ്പു വിഷയമാകേണ്ടത് എന്ന് ആര് ആരോടു പറയും. മനുഷ്യരുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ നിന്ന് ഒളിച്ചോടാന്‍ ഏറ്റവും നല്ല മാര്‍ഗം വര്‍ഗീയതയാണെന്ന് എല്ലാവരും പഠിച്ചിരിക്കുന്നു. ഈ ദുരവസ്ഥയില്‍നിന്നു കരകയറുന്നില്ലെങ്കില്‍ നമ്മുടെ രാജ്യവും ഭരണ ഘടനയും വലിയ ഭീഷണിയെ നേരിടേണ്ടിവരും. രാജ്യത്തിന്‍റെ നിലനില്‍പ്പിനും സുരക്ഷയ്ക്കും വേണ്ടി സത്യം വിളിച്ചു പറയാന്‍ ആരെങ്കിലും തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org