കളി കഴിഞ്ഞിട്ടും അരങ്ങൊഴിയാത്തവര്‍

കളി കഴിഞ്ഞിട്ടും അരങ്ങൊഴിയാത്തവര്‍

ജീവിതനാടകത്തില്‍ ഓരോരുത്തര്‍ക്കും ഓരോ റോള്‍ അഭിനയിക്കാനുണ്ട്. റോള്‍ അഭിനയിച്ചു കഴിഞ്ഞാല്‍ ആള്‍ രംഗം വിടണം. മറ്റ് അഭിനേതാക്കള്‍ വന്നു നാടകം തുടര്‍ന്നുകൊള്ളും. റോള്‍ അഭിനയിച്ചു തീര്‍ന്നാലും താന്‍ അരങ്ങൊഴിയുകയില്ല എന്ന് ഒരാള്‍ പറഞ്ഞാലോ? അപ്പോള്‍ നാടകം അലങ്കോലമാകും. അവസാനം ആരെങ്കിലും അയാളെ കഴുത്തില്‍പ്പിടിച്ചു തള്ളി പുറത്താക്കും. തള്ളിപ്പുറത്താക്കുന്നതിനുമുമ്പു സ്വയം ഒഴിഞ്ഞുപോകുന്നതാണു ഭംഗി.

കേരളത്തിന്‍റെ സാമൂഹ്യ-സാംസ്കാരിക രാഷ്ട്രീയരംഗങ്ങളില്‍ അരങ്ങൊഴിയാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണം കൂടിവരികയാണ്. ഇക്കാലത്ത് ആളുകളുടെ ആയുര്‍ ദൈര്‍ഘ്യം കൂടുന്നത് ഒരു കാരണമാകാം. പക്ഷേ, പ്രധാനമായും ഇതൊരു മാനസികാവസ്ഥയുടെ പ്രശ്നമാണ്. തനിക്കുശേഷം കാര്യങ്ങള്‍ നന്നായി ചെയ്യാന്‍ പിന്‍തലമുറ വരുന്നുണ്ട് എന്ന ബോധം മുതിര്‍ന്നവര്‍ക്കു വേണം. ഒരു പടികൂടി കടന്നു പിന്‍തലമുറയെ കൃത്യനിര്‍വഹണത്തിനു സജ്ജമാക്കണം.

എന്നാല്‍ പിന്‍തലമുറക്കാരെ പാടെ മറന്നു പ്രവര്‍ത്തിക്കുന്നവര്‍ ധാരാളം പേരുണ്ട്. എത്രയോ വര്‍ഷമായി തങ്ങളിതു ചെയ്യുന്നു, തങ്ങള്‍ ചെയ്താലേ ശരിയാകൂ എന്നൊക്കെയാണ് അവരുടെ മനസ്സിലിരുപ്പ്. ചിലര്‍ ചെറുപ്പക്കാരെ പാടെ മറന്നാണു പ്രവര്‍ത്തിക്കുന്നത്. ചില സംഘടനകളിലും പ്രസ്ഥാനങ്ങളിലും പ്രായമായവര്‍ ചെറുപ്പക്കാരെ അടുപ്പിക്കുകയില്ല. എന്നിട്ട്, ചെറുപ്പക്കാര്‍ ആരും പ്രവര്‍ത്തിക്കാന്‍ തയ്യാറായി മുന്നോട്ടുവരുന്നില്ല എന്നു വിലപിക്കുകയും ചെയ്യും.

രാഷ്ട്രീയപാര്‍ട്ടികളില്‍ ഈ പ്രതിഭാസം സാധാരണമാണ്. കേ രളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയാണ് ഏറ്റവും നല്ല ഉദാഹരണം. തിരഞ്ഞെടുപ്പു കമ്മീഷന്‍ കര്‍ക്കശ നിലപാടെടുത്തതുകൊണ്ടു കൂടിയാണു കോണ്‍ഗ്രസ്സ് ദേശീയതലത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പു നടത്തുന്നത്. ദേശീയ തിരഞ്ഞെടുപ്പ് അഥോറിറ്റിയുടെ ചെയര്‍മാന്‍ കേരളത്തില്‍ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രനാണ്. എന്നിട്ടും കേരളത്തില്‍ തിരഞ്ഞെടുപ്പു പ്രക്രിയ പൂര്‍ത്തിയാകുന്നില്ല. ഗ്രൂപ്പ് നേതാക്കള്‍ക്കു സമവായത്തിലെത്താന്‍ കഴിയുന്നില്ലത്രേ. തിരഞ്ഞെടുപ്പു നടത്തേണ്ട എന്ന കാര്യത്തിലാണു ഗ്രൂപ്പുകള്‍ക്ക് ഏകാഭിപ്രായം. പാര്‍ട്ടിയില്‍ തിരഞ്ഞെടുപ്പു നടത്തിയാല്‍ ഭൂമിമലയാളം മുഴുവന്‍ കുലുങ്ങിത്തകരുമെന്നാണു ഗ്രൂപ്പുനേതാക്കള്‍ പറയുന്നത്. തിരഞ്ഞെടുപ്പു നടത്തിയാണു പാര്‍ട്ടികള്‍ സ്വയം ശുദ്ധീകൃതമാകുന്നതും ഊര്‍ജ്ജം കൈവരിക്കുന്നതും. അപ്പോള്‍ നവരക്തമൊഴുകും, കൂടുതല്‍ പ്രവര്‍ത്തനസജ്ജമാകും. തിരഞ്ഞെടുപ്പുവഴി തകരുന്നതു നേതാക്കള്‍ പടുത്തുയര്‍ത്തിയിട്ടുള്ള ഗ്രൂപ്പു സാമ്രാജ്യങ്ങളാണ്. തന്നോടു വ്യക്തിപരമായ കൂറുപുലര്‍ത്തുന്നവരെ മാത്രമേ നേതാവു ഗ്രൂപ്പില്‍ ചേര്‍ക്കുകയുള്ളൂ. അങ്ങനെ പുറംതിരുമ്മുന്നവര്‍ പാര്‍ട്ടികകത്തും, കഴിവും ആത്മാഭിമാനവുമുള്ളവര്‍ പുറത്തുമാകും.

കേരളത്തിലെ സമുന്നത കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍, ഏ.കെ. ആന്‍റണി, ഉമ്മന്‍ചാണ്ടി, വയലാര്‍ രവി, വി.എം. സുധീരന്‍ തുടങ്ങിയവരെല്ലാ വിദ്യാര്‍ത്ഥികളായിരിക്കുമ്പോള്‍ത്തന്നെ പാര്‍ട്ടിയില്‍ സജീവമായവരാണ്. ഇപ്പോഴും അവരങ്ങനെ നെടുംതൂണുകളായി കഴിയുകയാണ്; കൂടെ കുറച്ച് അനുയായികളും. അവര്‍ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കാന്‍ തയ്യാറാകുന്നില്ല. തങ്ങളിലൂടെ മാത്രമേ പാര്‍ട്ടി വളരവാവൂ എന്നവര്‍ക്കു നിര്‍ബന്ധമുണ്ട്. അതുകൊണ്ടാണു പാര്‍ട്ടിസ്ഥാനങ്ങള്‍ അവര്‍ വീതം വച്ചെടുക്കാന്‍ ശ്രമിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടിക്കു നിരക്കുന്ന രീതിയല്ലിത് എന്ന് അവരെന്നു മനസ്സിലാക്കും? ഫാസിസ്റ്റ് ശക്തികള്‍ രാജ്യത്തെ വിഴുങ്ങാന്‍ ശ്രമിക്കുമ്പോള്‍ ഈ പെരുംതച്ചന്മാര്‍ തങ്ങളുടെ രക്തത്തില്‍ പിറന്നവരുടെ തലയറുക്കാന്‍ ഉളിക്കു മൂര്‍ച്ച കൂട്ടുകയാണോ?

കോണ്‍ഗ്രസ്സിന്‍റെ മാത്രം ശാപമല്ലിത്. ജനാധിപത്യമുണ്ടെന്നു പറയുന്ന മാര്‍ക്സിസ്റ്റ് പാര്‍ട്ടിയിലും ശക്തമായ ഗ്രൂപ്പിസമുണ്ട്. കേന്ദ്രതലത്തല്‍ ഇപ്പോള്‍ ഗ്രൂപ്പിസം അരങ്ങു തകര്‍ക്കുകയാണ്. കേരളത്തില്‍ വി.എസ്. അച്യുതാനന്ദന്‍ കളം വിടാന്‍ ഇനിയും തയ്യാറല്ല. അദ്ദേഹത്തെയും അദ്ദേഹത്തിന്‍റെ ഗ്രൂപ്പിനെയും ഒതുക്കാന്‍ എതിര്‍ ഗ്രൂപ്പ് കുറഞ്ഞത് ഒരു ദശകമെങ്കിലും കിണഞ്ഞു പരിശ്രമിച്ചു. തിരഞ്ഞെടുപ്പിനെ പാടേ ഒഴിവാക്കിയല്ല മാര്‍ക്സിസ്റ്റ് ഗ്രൂപ്പ് കളിച്ചതെന്നത് അതിന്‍റെ മേന്മയായി പറയാം.

ബിജെപി ഈ പ്രശ്നം എങ്ങനെ കൈകാര്യം ചെയ്തുവെന്നു പരിശോധിക്കുന്നതു ഗുണപാഠമാകും. എല്‍.കെ. അദ്വാനിയാണു ബിജെപിയെ ദേശീയപാര്‍ട്ടിയായി വളര്‍ത്തിയതെന്നു പറയാം. അതിന് അദ്ദേഹം സ്വീകരിച്ച മാര്‍ഗം അഭിലഷണീയമായിരുന്നുവോ എന്നതു മറ്റൊരു ചോദ്യമാണ്. ഇന്ത്യയുടെ പ്രധാമന്ത്രിയാകണമെന്നത് അദ്ദേഹത്തിന്‍റെ വലിയ മോഹമായിരുന്നു. എന്നാല്‍ നരേന്ദ്രമോദി നായകസ്ഥാനത്തു വരികയും അദ്വാനിയെയും സമപ്രായക്കാരെയും പാടേ ഒഴിവാക്കുകയും ചെയ്തു. അവരെ ഒഴിവാക്കാന്‍ ഓരോ ന്യായം പറഞ്ഞു. 75 കഴിഞ്ഞവരെ മന്ത്രിമാരാക്കുകയില്ല എന്നതായിരുന്നു ഒരു ന്യായം. അദ്വാനിയെയും മുരളിനോഹര്‍ ജോഷിയെയും യശ്വ ന്ത് സിന്‍ഹയെയും കുടിയിരുത്താന്‍ പാര്‍ട്ടി ഒരു മാര്‍ഗദര്‍ശമണ്ഡലുണ്ടാക്കി. അവരോട് ഉപദേമൊന്നും മോദിയോ പാര്‍ട്ടിയോ തേടിയില്ല. അവരെ മാര്‍ഗദര്‍ശകമണ്ഡലിലൊതുക്കി എന്നു പറയുന്നതാവും ശരി.

പക്ഷേ, മാര്‍ഗദര്‍ശകമണ്ഡല്‍ ഏതു പാര്‍ട്ടിക്കും സൃഷ്ടിപരമായി ഉപയോഗിക്കാവുന്ന വേദിയാണ്. പാര്‍ലമെന്‍റില്‍ ഉപരിസഭയുണ്ട്. മുതിര്‍ന്നവരുടെ സഭ എന്നാണ് അതിനെ പറയുന്നത്. മുതിര്‍ന്നവരുടെ ജ്ഞാനം ഭരണസംവിധാനത്തിന് ഉപയോഗപ്പെടുത്തുക എന്നതാണ് ഉദ്ദേശ്യം. എല്ലാ കാര്യങ്ങളും ഉപരിസഭ ചര്‍ച്ച ചെയ്യും. എന്നാല്‍ ധനബില്ലുകള്‍പോലുള്ള പ്രധാന ബില്ലുകള്‍ ലോക്സഭ പാസ്സാക്കിയാല്‍ മതിയാവും.

പാര്‍ട്ടികള്‍ക്കും ഇങ്ങനെ ഒരു ഉപരിസഭ – മാര്‍ഗദര്‍ശക വേദി – ആകാം. മുതിര്‍ന്നവരെ ആ സഭയില്‍ അംഗങ്ങളാക്കുക. അവരുടെ ഉപദേശം സ്വീകരിക്കുക. ചെറുപ്പക്കാര്‍ പാര്‍ട്ടി കൊണ്ടു നടക്കട്ടെ. കോണ്‍ഗ്രസ്സ് പാര്‍ട്ടിക്ക് ഇതു പരീക്ഷിക്കാം.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org