അവര്‍ക്കും നൊമ്പരങ്ങളുണ്ട്

അവര്‍ക്കും നൊമ്പരങ്ങളുണ്ട്

പുരാതന കത്തോലിക്കാ കുടുംബാംഗമെന്ന് (പു.ക.കു.) അഭിമാനിക്കുന്ന എന്‍റെ ഒരു സുഹൃത്ത് തന്‍റെ മകള്‍ ഹൈന്ദവ യുവാവിനെ വിവാഹം ചെയ്തതിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞത് ഇങ്ങനെയാണ്: "ഹീ ഈസ് എ ബ്രാഹ്മിന്‍ ബോയ്" (അവനൊരു ബ്രാഹ്മണ പയ്യനാണ്). മരുമകന്‍ ബ്രാഹ്മണനാണെങ്കില്‍ യേശുവിലുള്ള വിശ്വാസനഷ്ടവും പു.ക.കു. പാരമ്പര്യത്തിന്‍റെ തുടര്‍ച്ചയില്ലായ്മയും മറ്റും പ്രശ്നങ്ങളല്ല. മരുമകന്‍ ദളിത് ക്രിസ്ത്യാനിയോ ഈഴവനോ ആയാല്‍ അപമാനഭാരത്താല്‍ ശിരസ്സ് താഴുന്നു. പകകൊണ്ടു ഹൃദയം കലുഷിതമാകുന്നു. ദുരഭിമാന കൊലയ്ക്കു തുനിഞ്ഞിറങ്ങുന്നു. നായരാണെങ്കില്‍ കഴിച്ചുകൂട്ടാം എന്നു മാത്രം. ഇതുകൊണ്ടാവാം, കത്തോലിക്കാ പെണ്‍കുട്ടികള്‍ ഇപ്പോള്‍ പ്രണയിക്കാന്‍ മുസ്ലീം യുവാക്കളെയാണു കൂടുതല്‍ ഇഷ്ടപ്പെടുന്നതെന്നു തോന്നുന്നു.

കേരളത്തിലെ സുറിയാനി കത്തോലിക്കന്‍റെ മനസ്സ് പുരുഷമേധാവിത്വത്തിന്‍റെ ഉഷ്ണഭൂമിയാണ്; ജാതിചിന്തയുടെ ഹരിതമേഖലയും. തറവാട്ടുമഹിമ എന്നതു നമ്പൂതിരി മഹത്ത്വത്തിന്‍റെ ഉദ്ഘോഷമാണ്. നമ്പൂതിരിപോലും ഇപ്പോള്‍ ഇത്രയും കേമത്തം പറയുന്നില്ല. നമ്പൂതിരി പാരമ്പര്യം കണ്ടെത്താന്‍ ആകുന്നില്ലെങ്കില്‍ യഹൂദപാരമ്പര്യം മുക്കിമൂളും. നമ്പൂതിരിമാരുടെ മാനസാന്തരകഥ മണ്‍പ്രതിമകളില്‍ ആവിഷ്കരിച്ചിട്ടുള്ള പാലയൂരിലെ തളിക്കുളത്തിന്‍റെ മതിലിനു പുറത്ത് സെന്‍റ് തോമസ് വന്നതായി പറയപ്പെടുന്ന കാലഘട്ടത്തില്‍ കേരളത്തില്‍ നമ്പൂതിരിമാര്‍ ഉണ്ടായിരുന്നില്ല എന്നു വലിയ ബോര്‍ഡില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നതു വായിച്ചപ്പോള്‍ കരയണമോ ചിരിക്കണോ എന്നു സംശയം തോന്നി. ആരാണ് ആ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നതെന്നറിയില്ല. അതിലൊരു കറുത്ത ഹാസ്യമുണ്ട്. വൈരുദ്ധ്യാധിഷ്ഠിത പാരമ്പര്യവാദത്തിന്‍റെ നെഞ്ചില്‍ ചവിട്ടിയുള്ള കുറത്തി നൃത്തമാണത്.

ഇല്ലാത്തതിനെക്കുറിച്ചു പൊള്ളയായ ഗര്‍വുകളില്‍ അഭിരമിക്കുമ്പോള്‍ അര്‍ഹതപ്പെട്ടവരെ അംഗീകരിക്കുവാന്‍ കത്തോലിക്കര്‍ മറന്നുപോകുന്നു. അതിലൊരു വിഭാഗമാണ് ഈ സഭയിലെ പാവപ്പെട്ട സ്ത്രീകള്‍. അവര്‍ കാരണമാണ് ഈ സഭ ഇങ്ങനെ നിലനില്ക്കുന്നതെന്ന വസ്തുത നിഷേധിക്കുവാന്‍ ആര്‍ക്ക് കഴിയും? അവര്‍ പാവങ്ങളാണ്, അജ്ഞരാണ്. അവര്‍ക്കു ദൈവശാസ്ത്രമറിയില്ല, വൈദികരെയും കന്യാസ്ത്രീകളെയും കുറ്റം പറഞ്ഞാല്‍ ദൈവകോപം ഉണ്ടാകുമെന്ന വിശ്വാസം ഇന്നും കൊണ്ടുനടക്കുന്നവരാണ്. കുടുംബത്തില്‍ പ്രാര്‍ത്ഥന നടത്തുന്നവരും കുടുംബാംഗങ്ങളെ പള്ളിയില്‍ എത്തിക്കുന്നവരും അവരാണ്. എന്നിട്ടും സഭാഗാത്രത്തില്‍ അവരുടെ സ്ഥാനമെന്താണ്?

സഭയില്‍ ഏതു കന്യാസ്ത്രീയേക്കാളും അവഗണിക്കപ്പെടുന്നവര്‍ വിശ്വാസികളായ സാധാരണ സ്ത്രീകളാണ്. ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളില്‍ സഭയ്ക്കും ബിഷപ്പിനും വൈദികനും കന്യാസ്ത്രീക്കുമെതിരെ വിമര്‍ശനങ്ങളും പിന്തുണയുമായി പ്രത്യക്ഷപ്പെടുന്നവരില്‍ 99.9 ശതമാനവും പുരുഷന്മാരാണ്. ചിലരുടെയെങ്കിലും ഭാഷ അറപ്പിക്കുന്നതാണ്. ഫെയ്സ് ബുക്കില്‍ വരാത്തതിനാല്‍ സ്ത്രീകള്‍ക്കു പറയാന്‍ ഒന്നുമില്ല എന്നര്‍ത്ഥമില്ല. അതിനവര്‍ തയ്യാറല്ല എന്നതാണു കാരണം. അവര്‍കൂടി കൈവിട്ടാല്‍ സഭ ശുദ്ധശൂന്യമാകുമെന്നു മനസ്സിലാക്കാന്‍ പാഴൂര്‍ പടിപ്പുരയില്‍ ചെന്നു പ്രശ്നം വയ്ക്കണ്ട. സഭയുടേതായ പൊതു ഇടങ്ങളില്‍, കുടുംബയോഗങ്ങളിലും മറ്റും സ്ത്രീകള്‍ അഭിപ്രായം പറയുവാന്‍ തുടങ്ങുമ്പോള്‍ പുരുഷന്മാര്‍ അക്ഷമരാകുന്നു, വൈദികന്‍ പരിഹാസം കലര്‍ന്ന ചിരിയോടെ നോക്കുന്നു. പെണ്ണുങ്ങള്‍ക്കെന്തു പറയാന്‍ എന്ന മട്ട്.

സഭയില്‍ കന്യാസ്ത്രീകള്‍ നേരിടുന്ന പീഡനങ്ങളെപ്പറ്റിയാണു കേരളീയ പൊതുസമൂഹം ഇന്ന് ആകുലപ്പെടുന്നത്. ഭൂസ്വത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികള്‍ പോലുള്ള സംരംഭങ്ങളും മറ്റു തൊഴിലധിഷ്ഠിത പ്രസ്ഥാനങ്ങളുമില്ലാത്ത; ബിഷപ്പുമാരുടെയും മറ്റും ഔദാര്യത്തില്‍ കഴിയുന്ന കന്യാസ്ത്രീ സമൂഹങ്ങള്‍ക്കു (സൊസൈറ്റികള്‍) പലവിധ പ്രശ്നങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട് എന്നതു സത്യം. എന്നാല്‍ മേല്പറഞ്ഞ ആസ്തികളുള്ള വലിയ സന്ന്യാസിനീസമൂഹഹങ്ങള്‍ ഓരോന്നും ഓരോ സ്വയം ഭരണ മേഖലകളാണെന്നതാണു വാസ്തവം. ഇതു തുറന്നു പറയുന്ന സമൂഹമാധ്യമ രചനകളൊന്നും ഇതുവരെ കണ്ടില്ല എന്നത് ഈയുളളവനെ അത്ഭുതപ്പെടുത്തുന്നു. മുഖ്യധാരാ പ്രസിദ്ധീകരണങ്ങളില്‍ ഈ സത്യങ്ങളൊന്നും വരില്ലല്ലോ.

വേണ്ടതു പണവും അധികാരവും വിദ്യാഭ്യാസവുമാണ്. ഇവ മൂന്നുമുണ്ടെങ്കില്‍ മറ്റെല്ലാവരെയുംപോലെ കന്യാസ്ത്രീകള്‍ക്കും ഒന്നിനെയും ഭയപ്പെടേണ്ടതില്ല. തമ്പുരാനെ ഓര്‍ത്ത് ജീവിച്ചാല്‍ നന്നായിരിക്കുമെന്നു മാത്രം. ദൈവത്തെയെങ്കിലും ഭയം വേണമല്ലോ.

ദളിത് കത്തോലിക്കരുടെ പ്രശ്നം, പണവും അധികാരവും ഉന്നത വിദ്യാഭ്യാസവുമില്ല എന്നതാണ്. അതുകൊണ്ടാണു സഭയില്‍ മാന്യമായ ഇരിപ്പിടം കിട്ടാത്തത്. സഭയെയും വൈദികരെയും വിമര്‍ശിച്ചു കഥകള്‍ എഴുതി കോളിളക്കം സൃഷ്ടിച്ച പൊന്‍കുന്നം വര്‍ക്കിയുടെ കഥാപ്രപഞ്ചത്തില്‍ ദളിത് കത്തോലിക്കനു സ്ഥാനം ലഭിക്കാതെ പോയതിന്‍റെ ഒരു കാരണമിതാണ്. പൊന്‍കുന്നം വര്‍ക്കിയോളം പ്രത്യക്ഷ വിമര്‍ശകനല്ലെങ്കിലും പരോക്ഷ വിമര്‍ശകനായ സക്കറിയായുടെ കഥാപ്രപഞ്ചത്തിലും ദളിത് കത്തോലിക്കനു പ്രവേശനം ലഭിച്ചിട്ടില്ല.

മൃഗകഥാനുഗായിയായ സക്കറിയ കുതിരയെയും വാനമ്പാടിയെയും കുഴിയാനയെയും എലിയെയും പൂച്ചയെയും പല്ലിയെയും ആട്ടിന്‍കുട്ടിയെയും ചെന്നായയെയും പിടക്കോഴിയെയും മറ്റും കഥാപാത്രങ്ങളാക്കി കഥകള്‍ രചിച്ചിട്ടുണ്ട്. എന്നാല്‍ ഈ മൃഗങ്ങള്‍ക്കുള്ള പരിഗണനപോലും ദളിത് കത്തോലിക്കനു ലഭിച്ചില്ല!

മൃഗകഥകള്‍ എഴുതുമ്പോള്‍ അഭിമുഖീകരിക്കുന്ന രചനാപരമായ പ്രതിസന്ധിയെക്കുറിച്ച് ഒരു കഥയില്‍ സക്കറിയ എഴുതിയിട്ടുണ്ട്: "ഒരു മനുഷ്യജീവിയെക്കുറിച്ച് എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്യാന്‍ എഴുത്തുകാരനു കുറേ സൗകര്യങ്ങളുണ്ട്. എന്നാല്‍, ഒരു മൃഗത്തെക്കുറിച്ച്, അല്ലെങ്കില്‍ മാലാഖയെക്കുറിച്ച്, അല്ലെങ്കില്‍ ദൈവത്തെക്കുറിച്ച് എഴുതേണ്ടി വന്നാല്‍ എല്ലാം തകിടം മറിയുന്ന അനുഭവമുണ്ടാകുന്നു. മനുഷ്യവികാരങ്ങള്‍ ഉതിരുന്ന വാക്കുകള്‍കൊണ്ടു മൃഗങ്ങളുടെ ഹൃദയങ്ങളെ അളക്കുന്നതെങ്ങനെ, പരമാത്മാവിന്‍റെ സ്വഭാവരാഹിത്യത്തെ വലയം ചെയ്യുന്നതെങ്ങനെ? മാലാഖമാരുടെ സന്തോഷചൈതന്യങ്ങളെ വിസ്തരിക്കുന്നതെങ്ങനെ?" (വല എന്ന കഥ).

മൃഗകഥ എഴുതുമ്പോള്‍ "മൃഗത്തില്‍ തന്‍റെ വാക്കുകളിലൂടെ ഒരു മനുഷ്യാത്മാവ് നിര്‍മിക്കുകയാണ്" എന്ന് സക്കറിയ വ്യക്തമാക്കിയിട്ടുണ്ട്. അങ്ങനെയുള്ള അദ്ദേഹത്തി ന് ഒരു ദളിത് കത്തോലിക്കന്‍റെ ജീ വിതം വായിക്കാന്‍ കഴിയാതെ പോ യത് എന്തുകൊണ്ട്?

ഈ ചരിത്രപശ്ചാത്തലത്തിലാണു 'പെലയക്കുരിശ് സത്യം' എന്ന അബിന്‍ ജോസഫിന്‍റെ കഥ ഈ ലേഖകനെ ആകര്‍ഷിച്ചത് (മാതൃഭൂമി ഓണപ്പതിപ്പ്, 2018, പേജ് 66). മനോഹരമായ ഒരു ഉദ്ബോധനപ്രസംഗം പോലെ ഈ കഥ എന്‍റെ മനസ്സില്‍ പടര്‍ന്നുകയറി. ദളിത് കത്തോലിക്കര്‍ നേരിടുന്ന അവഗണനയെക്കുറിച്ചുള്ള ആഖ്യാനമാണിത്.

ഈ കഥയുടെ തുടക്കം പൊന്‍കുന്നം വര്‍ക്കിയുടെ പ്രശസ്തമായ പാളേങ്കോടന്‍ എന്ന കഥയിലെ ഒരു സന്ദര്‍ഭം ഓര്‍മയില്‍ കൊണ്ടുവന്നു. "ഒരു പുതുക്രിസ്ത്യാനി – എന്നു വച്ചാല്‍ അധഃകൃതര്‍ എന്നു കരുതപ്പെടുന്നവരില്‍നിന്നു മതപരിവര്‍ത്തനത്താല്‍ ക്രിസ്ത്യാനിയാകുന്ന സഹോദരന്‍ – പള്ളിയില്‍ പാരമ്പര്യമുള്ള 'യഥാര്‍ത്ഥ ക്രിസ്ത്യാനി'കളുടെ കൂട്ടത്തില്‍ കയറി മുട്ടുകുത്തി. കുര്‍ബാന കാണാനുള്ള മോഹംകൊണ്ട് അവന്‍ അങ്ങു മുമ്പോട്ടു കയറിയെന്നേയുള്ളൂ. പുതുക്രിസ്ത്യാനികള്‍, എന്തൊക്കെയായാലും എല്ലാവരുടെയും പുറകില്‍ മുറ്റത്തെങ്ങാനുമേ മുട്ടുകുത്താവൂ. പ്രസ്തുത പുതുക്രിസ്ത്യാനി കാണിച്ച ധാര്‍ഷ്ട്യത്തില്‍ ഫാ. പാളേങ്കോടന്‍ കുപിതനായി. ഒരു പ്രകാരത്തില്‍ കുര്‍ബാന ചൊല്ലിത്തീര്‍ത്തശേഷം അവനെ പിടികൂടി ചൂരല്‍വടി കൊണ്ട് തുടയ്ക്ക് ആറടി കൊടുത്തു. മറ്റു പുതുക്രിസ്ത്യാനികള്‍ക്കും അതൊരു പാഠമായിരിക്കണമായിരുന്നു. മേലൂട്ടുകാരെ – ഉത്കൃഷ്ടരായ ക്രിസ്ത്യാനികളെ – അവര്‍ ബഹുമാനിക്കണം" (പാളേങ്കോടന്‍, പേജ് 60).

അബിന്‍ ജോസഫിന്‍റെ കഥ തുടങ്ങുന്നത് ഇങ്ങനെയാണ്: "കരിമ്പാറപ്പെലയാ" വടക്കേക്കര കൊച്ചിനെ പുണ്യാളന്‍ പള്ളിയില്‍നി ന്നു ചവിട്ടിക്കൂട്ടി പുറത്തേക്കെറിയുമ്പോള്‍ കൂരാടി ഔത ഉറക്കെ ആക്രോശിച്ചു: "മൂപ്പിലച്ചന്‍റെ ചുറുക്കാവെള്ളം തലേവീണിട്ടുണ്ടെന്നു പറഞ്ഞ് അള്‍ത്താരേക്കേറി നെരങ്ങിയാലുണ്ടല്ലോ, കൊന്ന് കുരിശേക്കേറ്റിക്കളയും പൂച്ചപരട്ടേ." പൊന്‍ കുന്നം വര്‍ക്കി പാളേങ്കോടന്‍ എന്ന കഥ എഴുതിയതു നിരവധി ദശാബ്ദങ്ങള്‍ക്കു മുമ്പാണ്. അദ്ദേഹം ചിത്രീകരിച്ച സംഭവവും 2018-ല്‍ അബിന്‍ ജോസഫിന്‍റെ കഥയുടെ തുടക്കവും ഒരേപോലെയാകുന്നതു ദളിത് കത്തോലിക്കരോടുള്ള മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ല എന്നതിന്‍റെ വ്യക്തമായ തെളിവാണ്.

അബിന്‍ ജോസഫിന്‍റെ കഥയുടെ സാഹിത്യഗുണം വിശദീകരിക്കുക എന്‍റെ ലക്ഷ്യമല്ല. അതിന്‍റെ സഭാപരമായ പ്രസക്തിയാണ് ഈ ലേഖനത്തില്‍ വിഷയമാകുന്നത്. കഥയുടെ അവസാന ഭാഗം ഇങ്ങനെയാണ്: "മൂപ്പിലച്ചന്‍ കുരിശുമായി മൂന്നാം വട്ടം മുങ്ങി. ജലത്തിനടിയില്‍ നിന്നു സകല ദിക്കുകളെയും തകര്‍ക്കുന്ന വാക്കുകള്‍ മുഴങ്ങി. "ഈ ക്രിസ്തു പെലയനാണ്. ലോകാവസാനം വരേക്കും പ്രതിഷ്ഠിക്കപ്പെട്ടവന്‍."

വളരെ പണ്ടു താന്‍ ശിവപ്രതിഷ്ഠ നടത്തിയപ്പോള്‍ വിമര്‍ശിച്ചവരോടു ശ്രീനാരായണഗുരു പറഞ്ഞത്, താന്‍ പ്രതിഷ്ഠിച്ചത് ഈഴവ ശിവനെയാണ് എന്നാണ്. ജാതിഭ്രാന്ത് നിറഞ്ഞ കേരളത്തിലെ അന്നത്തെ പിന്തിരിപ്പന്‍ സമൂഹത്തില്‍ വലിയ സ്ഫോടനശേഷിയുണ്ടായിരുന്നു ആ വാക്കുകള്‍ക്ക്. ഇതുപോലെ സ്ഫോടനശേഷിയുള്ള വാക്കുകള്‍ നിറഞ്ഞു മാറ്റങ്ങള്‍ ഉണ്ടാകേണ്ട അവസ്ഥയിലാണു കേരളത്തിലെ കത്തോലിക്കാസഭ. സഭയില്‍ സ്വതന്ത്രചിന്തകരായ ഗുരുക്കന്മാര്‍ ഉണ്ടാകണം; പുതിയ ധ്യാനഗുരുക്കന്മാരല്ല.

കന്യാസ്ത്രീകളുടെ ദുഃഖവും വിശ്വാസികളായ സ്ത്രീകള്‍ക്കു നേരെയുള്ള പുരുഷമേധാവിത്വ സമീപനവും വൈദികരിലെ ഭൗതികതയുടെ അതിപ്രസരവും അധികാരപ്രമത്തതയും മാത്രമല്ല; വൃദ്ധജനങ്ങളോടുള്ള അവഗണനയും സഭയിലെ കാതലായ പ്രശ്നങ്ങളാണ്.

കത്തോലിക്കാസഭ വൃദ്ധജന പരിപാലന രംഗത്തു കാര്യമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. കേരളത്തിലെ മിക്ക കത്തോലിക്കാ ദേവാലയങ്ങള്‍ക്കും ഭേദപ്പെട്ട വിസ്തീര്‍ണമുള്ള പള്ളിയും വിവിധ കെട്ടിടങ്ങളും വേണ്ടുവോളം ഭൂമിയുമുണ്ട്. മറ്റു കെട്ടിടങ്ങളോടൊപ്പം ഇടവകയിലെ വൃദ്ധജനങ്ങള്‍ക്കായി ഒരു വൃദ്ധസദനം കൂടി ഉണ്ടാകുന്നതില്‍ യാതൊരു അപാകതയുമില്ല. ആത്മീയശുശ്രൂഷകളില്‍ മുടക്കം കൂടാതെ പങ്കെടുക്കുന്നതിനും ശാന്തവും സമാധാനപരവുമായ അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനും കൂട്ടായ പ്രാര്‍ത്ഥനയ്ക്കും ഒത്തുചേരലിനും വഴിയൊരുക്കാന്‍ ഈ സംവിധാനം സഹായിക്കും.

വൈദികര്‍ക്കും കന്യാസ്ത്രീകള്‍ക്കും വാര്‍ദ്ധക്യകാല ജീവിതത്തെക്കുറിച്ച് ആകുലപ്പെടേണ്ട അവസ്ഥ ഇന്നില്ല. വാര്‍ദ്ധക്യകാലത്ത് അവരുടെ കൂട്ടായ ജീവിതത്തിനും സംരക്ഷണത്തിനും ഉത്തരവാദിത്വപ്പെട്ടവര്‍ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. രൂപതാ വൈദികര്‍ക്കും സന്ന്യാസസഭയിലെ വൈദികര്‍ക്കും സന്ന്യാസിനികള്‍ക്കും ഈ സുരക്ഷയുണ്ട്. "എന്നാല്‍ സഭയ്ക്ക് ഇന്നത്തെ നിലയിലുള്ള സ്ഥാപനങ്ങളും സ്വത്തുവകകളും പടുത്തുയര്‍ത്തുന്നതില്‍ ഒട്ടും കുറവല്ലാത്ത പങ്കു വഹിച്ചിട്ടുള്ള അല്മായ ജനങ്ങള്‍ക്ക് അവരുടെ വാര്‍ദ്ധക്യത്തില്‍ കൂട്ടമായി സാമൂഹികജീവിതം നയിക്കുന്നതും സന്തോഷം അനുഭവിക്കുന്നതിനുമുള്ള അവസരവും സൗകര്യവും നിഷേധിക്കുന്നത് എങ്ങനെ നീതീകരിക്കാനാകും?" എന്നു ജോസഫ് കൈനിക്കര 'സത്യദീപ'ത്തിലെ ലേഖനത്തിലൂടെ ചോദിച്ചതു മനുഷ്യസ്നേഹികളായ സഭാധികാരികളുടെ ഹൃദയഭിത്തികളിലല്‍ തട്ടി മുഴങ്ങേണ്ടതാണ്.

  • manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org