പട്ടാളടാങ്ക് ടാക്സിയാകുമ്പോള്‍…

ഇന്ത്യക്കാരായ രണ്ടു മാധ്യമപ്രവര്‍ത്തകര്‍ അഫ്ഗാനിസ്ഥാനിലെ ഒരു വിദൂര പര്‍വതമേഖലയില്‍നിന്നു കാബൂളിലേക്കു പോകാന്‍ സഹായിക്കണമെന്ന് അവിടത്തെ ഒരു സൈനിക ഓഫീസറോട് അഭ്യര്‍ത്ഥിക്കുന്നു. അമിതാഭ് ബച്ചനെയും അമീര്‍ ഖാനെയും ഇഷ്ടപ്പെടുന്ന ഓഫീസര്‍ വാക്കിടോക്കിയിലൂടെ ആരോടോ സംസാരിക്കുന്നു. കുറച്ചു കഴിഞ്ഞു ബോംബ് സ്ഫോടനത്തിലെന്നോണം പൊടി പറത്തിക്കൊണ്ടു എന്തോ വരുന്നു. പൊടിയടങ്ങിയപ്പോള്‍ ഇന്ത്യക്കാര്‍ അമ്പരപ്പോടെ കണ്ടു, അതൊരു പട്ടാള ടാങ്കായിരുന്നു. വിമാനവേധത്തോക്കും ആധുനികസംവിധാനങ്ങളുമുള്ള ആര്‍മി ടാങ്ക്. മാധ്യമപ്രവര്‍ത്തകരുടെ പിന്നീടുള്ള യാത്ര അതിലായിരുന്നു. അഫ്ഘാനിസ്ഥാന്‍റെ കഥ പറയുന്ന കാബൂള്‍ എക്സ്പ്രസ്സ് എന്ന ഹിന്ദി സിനിമയുടെ തുടക്കത്തിലുള്ള രംഗമാണിത്. "വിമുക്ത ഭടന്മാരെ ഉള്‍പ്പെടുത്തി കേരളത്തിലെ ക്രൈസ്തവസഭ (ചര്‍ച്ച് ഇന്‍ കേരള) ഗബ്രിയേല്‍ സേന എന്ന പേരില്‍ സേന രൂപവത്കരിച്ചതിനെക്കുറിച്ചു അറിയാമോ" എന്ന ചോദ്യം പൊള്ളാച്ചിയില്‍ നിന്നുള്ള ഡിഎംകെ അംഗമായ ഷണ്‍മുഖസുന്ദരം ലോക്സഭയില്‍ ഉന്നയിച്ചതു വായിച്ചപ്പോള്‍ സിനിമയില്‍ പട്ടാള ടാങ്ക് പ്രത്യക്ഷപ്പെട്ടപ്പോഴുണ്ടായ കൗതുകമാണ് അനുഭവപ്പെട്ടത്.

കേരളത്തിലെ സാമൂഹികാന്തരീക്ഷം വളരെ കലുഷിതമാണ്. ഇതിനു പല കാരണങ്ങളുണ്ട്. അതിലൊരു പങ്ക് ഉത്തരവാദിത്വമില്ലാത്ത മാധ്യമ പ്രവര്‍ത്തനത്തിനുമുണ്ട്. എങ്കിലും ഇങ്ങനെയൊരു ആരോപണം ലോക്സഭയില്‍ ഉയരത്തക്കവിധത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞു മലിനമായിട്ടുണ്ടെങ്കില്‍ അമ്പരക്കാതെ വയ്യ.

തലശ്ശേരി അതിരൂപതയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ഡിസംബര്‍ 9-ന് കണ്ണൂരില്‍ ഒരു ലക്ഷത്തോളം കര്‍ഷകര്‍ പങ്കെടുത്ത സംഗമം സംഘടിപ്പിക്കുകയുണ്ടായി. ഇതിന്‍റെ ഗതാഗത, പാര്‍ക്കിംഗ് സംവിധാനങ്ങള്‍ നിര്‍വഹിക്കുന്നതിനുവേണ്ടി ഒരു വോളന്‍റിയര്‍ ടീം രൂപവത്കരിച്ചിരുന്നു. ഇവര്‍ക്കു ഗബ്രിയേല്‍ വോളന്‍റിയര്‍മാര്‍ എന്നാണു പേരിട്ടിരുന്നത്. തലശ്ശേരി അതിരൂപതാ നേതൃത്വം വ്യക്തമാക്കിയ കാര്യമാണിത്. അപ്പോള്‍ വോളന്‍റിയര്‍ ടീമിനെ സേനയാക്കി മാറ്റി വ്യാജപ്രചാരണം നടത്തുന്നവരുടെ ലക്ഷ്യം എന്തായിരിക്കും? അതെന്തായാലും, വോളന്‍റിയര്‍ ടീമിനെ മറ്റെന്തെങ്കിലുമാക്കി മാറ്റാന്‍ നേരിയ രീതിയിലെങ്കിലും ആരെങ്കിലും ചിന്തിച്ചിട്ടുണ്ടെങ്കില്‍ അത് എന്നേക്കുമായി അടച്ചുപൂട്ടിവയ്ക്കാന്‍ ഈ ആരോപണം നിമിത്തമാകണം.

കേരളത്തിലെ സീറോ മലബാര്‍ സഭ അതിന്‍റെ ചരിത്രത്തിലെ ഏറ്റവും മോശമായ പ്രതിച്ഛായാനഷ്ടത്തിലൂടെയാണു കടന്നുപോകുന്നത്. വികാരാവേശത്തോടെ അതിനെ കാണരുത്. വിമോചനസമര കാലഘട്ടത്തെക്കറിച്ചു കമ്യൂണിസ്റ്റുകള്‍ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങള്‍ക്കു പുനര്‍ജന്മം ഉണ്ടാകരുതല്ലോ. "വിദ്വേഷം കലഹം ഇളക്കിവിടുന്നു; സ്നേഹമോ എല്ലാ അപരാധങ്ങളും പൊറുക്കുന്നു" (സുഭാഷിതങ്ങള്‍ 10:11) എന്നോര്‍ക്കുക.

ജീവിതത്തിലെ ഏറ്റുമുട്ടലുകളിലും യുദ്ധങ്ങളിലും എന്തു ചെയ്തും ജയിക്കുന്നവനാണു യഥാര്‍ത്ഥത്തില്‍ പരാജിതനാകുന്നത്. ഉപരിപ്ലവമായി നോക്കുമ്പോള്‍ അങ്ങനെയല്ലെന്നു തോന്നാം. വിജയിച്ചു സാമ്രാജ്യം നേടിയവന്‍ അമ്പേ പരാജിതനെപ്പോലെ തല കുമ്പിട്ടു നില്ക്കുന്നതാണു മഹാഭാരതത്തിലെ യുധിഷ്ഠിരനില്‍ ഒരു ഘട്ടത്തില്‍ കാണുന്നത്. സ്നേഹത്തിലൂടെയാണു 'സാമ്രാജ്യം' നേടേണ്ടതെന്നു യേശു പഠിപ്പിച്ചു. അതുകൊണ്ടാണു യേശുവിന്‍റെ 'സാമ്രാജ്യം' സൂര്യനസ്തമിക്കാത്തതായത്.

ശക്തമായ അഭിപ്രായവ്യത്യാസം നിലനില്‍ക്കുമ്പോള്‍ത്തന്നെ സുഹൃത്തെന്നു വിളിക്കാനും തുറന്നു സംസാരിക്കാനും തയ്യാറായാല്‍ നമ്മുടെ സമൂഹത്തിലും സമുദായങ്ങളിലും ഉയര്‍ന്നുനില്ക്കുന്ന പൊടിപടലങ്ങള്‍ അടങ്ങും. ശരിയായ മനുഷ്യന്‍റെ രൂപം തെളിഞ്ഞു വരും. പട്ടാളടാങ്കിനെയും കൂലിക്കോടുന്ന മോട്ടോര്‍ വണ്ടി (ടാക്സി) ആക്കാന്‍ പറ്റും. അങ്ങനെ നശീകരണത്തിന്‍റെ ആയുധം മനുഷ്യന് ഉപകാരം ചെയ്യുന്ന വാഹനമാകും.

മനുഷ്യന്‍ കൈകാര്യം ചെയ്യുമ്പോള്‍ ഏതിനും രണ്ടു സ്വഭാവം വരും, നശീകരണവും സംരക്ഷണവും. സോഷ്യല്‍മീഡിയ ഉള്‍പ്പെടെയുള്ള മാധ്യമങ്ങള്‍ക്കും അതുണ്ട്. ഒരു വ്യക്തിയുടെയോ പ്രസ്ഥാനത്തിന്‍റെയോ സമൂഹത്തിന്‍റെയോ പ്രതിച്ഛായ നശിപ്പിക്കാന്‍ തീരുമാനിച്ചാല്‍ വലിയ പരിധിവരെ കഴിയും. സെന്‍സേഷണല്‍ ജേര്‍ണലിസത്തിന്‍റെ ദുരവസ്ഥയില്‍ നല്ല വാര്‍ത്തകളുടെ പ്രചാരകരാകാന്‍ നമുക്കു കഴിയണം.

-manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org