പടികടന്നു പോകുന്ന യുവജനങ്ങള്‍

പടികടന്നു പോകുന്ന യുവജനങ്ങള്‍
Published on

മാത്യു കുഴല്‍നാടന്‍ എം എല്‍ എ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ വിവരിച്ച സംഭവമാണ്. അദ്ദേഹം ഒരു വീട്ടില്‍ ചെന്നു. അവിടെ വൃദ്ധരായ മാതാപിതാക്കളേയുള്ളൂ. അവരെ നോക്കാന്‍ ഒരു ബംഗാളിയുണ്ട്. അവരുടെ ഏക മകന്‍ യു കെ യിലാണ്. മാത്യു അയാളെ ഫോണില്‍ വിളിച്ചു സംസാരിച്ചു. അവിടെ വൃദ്ധജനങ്ങളെ ശുശ്രൂഷിക്കലാണ് അയാളുടെ ജോലി. നാട്ടില്‍ ബംഗാളിയുടെ സംരക്ഷണയില്‍ കഴിയുന്ന മാതാപിതാക്കള്‍. വിദേശത്ത് ആരുടെയോ മാതാപിതാക്കളെ ശുശ്രൂഷിക്കുന്ന മകന്‍.

എന്താണിതിനു കാരണം? കേരളത്തില്‍ സാമ്പത്തിക വളര്‍ച്ച ഉണ്ടാകുന്നില്ല. ഇവിടെ ജോലി ചെയ്യുന്നവര്‍ക്കു ജീവിക്കാനാവശ്യമായതും ന്യായവുമായ പ്രതിഫലം ലഭിക്കുന്നില്ല. ഇവിടെ മാതാപിതാക്കളെ നോക്കുന്ന ബംഗാളിക്ക് പരമാവധി 15,000 രൂപ കൊടുത്താല്‍ മതി. ആ ചെറുപ്പക്കാരന് യു കെ യില്‍ രണ്ടു ലക്ഷം രൂപ വരെ കിട്ടും. അവിടെ മണിക്കൂറിനു ശരാശരി 12.30 പൗണ്ടാണു പ്രതിഫലം. ഒരു പൗണ്ട് 108.72 രൂപയ്ക്കു തുല്യം. ഒരു ദിവസം 5 മണിക്കൂര്‍ ജോലി ചെയ്താല്‍ 6685 രൂപ കിട്ടും. മാസം 25 ദിവസം ജോലി ചെയ്യുന്നുവെന്നു കണക്കാക്കിയാല്‍ 1,67,125 മൊത്തം കിട്ടും. യു കെ യിലെ നഗരങ്ങള്‍ക്കനുസരിച്ച് ഈ പ്രതിഫലം വ്യത്യാസപ്പെടുന്നുണ്ട്. മിക്കവാറും പ്രതിഫലം ഇതിലും കൂടുതലായിരിക്കും. മണിക്കൂറിനു 30 പൗണ്ട് വരെ ലഭിക്കുന്ന നഗരമുണ്ട്.

മികച്ച പ്രതിഫലം കിട്ടുന്നതിനാല്‍ മലയാളി വിദേശത്തേക്കു പോകുന്നു. ഇവിടെ അതേ ജോലി ചെയ്യാന്‍ ബംഗാളിയെയും ബീഹാറിയെയും നിയമിക്കുന്നു. കേരളം വൃദ്ധജനങ്ങളുടെ നാടാവുകയും മറുനാട്ടുകാരനായ ചെറുപ്പക്കാര്‍ സ്വന്തക്കാരായി മാറുകയുമാണ്.

അന്തസ്സുള്ളതും സമാധാനപൂര്‍ണ്ണവുമായ മരണം ഓരോ മനുഷ്യന്റെയും അവകാശമാണ്. ഏക മകന്‍ അരികിലില്ലാതെ മരണത്തിലേക്കു കടന്നുപോകുന്ന ഒരാള്‍ക്ക് എന്തു സമാധാനമാണ് ഉണ്ടാവുക.

പ്രശ്‌നം അതു മാത്രമല്ല. യുവജനങ്ങളുടെ ജന്മനാടു വെടിഞ്ഞുള്ള പോക്ക് സൃഷ്ടിക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ ഗൗരവത്തോടെ കാണേണ്ടതുണ്ട്. വൃദ്ധജനങ്ങള്‍ വര്‍ധിക്കുന്നു എന്നതുമാത്രമല്ല സമൂഹത്തിന്റെ ചലനാത്മകത നഷ്ടപ്പെടുകയുമാണ്. പണിശേഷി കുറയുന്നു. ഇപ്പോള്‍ വിദേശത്തു പോകുന്നവര്‍ അവിടെ സ്ഥിരതാമസമാക്കുന്നത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. പുതിയ സംരംഭങ്ങള്‍ക്ക് കഴിവുള്ള ചെറുപ്പക്കാര്‍ പുറത്തുപോകുന്നത് സാമ്പത്തിക വളര്‍ച്ചയെ ഇനിയും ബാധിക്കും. വൃദ്ധജനങ്ങളുടെ പ്രവര്‍ത്തന കുത്തകയായി രാഷ്ട്രീയം മാറുമ്പോള്‍ മാറ്റത്തിന് അനിവാര്യമായ യുവശക്തി നഷ്ടമാകും.

യുവജനങ്ങളെ നാട്ടില്‍ പിടിച്ചു നിര്‍ത്താന്‍ സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ കഴിയില്ല. പുതിയ സ്വകാര്യ സംരംഭകര്‍ രംഗത്തു വരണം. ഉത്പാദനം വര്‍ധിക്കുകയും വൈവിധ്യവല്‍ക്കരിക്കപ്പെടുകയും വേണം. വലിയ സംരംഭങ്ങളെക്കുറിച്ചു മാത്രമല്ല ചെറിയ പ്രസ്ഥാനങ്ങളെക്കുറിച്ചും ചിന്തിക്കണം. കത്തോലിക്കാ സഭയ്ക്കും ഇടവകകള്‍ക്കും ഈ രംഗത്ത് സംഭാവനയര്‍പ്പിക്കാന്‍ കഴിയും.

വിദേശത്തുള്ള ജോലിക്കാരുടെയും നാട്ടിലുള്ള സമ്പന്നരുടെയും പണംകൊണ്ട് എട്ടുകോടിയിലേറെ രൂപ മുടക്കി പണിത ഒരു പള്ളി കാണുകയുണ്ടായി. ഈ എട്ടുകോടിയില്‍ അഞ്ചുകോടി മുടക്കി പള്ളി പണിയുകയും മൂന്നു കോടി മുടക്കി ഒരു വൃദ്ധസദനം ആരംഭിക്കുകയും ചെയ്തിരുന്നെങ്കില്‍ മക്കള്‍ നാട്ടിലില്ലാത്ത വൃദ്ധജനങ്ങള്‍ക്കു സഹായവുമായേനെ. സാമാന്യം ഭൂസ്വത്തുള്ള എല്ലാ ഇടവകകള്‍ക്കും ചെയ്യാവുന്ന കാര്യമാണിത്.

ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാ ളിയായ സോജന്‍ ജോസഫ് തിരഞ്ഞെ ടുക്കപ്പെട്ടതു പോലെ ഒരു ബംഗാളി കേരള നിയമസഭയിലേക്ക് തിരഞ്ഞെ ടുക്കപ്പെടുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിച്ചേക്കാം.

ഇവിടത്തെ രാഷ്ട്രീയവും ജനസംഖ്യയും സാമൂഹിക സാമ്പത്തിക ഘടകങ്ങളും പരിസ്ഥിതി പ്രശ്‌നങ്ങളും യുവജനങ്ങളില്‍ നിരാശ പടര്‍ത്തുന്നുണ്ട്. അതുകൊണ്ട് ഇക്കാര്യങ്ങളിലൊക്കെ വളരെ മികച്ച സാഹചര്യങ്ങളുള്ള പാശ്ചാത്യ നാടുകളിലേക്ക് അവര്‍ കുടിയേറുന്നു.

ലോകമെമ്പാടും നഴ്‌സുമാര്‍ക്കാണ് ഏറ്റവും കൂടുതല്‍ അവസരങ്ങള്‍. അമേരിക്കയില്‍ പ്രതിവര്‍ഷം 1.94 ലക്ഷം പുതിയ നഴ്‌സുമാരെ ആവശ്യമുണ്ട്. 2025 ആകുമ്പോള്‍ ജര്‍മ്മനി 1.50 ലക്ഷം, യു കെ 70,000, സ്വിറ്റ്‌സര്‍ലാന്‍ഡ്് 65,000 എന്നിങ്ങനെ പുതിയ നഴ്‌സുമാരെ വേണ്ടി വരും എന്നാണു കണക്ക്. ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ്, ഇസ്രായേല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കും പതിനായിരക്കണക്കിനു നഴ്‌സുമാരെ പുതുതായി നിയമിക്കേണ്ടിവരുമെന്നാണു സൂചന. കേരളത്തില്‍ നിന്ന് ഇനിയും ഒഴുക്കു കൂടുമെന്നു ചുരുക്കം. നഴ്‌സുമാര്‍ മാത്രമല്ല അവരെ വിവാഹം ചെയ്തു വിദേശത്തു ചെന്നെത്തുന്നവരെയും കണക്കിലെടുക്കണം. അതിനു പുറമെ വിവിധ കോഴ്‌സുകള്‍ പഠിക്കാന്‍ പോയി വിദേശത്തു ജോലി നേടി, പൗരത്വം ആര്‍ജ്ജിച്ചു സ്ഥിരതാമസമാക്കുന്നവര്‍ വേറെയും. പാശ്ചാത്യ നാടുകളിലെ ആരോഗ്യരംഗത്ത് മൊത്തം 1.06 കോടി നഴ്‌സുമാരെ പുതുതായി നിയമിക്കേണ്ടി വരുമെന്നു കേള്‍ക്കുമ്പോള്‍ കരയണമോ ചിരിക്കണമോയെന്നു സംശയമാകുന്നു.

പാശ്ചാത്യ നാടുകള്‍ ചെറുപ്പക്കാരെ ആകര്‍ഷിക്കാന്‍ ഒട്ടേറെ സൗകര്യങ്ങള്‍ നല്കുന്നുണ്ട്. ഇന്‍സ്റ്റന്റ് തൊഴിലുകള്‍, ഫാമിലി വിസ, പെര്‍മനെന്റ് റെസിഡന്‍സ്, കുട്ടികള്‍ക്കു സൗജന്യ വിദ്യാഭ്യാസം, ഹൗസിംഗ്, ഉന്നത ജീവിത നിലവാരം, വാര്‍ധക്യസുരക്ഷ തുടങ്ങിയവ കേരളീയരുടെ കണ്ണഞ്ചിപ്പിക്കുന്നവയാണ്. അതിനാല്‍ ജോലി ചെയ്യുന്ന നാട്ടില്‍ കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാന്‍ അവര്‍ ഉത്സാഹിക്കുന്നു. അതിനുശേഷം ഒരു ന്യൂനപക്ഷം മാതാപിതാക്കളെ കൂടെ ക്കൂട്ടും. ബഹുഭൂരിപക്ഷം മാതാപിതാക്കളും നാട്ടില്‍ ഒറ്റപ്പെടും. അവര്‍ക്ക് കൂട്ടായി ബംഗാളികളും വടക്കു കിഴക്കന്‍ സംസ്ഥാനക്കാരും എത്തുന്നു.

കേരളം ഇപ്പോള്‍ പ്രത്യേക സാമര്‍ത്ഥ്യം വേണ്ട ജോലികള്‍ക്കും അതാവശ്യമില്ലാത്ത ജോലികള്‍ക്കും കൂലിപ്പണിയെന്നു വ്യവഹരിക്കപ്പെടുന്ന പണികള്‍ക്കും മറുനാട്ടില്‍ നിന്നെത്തുന്നവരെയാണ് ആശ്രയിക്കുന്നത്. അവര്‍ ഇവിടെ കുടുംബസമേതം ജീവിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഭാവിയിലെ കേരളത്തിലെ ജനസംഖ്യാനുപാതത്തില്‍ വലിയ വ്യത്യാസം ഇതുമൂലം സംഭവിക്കും. അതു സൃഷ്ടിക്കുന്ന രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക, സാംസ്‌കാരിക മാറ്റങ്ങള്‍ ചെറുതാവില്ല. ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് മലയാളിയായ സോജന്‍ ജോസഫ് തിരഞ്ഞെടുക്കപ്പെട്ടതു പോലെ ഒരു ബംഗാളി കേരള നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത് അതിവിദൂരമല്ലാത്ത കാലത്ത് സംഭവിച്ചേക്കാം.

  • manipius59@gmail.com

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org