ചിതയ്ക്കു മുകളില്‍ പറക്കുന്ന പട്ടം

ചിതയ്ക്കു മുകളില്‍ പറക്കുന്ന പട്ടം

മാണി പയസ്

'രണ്ടാമൂഴം' എന്ന തിരക്കഥ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് നല്കിയ കേസിലൂടെയാണു പ്രശസ്ത സാഹിത്യകാരനായ എം.ടി. വാസുദേവന്‍ നായര്‍ അടുത്തകാലത്ത് മാധ്യമങ്ങളില്‍ നിറഞ്ഞത്. അതേസമയം 2008-ല്‍ എം.ടി. എഴുതിയ കാഴ്ച എന്ന കഥയെക്കുറിച്ച് എന്‍.പി. വിജയകൃഷ്ണന്‍ എഴുതിയ ആസ്വാദനം മാധ്യമം വാരികയില്‍ പ്രത്യക്ഷപ്പെട്ടത് അധികം പേരുടെ ശ്രദ്ധയില്‍ വന്നിട്ടുണ്ടാവില്ല. വിവാദങ്ങളാണല്ലോ മാധ്യമങ്ങള്‍ക്കും അവയെ പിന്‍ചെല്ലുന്നവര്‍ക്കും കൂടുതല്‍ പഥ്യം.

എം.ടി.യുടെ രചനകള്‍ക്കു കാലപരിഗണന കൂടാതെ ആസ്വാദനവും നിരൂപണവും വരുന്നതു പുതിയ കാര്യമല്ല. അദ്ദേഹത്തിന്‍റെ രചനകള്‍ക്കായി കാത്തിരിക്കുന്ന വലിയ വായനാസമൂഹം ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്‍റെ കഥകളും നോവലുകളും മാത്രമല്ല ലേഖനങ്ങളും അവര്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കുന്നു. കാരണം, എം.ടി. എഴുതുമ്പോള്‍ മലയാളഗദ്യത്തിന്‍റെ സുവര്‍ണരേണുക്കള്‍ തിളങ്ങുന്നു. അതില്‍ മനസ്സിനെ ഉലയ്ക്കുന്ന എന്തെങ്കിലും ഉണ്ടാകുമെന്നുറപ്പ്.

കറന്‍റ് ബുക്സ്, തൃശൂര്‍ 484 പേജുകളുള്ള എം.ടി.യുടെ ലേഖന സമാഹാരം, "തിരഞ്ഞെടുത്ത ലേഖനങ്ങള്‍" എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലേഖനങ്ങള്‍ തിരഞ്ഞെടുത്തത് എഡിറ്റ് ചെയ്തത് എം. എന്‍. കാരശ്ശേരിയാണ്. 'തിരഞ്ഞെടുപ്പിനെ ദുഷ്കരമാക്കിയത് എണ്ണക്കൂടുതലിനേക്കാള്‍ രചനയുടെ മികവാണെന്ന്' എഡിറ്റര്‍ വെളിപ്പെടുത്തുന്നു. എഴുത്ത്, വിദേശസാഹിത്യം, യാത്ര, രാഷ്ട്രീയം, സ്ത്രീവാദം, സംസ്കാരം, പരിസ്ഥിതി, സിനിമ, അനുസ്മരണം, നാടും വീടും എന്നിങ്ങനെ പത്തു ഭാഗങ്ങളായി തിരിച്ചിട്ടുള്ളതില്‍ സിനിമ, അനുസ്മരണം എന്നീ ഭാഗങ്ങള്‍ എം.ടി.യിലെ മനുഷ്യനെയും ഉള്ളിലെ മനുഷ്യത്വത്തെയും വെളിപ്പെടുത്തുന്നു.

ഒരു ചെറുവാചകത്തിലൂടെ വലിയ ഭാവപ്രപഞ്ചം സൃഷ്ടിക്കുവാന്‍ ഈ എഴുത്തുകാരനു കഴിയുന്നു. ഭരത് പി.ജെ. ആന്‍റണിയെക്കുറിച്ചുള്ള അനുസ്മരണത്തിലെ അവസാന വാചകം: "ജീവിതത്തേക്കാള്‍ വലുതാണു കല എന്നു വിശ്വസിച്ച ഒരാള്‍ ഭൂമിയോടു യാത്ര പറയുന്നു." ആന്‍റണിയുടെ ജീവിതത്തെക്കുറിച്ച് അറിയാവുന്ന ഏതൊരാളും ഇതിനപ്പുറം ഒരു വാചകത്തില്‍ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ കഴിയില്ലെന്നു സമ്മതിക്കും.

എം.ടി.യുടെ പ്രിയപ്പെട്ട എഴുത്തുകാരില്‍ ഒരാളാണ് ഏണസ്റ്റ് ഹെമിംഗ്വേ. അദ്ദേഹത്തിന്‍റെ വാചകങ്ങളില്‍ എം.ടി.ക്ക് പ്രിയപ്പെട്ടതാണ്, "എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു. അതു മാറ്റിനിര്‍ത്തി കഥ പറയുന്ന ആളാകട്ടെ നല്ല കാഥികനുമല്ല" എന്നത്. മരണത്തെപ്പറ്റി എഴുതുമ്പോള്‍ എം.ടി.യുടെ വാക്കുകള്‍ ശോകമൂകങ്ങളാകുന്നു. പ്രമുഖ നടന്‍ സത്യനെപ്പറ്റിയുള്ള അനുസ്മരണത്തിലെ ഒരു വാചകം, "ഒരു മരണത്തിനു ദൈവത്തോടു നാമെന്നും കടപ്പെട്ടിരിക്കുന്നു എന്നു വിശ്വസിച്ച മറ്റൊരു ധീരനായ മനുഷ്യന്‍ മരിച്ചു – മലയാളത്തിന്‍റെ നടന്‍ മരിച്ചു."

ജ്ഞാനപീഠം പുരസ്കാരം നേടിയിട്ടുള്ള തകഴി ശിവശങ്കരപിള്ളയെക്കുറിച്ചുള്ള അനുസ്മരണത്തില്‍ കഥ കേള്‍ക്കാന്‍ താത്പര്യമുള്ള ദൈവത്തെക്കുറിച്ച് എം.ടി. എഴുതുന്നുണ്ട്. "യൂറോപ്പിലെ ഹാസ് ഡിക് എന്ന വിഭാഗത്തിലെ ജൂതന്മാരുടെ ഇടയില്‍ ഒരു പഴമൊഴിയുണ്ട്: "ദൈവം മനുഷ്യനെ സൃഷ്ടിച്ചതു കഥ കേള്‍ക്കാന്‍ ദൈവത്തിനു താത്പര്യം ഉള്ളതുകൊണ്ടാണ്" എന്ന്. ഇതെപ്പറ്റി കാഫ്ക എഴുതിയത് 'ദൈവത്തിനു കഥ കേള്‍ക്കാന്‍ ഇഷ്ടമാണ്. പക്ഷേ, ഒരു കഥയും പൂര്‍ണമായി കേള്‍ക്കാന്‍ ദൈവം തയ്യാറാവുകയില്ല" എന്നാണ്. പല ആവര്‍ത്തി വായിക്കാനും അനേകം രീതിയില്‍ ചിന്തിക്കാനും പ്രേരിപ്പിക്കുന്നവയാണ് ഈ വാചകങ്ങള്‍. ദൈവമേ, അങ്ങെന്‍റെ കഥ പൂര്‍ണമായി കേള്‍ക്കുകയില്ലേ എന്നു യാചിച്ചാലോ?

വൈക്കം മുഹമ്മദ് ബഷീറിനെ ഗുരു എന്നാണ് എം.ടി. വിശേഷിപ്പിക്കുന്നത്. ഗുരുവിനെക്കുറിച്ചുള്ള അനുസ്മരണം അവസാനിക്കുന്നത് ഇങ്ങനെയാണ്: "ഞാന്‍ നന്ദി പറയുന്നു; ഈ മനുഷ്യനോടല്ല. പിന്നിട്ട നെടുംപാതയിലെവിടെയോ ഒരു വഴിത്തിരിവില്‍, മുന്നില്‍ വന്നുനിന്ന ഒരനര്‍ഘനിമിഷത്തിന്. എന്‍റെ മരുപ്പറമ്പില്‍ തണലും തണുപ്പും സുഗന്ധവും ഇത്തിരിവട്ടത്തില്‍ തരുന്ന ഈ പൂമരം മുളപ്പിച്ച കാലത്തിന്‍റെ ഉര്‍വ്വരതയ്ക്ക്." എത്ര കാവ്യാത്മകമാണ് ഈ വാചകങ്ങള്‍. മറ്റു സാഹിത്യകാരന്മാരെക്കുറിച്ചുള്ള എം.ടി.യുടെ അനുസ്മരണക്കുറിപ്പുകള്‍ പഴയ തലമുറയിലെ സാഹിത്യകാരന്മാര്‍ക്കു പരസ്പരമുണ്ടായിരുന്ന സ്നേഹം വെളിപ്പെടുത്തുന്നു. പുതുതലമുറയുടെ അവസ്ഥ അതാണോ?

മരണമെന്ന യാഥാര്‍ത്ഥ്യത്തെ അവതരിപ്പിക്കുമ്പോള്‍ എം.ടി.യുടെ വാക്കുകള്‍ ജ്വലനശേഷിയുള്ളതാകും. വാരാണസി എന്ന നോവലില്‍ കത്തിജ്വലിക്കുകയും അടങ്ങുകയും ചെയ്ത അനേകം ചിതകള്‍ക്കരികില്‍ നിന്നു പട്ടം പറത്തുന്ന ഒരു കുട്ടിയെ എം.ടി. ചിത്രീകരിച്ചിട്ടുണ്ട്. ജീവിതത്തിന്‍റെ അന്ത്യവും ശൈശവനിഷ്കളങ്കതയില്‍ നിറയുന്ന ജീവിതത്തിന്‍റെ ചലനാത്മകതയും ഒരേ ഫ്രെയിമില്‍ അവതരിപ്പിച്ചിരിക്കുകയാണ്. എം.ടി.യിലെ എഴുത്തുകാരനും സിനിമാസംവിധായകനും കൈകോര്‍ത്തിരിക്കുകയാണ് ഈ വാചകങ്ങളില്‍. വായനക്കാരിലേക്ക് അതു പകരുന്ന ദര്‍ശനം ആയിരം നാവുള്ളതാണ്.

ഹെമിംഗ്വേയുടെ കൃതികളെ സമീപിക്കേണ്ട രീതിയെക്കുറിച്ച് എം.ടി. എഴുതുന്നു: "മനുഷ്യര്‍ ലോകത്തിലേക്ക് ഇത്രയധികം ധീരതയുംകൊണ്ടു വരുന്നുണ്ടെങ്കില്‍ ലോകത്തിന് അവരെ നശിപ്പിക്കണം. നശിപ്പിക്കാന്‍ വേണ്ടി മാത്രം ലോകം അങ്ങനെ പലപ്പോഴും മനുഷ്യനെ തകര്‍ക്കുന്നു. പക്ഷേ, തകര്‍ന്ന ഇടങ്ങളില്‍ പലരും കരുത്ത് നേടുന്നു." ഈ വാക്യങ്ങള്‍ ഓര്‍മിച്ചുകൊണ്ടു വേണം ഹെമിംഗ്വേ കൃതികളെ സമീപിക്കാനെന്ന് എം.ടി. മുന്നറിയിപ്പ് നല്കുന്നു. എം.ടി. ഇങ്ങനെയെഴുതിയത് 1968-ലാണ്. ഇന്നും ആ വസ്തുതയ്ക്കു മാറ്റമില്ല. നശിക്കാനും മരിക്കാനും മനസ്സില്ലാത്ത മനുഷ്യരാകാം നമുക്ക്. മഹത്തായ കൃതികള്‍ വായിക്കുമ്പോള്‍ ധീരോദാത്തത നിറഞ്ഞ അജയ്യരായ മനുഷ്യരാകാനുള്ള ആവേശം നിറയണം.

ജീവിക്കാന്‍ ഒരു രണ്ടാമൂഴം കിട്ടുകയില്ല എന്നറിഞ്ഞുകൊണ്ടു ധീരമായി, ശരിയുടെ പക്ഷത്തുനിന്ന്, നല്ല മനുഷ്യരായി ജീവിക്കാന്‍ കഴിയണം. നാം അറിയാതെ ഈ ലോകത്തു പിറന്നു. എന്നാല്‍ ജീവിക്കുന്നത് അവനവന്‍ അറിഞ്ഞുകൊണ്ടാവണം. അറിയാതെ മരണത്തിലേക്കു കടന്നുപോകട്ടെ. ആ അവസാന നിമിഷത്തിലും അറിഞ്ഞു ജീവിച്ച നാളുകളെപ്പറ്റി അഭിമാനത്തോടെ ഓര്‍മ്മിക്കാനാവണം. മതം മാത്രമല്ല സാഹിത്യവും കലയും ശാസ്ത്രവുമെല്ലാം ആ നിലയിലേക്കു മനുഷ്യനെ ഉയര്‍ത്തുന്നതായി മാറണം. ഉത്കൃഷ്ടമായ സാഹിത്യവും മികച്ച കലയും ചിതയ്ക്കു മുകളില്‍ പറക്കുന്ന പട്ടംപോലെയാണ്. നശ്വരമായ ജീവിതത്തിനു നേര്‍ക്കുള്ള ധീരമായ പുഞ്ചിരിയാണവ.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org